UPDATES

എന്റെ മകനോട് കൂടി എല്ലാം തീരുമെന്നാണ് കരുതിയത്: ശരത്തിന്റേയും കൃപേഷിന്റേയും വീടുകളില്‍ കണ്ണീരോടെ ഷുഹൈബിന്റെ പിതാവ്

സത്യന്റെയും കൃഷ്ണന്റെയും സമീപത്തിരിക്കുമ്പോള്‍ മുഹമ്മദിന് തങ്ങള്‍ മൂന്നുപേരും ഒന്നാണെന്നാണ് തോന്നിയത്. മക്കള്‍ നഷ്ടപ്പെട്ട മൂന്നു പിതാക്കന്മാര്‍.

സത്യന്റെയും കൃഷ്ണന്റെയും സമീപത്തിരിക്കുമ്പോള്‍ മുഹമ്മദിന് തങ്ങള്‍ മൂന്നുപേരും ഒന്നാണെന്നാണ് തോന്നിയത്. മക്കള്‍ നഷ്ടപ്പെട്ട മൂന്നു പിതാക്കന്മാര്‍. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ കൂടിയവരില്‍ ആരെക്കാളും മക്കള്‍ നഷ്ടപ്പെട്ട ആ പിതാക്കന്മാരുടെ വേദന മുഹമ്മദിന് മനസിലാകുമായിരുന്നു. കാരണം, കൃത്യം ഒരു വര്‍ഷം മുമ്പാണ് മുഹമ്മദ് എന്ന പിതാവിനും സ്വന്തം മകന്റെ വെട്ടിക്കീറിയിട്ട ശരീരം കാണേണ്ടി വന്നത്. പക്ഷേ, ഒരാശ്വാസ വാക്കുപോലും ശരത്തിന്റെയും കൃപേഷിന്റെയും അച്ഛന്മാരോട് പറയാന്‍ കഴിയാതെ പരാജയപ്പെട്ടുപോയി ഷുഹൈബിന്റെ പിതാവ്. തന്നോട് ചേര്‍ത്ത് പിടിക്കുക മാത്രം ചെയ്തു. പിന്നെ കണ്ണീരോടെ ആ വീടുകള്‍ വിട്ടിറങ്ങി.

എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്? കൃത്യം ഒരു വര്‍ഷം മുമ്പ് ഇതേ പോലെ നെഞ്ച് തകര്‍ന്നിരുന്നവനാണ് ഞാനും. ഒരാളുടെയും ആശ്വാസവാക്കുകള്‍ എനിക്ക് സമാധാനം നല്‍കിയില്ല. കൃപേഷിന്റെയും ശരത്തിന്റെയും അച്ഛന്മാരെ കാണുമ്പോഴും ഞാന്‍ തന്നെയാണല്ലോ അവരെന്നാണ് തോന്നിയത്. ഞാന്‍ തന്നെയാണവര്‍. നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് വ്യത്യാസമില്ല. അത് കണ്ണൂരായാലും കാസറഗോഡായാലും; ഇടറിയ ശബ്ദത്തില്‍ മുഹമ്മദ് പറയുന്നു.

"</p

ശരത് ലാലിന്റെ അച്ഛന്‍ സത്യന്റെ അരികില്‍ ഷുഹൈബിന്റെ പിതാവ് എസ് പി മുഹമ്മദ്

2018 ഫെബ്രുവരി 12 ന് ആയിരുന്നു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്നു എസ് പി ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കളുമൊത്ത് തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ 37 വെട്ടുകള്‍ വെട്ടിയാണ് കൊലപ്പെടുത്തിയത്. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികം ആചരിച്ച് അഞ്ചാമത്തെ ദിവസമാണ് ശരത്ത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസുകാരെയും വെട്ടിക്കൊലപ്പെടുത്തുന്നത്.

ഷുഹൈബില്‍ എല്ലാം അവസാനിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. ഇനിയൊരു കൊലപാതകം ഉണ്ടാകരുതെന്നും ഞാനും ഷുഹൈബിന്റെയും ഉമ്മയും സഹോദരിമാരും എല്ലാം ആഗ്രഹിച്ചിരുന്നു. എല്ലാവരോടും ഞങ്ങള്‍ അതു തന്നെയായിരുന്നു പറഞ്ഞിരുന്നതും. പക്ഷേ, എന്റെ മകന്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുന്നേ വീണ്ടും…പോയവന്റെ വേദന ഞങ്ങള്‍ക്ക് നല്ലോണം അറിയാം. ഒരിക്കലും തീരാത്ത വേദന.. ഒന്നല്ല, രണ്ട് വീടുകളിലാണ് അവര്‍ തീരാത്ത വേദന നല്‍കിയത്. എന്നെ പോലെ ഇനിയൊരു പിതാവിന് ഈ ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ…; മുഹമ്മദിന്റെ ശബ്ദം മുറിഞ്ഞുപോയി.

പരിയാരം മെഡിക്കല്‍ കോളേജില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോഴും മുഹ്മമ്മദ് അവിടെയെത്തിയിരുന്നു. അവിടെ വച്ചാണ് കാസറഗോഡേക്ക് തനിക്കും പോകണമെന്നു മുഹമ്മദ് ഷുഹൈബിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനും കെഎസ് യു ജില്ല വൈസ് പ്രസിഡന്റുമായ ഫര്‍സിന്‍ മജീദിനോട് ആവശ്യപ്പെടുന്നത്. മുഹമ്മദിന്റെ ആവശ്യപ്രകാരം ഫര്‍സീന്‍ അദ്ദേഹത്തെയും കൂട്ടി പെരിയയില്‍ ശരത്തിന്റെയും കൃപേഷിന്റെയും വീടുകളില്‍ എത്തി.

ആ വീട് കണ്ടപ്പോള്‍ തന്നെ തകര്‍ന്നുപോയി. എത്ര ദയനീയതയാണ്. എന്തിനാണവര്‍ ഇങ്ങനെ മനുഷ്യനെ വെട്ടിക്കൊല്ലുന്നത്. അതും കൊച്ചു പിള്ളേരേ…എത്ര കൂരമായിട്ടാണ് കൊല്ലുന്നത് തന്നെ…വെട്ടി വെട്ടി… ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഭരണം കൈയിലുണ്ടെന്നു കരുതി ഇങ്ങനെ മനുഷ്യനെ കൊല്ലാനിറങ്ങരുത്. ജനങ്ങള്‍ പ്രതിഷേധിക്കണം. ജനങ്ങള്‍ ഇവര്‍ക്കെതിരേ ഇറങ്ങണം…അവസാനിപ്പിക്കണം ഈ കൊലവിളി; മുഹമ്മദ് വേദനയും ദേഷ്യവും നിരാശയും എല്ലാം കലര്‍ന്ന സ്വരത്തില്‍ പറയുന്നു.

"</p

കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്റെ അരികില്‍ ഷുഹൈബിന്റെ പിതാവ് എസ് പി മുഹമ്മദ്

ഷുഹൈബിനെ കൊന്നശേഷവും സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചരണം തന്നെയാണ് ശരത്തിന്റെയും കൃപേഷിന്റെയും കാര്യത്തിലും ചെയ്യുന്നതെന്നു മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന ഫര്‍സിന്‍ പറയുന്നു. സിപിഎം ഒരാളെ ടാര്‍ഗറ്റ് ചെയ്താല്‍, ആദ്യം അവരെ ഒരു കള്ളക്കേസില്‍ കുടുക്കും, ക്രിമിനല്‍ ആണെന്ന തരത്തില്‍ സമൂഹത്തിനു മുന്നില്‍ ചിത്രീകരിക്കും. അതിനുശേഷം കൊന്നു കളയും. എന്നിട്ട് പറയും ഇവന്‍ ക്രിമിനലാണ്, കൊല്ലപ്പെടേണ്ടവനാണെന്ന്. ഷുഹൈബിന്റെ കാര്യത്തിലും അത് ചെയ്തു. ഇപ്പോള്‍ ശരത്തിന്റെയും കൃപേഷിന്റെയും കാര്യത്തിലും. നിസ്സാരമായൊരു പ്രശ്‌നത്തില്‍ നിന്നായിരുന്നു ഷുഹൈബിന്റെ കൊലപാതകവും, പെരിയയിലെ കൊലപാതകങ്ങളും അങ്ങനെ തന്നെ. ഷുഹൈബിനൊപ്പം 13 ദിവസം ഞാനും ജയിലില്‍ കിടന്നിരുന്നു. ജനുവരി 12 ന് ആയിരുന്നു ഞങ്ങള്‍ ജയില്‍ പോകുന്നത്. ഫെബ്രുവരി 12 ന് അവര്‍ ഷുഹൈബിനെ കൊന്നു. ശരത്തും ജയില്‍ നിന്ന് ഇറങ്ങിയിട്ട് വെറും 10 ദിവസമേ ആയിരുന്നുള്ളൂ. ഒരു പെറ്റിക്കേസ് മാത്രമായിരുന്നതിനെ വധശ്രമമാക്കി തീര്‍ത്തത് സിപിഎം ആണ്. അങ്ങനെയവര്‍ ശരത്തിനെ കൊലയാളിയും കൊല്ലപ്പെടേണ്ടവനുമാക്കി ചിത്രീകരിച്ചു. പിന്നെ വെട്ടിക്കൊന്നു. കൊന്നിട്ടും മതിയാകാതെ വീണ്ടും വീണ്ടും കൊന്നോണ്ടിരിക്കുന്നതുപോലെയാണ് നുണപ്രചരണങ്ങള്‍ നടത്തുന്നത്; ഫര്‍സിന്‍ പറയുന്നു.

എന്റെ മോന്‍ പോയി, ഒരു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീടിന്റെ താഴത്തു കൂടി ഷുഹൈബേ പേപ്പട്ടി എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ടു പോയവരാണവര്‍. ഞാനും ഭാര്യയും വിടിനകത്തിരുന്ന് കേള്‍ക്കുന്നുണ്ടത്. വെട്ടിക്കൊന്നിട്ടും വീണ്ടും വീണ്ടും വെട്ടുകയാണവര്‍. ജീവിച്ചിരിക്കുന്നവരെ കൊല്ലാക്കൊല്ല ചെയ്യുകയാണ്. ഷുഹൈബ് മരിച്ചതിന്റെ ഒരു വര്‍ഷം തികഞ്ഞപ്പോള്‍, അവനെ കൊന്ന അതേ സമയത്ത് ബോംബ് പൊട്ടിച്ച് ആഘോഷം നടത്തി. ആരെ കൊന്നാലും സംരക്ഷിക്കാന്‍ പാര്‍ട്ടിയുണ്ട്. പണം, ജോലി ഒക്കെയാണ് ഓഫര്‍. വീടിന്റെ സംരക്ഷണം വരെ പാര്‍ട്ടി നോക്കും. പിന്നെ എന്ത് പേടിക്കാനാണ്. ജയിലില്‍ പോയാലും അവിടെയും എന്തിനും ഏതിനും പറ്റും. ആരും ചോദിക്കാനില്ല. കൊല്ലാന്‍ ആളെ കൂട്ടിക്കൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. എതിര്‍ത്തു പറയുന്നവരെയെല്ലാം അവര്‍ വെട്ടിക്കൊല്ലും. തീവ്രവാദികള്‍ പോലും ഒറ്റവെടിക്ക് ആളെ കൊല്ലും. ഇവര്‍ 51 ഉം 37 ഉം വെട്ടുകള്‍ വെട്ടി ക്രൂരമായാണ് കൊല്ലുന്നത്. ജനം ഇറങ്ങട്ടെ… ഈ കൊലവിളിക്കാര്‍ക്കെതിരേ…ഇറങ്ങിയില്ലെങ്കില്‍ ഇനിയും അച്ഛന്മാരുടെയും അമ്മമാരുടെയും കരച്ചില്‍ കേള്‍ക്കേണ്ടി വരും. അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ, കൂടെ കരയാന്‍ മാത്രമെ നമുക്ക് കഴിയൂ; മുഹമ്മദ് യാചനാ സ്വരത്തില്‍ ആവിശ്യപ്പെടുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍