UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോവാദികളുടെ റെഡ് കോറിഡോര്‍, പോലീസിന് ബ്ലാക് കോറിഡോര്‍

Avatar

അഴിമുഖം പ്രതിനിധി

മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന കാടും നാടുമായി ബന്ധപ്പെട്ട് കിടക്കുന്ന രഹസ്യവഴികള്‍ മാവോവാദികളുടെ ചുവപ്പന്‍ ഇടനാഴിയായാണ് (റെഡ് കോറിഡോര്‍) അറിയപ്പെടുന്നത്. തീവ്രവിപ്ലവ ചിന്തയുമായി കാടുകയറിയവരെ പോലീസിന്റെ കണ്ണില്‍പ്പെടാതെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്ന ചുവപ്പന്‍ ഇടനാഴി. പോലീസ് കറുത്ത പാത (ബ്ലാക്ക് കോറിഡോര്‍) എന്ന് വിശേഷിപ്പിക്കുന്ന ഈ പാതയെക്കുറിച്ച് പോലീസ് തന്നെ പറയുന്ന വിവരങ്ങളും മാവോയിസ്റ്റ് ബന്ധം വിട്ട് വന്നവരും നല്‍കിയതുമേ പുറംലോകത്തിന് അറിയുകയുള്ളൂ. പലപ്പോഴും ബ്രട്ടീഷ് ഭരണ കാലഘട്ടത്തില്‍ ഇടത് അനുഭാവികള്‍ ഉപയോഗിച്ചിരുന്ന അപകടകരവും ദുര്‍ഘടവുമായ കാട്ടുപാതകള്‍ തന്നെയാണ് മാവോവാദികളും നക്‌സലൈറ്റ് പ്രവര്‍ത്തകരും (നിലവില്‍ ഇവരുടെ വിഭാഗം കുറവാണ്) ഉപയോഗിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ചുവപ്പന്‍ ഇടനാഴി ബംഗാള്‍ വരെ നീണ്ടു കിടക്കുന്നതാണ്. കേരളത്തില്‍ ചുവപ്പന്‍ ഇടനാഴി മുമ്പ് തന്നെ ഉപയോഗത്തിലുണ്ടായിരുന്നുവെങ്കിലും പോലീസിന്റെ ശ്രദ്ധ ആ മേഖലയില്‍ പതിയുന്നത് അടുത്ത കാലഘട്ടത്തിലാണ്.

രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 40,000 ചതുരശ്ര കിലോമീറ്റര്‍ മാവോവാദികള്‍ക്ക് സ്വാധീനമുണ്ടെന്നാണ് കരുതുന്നത്. 16 സംസ്ഥാനങ്ങളിലായി 194-ഓളം ജില്ലകളിലാണ് ഇവരുടെ പ്രവര്‍ത്തനം. ഓരോ മേഖലയിലും സ്വാധീനമുള്ളത് വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട മാവോവാദി അനുകൂല സംഘടനകള്‍ക്കാണ്. മാവോയിസ്റ്റ് സംഘടനകളുള്ള ഇന്ത്യയിലെ മേഖലകളെയാണ് സര്‍ക്കാര്‍ പൊതുവെ റെഡ് കോറിഡോര്‍ എന്ന് പേരിട്ട് വിളിക്കാറ്. കേരളത്തിലെ വനത്തിലൂടെ മാവോവാദി പ്രവര്‍ത്തകര്‍ സഞ്ചരിക്കുന്ന പാതക്ക് പോലീസ്/തണ്ടര്‍ ബോള്‍ട്ട് നല്‍കിയ പേരാണ് കറുത്ത ഇടനാഴി അഥവാ ബ്ലാക്ക് കോറിഡോര്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ചുവപ്പന്‍ പാത അല്ലെങ്കില്‍ വനാന്തര മാവോയിസ്റ്റ് സഞ്ചാര പാത ഇങ്ങനെയാണ്-

കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചിറ്റാരി കോളനിയില്‍ നിന്നും പാലക്കാട് അട്ടപ്പാടി വനത്തിലേക്കെത്തുന്ന പാത. ചിറ്റാരി കോളനിയില്‍ നിന്നും കണ്ണൂരിന്റെ കിഴക്കന്‍ മേഖലവഴി ചതിരൂര്‍ ആദിവാസി കോളനി. അവിടെനിന്നും ആറളം ഫാമിനടുത്തുള്ള വിയറ്റ്‌നാം കോളനി വഴി ആറളം ഫാമിലെ പുനരധിവാസ മേഖല വഴി ചീങ്കണ്ണി പുഴയിലേക്ക്. പുഴകടന്നാല്‍ പൂക്കുണ്ട്, മുട്ടുമാറ്റി, കരിയന്‍കാപ്പ് തുടങ്ങിയ ആദിവാസി കോളനികള്‍. ഇവിടെ നിന്നും വയനാട്ടിലെ ബ്രഹ്മഗിരി താഴ്വരയിലേക്കും തിരുനെല്ലി തോല്‍പ്പെട്ടി വനാന്തരങ്ങളിലൂടെ നിലമ്പൂര്‍ അട്ടപ്പാടി ഉള്‍വനങ്ങളിലേക്കും മാവോയിസ്റ്റുകള്‍ സഞ്ചരിക്കുന്ന പാതകള്‍ കൂട്ടിയോജിപ്പിച്ച് പോലീസ് തയ്യാറാക്കിയതാണ് കറുത്ത ഇടനാഴി. നിരവധി ആദിവാസി ഊരുകളും ഇവക്കിടയിലുണ്ട്.

തമിഴ്‌നാട്, കര്‍ണാട സംസ്ഥാനങ്ങളിലെ വനത്തിലേക്ക് ആളുകളുടെ ശ്രദ്ധയില്‍പെടാതെ വനമാര്‍ഗം സഞ്ചരിക്കാനും ഇവര്‍ക്കാവുന്നുണ്ട്. കേരളവും കര്‍ണാടകയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളുടെ 80 ശതമാനവും വനമാണ്. കര്‍ണാട വനത്തിലേക്ക് കടന്ന് ചുരുങ്ങിയത് 20 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാല്‍ മാത്രമാണ് തൊട്ടടുത്ത ജനവാസ കേന്ദ്രത്തിലെത്തിച്ചേരുക. പോലീസിന്റെ കണ്ണു വെട്ടിച്ച് വിവിധ പ്രദേശങ്ങളിലേക്കെത്താന്‍ ഇവരെ സഹായിക്കുന്നതും കേരള വനാതിര്‍ത്തിയുടെ ഈ പ്രത്യേകതയാണ്. ഇവര്‍ തമ്പടിക്കുന്ന പ്രദേശത്തുനിന്നും പുറത്തേക്കു കടക്കുന്നതിനായി പോലീസിന്റെയും ആദിവാസികളുടെയും കണ്ണില്‍ പെടാത്ത വിധം സമാന്തര പാതകള്‍ ഉണ്ടാവാറുള്ളതായും സൂചനയുണ്ട്. നിലമ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ 4 വര്‍ഷമായി മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പോലീസ് നിരവധി തവണ വനത്തില്‍ തിരച്ചില്‍ നടത്തിയിട്ടും ഇവരെ കണ്ടെത്താനായിരുന്നില്ല. ഉള്‍വനത്തിലെ പ്രാക്തന ഗോത്രവിഭാഗക്കാരായ ചോലനായ്ക്കരുടെ കോളനിയായ മാഞ്ചീരിയിലും മാവോവാദികള്‍ എത്തിയിരുന്നു. ഇതിനു പുറമെ കരുളായി വനത്തിനകത്തെ മുണ്ടക്കടവ്, മണ്ണള, താളിപ്പുഴ, മാഞ്ചീരി, ഉച്ചക്കുളം, പൂളക്കപ്പാറ, പുഞ്ചക്കൊല്ലി, അളക്കല്‍ തുടങ്ങിയ കോളനികളിലും തുടര്‍ച്ചയായി ഇവരുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോളനികളിലെത്തി ആദിവാസികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും മാവോയിസ്റ്റ് ആശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘു ലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് മേഖലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോളനിയിലെത്തിയാല്‍ കോളനി നിവാസികളില്‍ നിന്നും അരിയും മറ്റും ശേഖരിച്ചാണ് ഇവര്‍ മടങ്ങിയിരുന്നത്. എന്നാല്‍ ഇവരുടെ താവളങ്ങള്‍ കണ്ടെത്താനോ ഇവര്‍ സഞ്ചരിച്ച വഴികള്‍ കണ്ടെത്താനോ പൂര്‍ണമായും ഇതുവരെ പോലീസിനായിട്ടില്ല.

വയനാടിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാതകള്‍ മാവോവാദികള്‍ യഥേഷ്ടം ഉപയോഗിക്കാറുണ്ട്. ബ്രട്ടീഷ് ഭരണ കാലഘട്ടത്തില്‍ ഊട്ടി-ഗൂഡല്ലൂര്‍-മലബാര്‍ വന പാതയുണ്ടായിരുന്നു. പിന്നീട് റോഡുകള്‍ വികസിപ്പിച്ചപ്പോള്‍ ഈ പാതകള്‍ ഉപയോഗശൂന്യമായി. പക്ഷെ ഈ പാതകള്‍ മാവോവാദികള്‍ ഉള്‍പ്പടെയുള്ളവര്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ ഇടക്കിടെ വഴി മാറ്റുമെങ്കിലും കടന്നു പോകുന്ന പ്രദേശങ്ങള്‍ മുമ്പ് പറഞ്ഞ പാതകളോട് ചേര്‍ന്നുള്ളതോ സമാന്തരമായിട്ടുള്ളതോ ആയിരിക്കും. ഇന്ത്യയിലെ ആറോളം സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട നിരകളിലെ സുപ്രധാനയിടമായ വയനാട് മാവോവാദികളുടെ പ്രിയപ്പെട്ട പ്രദേശമാണ്. കാരണം കേരളം-തമിഴ്‌നാട്-കര്‍ണാടക ജംഗ്ഷന്‍ എന്ന് വിശേഷിപ്പിക്കുന്ന വയനാട്ടില്‍ (നാടുകാണി പ്രദേശം) നിന്ന് ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും കാട്ടിലൂടെ പെട്ടെന്ന് കടക്കാന്‍ കഴിയുമെന്നതാണ്. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിച്ചു കിടക്കുന്നത്. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുമ്പോള്‍ വനത്തിലെ ഇത്തരം പാതകള്‍ വഴി അയല്‍ ജില്ലകളിലേക്കോ അയല്‍ സംസ്ഥാനങ്ങളിലേക്കോ ഇവര്‍ക്ക് സുരക്ഷിതമായി എത്തിച്ചേരാനാകും. പോലീസ് ബ്ലാക്ക് കോറിഡോര്‍ എന്നു വിളിക്കുന്ന മാവോയിസ്റ്റ് പാതയ്ക്ക് (ചുവപ്പന്‍ ഇടനാഴി) പുറമെ പെട്ടെന്നു രക്ഷപ്പെടാന്‍ മറ്റു വഴികളും കാടിനകത്തുണ്ടാവാം.

(തുടരും)

 

നാളെ: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ഒഴുകുന്ന കോടികള്‍ പോകുന്നത് എവിടെക്ക്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍