കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെയാണ് വയനാട് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനമായി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഗണ്‍മാനെ നിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന് ഗണ്‍മാനെ നിയോഗിച്ചിട്ടില്ലെന്നാണ് അറിവ്. അദ്ദേഹത്തിനും ഒരു പൊലീസുകാരനെ സുരക്ഷകാര്യങ്ങള്‍ നോക്കാന്‍ നിയോഗിക്കുമെന്നാണ് അറിവ്. വനാതിര്‍ത്തിയിലുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് പ്രത്യേക പൊലീസ് സുരക്ഷയും ഒരുക്കാന്‍ തീരുമാനമുണ്ട്.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയതോടെയാണ് വയനാട് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്. അതുമുതലെടുക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ലഘുലേഖകള്‍ വയനാട്ടില്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കാര്യങ്ങളും സ്പഷ്യല്‍ ബ്രാഞ്ച് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ രാഹുല്‍ ഗാന്ധി ബിജെപി അധ്യക്ഷന്‍ അമിത് ഷാ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി എന്നിവര്‍ മണ്ഡലത്തില്‍ എത്തുന്നുണ്ട്. ഇതിനു മുമ്പായി മാവോയിസ്റ്റ് ഭീഷണി ഉയര്‍ന്നിരിക്കുന്നത് ഉദ്യോഗസ്ഥകേന്ദ്രങ്ങള്‍ കൂടുതല്‍ ജാഗരൂഗരാക്കുന്നുണ്ട്. ഇതേസമയം മാവോയിസ്റ്റ് ഭീഷണി ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്.