UPDATES

സ്വന്തം സ്കൂളിനെ മരട് നഗരസഭ കൊല്ലുന്നു; കയ്യേറ്റം എതിര്‍ത്ത പ്രധാനധ്യാപികയെ അസഭ്യം വിളിച്ച് വൈസ് ചെയര്‍മാന്‍

സ്കൂള്‍ കോംപൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികളുടെ ബഹളം കാരണം പലപ്പോഴും അധ്യയനം തടസ്സപ്പെടുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കുണ്ടന്നൂര്‍ ജെബിഎസ് സ്കൂള്‍ കോംപൌണ്ടില്‍ നിയമം ലംഘിച്ച് മരട് നഗരസഭ. വിദ്യാഭ്യാസ വകുപ്പിന്റെയോ സ്കൂള്‍ അധികൃതരുടേയോ അനുവാദമില്ലാതെ നഗരസഭയുടെ പദ്ധതികള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തോന്നിയപോലെ നടപ്പാക്കുകയാണെന്നും ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു നോക്കാതെ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ തടസാപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും സ്‌കൂളിലെ പ്രധാനധ്യാപിക വൃന്ദ എ സോമന്‍ അഴിമുഖത്തോട് പറഞ്ഞു.

നഗരസഭയുടെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഓഡിറ്റോറിയം, സ്‌കൂള്‍ പരിസരത്തെ പാര്‍ക്കിംഗ് എല്ലാം അനധികൃതമായി കൈയ്യേറിയതാണെന്ന് പൊതുവിദ്യാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നിരത്തി വൃന്ദ എ സോമന്‍ പറയുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം നഗരസഭാ വൈസ്‌ചെയര്‍മാന്‍ ജബ്ബാര്‍ പാപ്പനയുടെ ഭാഗത്തു നിന്നുണ്ടായ മോശമായ പെരുമാറ്റം വളരെ അധികം വേദനിപ്പിക്കുന്നതണെന്നും പ്രധാനധ്യാപിക പറയുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെയാണ്.

“ചൊവ്വാഴ്ച സ്‌കൂള്‍ കോമ്പൗണ്ടിനകത്തേക്ക് യന്ത്രസാമഗ്രികളും കയറ്റിയുള്ള ലോറി എത്തി. വലിയ ലോറിയും പണിക്കാരെയും കണ്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് ക്ലാസ് മുറികളോട് ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാന്‍ പോകുകയാണെന്നും അതിനുള്ള സാമഗ്രികളാണ് ലോറിക്കകത്തും എന്നും മനസിലാക്കാന്‍ സാധിച്ചത്. പ്രീപ്രൈമറി മുതല്‍ നാലാം ക്ലാസു വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് പ്ലാന്റ് വന്നാല്‍ ഇത് സ്‌കൂളിനെയും കുട്ടികളുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കും. അതുകൊണ്ട് ഞങ്ങള്‍ അധ്യാപകര്‍ ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്നത് തടഞ്ഞു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തി ഞങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ നഗരസഭയിലെ കൗണ്‍സിലര്‍ തന്നെ കേള്‍ക്കാന്‍ കൊള്ളിലാത്ത തരത്തില്‍ അസഭ്യം പറഞ്ഞത്. ഒരു സ്‌കൂള്‍ അധ്യാപികയെന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന ആദ്യത്തെ അനുഭവമായിരുന്നു ഇത്. തുടര്‍ന്ന് നിങ്ങളുടെ തറവാട്ട് വകയൊന്നുമല്ല ഇത്. ഞങ്ങള്‍ ഒന്ന് തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും. ഇതിന്റെ വീതം കിട്ടാനല്ലെ നിങ്ങള്‍ ഇതിന് തടസം നില്‍ക്കുന്നത് തുടങ്ങി വായില്‍ തോന്നുന്നതെല്ലാം മറ്റൊരു കൗണ്‍സിലറായി ജോണ്‍സനും ചേര്‍ന്ന് ആറ് അധ്യാപികമാരും അനധ്യാപകരായ രണ്ട് സ്ത്രീകളുമുള്ള ഞങ്ങള്‍ക്ക് നേരെ തിരിയുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഡിഡിയുടെ നിര്‍ദ്ദേശപ്രകാരം മരട് പോലീസിനെ വിവരം അറിയിച്ചത്.” സ്‌കൂള്‍ വക സ്ഥലത്ത് തങ്ങളോട് അനുവാദം ചോദിക്കാതെ നഗരസഭ കൈയ്യേറ്റം തുടങ്ങിയിട്ട് കുറെ കാലമായിയെന്നും സഹികെട്ടാണ് നഗരസഭയുടെ ചെയ്തികള്‍ക്കെതിരെ പ്രതിഷേധിച്ചതെന്ന് പ്രധാന അധ്യാപിക വൃന്ദ പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ച ഉത്തരവ് കാറ്റില്‍ പറത്തി നഗരസഭ

40 ഓളം കുട്ടികളും ആറ് അധ്യപകരും രണ്ട് അനധ്യാപക ജീവനക്കാരും ജോലിചെയ്യുന്ന കുണ്ടന്നൂരിലെ ജെബിഎസ് സ്‌കൂള്‍ വക സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഡിറ്റോറിയം പണിതതാണ് മരട് നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യ കൈയ്യേറ്റം. സൌകര്യങ്ങള്‍ കുറഞ്ഞ ഓഡിറ്റോറിയമായിരുന്നതിനാല്‍ അന്ന് സ്കൂള്‍ അധികൃതരാരും പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടെ സ്വകാര്യ വ്യക്തികളുടേതുള്‍പ്പെടെയുളള ചടങ്ങുകള്‍ ഓഡിറ്റോറിയത്തില്‍ വര്‍ധിച്ചു വന്നു. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ മൈക്കുപയോഗിച്ച് നടത്തുന്ന പരിപാടികളുട ശബ്ദം മൂലം കുട്ടികളുടെ പഠനത്തിനും അധ്യാപകരുടെ ജോലി നിര്‍വഹണത്തിനും ബുദ്ധിമുട്ടായി. അമിതമായി ശബ്ദം പുറത്തേക്ക് വരുമ്പോള്‍ ആദ്യം പരിപാടി നടത്തുന്നവരോട് പരാതിപ്പെടും എന്നാല്‍ അധികം ആളുകളും ഞങ്ങള്‍ പണം കൊടുത്താണ് ഇവിടെ പരിപാടി നടത്തുന്നതെന്നും നിങ്ങള്‍ വേണമെങ്കില്‍ സ്‌കൂള്‍ അടച്ച് പൊയ്‌ക്കോളാനുള്ള മറുപടിയുമാണ് ലഭിക്കാറ് എന്ന് സ്‌കൂളിലെ അധ്യാപകര്‍ പറയുന്നു. കൂടാതെ ഓഡിറ്റോറിയത്തിലെ പരിപാടിള്‍ക്ക് വരുന്നവരുടെ ഉള്‍പ്പെടെയുള്ളവരുടെ വാഹനങ്ങളും സ്‌കൂള്‍ കെട്ടിടത്തിന് തൊട്ടുമുന്നിലുള്ള മൈതാനത്താണ് പാര്‍ക്ക്‌ ചെയ്യുന്നത്. ഈ സമയങ്ങളില്‍ പൊടിയും, വാഹനങ്ങളുടെ ശബ്ദവും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. നഗരസഭയില്‍ പരാതിപ്പെട്ടാല്‍ കൗണ്‍സിലര്‍ എത്തി ശല്യത്തിന് കുറച്ച് ശമനം ഉണ്ടാക്കും.
സ്‌കൂള്‍ കെട്ടിടത്തിനകത്ത് നഗരസഭയുടെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നതും നിയമം ലംഘിച്ചാണ്. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും മാസത്തിലെ മൂന്നാം വെള്ളിയാഴ്ചയും രോഗികളും അവര്‍ക്കൊപ്പം വന്നവരുമാകുമ്പോഴേക്കും സ്‌കൂള്‍ നിറയും. സ്‌കൂളിലെ പ്രധാനധ്യാപികയുടെ ഓഫീസിന് എതിരെ 50 മീറ്ററില്‍ താഴെ അകലത്തിലാണ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ സ്‌കൂള്‍ അധികൃതരുടെ അനുവാദത്തോടെ സ്‌കുളിനു മുന്നില്‍ അങ്കണവാടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതും ഇപ്പോള്‍ സ്‌കൂളിന് വെല്ലുവിളി ആയിരിക്കുകയാണ്. സ്ഥലപരിമിതി മൂലം സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ജൈവ വൈവിധ്യ പാര്‍ക്ക് ഉള്‍പ്പെടെ ചെറുതും വലുതുമായ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് സ്‌കൂള്‍ അധികൃതര്‍. പലതരത്തില്‍ സ്‌കൂളിനെ ദ്രോഹിച്ച് സ്‌കൂള്‍ ഇവിടെ നിന്ന് മാറ്റി നഗരസഭയ്ക്ക് സ്ഥലം കൈയ്യടക്കാനുള്ള തന്ത്രമാണ് ഇവയെല്ലാമെന്നാണ് ആക്ഷേപം.

മാലിന്യ സംസ്‌കരണ പ്ലാന്റ് വന്നാല്‍ ഉണ്ടയേക്കാവുന്ന പ്രശ്‌നങ്ങള്‍

ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികളുടെ പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണ മാലിന്യവും സംസ്‌കരിക്കാനാണ് പ്ലാന്റ് തുടങ്ങുന്നത് എന്നാണ് നഗരസഭ പറയുന്നത്. എന്നാല്‍ പിന്നീട് മറ്റിടങ്ങളിലെ മാലിന്യവും ഇവിടെ സംസ്‌കരിക്കാന്‍ കൊണ്ടുവരുമോ എന്നതാണ് സ്‌കൂള്‍ അധികൃതരുടെ ആശങ്ക. അങ്ങിനെ വന്നാല്‍ മാലിന്യങ്ങളുടെ നാറ്റം നിമിത്തം സ്‌കൂളിലും പരിസരങ്ങളിലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാകും. ഇതു മൂലം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പലവിധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയാക്കുമെന്നും അധ്യാപകര്‍ പറയുന്നു. മാത്രമല്ല സര്‍വ ശിക്ഷ അഭിയാന്‍ നിര്‍മ്മിച്ച് നല്‍കിയ ശൗചാലയങ്ങള്‍ ഇടിച്ച് നിരത്തിയാണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നതെന്നും ഇവര്‍ പറയുന്നു. അതേസമയം സ്‌കൂളിന്റെ കസ്‌റ്റോഡിയന്‍ നഗരസഭാ സെക്രട്ടറിയാണെന്നുള്ള നഗരഭയുടെ വാദം തെറ്റാണെന്നും അതാത് സ്‌കൂളിലെ പ്രധാന അധ്യാപികമാരാണ് സ്കൂളിന്റെ കസ്‌റ്റോഡിയന്‍ എന്ന് പ്രധാനധ്യാപിക വൃന്ദ സോമന്‍ അഴിമുഖത്തോട് പറഞ്ഞു.

സ്കൂളിന്റെ കസ്‌റ്റോഡിയന്‍ നഗരസഭ സെക്രട്ടറിയെന്ന് ചെയര്‍പേഴ്‌സണ്‍

കുണ്ടന്നൂര്‍ ജെബിഎസ് സ്‌കൂളിന്റെ കസ്‌റ്റോഡിയന്‍ സഗരസഭാ സെക്രട്ടറിയാണെന്നും സ്‌കൂളിന് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുന്നത് നഗരസഭയുടെ കൂടി ഉത്തരവാദിത്വമാണെന്നും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുനില സിബി അഴിമുഖത്തോട് പറഞ്ഞു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഓഡിറ്റോറിയം നഗരസഭയ്ക്കു കൈമാറിയിട്ടുള്ളതാണെന്നാണ് മനസിലാക്കുന്നത്. ഓഡിറ്റോറിയത്തില്‍ നിന്ന് അമിതമായി ശബ്ദം
പുറത്തു വരുന്നത് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെട്ടാല്‍ പ്രശ്‌നം പരിഹരിച്ചു കൊടുക്കാറുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. ഓഡിറ്റോറിയത്തിന് പുറകില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നഗരസഭയ്ക്കു മൊത്തമായിട്ടുള്ളതല്ലെന്നും ഇത് സ്‌കൂളിനെ ബാധിക്കില്ലെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. സ്‌കൂളിനകത്ത് പ്രവൃത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നിയമം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍