UPDATES

ട്രെന്‍ഡിങ്ങ്

വയനാട്ടിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന

വൈത്തിരി ലക്കിടിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയായിരുന്നുവെന്നാണ് വിവരം

വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകളും പൊലീസ് തമ്മില്‍ ഏറ്റമുട്ടല്‍. രണ്ടു മാവോയിസ്റ്റുകള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റെന്നും ഇവരില്‍ ഒരാള്‍ കൊല്ലപ്പട്ടതായും സൂചനയുണ്ട്. ഈ വിവരം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

ഇന്നലെ രാത്രി എട്ടുമണിയോടെ വൈത്തിരി ലക്കിടിക്ക് സമീപം ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ ഹോട്ടലില്‍ നിന്നും അമ്പതിനായിരം രൂപയും നാലുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടുവത്രേ. റിസോര്‍ട്ട് ജീവനക്കാര്‍ മാവോയിസ്റ്റുകള്‍ എത്തിയ വിവരം രഹസ്യമായി പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് പെട്രോള്‍ സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് പൊലീസുമായി മാവോയിസ്റ്റുകള്‍ നേര്‍ക്കു നേര്‍ വെടിവയ്പ്പ് നടത്തി.

ഇതിനിടയില്‍ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെ താമസക്കാരെ ബന്ദികളാക്കി. വിവരം അറിഞ്ഞ് തണ്ടര്‍ബോള്‍ട്ട് സേനയും സ്ഥലത്തെത്തി. തണ്ടര്‍ബോള്‍ട്ടും പൊലീസും റിസോര്‍ട്ട് വളഞ്ഞു മാവോയിസ്റ്റുകളുമായി ഏറെ നേരം ഏറ്റുമുട്ടല്‍ നടത്തി. മാവോയിസ്റ്റുകളില്‍ ചിലര്‍ സമീപ പ്രദേശത്തേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്. തിരച്ചില്‍ തുടരുകയാണ്.

രാത്രി ഏറെ വൈകിയും റിസോര്‍ട്ടില്‍ നിന്നും വെടിശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. കോഴിക്കോട്- ബെംഗളൂരു ദേശീയ പാതയില്‍ ഗതാഗതം താത്കാലികമായി നിരോധിച്ചിരുന്നു.

ഏറ്റുമുട്ടല്‍ നടന്നതിന് അടുത്തായുള്ള ആദിവാസി കോളനിയില്‍ തമ്പടിച്ച ശേഷണാണ് മാവോയിസ്റ്റുകള്‍ റിസോര്‍ട്ടില്‍ എത്തിയതെന്നും വൈത്തിരി അംബ സുഗന്ധഗിരി മേഖലയില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് ആരംഭിച്ചതിനു പ്രതികാരമായാണ് റിസോര്‍ട്ട് ആക്രമണമെന്നും പൊലീസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍