UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ പേര് രൂപേഷ് കുമാര്‍, ഞാന്‍ ഒരു മാവോയിസ്റ്റല്ല

ഇന്നലെ രാത്രിയിലാണ് ഇങ്ങനെ ഒരു വാട്സ് അപ് മെസ്സേജ് വന്നിരിക്കുന്നത്. ആരയച്ചു എന്ന് പേരെടുത്തു പറയുന്നത് പ്രസക്തമാണെന്നു തോന്നുന്നില്ല. പകരം ഒരു പൊതുബോധം അയച്ചു എന്ന് പറയുന്നതായിരിക്കും ഒന്ന് കൂടെ ഉചിതം അല്ലെങ്കില്‍ നല്ലത്. മെസ്സേജ് ഇത്രയേ ഉള്ളു. “മാഷ്‌ ആണോ ഈ മാവോയിസ്റ്റ് രൂപേഷ്?”. ആദ്യം നല്ല ദേഷ്യം ആണ് വന്നത്. നമ്മള്‍ എന്ത് ആകരുത് എന്ന് ആഗ്രഹിക്കുന്നുവോ അത് നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു പ്രക്രിയ. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെറുത്തത് ചെറുപ്പത്തിലെ ചില ഇരട്ടപ്പേരുകള്‍ ആയിരുന്നു. അതില്‍ ഒന്നായിരുന്നു, സ്കൂള്‍ കാലങ്ങളില്‍ കിട്ടിയ “അണ്ണാച്ചി” എന്ന ഇരട്ടപ്പേര്. പീരുമേട്ടിലെ ഒരു സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ തമിഴ് നാട്ടുകാരന്‍ ആയ ഒരു സുഹൃത്തിന്റെ കൂടെ വ്യാഴാഴ്ച്ചകളിലെ സോഷ്യല്‍ പിര്യഡുകളില്‍ ഞങ്ങള്‍ മിക്കവാറും തമിഴ് പാട്ടുകള്‍ പാടുമായിരുന്നു. ഞാനും ഹരിഹരന്‍ എന്ന എന്റെ ഒരു സുഹൃത്തും. അങ്ങനെ ഞാനും അവന്റെ കൂടെ അണ്ണാച്ചി ആയി. അത് അന്ന് എനിക്ക് വല്ലാത്ത ദേഷ്യം ഉണ്ടാക്കി. തമിഴ് പടം കാണാന്‍ പോയാല്‍ “അണ്ണാച്ചി പടം’ കാണാന്‍ പോകുന്നു എന്ന് കളിയാക്കല്‍ ഉണ്ടാക്കി. ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിച്ചത് കൊണ്ട് അവനു ‘മലയാളം’ പറഞ്ഞാല്‍ മനസ്സിലാകില്ല തമിഴോ ഇംഗ്ലീഷോ പറയണം എന്ന് കളിയാക്കി. എല്ലായിടത്തും ഈ മനുഷ്യന്മാര്‍ക്കൊക്കെ മലയാളം ആയിരുന്നു സൂപ്പര്‍ അല്ലെങ്കില്‍ നല്ലത്. അതൊക്കെ ഏറ്റു വാങ്ങി, കാലം കഴിഞ്ഞു പോയപ്പോള്‍ ഈ മനുഷ്യന്മാരോക്കെ മലയാളം പടം ഒഴിവാക്കി അന്ന്യനും പടയപ്പയും ഒക്കെ കണ്ടു തിമിര്‍ത്തു, ഐ ക്ക് വേണ്ടി കാത്തിരിക്കുന്നു. ഇങ്ങനെ കളിയാക്കിയവരുടെ മക്കളൊക്കെ ഇപ്പൊ ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്നു. അങ്ങനെ ഒരു പൊതുമലയാളത്തിന്റെ/കേരളത്തിന്റെ സ്പേസില്‍ നിന്നാണ് അടുത്ത ഒരു ഇരട്ടപ്പേര് നിങ്ങള്‍ക്ക് വരുന്നത്. നിങ്ങള്‍ ഒരു മാവോയിസ്റ്റ് ആണോ എന്നത്. ആതായത്, കേരളത്തില്‍ ഇടതുപക്ഷത്തിനെ വിമര്‍ശിച്ചാല്‍, വലതുപക്ഷത്തിനെ വിമര്‍ശിച്ചാല്‍, ഞാന്‍ അടക്കമുള്ള കേരളത്തിന്റെ പൊതുബോധത്തിന്റെ ഹിപ്പോക്രസിയെ കളിയാക്കിയാല്‍, നിങ്ങള്‍ സ്വത്വവാദരാഷ്ട്രീയം പറഞ്ഞാല്‍, ദളിത്‌ രാഷ്ട്രീയത്തിലൂടെ പൊതുബോധത്തിനെ വിമര്‍ശന വിധേയമാക്കിയാല്‍, അംബേദ്ക്കറെ ക്വോട്ട് ചെയ്‌താല്‍ നിങ്ങള്‍ ഒരു “മാവോയിസ്റ്റ്” ആയി. പുറംപോക്കുകളെ/തീവ്രവാദികളെ/ മാവോയിസ്റ്റുകളെ ഉണ്ടാക്കാന്‍, ചെറിയ ഒരു വാക്കിലൂടെ സൃഷ്ടിക്കാന്‍ കേരളീയര്‍ക്ക് കഴിഞ്ഞിട്ടേ മറ്റാര്‍ക്കും പറ്റുകയുള്ളു.

 

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മലപ്പുറത്തെ മമ്പാട് എം ഈ എസ് എന്ന ഒരു കോളേജില്‍ വെച്ചു ഞാന്‍ പഠിപ്പിക്കുന്ന സൌമ്യ എന്ന ഒരു കുട്ടി എന്നോട് വന്ന്‍ ഒരു ചെറിയ സംഭവം പറയുന്നത്. അവരുടെ നാട്ടില്‍ ഒരു നേഴ്സറി സ്കൂളില്‍ പട്ടികജാതിയില്‍ പഠിക്കുന്ന കുട്ടികളുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട എന്ന് ഒരു വിഭാഗം ‘ഉന്നത ജാതിയില്‍’ പെട്ട രക്ഷകര്‍ത്താക്കള്‍ തീരുമാനിക്കുന്നു. സംഭവം കേട്ടപ്പോ ഇതില്‍ ഒരു ഡോക്യുമെന്ററിക്കു സ്കോപ്പ് ഉണ്ടെന്നും, ഇത് പുറത്ത് വരണം എന്ന ഒരു തീരുമാനത്തിന്റെ പുറത്ത് അത് ഷൂട്ട്‌ ചെയ്യാന്‍ ആ കുട്ടിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പുറപ്പെട്ടു. അതില്‍ സംസാരിച്ച ഇടതുപക്ഷവും വലതുപക്ഷവും ഒക്കെ അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും പറഞ്ഞു വെച്ചു. അതൊന്നും ജാതിയുടെ പ്രശ്നം അല്ല എന്ന് അടിവരയിട്ടു. നേഴ്സറി സ്കൂളിലെ ഗീതു ടീച്ചര്‍ അത് ജാതി അല്ലാതെ മറ്റൊന്നും അല്ല എന്ന തരത്തില്‍ ശക്തമായി പറഞ്ഞു. “ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ കാസ്റ്റ്” എന്ന ആ ഡോക്യുമെന്ററി പുറത്തിറങ്ങി.

 

 

പിന്നീടാണ് യഥാര്‍ത്ഥ തമാശകള്‍ ആരംഭിക്കുന്നത്. ഡോക്യുമെന്ററി മഞ്ചേരിക്കടുത്ത ആ പ്രദേശത്ത് അലയൊലികള്‍ ഉണ്ടാക്കി. ഗീതു ടീച്ചര്‍ ഒറ്റപ്പെട്ടു. അവര്‍ നന്നായി മാനസീകമായി ആക്രമിക്കപ്പെട്ടു. അന്ന് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടായ ഒരു ഡയലോഗ് കേട്ട് ചിരിച്ചു മടുത്തു. “രൂപേഷ് എന്ന ആ ചെങ്ങായി ഒരു ചോന്ന ഷര്‍ട്ട് ഇട്ടു അതില്‍ ഇന്റെര്‍വ്യൂ കൊടുത്തിരിക്കുന്നു. അയാള്‍ ഒരു മാവോയിസ്റ്റ് ആണ്”. ചോന്ന ഷര്‍ട്ടിട്ടാല്‍ മാവോയിസ്റ്റ് ആവുകയെ! അങ്ങനെ ആണെങ്കില്‍ രാജമാണിക്യത്തില്‍ ചുവന്ന ജുബ്ബ ഇട്ട (ഇട്ടിട്ടുണ്ടെങ്കില്‍) മമ്മൂട്ടിയും മാവോയിസ്റ്റ് ആകണമല്ലോ എന്ന് ചോദിച്ചു ചിരിച്ചു. ആ കാലഘട്ടങ്ങളില്‍ ആയിരുന്നു, ഇടതുപക്ഷ ഭരിക്കുന്ന സമയമാണ്, ഒരു മനുഷ്യനെ കൊന്നു എന്നാ ആരോപണത്തിന്റെ പുറത്ത് ഡി എച്ച് ആര്‍ എമ്മിനെ പോലീസ് വെട്ടയാടിക്കൊണ്ടിരിക്കുന്നത്. വൈകാതെ കേരളത്തിന്റെ ഇന്റെലിജന്‍സ് ബ്യൂറോയുടെ ഒരു എസ് ഐ യുടെയോ സി ഐയുടെയോ ഒരു ഫോണ്‍ വന്നു. “ചില കാര്യങ്ങള്‍ സംസാരിക്കണമല്ലോ എന്ന രീതിയില്‍”. ഞങ്ങളുടെ ടീമിലുള്ള എല്ലാവരെയും അപ്പോഴേക്കും ഇന്റലിജന്‍സ് ചോദ്യം ചെയ്തിരുന്നു. “ആവാമല്ലോ” എന്ന് ഞാനും പറഞ്ഞു. അങ്ങനെ ഇന്റലിജന്‍സ് എം ഈ എസ് മമ്പാട് കോളേജിലെ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വെച്ചു വളരെ സൌഹാര്‍ദപരമായ രീതിയില്‍ അന്നത്തെ ഒരു ആക്ടിംഗ് പ്രിന്‍സിപ്പാളിന്റെ സാന്നിദ്ധ്യത്തില്‍ എന്നോട് സംസാരിച്ചു. അത് ഒരു ചോദ്യം ചെയ്യല്‍ ഒന്നും ആയിരുന്നില്ല. ഇത്രയേ ഉള്ളു. “അല്ല, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഒക്കെ ശരി തന്നെ ആണ്. യാഥാര്‍ത്ഥ്യം ഒക്കെ ആണ്. നിങ്ങള്‍ക്ക് ഡി എച്ച് ആര്‍ എമ്മും ആയി ബന്ധമുണ്ടോ?”, ഇത്രയേ മറുപടി പറഞ്ഞുള്ളൂ. “ഇവിടെ കുട്ടികളെ പഠിപ്പിക്കലും, കുട്ടികളുടെ പ്രോജക്റ്റ്‌ ഷൂട്ടിങ്ങും, പത്രമിറക്കലും എഡിറ്റിങ്ങും ഒക്കെ കഴിഞ്ഞു രാത്രി രണ്ടു മണിക്കൊക്കെ ആണ് ഫ്രീ ആവുക, അത് കഴിഞ്ഞു ഡി എച്ച് ആര്‍ എമ്മും ഒക്കെ ആയി പ്രവര്‍ത്തിക്കാന്‍ സമയം ഇല്ല”. “നിങ്ങളുടെ രാഷ്ട്രീയം എന്താണ്?”. ഇത്രയേ പറഞ്ഞുള്ളൂ “അംബേദ്കര്‍ മുന്നോട്ടു വെച്ച ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രീയം തന്നെ ആണ് എന്റെ രാഷ്ട്രീയവും”. ആ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനോട് വ്യക്തമാക്കിയാതേ എനിക്ക് പൊതുസമൂഹത്തിനോടും വ്യക്തമാക്കാനുള്ളൂ. എന്റെ രാഷ്ട്രീയം അംബേദ്‌കര്‍ മുന്നോട്ട് വെക്കുന്ന ജാതിവിരുദ്ധ രാഷ്ട്രീയമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ രാഷ്ട്രീയം ആണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം ഉള്ള ജനാധിപത്യപരമായ ഡയലോഗിന്റെ രാഷ്ട്രീയം ആണ്. അത് പൊതുസമൂഹത്തിനെയും സ്വയം തിരുത്തലിന്റെയും രാഷ്ട്രീയം ആണ്. അത് വയലന്‍സിന്റെ രാഷ്ട്രീയം അല്ല. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. മാവോയിസ്റ്റ് ഒട്ടും അല്ല. പൊതു സമൂഹത്തില്‍ ജീവിച്ച് ഡയലോഗുകള്‍ സാധ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു അംബേദ്ക്കറിസ്റ്റ് ആണ്. പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്ന ഒരു അംബേദ്ക്കറിസ്റ്റ്.

 

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പത്രത്തില്‍ ഒരു വാര്‍ത്ത വന്നു. “മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പോലീസ് അന്വേഷിക്കുന്നു” എന്നോ മറ്റുമുള്ള ഒരു വാര്‍ത്ത. ഞങ്ങളുടെ ടീമിലുള്ളവര്‍ക്ക് പേടി ആയി. അവര്‍ പരസ്പരം സംസാരിച്ചു. “ഹേ, അത് രൂപേഷ് മാഷ്‌ ആയിരിക്കില്ല”. “ഏതായാലും മാഷേ ഒന്ന് വിളിച്ചാലോ?”, “വേണ്ട… ഫോണ്‍ ട്രാപ് ചെയ്യപ്പെടും. ഇപ്പൊ വിളിക്കേണ്ട”. അങ്ങനെ അവര്‍ വിളിച്ചില്ല. അങ്ങനെ പത്രത്തില്‍ വാര്‍ത്ത വന്ന രൂപേഷ് അല്ല രൂപേഷ് മാഷ്‌ എന്ന് അവര്‍ക്ക് മനസ്സിലായപ്പോള്‍ ആശ്വാസവുമായി. നമ്മടെ ടീമിലുള്ള ഗഫൂര്‍ക്ക ഇങ്ങനെ പറഞ്ഞു, മാഷേ “ഇങ്ങടെ പേര് പ്രശ്നമാകുമല്ലോ, നമ്മടെ ഡോക്യുമെന്‍ററിയുടെ നാട്ടില്‍ ചിലര്‍ക്കെങ്കിലും നിങ്ങള്‍ മാവോയിസ്റ്റ് രൂപേഷ് ആണ്. പഴയ യാത്ര സിനിമ പോലെ, ആള് മാറി അറസ്റ്റ് ചെയ്യുവോ?” അപ്പോഴാണ്‌ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന്‍ ഒരു ഫോണ്‍കോള്‍, “നിങ്ങള്‍ അവാസ്തവം ആയ കാര്യം ആണല്ലോ ആ ഡോക്യുമെന്ററിയില്‍ പറഞ്ഞു വെച്ചിരിക്കുന്നത്. അവിടത്തെ കോളനിയിലേക്ക് റോഡ്‌ വികസനം ഒക്കെ ഉണ്ടായിട്ടുണ്ടല്ലോ”. കോളനിയിലെ വികസനം എന്നത് റോഡ്‌ വികസനം ആണെന്ന് നിശ്ചയിച്ചാല്‍ എന്താ ചെയ്യുക? അങ്ങനെ മലപ്പുറം മടുത്തു. ജീവിതപങ്കാളി രമ്യ എന്നെ ഒരിക്കല്‍ മലേഷ്യയില്‍ നിന്ന് ഫോണ്‍ ചെയ്തപ്പോ ഞാന്‍ പറഞ്ഞു. എനിക്കിവിടെ മടുത്തു. ജോലി രാജി വെക്കുകയാണ്. അപ്പൊ രമ്യ ഇങ്ങനെ പറഞ്ഞു. “എന്നാ താന്‍ ഇങ്ങോട്ട് കേറിപ്പോരെ, ഞാന്‍ നോക്കിക്കോളാം”.

 

ഇതെഴുതുമ്പോള്‍ കൃഷ്ണാപ്പനെ ആണ് ഓര്‍മ്മ വരുന്നത്. കൃഷ്നാപ്പന്‍, എന്റെ അച്ഛന്റെ അനിയന്‍ ആയിരുന്നു. കൃഷ്ണാപ്പന്‍ ഞങ്ങളുടെ ഹീറോ ആയിരുന്നു. അദേഹത്തിനെക്കുറിച്ച് ഒരുപാട് എഴുതാനുണ്ട്. അതെന്നെങ്കിലും ഞാന്‍ എഴുതും. കൃഷ്ണാപ്പന്‍ ആയിരുന്നു ഞങ്ങളുടെ ദേശമായ പേരിങ്ങീലില്‍ വെച്ചു നടന്ന ഒരു ഷൂട്ടിന്റെ ഇടയില്‍ വെച്ചു ചോദിച്ചത്. “വാട്ട് ടു യു നോ എബൌട്ട്‌ ഹിസ്റ്ററി? ചരിത്രത്തെ ക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?”. അദ്ദേഹം പഴയ ഒരു നക്സലൈറ്റ് ആയിരുന്നു. പക്ഷെ നക്സലിസത്തിലെ ജാതി തിരിച്ചറിഞ്ഞതിനു ശേഷം അദ്ദേഹം അത് വിട്ടു. പക്ഷെ “നക്സലൈറ്റ്” കൃഷ്ണന്‍ പേര് മാത്രം അദേഹത്തെ വിട്ടുപോയില്ല. അദ്ദേഹത്തിന്റെ മക്കള്‍ നക്സലൈറ്റ് കൃഷ്ണന്റെ മക്കള്‍ ആയി. തളിപ്പറമ്പ് ആലങ്കീല്‍ ടാക്കീസ്സില്‍ കൊണ്ടുപോയി എന്നെ “മാമാട്ടിക്കുട്ടിയമ്മ” എന്നാ സിനിമ കാണിച്ചു തന്നത് കൃഷ്നാപ്പന്‍ ആയിരുന്നു. എനിക്ക് ആദ്യമായി എന്റെ ആറാമത്തെ വയസ്സില്‍ ഒരു ചോക്കലേറ്റ് കളറുഉള്ള ജുബ്ബ വാങ്ങിച്ചു തന്നത് കൃഷ്ണാപ്പന്‍ ആയിരുന്നു. എനിക്ക് ആദ്യമായി രണ്ടാമൂഴം എന്ന നോവല്‍ കാണിച്ചു തന്നത് കൃഷ്ണാപ്പന്‍ ആയിരുന്നു. ഒരിക്കല്‍ ഉച്ചക്ക് നല്ല കാറ്റുള്ള സമയത്ത് തോണി തുഴയാന്‍ പോയപ്പോള്‍ എന്നെ പച്ചക്ക് ചീത്ത വിളിച്ചു തിരിച്ചു കരക്ക് കയറ്റിയത് കൃഷ്ണാപ്പന്‍ ആയിരുന്നു. എനിക്ക് നല്ല ഞണ്ട് കറി വെച്ചു തന്നത് കൃഷ്ണാപ്പന്‍ ആയിരുന്നു. പെരിങ്ങീലിലെ ഓണക്കാലത്ത് പൂക്കള മത്സരത്തിനു ചിത്രം വരച്ചു തന്നത് കൃഷ്ണാപ്പന്‍ ആയിരുന്നു. പെരിങ്ങീലിലെ പ്രസംഗ മത്സരത്തിനു ജഡ്ജ് ആയത് കൃഷ്ണാപ്പന്‍ ആയിരുന്നു. ഞാന്‍ ആദ്യമായി മാധ്യമ പ്രവര്‍ത്തകന്‍ എന്നാ രീതിയില്‍ ഒരു അഭിമുഖം നടത്തിയതും കൃഷ്ണാപ്പനെ ആയിരുന്നു. എന്നിട്ടും നാട്ടുകാര്‍ക്ക് കൃഷ്ണാപ്പന്‍ നക്സലൈറ്റ് കൃഷ്ണന്‍ ആയി. ആയ പേര് വിളിച്ച് കൃഷ്ണാപ്പനെ അപരവത്കരിച്ചു. ഞങ്ങളുടെ ഡോക്യുമെന്ററി ടീമിലെ, ബുദ്ധ നെവെര്‍ സ്ലീപ്സിലെ പ്രധാന അംഗങ്ങളിലൊരാളായ ശ്യാം കൃഷ്ണന്‍ എന്ന എന്റെ അനിയനോട് പലപ്പോഴും ഞാന്‍ പറയുമായിരുന്നു. “ഇന്ന് നമ്മള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, അത് നിന്റെ അച്ഛന്‍, എന്റെ കൃഷ്ണാപ്പന്‍ തന്ന ഊര്‍ജം ആയിരുന്നു” എന്ന്‍. പെരിങ്ങീല്‍ എന്ന ഒരു നാടിനെ അടിമവത്കരിച്ച ചരിത്രം കൃഷ്ണാപ്പന്‍ പറയുമ്പോള്‍ “അണ്ടര്‍ വേള്‍ഡ് മെമ്മറീസ് ഓഫ് അണ്‍ടച്ചബിള്‍സ് എന്ന ഒരു ഡോക്യുമെന്ററിയില്‍ അയാളുടെ ക്ലോസ് അപ്പ്‌ ഫ്രേമില്‍ കൃഷ്ണാപ്പനെ കാണാന്‍ ഭയങ്കര ഹീറോയിക് ആയിരുന്നു. സെക്സി ആയിരുന്നു. . ഒരു ഫോട്ടോ പോലും ഇല്ലെങ്കിലും ആ മനുഷ്യന്‍ ഞങ്ങളുടെ ഓര്‍മകളില്‍ പാറക്കല്ലില്‍ എഴുതിയ പോലെ പതിഞ്ഞു കിടക്കുന്നുണ്ട്.

 

 

ചരിത്രം ചെറിയ രീതിയിലെങ്കിലും ആവര്‍ത്തിക്കുന്നു. അല്ലെങ്കില്‍ കേരളം അപരവല്കരിക്കുന്നതില്‍ ഒട്ടും മാറിയിട്ടില്ല എന്നത് തന്നെ ആണ്. അത് കൊണ്ടാണ് ‘നിങ്ങളാണോ മാവോയിസ്റ്റ് രൂപേഷ്, എന്ന ഒരു ചോദ്യം’ വാട്സ് അപ്പിലൂടെ വരുന്നത്.  ഇത്ര മാത്രമേ പറയാനുള്ളൂ, മറ്റേതൊരു രാഷ്ട്രീയത്തെയും പോലെ ദളിത്‌ സ്വത്വ രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തില്‍ ജീവിച്ചു, പൊതുസമൂഹത്തില്‍ ഡയലോഗ് ഉല്‍പ്പാദിപ്പിച്ച് പൊതു സമൂഹത്തില്‍ ജീവിക്കുന്ന, ഇന്ത്യന്‍ ഭരണ ഘടനയില്‍ വിശ്വസിക്കുന്ന ഒരു ഇന്ത്യന്‍ പൌരന്‍ തന്നെ ആണ് ഞാന്‍. എന്റെ പേര് രൂപേഷ് കുമാര്‍, ഞാന്‍ ഒരു മാവോയിസ്റ്റ് അല്ല.

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍