UPDATES

നഗരസഭ പറഞ്ഞ സമയവും തീര്‍ന്നു; ഇറങ്ങില്ലെന്നുറപ്പിച്ച് മരട് ഫ്‌ളാറ്റുകളിലെ താമസക്കാര്‍

വഞ്ചിക്കപ്പെട്ടവര്‍ തങ്ങളാണെന്നും എന്നാല്‍ അങ്ങനെയുള്ളവരെ കേള്‍ക്കാന്‍ പോലും നില്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നതെന്ന പരാതിയാണ് ഓരോ രാഷ്ട്രീയ നേതാവിനോടും മാധ്യമപ്രവര്‍ത്തകരോടും ഇവര്‍ പങ്കുവയ്ക്കുന്നത്

കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്‌ളാറ്റിലെ 2 എ അപ്പാര്‍ട്ട്‌മെന്റില്‍ 90 കാരിയായ ശാന്തമ്മ തന്റെ ഉച്ചഭക്ഷണം കഴിക്കുന്നത് തികച്ചും ശാന്തതോടെയാണ്. തൊട്ടപ്പറുത്ത് ലിംവിംഗ് റൂമിലിരുന്നു മകള്‍ 60 കാരിയായ മായ, അമ്മയെ നോക്കിയിട്ട് പതിയെ പറഞ്ഞു; ഏതാണ്ടൊക്കെ അമ്മയ്ക്ക് മനസിലായിട്ടുണ്ട്. ഇവിടെ നിന്നും ഇറങ്ങി പോകണമെന്നൊക്കെ ആരോ പറഞ്ഞറിഞ്ഞു. പക്ഷേ, അമ്മയ്ക്ക് ഭയമൊന്നും ഇല്ല, നീ ഇല്ലേ എന്നാണ് അമ്മ എന്നോട് പറയുന്നത്. ഇനിക്കും ഇപ്പോള്‍ പേടിയൊന്നും ഇല്ല. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങളെല്ലാം ഇവിടെ നിന്നും ഇറങ്ങി കൊടുക്കണമെന്നല്ലേ ഉത്തരവ്. ഞങ്ങള്‍ എന്തായാലും ഇറങ്ങുന്നില്ല. ഇറങ്ങിയിട്ട് എങ്ങോട്ടു പോകാനാണ്? ആരാണ് ഞങ്ങളെ സ്വീകരിക്കാനുള്ളത്. ഞാനും പ്രായമായ അമ്മയും മാത്രമാണ് ഇവിടെയുള്ളത്. മക്കള്‍ രണ്ടു പേരും വിദേശത്താണ്. അതുകൊണ്ട് ഞങ്ങളൊരിടത്തേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ല.

തീരദേശ നിയന്ത്രണ മേഖല ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മിച്ചു എന്ന കണ്ടെത്തലില്‍ സുപ്രീം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകളിലെയും താമസക്കാരും മായയുടെ അതേ മനോനിലയിലാണ്. ഇന്നു വൈകിട്ട് അഞ്ചു മണിയോടെ താമസക്കാരെല്ലാം ഒഴിഞ്ഞു പോകണമെന്നാണ് നഗരസഭ സെക്രട്ടറി നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഒഴിയാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ എന്തൊക്കെ നിയമനടപടി നേരിടേണ്ടി വന്നാലും ഇറങ്ങിക്കൊടുക്കില്ലെന്ന വാശിയില്‍ തന്നെയാണ് ഹോളി ഫെയ്ത്ത് എച്ച് ടു ഒ, ആല്‍ഫ സെറീന്‍, ഗോള്‍ഡന്‍ കായലോരം, ജയ്ന്‍ കോറല് കോവ് എന്നീ ഫ്‌ളാറ്റുകളിലെ താമസക്കാര്‍.

സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞരിക്കുന്ന കാലാവധി അവസാനിക്കുന്ന ഇന്ന്, രാവിലെ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ആദ്യം എത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സിപിഎമ്മിന്റെ ബഹുജന സമ്മേളനവും ഹോളിഫെയ്ത്തില്‍ നടന്നു. സ്ഥലം എംഎല്‍എ കൂടിയായ എം സ്വരാജ്, സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്‍, ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചത് എന്തുവന്നാലും ഫ്‌ളാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു. സിപിഎമ്മിന്റെ യോഗം നടക്കുന്നതിനിടയില്‍ തന്നെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി പിഡിപിയുടെ നേതൃത്വത്തില്‍ ജാഥയെത്തി. ഇതിനുശേഷമായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ബിജെപി പ്രതിനിധികള്‍ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി എത്തിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നയിക്കുന്ന പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ ഉണ്ടെന്നത് തങ്ങള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നുവെന്നായിരുന്നു ഹോളി ഫെയ്ത്തിലും പിന്നീട് മരട് നഗരസഭയുടെ മുന്നില്‍ കെട്ടിയ സമരപന്തലിലും ഒരുമിച്ചു കൂടി വിവിധ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ പങ്കുവച്ച വികാരം. അവസാന നിമിഷത്തില്‍ സുപ്രീം കോടതി തങ്ങള്‍ക്ക് അനുകൂലമായി തീരുമാനം എടുക്കുമെന്നും അവരോരുത്തരും പ്രതീക്ഷ പറയുന്നുണ്ടായിരുന്നു.

വഞ്ചിക്കപ്പെട്ടവര്‍ തങ്ങളാണെന്നും എന്നാല്‍ അങ്ങനെയുള്ളവരെ കേള്‍ക്കാന്‍ പോലും നില്‍ക്കാതെയാണ് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നതെന്ന പരാതിയാണ് ഓരോ രാഷ്ട്രീയ നേതാവിനോടും മാധ്യമപ്രവര്‍ത്തകരോടും ഇവര്‍ പങ്കുവയ്ക്കുന്നത്. ഇങ്ങനെയെല്ലാം വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന നിരാശയും ഓരോരുത്തരും പറയുന്നുണ്ട്. ‘എട്ടുവര്‍ഷമായി ഞങ്ങളിവിടെ താമസിക്കുകയാണ്. ഞാനൊരു വീട്ടമ്മയാണ്. ഒരു വീട്ടമ്മയ്ക്കായിരിക്കും ആ വീടിനോട് ഏറ്റവും അധികം വൈകാരിക അടുപ്പം ഉണ്ടാവുക. ഫ്‌ളാറ്റ് ആണെങ്കിലും ഇത് ഞങ്ങളുടെ വീടാണ്. ഇവിടെ നിന്നും ഒരു ദിവസം പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ എങ്ങോട്ടാണ് പോകേണ്ടത്? ഞങ്ങളാരെങ്കിലും ചെയ്ത തെറ്റിനാണോ ഈ ശിക്ഷ നല്‍കുന്നത്?’ ആല്‍ഫ സിറീനിലെ താമസക്കാരിയായ പാര്‍വതി ചോദിക്കുന്നു. അതേ ചോദ്യവും വേദനയും തന്നെയാണ് ഹോളി ഫെയ്ത്തിലെ മായയും പങ്കുവയ്ക്കുന്നത്. ‘കുവൈറ്റിലുള്ള മകള്‍ വിളിച്ചു പറയുമ്പോഴാണ് ഫ്‌ളാറ്റ് പൊളിക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടെന്ന വിവരം തന്നെ ഞാന്‍ അറിയുന്നത്. ഇറങ്ങിപ്പോകൂ എന്നു കോടതിക്കു പറയാം, ഞങ്ങളെങ്ങോട്ടു പോകും എന്നു കൂടി പറ? തിരുവനന്തപുരമാണ് എന്റെ നാട്. ഭര്‍ത്താവ് മരിച്ചു പോയി. പ്രായമായ അമ്മ മാത്രമാണ് കൂടെയുള്ളത്. രണ്ട് കാല്‍ മുട്ടുകളും മാറ്റിവയ്ക്കാനുള്ള സര്‍ജറി പറഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ ഒരു വീട് വേണമെന്നായിരുന്നു ആഗ്രഹം. എന്റെ കൈയില്‍ ഉണ്ടായിരുന്ന പൈസയെല്ലാം മക്കള്‍ക്ക് കൊടുത്ത്, അവരുടെ കൈയില്‍ നിന്നു കൂടി ഇട്ടിട്ടാണ് ഈ ഫ്‌ളാറ്റ് വാങ്ങുന്നത്. മറ്റൊരാളുടെ കൈയില്‍ നിന്നാണ് ഞങ്ങള്‍ വാങ്ങുന്നത്. ഇവിടെ ഞങ്ങള്‍ക്ക് എല്ലാം കൊണ്ട് സുഖമായിരുന്നു. സാധാരണ പറയാറുണ്ട്, ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ പരസ്പരം കണ്ടാല്‍ പോലും മിണ്ടാറില്ലെന്ന്. ഇവിടെയങ്ങനെയല്ല. എനിക്കോ അമ്മയ്‌ക്കോ വയ്യാതെ വന്നാല്‍ ഒന്നു ഫോണ്‍ ചെയ്താല്‍ മതി, ഓടി വരാന്‍ എത്ര പേരുണ്ടാകുമെന്നറിയാമോ? അങ്ങനെയെല്ലാം സ്വരുമയോടെയും സ്‌നേഹത്തോടെയുമാണ് ഞങ്ങള്‍ കഴിഞ്ഞു വന്നിരുന്നത്. കുറച്ച് ദിവസങ്ങളെ ആയുള്ളൂ ആരും ഒന്നും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാതായിട്ട്. എന്തു പറഞ്ഞാണ് പരസ്പരം ആശ്വസിപ്പിക്കുന്നതെന്നറിയാഞ്ഞിട്ടാ ആരും ഒന്നും മിണ്ടാതിരുന്നത്. ഇപ്പോള്‍ ഞങ്ങളുടെ നിരാശയൊക്കെ മാറി. ഞങ്ങള്‍ക്കിപ്പോള്‍ നല്ല ധൈര്യം ഉണ്ട്. എന്തു വന്നാലും ആരു പൊളിക്കാന്‍ വന്നാലും ഇവിടം വിട്ടു ഞങ്ങള്‍ പോകില്ല.

മായയെ പോലെ, പാര്‍വതിയെ പോലെ സംസാരം കണ്ണീരില്‍ മുങ്ങിപ്പോയ മറ്റു സ്ത്രീകളുമുണ്ട്. സോഷ്യല്‍ മീഡിയയിലൊക്കെ ഞങ്ങളെക്കുറിച്ച് ട്രോളുകളാണ്. ലക്ഷങ്ങളും കോടികളും കൊടുത്ത് ഫ്‌ളാറ്റ് വാങ്ങിയവരുടെ കൈയില്‍ ഇനിയും പണം ഉണ്ടാകും, അതുകൊണ്ട് ഇതു പോയാല്‍ വലിയ കുഴപ്പമൊന്നും ഇല്ലെന്നാണ് പലരും പരിഹാസത്തോടെ പറയുന്നത്. ആ കളിയാക്കാവുന്നവര്‍ ഒന്നു മനസിലാക്കണം, കിടപ്പാടം നഷ്ടമാകുന്നവന്റെ വേദന എല്ലാവര്‍ക്കും ഒരുപോലെയാണ്. ഉള്ള സമ്പാദ്യം നുള്ളിപ്പെറുക്കിയെടുത്താണ് ഞങ്ങളില്‍ പലരും ഫ്‌ളാറ്റ് വാങ്ങിയത്. ഇതു പോയാല്‍ ഇനിയൊന്ന് ഇതുപോലെ വാങ്ങാനുള്ള പ്രാപ്തി ഞങ്ങള്‍ക്കില്ല. ഞങ്ങളാരും കോടികള്‍ ആസ്തിയുള്ളവരല്ല. പലരും റിട്ടയര്‍മെന്റ് പ്രായത്തില്‍ എത്തി നില്‍ക്കുന്നവരാണ്. അദ്ധ്വാനിക്കാനുള്ള ശേഷി പോയവര്‍. അങ്ങനെയുള്ളവരോട് എന്തിനാണ് ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നതെന്നു മനസിലാകുന്നില്ല. പ്രളയത്തിലും മറ്റും വീടു പോയവര്‍ക്ക് വീട് പണിതു നല്‍കാനായി പല രാഷ്ട്രീയപ്പാര്‍ട്ടിക്കാരും സംഘടനകളും ഞങ്ങളുടെ അടുക്കല്‍ പിരിവ് വന്നിട്ടുണ്ട്. വന്നവര്‍ക്കൊക്കെ കഴിയും പോലെ സഹായിച്ചിട്ടുമുണ്ട്. മറ്റുള്ളവരുടെ വേദന മനസിലാക്കാന്‍ കഴിയാത്തവരാണെങ്കില്‍ എന്തിനങ്ങനെ ചെയ്യണം. കഴിയുമ്പോലൊക്കെ മറ്റുള്ളവരെ സഹായിക്കാന്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. ഒടുവില്‍ ഞങ്ങള്‍ക്കിങ്ങനെയൊരു ഗതി വന്നപ്പോള്‍ പുച്ഛിക്കുന്നത് ശരിയാണോ എന്നൊന്ന് ആലോചിക്കുക; വേദനയും നിരാശയും മറച്ചു വയ്ക്കാതെയാണ് റീത്ത ജോര്‍ജ് സംസാരിച്ചത്. ഹോളിഫെയ്ത്തിലെ താമസക്കാരന്‍ കൂടിയായ നടന്‍ സൗബിന്‍ ഷാഹിറും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്; പലരും ഞങ്ങളെ പരിഹസിക്കുകയാണ്. സിനിമക്കാരാണെങ്കിലും താമസസ്ഥലം നഷ്ടപ്പെടുന്ന ഞങ്ങളും മനുഷ്യരാണ്. രണ്ട് പടം ചെയ്താല്‍ ഈ നഷ്ടം നികത്താമെന്നാണ് ചിലര്‍ പറഞ്ഞുകേള്‍ക്കുന്നത്. ഒരിക്കലുമില്ല. കുറെക്കാലം സിനിമയില്‍ നിന്നിട്ട് ഇപ്പോഴാണ് ഒരു വീട് വാങ്ങിയത്. അല്ലാതെ കുറെ നാളായി ഇവിടെ താമസിക്കുന്നതല്ല. ജീവിതകാലം മുഴുവന്‍ താമസിക്കണമെന്ന് കരുതി വാങ്ങിയതാണ് ഇത്. എന്തൊക്കെ പറഞ്ഞാലും ഇതിന്റെ കറക്ടായിട്ടുള്ള കാര്യം വരാണ്ട് നമുക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുവന്നാലും ഞാനിവിടെ നിന്ന് മാറില്ല. അതാണ് കറക്ടായിട്ടുള്ള മറുപടി. അതല്ലാന്നുണ്ടെങ്കില്‍ എന്താണ് നമുക്ക് വേണ്ടതെന്നനുസരിച്ച് സര്‍ക്കാര്‍ ചെയ്യണം. പെട്ടെന്ന് ഒരു അഞ്ച് ദിവസം കൊണ്ട് ഇറങ്ങാന്‍ പറഞ്ഞാല്‍ എങ്ങനെയാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ എവിടെ പോകണം, എങ്ങോട്ട് പോകണം? അതുകൊണ്ട് ഞങ്ങളാരും മാറുന്ന പ്രശ്നമില്ല. മാനുഷിക പരിഗണന വച്ച് എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കണം.

ഫ്‌ളാറ്റ് വിട്ടു പോവുക എന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ തയ്യാറല്ലെന്നു തന്നെയാണ് ഇവര്‍ ഓരോരുത്തരോടും സംസാരിക്കുമ്പോഴും മനസിലാകുന്നത്. എല്ലാവരും വൈകാരികമായണ് പ്രതികരിക്കുന്നത്. സുപ്രീം കോടതിയോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അഥോറിറ്റിയോടുമെല്ലമുള്ള പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നവരുമുണ്ട്. സ്ത്രീകള്‍ കൂടുതതല്‍ പേരും സംസാരിക്കാതെ ഒഴിഞ്ഞുമാറുകയാണ്. എന്തെങ്കിലും പറഞ്ഞാല്‍ കരഞ്ഞുപോകുമെന്നാണ് ക്ഷമാപണത്തോടെ പലരും പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരാവണ്ണം ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ പോലും ചെയ്തിട്ടില്ലെന്ന വിഷമവും അവര്‍ പറയുന്നുണ്ട്. വര്‍ഷങ്ങളായി താമസിച്ചു വരുന്നതിന്റെ അടുപ്പം ഫ്‌ളാറ്റുകളോടുള്ളവരാണ് ഏറെയും. മറ്റൊരിടത്തേക്ക് മാറിയാല്‍ പോലും ഇവിടെ താമസിക്കുന്നതിന്റെ സംതൃപ്തി ഉണ്ടാകില്ലെന്നു പറയുന്നവരുമുണ്ട്.

ഈ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെല്ലാം ഇടയിലൂടെ ഫ്‌ളാറ്റിലെ കുട്ടികളും നടക്കുന്നുണ്ട്. അവര്‍ക്കെല്ലാക്കാര്യങ്ങളും മനസിലാകുന്നുണ്ട്. ഓരോരുത്തരുടെയും മുഖത്ത് അത് വ്യക്തവുമാണ്. പരീക്ഷ എഴുതാന്‍ പോലും ബുദ്ധിമുട്ട് ആയിരുന്നുവെന്നു ഹോളി ഫെയ്ത്തിലെ താമസക്കാരായ  കുട്ടികള്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും പറഞ്ഞ് കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് മനസിലായിരുന്നു. ഫ്‌ളാറ്റ് വിട്ടു പോകണം എന്നു പറഞ്ഞത് ഞങ്ങള്‍ വലിയ വിഷമം ആയി. പരീക്ഷയില്‍ ശരിക്കും കോണ്‍സന്‍ട്രേറ്റ് ചെയ്യാന്‍ പോലും പറ്റിയില്ല. വീട്ടിലൊക്കെ എല്ലാവരും വലിയ സൈലന്റായിരുന്നു. സ്‌കൂളില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികള്‍ ഓരോന്നു ചോദിക്കുമ്പോഴും ഞങ്ങള്‍ക്ക് വിഷമാകും. ആദ്യമൊക്കെ അത് വീട്ടില്‍ വന്നു പറയുമ്പോള്‍ അച്ഛനും അമ്മയും സങ്കടപ്പെടുന്നതു കാണാമായിരുന്നു. പിന്നെ ഞങ്ങള്‍ അവരോട് ഒന്നും പറയില്ല. ഞങ്ങള്‍ക്ക് ഇവിടെ നിന്നും പോകണ്ട… ഇവിടെ തന്നെ താമസിക്കണം; ആ കുട്ടികളുടെ വാക്കുകള്‍.

തങ്ങളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ തന്നെ തുടര്‍ന്നും താമസിക്കാന്‍ അനുവദിക്കുന്ന ഒരു തീരുമാനം ഈ അവസാന മണിക്കൂറില്‍ ഉണ്ടാകുമെന്നു തന്നെയാണ് അഞ്ചു ഫ്‌ളാറ്റുകളിലേയും താമസക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉണ്ടായില്ലെങ്കിലോ എന്ന ചോദ്യം പോലും അവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

also read:എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍