UPDATES

ട്രെന്‍ഡിങ്ങ്

നഗ്നമായ നിയമലംഘനം നടത്തി മരട് ഫ്ലാറ്റുകള്‍ നിര്‍മിച്ചത് വന്‍കിട കമ്പനികള്‍, കൂട്ടുനിന്നത് ഉദ്യോഗസ്ഥര്‍; ഫ്ലാറ്റ് ഉടമകള്‍ക്കും പരാതിയില്ല, രാഷ്ട്രീയക്കാര്‍ കേസിനും പോകുന്നില്ല

ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് മനസിലാക്കാവുന്നത്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ വന്‍ അഴിമതിയാണ് മരടില്‍ കെട്ടിയ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ എന്നു വ്യക്തമായിട്ടും ഇതുവരെ ഒരു ക്രിമിനല്‍ കേസ് പോലും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ നല്‍കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഫ്‌ളാറ്റ് ഉടമകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഉത്തരം ഇല്ലാതെ പോകുന്നതിന്റ കാരണം? തീരദേശ പരിപാലന നിയമത്തെ ചോദ്യം ചെയ്യുകയും സുപ്രീം കോടതി ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് ആരോപിക്കുകയും ചെയ്യുമ്പോഴും ഇതിനെല്ലാം കാരണമായ ഫ്‌ളാറ്റ് നിര്‍മാതാക്കളെ ചിത്രത്തില്‍ കൊണ്ടു വരാന്‍ പോലും ആരും തയ്യാറല്ല. 60-ഉം 90-ഉം ലക്ഷം വരെ മുടക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ പോലും അതിനു തയ്യാറാകുന്നില്ല.

ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ലിമിറ്റഡ്, ആല്‍ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, കെ.വി ജോസ് ഗോള്‍ഡന്‍ കായലോരം, ജയ്ന്‍ ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍  എന്നിവരാണ് നിയമലംഘനം നടത്തി ഫ്‌ളാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു മരട് പഞ്ചായത്തിലെ (പിന്നീട് നഗരസഭയായപ്പോള്‍ അവിടുത്തെയും) ഉദ്യോഗസ്ഥര്‍. തീരദേശ നിയന്ത്രണ മേഖലയുടെ ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചു തന്നെയാണ് തങ്ങളീ നിര്‍മാണങ്ങള്‍ നടത്തുന്നതെന്ന വ്യക്തമായ ബോധ്യം ഈ നിര്‍മാതാക്കള്‍ക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നുവെന്നത് മറച്ചുവയ്ക്കാന്‍ കഴിയാത്ത സത്യമാണ്. ഒരു ബില്‍ഡിംഗ് നിര്‍മാണം തുടങ്ങുന്നതിനു മുന്നേ തന്നെ അതിന്റെ രൂപരേഖ തയ്യാറാക്കും. അതു തയ്യാറാക്കുന്ന ആര്‍ക്കിടെക്റ്റിന് രാജ്യത്തെ നിയമങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കുകയും ചെയ്യേണ്ടതുണ്ട്. എവിടെയാണോ നിര്‍മാണം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്, ആ പ്രദേശം നിര്‍മാണയോഗ്യമാണോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്വം ആര്‍ക്കിടെക്റ്റിനുണ്ട്. അയാള്‍ തന്റെ ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഫ്‌ളാറ്റുകള്‍ ഉയര്‍ന്നു നില്‍ക്കില്ലായിരുന്നു. തീരദേശ നിയന്ത്രണ ചട്ടങ്ങളെക്കുറിച്ച് മനസിലാക്കുന്നൊരാള്‍ക്ക് അതിന്റെ പരിധിയില്‍ നിര്‍മാണങ്ങള്‍ നടത്താന്‍ കഴിയില്ലെന്നും മനസിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അക്കാര്യം ആര്‍ക്കിടെക്റ്റ് നിര്‍മാതാക്കളെ അറിയിച്ചിരുന്നോ? അറിയിച്ചിരുന്നുവെങ്കില്‍, തങ്ങളുടെ ഉദ്യമവുമായി മുന്നോട്ടു പോകാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൂടെ നില്‍ക്കുമെന്ന വിശ്വാസം മാത്രമായിരിക്കാം അവരെയതിന് പ്രേരിപ്പിച്ചിരിക്കുക.

തീരദേശ നിയന്ത്രണ മേഖല (സിആര്‍ഇസഡ്) കാറ്റഗറി ഒന്നിലും മൂന്നിലും വരുന്ന മരടില്‍ യാതൊരു കാരണവശാലും ഫ്‌ളാറ്റുകള്‍ പോലെ ബഹുനില നിര്‍മാണങ്ങള്‍ അനുവദിക്കാന്‍ പാടില്ലെന്ന പ്രാഥമിക ബോധ്യം ഏതു പഞ്ചായത്ത് സെക്രട്ടറിക്കും ഉണ്ടാകും. എന്നാല്‍ മരട് പഞ്ചായത്തിലെ സെക്രട്ടറി ആയിരുന്ന മുഹമ്മദ് അഷറഫിന് അത്തരമൊരു ബോധ്യം ഉണ്ടാകാതെ പോയതിനു പിന്നില്‍ എന്തായിരിക്കും കാരണം? വികസനത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മരടിലെ ഓരോ നിര്‍മിതിയും അതിന്റെ ആലോചനാവേളയില്‍ തന്നെ അറിയുന്ന ഭരണസമിതിക്കും പ്രതിപക്ഷത്തിനും സെക്രട്ടറി നടത്തുന്ന കൃത്യവിലോപത്തെ കുറിച്ചു മാത്രം അറിയാന്‍ കഴിയാതെ പോയതിനും കാരണം എന്തായിരിക്കും?

മരട് ഫ്‌ളാറ്റ് നിര്‍മാണത്തിനു പിന്നിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകന്‍ ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പരാതി സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ലോകായുക്ത ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങളുണ്ട്. നിര്‍മാതാക്കള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിനു മുമ്പായി പഞ്ചായത്ത് ശരിയായ രീതിയില്‍ സ്ഥലസന്ദര്‍ശനം നടത്തിയിരുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഹൈക്കോടതിയില്‍ പോയ നിര്‍മാതാക്കള്‍ തങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്ന ഹര്‍ജിയില്‍ അനുകൂല വിധി നേടില്ലായിരുന്നു. എല്ലാ നിര്‍മാണവും സിആര്‍ഇസഡ് ലംഘിച്ചിരിക്കുന്നുവെന്നു പറഞ്ഞിട്ടും ഹൈക്കോടതി നിര്‍മാതാക്കള്‍ക്ക് അനുകൂലമായി വിധിക്കാന്‍ ചൂണ്ടിക്കാട്ടിയ പ്രധാന കാരണം, നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നുവെന്നതായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകും വരെ ഒന്നും മിണ്ടേണ്ടതില്ലെന്നത് പഞ്ചായത്ത് സെക്രട്ടറിയുടെ മാത്രം തീരുമാനമായിരുന്നോ അതോ ജനപ്രതിനിധികളും കൂടി സമ്മതിച്ചതിന്‍ പ്രകാരമായിരുന്നോ? നിര്‍മാതാക്കളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ ഒരവിശുദ്ധ കൂട്ടുകെട്ട് ഇതിനിടയില്‍ നടന്നിട്ടുണ്ടെന്നു കണ്ടെത്തിയത് ഉത്തരവാദിത്തപ്പെട്ട നിയമസംവിധാനം തന്നെയാണ്.

സിആര്‍ഇസഡിന്റെ കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പഞ്ചായത്തിനോ മുന്‍സിപ്പാലിറ്റിക്കോ അധികാരം ഇല്ലെന്നിരിക്കെ, എന്തുകൊണ്ടാണ് മരടില്‍ ഫ്‌ളാറ്റ് നിര്‍മിക്കാന്‍ വന്നവരുടെ കാര്യത്തില്‍ വിവരം കേരള സ്റ്റേറ്റ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയെ അറിയിച്ചില്ല എന്ന ചോദ്യത്തിനും പഞ്ചായത്ത് സെക്രട്ടറി മാത്രമല്ല, ഇപ്പോള്‍ ഫ്‌ളാറ്റ് ഉടമകള്‍ക്കു വേണ്ടി സമരത്തിനിറങ്ങിയിരിക്കുന്ന രാഷ്ട്രീയക്കാര്‍ കൂടി മറുപടി പറയേണ്ടതുണ്ട്. ഈ പാര്‍ട്ടികളുടെയെല്ലാം പ്രതിനിധികള്‍ മരട് പഞ്ചായത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി ആ സമയം ഉണ്ടായിരുന്നതാണ്. വ്യക്തമായ കോസ്റ്റല്‍ സോണ്‍ മാപ്പിംഗ് പഞ്ചായത്തിന്റെ കൈയില്‍ ഉണ്ടായിരുന്നില്ലെന്നും അതില്ലാതെ തന്നെയാണ് സിആര്‍ഇസഡ് ലംഘിച്ചെന്നു പറയുന്നതെന്നതും നിര്‍മാതാക്കള്‍ പഞ്ചായത്തിനെതിരേ കോടതിയില്‍ ഉയര്‍ത്തിയ വാദങ്ങളായിരുന്നു. എന്തുകൊണ്ട് അങ്ങനെയൊരു മാപ്പിംഗ് പഞ്ചായത്തിന്റെ കൈവശം ഇല്ലാതേ പോയി? കാറ്റഗറി ഒന്നും മൂന്നില്‍ നിന്ന് രണ്ടായി റി ക്ലാസിഫിക്കേഷന്‍ ചെയ്‌തെന്നു പറയുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേയാണ് സിആര്‍ഇസഡ് ലംഘിച്ചുകൊണ്ട് ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുത്തതെന്നും ഓര്‍ക്കണം. മനഃപൂര്‍വമായി വരുത്തിയ വീഴ്ച്ചയിലൂടെ നിര്‍മാതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം കോടതിയില്‍ ഉണ്ടാക്കി കൊടുക്കുകയായിരുന്നു പഞ്ചായത്ത് അധികാരികള്‍ ചെയ്തത്. മരടില്‍ തന്നെയുള്ള നിരവധി മത്സ്യത്തൊഴിലാളികള്‍ ഒരു ചെറിയ വീട് വയ്ക്കാന്‍ പോലും കഴിയാതെ, പഞ്ചായത്ത് അധികാരികള്‍ പറയുന്ന സിആര്‍ഇസഡ് നിയമത്തിന്റെ മുന്നില്‍ അന്തംവിട്ട് നില്‍ക്കുമ്പോള്‍ തന്നെയാണ് വന്‍കിട ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കുവേണ്ടി ആ നിയമം തന്നെ മൂടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും ഓര്‍ക്കണം.

Also Read: കൂടം കൊണ്ട് വീടിടിച്ച് നിരത്തുമ്പോള്‍ ജനലില്‍ പിടിച്ച് അലമുറയിടുന്ന ആ സ്ത്രീയുടെ ചിത്രം കേരളം മറന്നോ? മൂലമ്പള്ളിയില്‍ നിന്നും മരട് ഫ്‌ളാറ്റിലെത്തുമ്പോള്‍

ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് മനസിലാക്കാവുന്നത്. അങ്ങനെയെങ്കില്‍ ആ അഴിമതിയില്‍ പങ്കാളികളായ എത്ര ഉദ്യോഗസ്ഥരുണ്ടെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ആര്‍ജ്ജവം കാണിക്കേണ്ടതല്ലേ? പഞ്ചായത്ത് സെക്രട്ടറി മുതില്‍ റവന്യു വകുപ്പിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ വരെ അതിന്റെ അന്വേഷണവും എത്തണം. ഇതിനെല്ലാം പുറമെയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ എടുക്കേണ്ട നടപടികള്‍. ആദ്യം നല്‍കിയ സ്‌കെച്ചില്‍ നിന്നും മാറി ഫ്‌ളോര്‍ ഏരിയ റേഷ്യോയില്‍ വരെ വലിയ വ്യത്യാസം വരുത്തിയാണ് ഓരോ ഫ്‌ളാറ്റും നിര്‍മിച്ചിരിക്കുന്നത്. ഈ നിയമലംഘനത്തിനെല്ലാം തന്നെ അവര്‍ നിയമസാധൂകരണം നേടിയെടുക്കയും ചെയ്തിട്ടുണ്ടെന്നു വേറെ കാര്യം. എങ്ങനെ അതു സാധിച്ചു എന്നത് അന്വേഷിച്ച് കണ്ടത്തേണ്ട കാര്യവും. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് കെട്ടിത്തീര്‍ത്ത ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ക്കാനും നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞു. അവിടെയാണവര്‍ ചെയ്ത മറ്റൊരു ക്രൈം. ഹൈക്കോടതിയില്‍ കേസ് ഉണ്ടെന്നും തീരദേശ നിയമം ലംഘിച്ചിട്ടുണ്ടെന്നും ഉള്ള കാര്യങ്ങള്‍ മറച്ചു വച്ചാണ് ഫ്‌ളാറ്റുകള്‍ വിറ്റത്. അതാണ് ഫ്‌ളാറ്റ് ഉടമകള്‍ ഇപ്പോള്‍ വിലപിക്കുന്നത്, തങ്ങള്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നുവെന്ന്. ഫ്‌ളാറ്റ് വാങ്ങും മുന്നേ സ്വാഭാവികമായി ചെയ്യേണ്ട നിയമപോദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മനസിലാക്കാമായിരുന്നിട്ടും അതിനു തയ്യാറാകാതിരുന്നതെന്തുകൊണ്ടെന്നത് മറ്റൊരു ചോദ്യം. പക്ഷേ, മറ്റൊന്നുകൂടിയുണ്ട്. ഇപ്പോള്‍ രംഗത്തുള്ള ഫ്‌ളാറ്റ് ഉടമകളില്‍ മിക്കവരും ആദ്യം വാങ്ങിയൊരാളില്‍ നിന്നും വീണ്ടും വാങ്ങിയവരാണ്. അതായത് ആദ്യത്തെ കള്ളക്കളികളെ കുറിച്ച് അവര്‍ക്ക് അത്രയ്ക്ക് ബോധ്യമില്ല. ഈ പ്രൊപ്പര്‍ട്ടി വച്ച് ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് യാതൊരു നിയമപ്രശ്‌നവും ഇതിന്മേല്‍ ഇല്ലെന്ന് തങ്ങളെ സമീപിച്ചവരെ ആദ്യത്തെ ഉടമകള്‍ വിശ്വസിപ്പിച്ചിരുന്നത്.

ഇപ്പോള്‍ നഷ്ടം വന്നു മൂടിയിരിക്കുന്നത് ഫ്‌ളാറ്റ് ഉടമകള്‍ക്ക് മാത്രമാണ്. എന്നിട്ടും അവരന്തുകൊണ്ട് സുപ്രീം കോടതിയേയും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റിനെയും മാത്രം കുറ്റപ്പെടുത്തുന്നു? മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആ കുറ്റപ്പെടുത്തല്‍ ഏറ്റു പറയുന്നു. അപ്പോഴെല്ലാം യഥാര്‍ത്ഥ കുറ്റവാളികളായ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കളത്തിനു പുറത്താണ്. അവര്‍ക്കെതിരേ ആരും വിരല്‍ ചൂണ്ടുന്നില്ല. ഒരു കോടതിയിലും കേസ് നല്‍കുന്നില്ല. ക്രിമിനല്‍ കുറ്റം ചെയ്തത് നിര്‍മാതാക്കളാണ്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയും അവര്‍ക്കാണ്. അക്കാര്യം ചൂണ്ടിക്കാട്ടി പോലും ഒരു ഹര്‍ജി ഇന്നേവരെ ഒരു കോടതിയിലും പോലീസ് സ്റ്റേഷനിലും പോയിട്ടില്ല. ഒരു കാര്യം കൂടി ഓര്‍ക്കണം, ഈ നിര്‍മാതാക്കള്‍ ഇപ്പോഴും ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നുണ്ട്.

നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് സുപ്രീം കോടതി ഉത്തരവിനെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍പോലും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരേ മിണ്ടുന്നില്ലെന്നതാണ് അത്ഭുതം. മരട് ഇപ്പോള്‍ സിആര്‍ഇസഡ് കാറ്റഗറി രണ്ടില്‍ ആണെന്നും അതുകൊണ്ട് വേണമെങ്കില്‍ പ്രസ്തുത ഫ്‌ളാറ്റുകള്‍ നില്‍ക്കുന്നിടത്ത് വേണമെങ്കില്‍ ഇനിയും ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ പ്രസംഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രസ്തുത ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ ഇപ്പോഴും കാറ്റഗറി മൂന്നില്‍ തന്നെയാണ്. 2011 കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ചാണ് ഈ പ്രദേശങ്ങള്‍ കാറ്റഗറി രണ്ടില്‍ വരുന്നതാണെന്ന് രാഷ്ട്രീക്കാര്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സിആര്‍ഇസഡ് കാറ്റഗറി റീ ക്ലാസിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന വസ്തുത ഈ രാഷ്ട്രീക്കാര്‍ക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും കൈയടി കിട്ടാന്‍ വേണ്ടി അറിഞ്ഞില്ലെന്നു ഭാവിക്കുന്നതാണോ? 1996-ല്‍ പ്രഖ്യാപിച്ചിരിക്കുന്ന അതേ മാപ്പിംഗ് പ്രകാരമുള്ള കാറ്റഗറികള്‍ തുടരാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയും നിര്‍ദേശിച്ചിരിക്കുന്നത്. അംഗീകാരം കിട്ടാത്ത റീ ക്ലാസിഫിക്കേഷന്‍ വച്ച് എങ്ങനെയാണ് പ്രസ്തുത ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന പ്രദേശങ്ങള്‍ കാറ്റഗറി രണ്ടില്‍ ആണെന്ന് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പറയാന്‍ കഴിയുക. അങ്ങനെയാണവര്‍ പറയുന്നതെങ്കില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദങ്ങളെ പിന്താങ്ങുകയല്ലേ ചെയ്യുന്നത്. രാജ്യത്തിലെ നിയമ സംവിധാനത്തോടാണോ ഇവര്‍ കൂറു കാണിക്കുന്നത് അതോ ബില്‍ഡിംഗ് മാഫിയാകളോടോ? ഫ്‌ളാറ്റ് ഉടമകളെ പിന്തുണയ്ക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ അവര്‍ ചെയ്യേണ്ടത്, ക്രിമിനല്‍ കുറ്റം ചെയ്ത ബില്‍ഡേഴ്‌സിനെയും അവര്‍ക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ എത്തിച്ച് ശിക്ഷ വാങ്ങിക്കൊടുത്തു കൊണ്ടാണ്.

എന്താണ് മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ നടന്നിട്ടുള്ള നിയമലംഘനം: ഇവിടെ വായിക്കാം: എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍