UPDATES

മരട് ഫ്ലാറ്റ് പ്രതിസന്ധി രൂക്ഷം; ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍, നഗരസഭയുടെ അന്ത്യശാസനം തീരാന്‍ മൂന്ന് ദിവസം; എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതി മുമ്പാകെയുള്ള തിരുത്തല്‍ ഹര്‍ജിയിലാണ് ഇനി ഏക പ്രതീക്ഷ

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സാധന സാമഗ്രികള്‍ നീക്കം ചെയ്ത് ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് മരട് നഗരസഭ നല്‍കിയിരിക്കുന്ന അന്ത്യശാസനം തീരാന്‍ ഇനി മൂന്നു ദിവസം മാത്രാ. എന്നാല്‍ ഇത് അനുസരിക്കില്ലെന്ന നിലപാടില്‍ ഫ്‌ളാറ്റ് ഉടമകളും എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. സുപ്രീം കോടതി ഉത്തരവിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിരുവോണ ഇന്നലെ മരട് നഗരസഭയ്ക്കു മുന്നില്‍ ഫ്ലാറ്റുടമകള്‍ പട്ടിണി സമരം നടത്തിയിരുന്നു. എന്തുവന്നാലും തങ്ങള്‍ ഒഴിയില്ലെന്ന നിലപാടാണ് അഞ്ച് ഫ്‌ളാറ്റുകളിലേയും താമസക്കാര്‍.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള വിധിക്കെതിരെ ഗോള്‍ഡന്‍ കായലോരം റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി രജിസ്റ്ററി സ്വീകരിച്ചു. ഇത് സാധാരണ ചേംബറിലാണ് പരിഗണിക്കാറ്. എന്നാല്‍ തുറന്ന കോടതിയില്‍ തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവില്‍ പിഴവുകളുണ്ട്. അത് തിരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് എന്നും കോടതിയുടെ അനുമതി ഇല്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ മാസം 20-നകം ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ചാണ് രണ്ടു ദിവസം മുമ്പ് നഗരസഭ നോട്ടീസ് നല്‍കിയത്. ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, തങ്ങളുടെ തിരുത്തല്‍ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ എന്തെങ്കിലും അനുഭാവപൂര്‍വമുള്ള തീരുമാനം ഉണ്ടാകുമോ എന്നാണ് ഫ്ലാറ്റ് ഉടമകള്‍ കാത്തിരിക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി കര്‍ശനമായി പ്രതികരിച്ചിരുന്നു. ഇതോടെയാണ് നേരത്തെ ഫ്‌ളാറ്റുടമകളോട് അനുഭാവപൂര്‍വം പ്രതികരിച്ചിരുന്ന നഗരസഭ നോട്ടീസ് നല്‍കുന്ന നടപടികള്‍ ഉള്‍പ്പടെ വേഗത്തിലാക്കിയത്. ചൊവ്വാഴ്ച ഫ്‌ളാറ്റുകളില്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥര്‍ അഞ്ച് ദിവസത്തിനകം എല്ലാവരും ഒഴിയണമെന്നും ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കാണിച്ചായിരുന്നു നോട്ടീസ് നല്‍കിയത്.

പറഞ്ഞ സമയത്തിനുള്ളില്‍ ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 1994 ലെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ടും നിലവില്‍ ബാധകമായ മറ്റു നിയമങ്ങള്‍ പ്രകാരവും ഇനിയൊരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതിന് ചെലവാകുന്ന തുക പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന വ്യക്തിയില്‍ നിന്നും ഇടാക്കുമെന്നുമാണ് നഗരസഭ നോട്ടീസില്‍ പറയുന്നത്. കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയിലെ 350-ഓളം വരുന്ന ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഈ സമയപരിധി അംഗീകരിക്കില്ലെന്നും ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത് കാട്ടുനീതിയാണെന്നുമാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തി തങ്ങളെ ഒഴിപ്പിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ. ഞങ്ങളെ ജയിലില്‍ അടച്ചില്ലെങ്കില്‍ തിരിച്ച് ഇങ്ങോട്ടു തന്നെ വരുമെന്നും ഇവിടെ പാലത്തിനടിയിലോ റോഡ് അരികിലോ വന്നു കിടക്കുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു. ഈ അനീതി നടക്കുന്നത് കേരളത്തില്‍ ആണെന്നും ലോകം മുഴുവന്‍ ഈ മനുഷ്യാവകാശ ലംഘനം കാണട്ടെയെന്നും ഫ്‌ളാറ്റ് ഉടമകള്‍ വികാരഭരിതരായി പറയുന്നു. മുഴുവന്‍ ഫ്ലാറ്റുകളിലെയും താമസക്കാര്‍ ഇന്നലെ പട്ടിണി സമരത്തിന് എത്തിയിരുന്നു. ഹൈബി ഈഡന്‍ എം.പി അടക്കം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും ഇവര്‍ക്കൊപ്പം സമരത്തിന് എത്തിയിരുന്നു. എല്‍ഡിഎഫ് നാളെ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ഫ്‌ളാറ്റ് ഉടമകള്‍ പ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടു പോവുകയാണ് മരട് നഗരസഭ. ഈ മാസം 20-നകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇവ വേഗത്തില്‍ നടപ്പാക്കാനാണ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി 15 നിലയ്ക്ക് മുകളിലുള്ള നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് താത്പര്യമുള്ള കമ്പനികളെ ക്ഷണിച്ചു കൊണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. 16-ാം തിയതിക്ക് മുമ്പായി താത്പര്യപത്രം ലഭിക്കണമെന്നാണ് ആവശ്യം. അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചു നീക്കുന്നതിന് ഏകദേശം 30 കോടി രൂപ ചെലവ് വരുമെന്നാണ് നഗരസഭ കണക്കുകൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇത്രയും തുക ഒറ്റയ്ക്ക് വഹിക്കാന്‍ കഴിയില്ലെന്നാണ് നഗരസഭയുടെ നിലപാട്. സര്‍ക്കാര്‍ ചെലവ് വഹിക്കണമെന്ന് നഗരസഭ പറയുമ്പോള്‍, ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കേണ്ട ബാധ്യത നഗരസഭയ്ക്കാണുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പണച്ചെലവ് മാത്രമല്ല, മരട് നഗരസഭ നേരിടുന്ന പ്രതിസന്ധികള്‍. വിദഗ്ധ സങ്കേതങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ ഈ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സാധിക്കൂ. ഇത്രയും ഫ്‌ളാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങളും നഗരസഭയ്ക്ക് തലവേദനയുണ്ടാക്കും. അവ എവിടെ നിക്ഷേപിക്കുമെന്ന ചോദ്യത്തിനും നഗരസഭ ഉത്തരം കണ്ടെത്തണം.

Also Read: ‘ചങ്ക് പൊട്ടുന്നുണ്ട്, ആയുസിന്റെ സമ്പാദ്യമാണിത്, ഞങ്ങളിനി എങ്ങോട്ട് പോകും?’; തിരുവോണ നാളില്‍ മരട് ഫ്‌ളാറ്റ് ഉടമകള്‍ പട്ടിണി സമരത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍