UPDATES

ട്രെന്‍ഡിങ്ങ്

നായനാര് തന്ന ബസ് മേഴ്‌സിക്കുട്ടിയമ്മ നിര്‍ത്തിയതെന്തിനാ? ഉപജീവന മാര്‍ഗം നിലച്ചതിനെതിരേ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമരം

മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് കച്ചവടത്തിനായി തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളില്‍ പോകുന്നതിനു സൗകര്യം ഒരുക്കാനായിരുന്നു നായനാര്‍ സര്‍ക്കാര്‍ കാലത്ത് വനിത ബസ് സര്‍വീസ് ആരംഭിച്ചത്

നായനാരുടെ ഭരണസമയത്ത് ഞങ്ങള്‍ക്ക് ഇറക്കിത്തന്ന ബസാണ്. ഞങ്ങട അമ്മമാരും സഹോദരങ്ങളും അതിലാണ് കച്ചോടത്തിന് പോയിരുന്നത്. ഇപ്പോള്‍ ഈ മല്‍സ്യഫെഡ് ബസ് നഷ്ടത്തിലാണെന്ന് പറഞ്ഞ് സര്‍വീസ് നിര്‍ത്തി. അങ്ങനെങ്കില്‍ ഈ ട്രാന്‍സ്‌പോര്‍ട്ട് ബസൊക്കെ എത്രയോ നഷ്ടത്തിലാണ് ഓടുന്നത്?‘ സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് മത്സ്യത്തൊഴിലാളികളായ സത്രീകളാണ് ഇങ്ങനെ ചോദിക്കുന്നത്.

മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യം വാങ്ങി തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍ക്കാനായി രണ്ട് ബസുകളാണ് ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ ബസുകളാണ് നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മല്‍സ്യഫെഡ് സര്‍വീസ് നിര്‍ത്തലാക്കിയത്. ഈ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ നടത്തുന്നത്. ബസിനെ ആശ്രയിച്ച് മല്‍സ്യവിപണനം നടത്തിയിരുന്ന തങ്ങളുടെ ഉപജീവനമാര്‍ഗമാണ് സര്‍വീസ് നിര്‍ത്തലാക്കിയതിലൂടെ മത്സ്യഫെഡ് അടച്ചതെന്നാണ് സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ എത്തിയവര്‍ പരാതി പറയുന്നത്.

‘ഈ പ്രായത്തിലും സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്നവരാണ് ഞങ്ങള്‍. അവരുടെ അധ്വാനത്തെ എങ്കിലും ഇവര്‍ പരിഗണിക്കേണ്ടതില്ലേ?’ തീരദേശ മഹിള വേദി അംഗം മേബിള്‍ റൈമണ്ട് ചോദിക്കുന്നു. എല്ലാ വര്‍ഷവും മത്സ്യഫെഡ് ബസ് ടെസ്റ്റിനായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റാറുള്ളതാണ്. ഈ വര്‍ഷം നവംബറില്‍ ടെസ്റ്റിന് കയറ്റിയ വണ്ടി തിരിച്ചിറങ്ങിയില്ല. അതില്‍ പിന്നെയാണ് മത്സ്യഫെഡ് തൊഴിലാളികളുമായി ചര്‍ച്ച ഒരുക്കുകയും ബസ് നഷ്ടത്തിലായത് കൊണ്ട് സര്‍വീസ് നിര്‍ത്തുകയാണെന്ന് അറിയിക്കുകയും ചെയ്തത്.

‘ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് എംഡി ലോറന്‍സ് പറയുന്നത് നിങ്ങള്‍ സംസാരിക്കരുത് എന്നാണ്. നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുക. അവര്‍ പറയുന്നത് മാത്രം കേട്ട് തിരിച്ച് വരാന്‍ ഞങ്ങള്‍ക്ക് പറ്റൂല. ഏത് കോടതിയിലാണെലും വാദിയുടെയും പ്രതിയുടെയും ഭാഗം കേക്കൂലേ..’ മല്‍സ്യത്തൊഴിലാളിയായ എലിസബത്ത് ചോദിക്കുന്നു. ‘മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണ് മത്സ്യഫെഡ്, അല്ലാതെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയല്ല.’

വലിയതുറ മുതല്‍ നീണ്ടകര വരെയാണ് ആദ്യ ബസ് സര്‍വീസ് ഉള്ളത്. നീണ്ടകരയില്‍ നിന്ന് മീന്‍ എടുത്തതിന് ശേഷം നീണ്ടകരയില്‍ നിന്ന് ശ്രീകാര്യം, കേശവദാസപുരം, പട്ടം, പാളയം, വഴുതക്കാട്, തിരുമല, മണക്കാട് എന്നിവിടങ്ങളിലായിയുള്ള വഴിയോര ചന്തകളില്‍ കച്ചവടക്കാരെ ഇറക്കി ബസ് അമ്പലത്തറയിലെ മത്സ്യഫെഡ് ഓഫിസിലേക്ക് തിരികെ പോകും. കച്ചവടം കഴിഞ്ഞ് ഇവര്‍ സ്വന്തം ചിലവിലാണ് തിരികെ വീടുകളിലേക്ക് പോയ്‌ക്കൊണ്ടിരുന്നത്.

‘ഞങ്ങള്‍ അറുപത് സ്ത്രീകളെ ചൂഷണം ചെയ്തിട്ട് ഇവര്‍ക്ക് എന്ത് ലഭിക്കാനാണ്? രണ്ട് വണ്ടികള്‍ക്കുമായി ഒരു മാസം ഒരു ലക്ഷം രൂപയാണ് ഞങ്ങള്‍ വാടകയായി അടച്ചു കൊണ്ടിരുന്നത്. ഇതുവരെയും ഒരു അടവും തെറ്റിയിട്ടില്ല. ഞങ്ങടേല്‍ അത്രേം കാശ് ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ഇനി തലച്ചുമടായി മീന്‍ കൊണ്ട് നടന്ന് വില്‍ക്കാന്‍ പറ്റൂല. ഇത്രയും പ്രായമായില്ലേ… അതുകൊണ്ട് ബസ് ഒരു സൗകര്യമായിരുന്നു. ഞങ്ങടെ വരുമാനത്തിലാണ് വീട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഒരു മാസമായി ഞങ്ങള് പണിക്ക് പോയിട്ട്‘; മേബിള്‍ അവരുടെ പ്രയാസങ്ങള്‍ വിവരിച്ചു. ആദ്യകാലത്ത് മാസം 25 രൂപയുടെ പാസ് എടുത്ത് നീണ്ടകരയിലെത്തിയിരുന്ന ഇവര്‍ നിലവില്‍ 2000 രൂപയാണ് മത്സ്യഫെഡില്‍ അടയ്ക്കുന്നത്.

ഒഴിഞ്ഞ മീന്‍ചരുവങ്ങള്‍ക്ക് മുന്നിലിരുന്നു മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ തുടരുന്നു; ‘ഇപ്പോ പോത്തീസ് പോലുള്ള മാര്‍ജിന്‍ ഫ്രീകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലും മീന്‍ കിട്ടുന്നുണ്ട്. ഇതിന് പുറമേ മല്‍സ്യഫെഡും മീന്‍ കച്ചോടം ചെയ്യുന്നു. അപ്പോ നമ്മള് മത്സ്യക്കച്ചവടക്കാര് എന്ത് ചെയ്യണം. ഞങ്ങള്‍ രാവിലെ എട്ട് മണിക്ക് പോയി നീണ്ടകരയില്‍ നിന്ന് നല്ല പച്ചമീന്‍ കൊണ്ടുവന്നാണ് വില്‍ക്കുന്നത്. നമ്മള്‍ 700 രൂപക്ക് കൊടുക്കുന്ന നെയ്മീന്‍ മല്‍സ്യഫെഡുകാര്‍ 500 രൂപക്കും 600 രൂപക്കും കൊടുക്കുന്നു. അവര്‍ക്ക് എവിടുന്നാണ് ചെറിയ വിലക്ക് മീന്‍ കിട്ടുന്നത്? കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ കടലുണ്ട്. അവര്‍ എവിടുന്നാണ് മീന്‍ എടുക്കുന്നത്? ഇത്രയും വില കുറച്ച് മീന്‍ കൊടുക്കണമെങ്കില്‍ ആന്ധ്രയില്‍ നിന്നും ബോംബെയില്‍ നിന്നും കൊണ്ടു വരുന്ന മീനുകളാകും. നമ്മുടെ മീന്‍ വിഷമാണെന്ന് പറഞ്ഞ് കുറച്ച് നാള്‍ ഞങ്ങടെ കച്ചോടം അവര്‍ നിര്‍ത്തിച്ചിരുന്നു. അന്ന് സെക്രട്ടറിയേറ്റിന്റെ നടയില്‍ മീന്‍ വേവിച്ച് തിന്നു കൊണ്ട് ഞങ്ങട മീന്‍ വിഷമല്ലെന്ന് ഞങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഞങ്ങള്‍ക്ക് ഇവിടെ കടലുണ്ട്. മത്സ്യം പിടിക്കുന്ന കരുത്തരായ മക്കളുണ്ട്. പിന്നെന്തിന് വിഷമടിച്ചത് ഞങ്ങള് വില്‍ക്കണം. അവര് കൊണ്ടുവരുന്ന മല്‍സ്യം മാത്രം മതി ഞങ്ങള്‍ക്ക് കച്ചോടം ചെയ്യാന്‍.’

ബസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഡിസംബര്‍ നാലിന് തീരദേശ മഹിളാവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നുവെങ്കിലും ഇതുവരെയും നടപടികള്‍ ഉണ്ടായിട്ടില്ല. ബസ് നിര്‍ത്തലാക്കിയതുമായി ബന്ധപ്പെട്ട് നിചസ്ഥിതി അന്വേഷിക്കാനായി മല്‍സ്യഫെഡ് എംഡിയെ വിളിച്ചിരുന്നുവെങ്കിലും മറ്റ് തിരക്കുകള്‍ ഉണ്ടായത് കൊണ്ട് അദ്ദേഹം പ്രതികരിച്ചില്ല.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍