UPDATES

‘അവരെന്നേ കാട്ടുതറ അച്ചന്റെ ജീവിതം തല്ലിത്തകര്‍ത്തിരുന്നു’

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരസ്യമായി രംഗത്തുവരാന്‍ തയ്യാറായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ, ഒരു സാധാരണ വൈദികന്‍ അല്ലായിരുന്നു

നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നത് സത്യം പുറത്തുവരണമെന്നാണ്. ഒരു കന്യാസ്ത്രീ, അവരുടെ മാനത്തിന് ഒട്ടും വിലയില്ലാത്തവിധം അവഹേളിക്കപ്പെടുകയാണ്. ജലന്ധറിലെ കത്തോലിക സഭയും അവഹേളിക്കപ്പെടുകയാണ്. ഇതിലേക്ക് വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചതുകൊണ്ടാണ് ഞാന്‍ കാമറയ്ക്കു മുന്നില്‍ വന്ന് സംസാരിക്കാന്‍ തയ്യാറായത്. മെത്രാനോ സിസ്റ്ററോ ആരാണ് തെറ്റ് ചെയ്തതെങ്കിലും അവരത് മനസിലാക്കണം, അതിനുള്ള ശിക്ഷ ഏറ്റുവാങ്ങണം;

കന്യാസ്ത്രീ പീഡനക്കേസില്‍ ഏറെ നിര്‍ണായകമായി മാറിയ ഒരു വ്യക്തിയുടെ വാക്കുകളായിരുന്നു ഇത്. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ വാക്കുകള്‍. ആ വൈദികനെയാണ് തിങ്കളാഴ്ച തന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരായിരുന്നു കാട്ടുതറ അച്ചന്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പരസ്യമായി രംഗത്തുവരാന്‍ തയ്യാറായ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ, ഒരു സാധാരണ വൈദികന്‍ അല്ലായിരുന്നു. ജലന്ധര്‍ രൂപതയുടെ രൂപികരണത്തില്‍ പ്രഥമ ബിഷപ്പ് സിംഫോറിയന്‍ പിതാവിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച പുരോഹിതന്‍. ബന്ധുത്വത്തിനപ്പുറം സിഫോറിയന്‍ പിതാവിന്റെ ഏറ്റവും അടുത്ത വ്യക്തി. ബിഷപ്പ് പദവി ആഢംബരജീവിതത്തിന് ഉപയോഗിക്കാതെ, ഏറ്റവും ലളിതമായി, മറ്റൊരാളെ പരമാവധി ബുദ്ധിമുട്ടിക്കാതെ, ട്രെയിനിലും ബസിലും യാത്ര ചെയ്ത്, കിട്ടുന്ന ഭക്ഷണം കഴിച്ച് തന്റെ പൗരോഹിത്യ കര്‍മം മുന്നോട്ടു കൊണ്ടു പോയ സിംഫോറിയന്‍ പിതാവിനെ കര്‍മത്തിലും ജീവിതത്തിലും അനുകരിച്ചിരുന്ന ഫാദര്‍ കുര്യാക്കോസ് കാട്ടുതറ, എന്തുകൊണ്ട് അദ്ദേഹത്തിന്റെ പിന്‍ഗാമി ആയില്ല എന്നത് മറ്റൊരു ചര്‍ച്ച വിഷയം. എങ്കിലും ജലന്ധര്‍ രൂപതയില്‍ വിവിധ സ്ഥാനമാനങ്ങള്‍ വഹിച്ച ഫാദര്‍ കാട്ടുതറ ആ കോണ്‍ഗ്രിഗേഷനില്‍ ഏറെ ബഹുമാന്യനായ വ്യക്തിയായിരുന്നു. 1983 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. കാട്ടുതറ പാരീഷ് പ്രീസ്റ്റ്, പ്രൊഫസര്‍, ഡയറക്ടര്‍, കോണ്‍വന്റ് ചാപ്പല്‍ പുരോഹിതന്‍ തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചു. സിംഫോറിയന്‍ പിതാവിനൊപ്പം ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ മിഷണറീസ് ഓഫ് ജീസസ് എന്ന കന്യാസ്ത്രീ സമൂഹം രൂപീകരിക്കുന്നതിനൊപ്പം ഉണ്ടായിരുന്ന ഫാ. കാട്ടുതറ കന്യാസ്ത്രീ/വൈദീക വിദ്യാര്‍ത്ഥികളുമായി ഏറെ അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളുമായിരുന്നു. രൂപതയുടെ സര്‍വ്വാധികാരിയായ ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന് രംഗത്തു വരാന്‍ ഫാദര്‍. കാട്ടുതറയെ പ്രേരിപ്പിച്ചതും ആ ബന്ധമാണ്. ഫാദര്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്.

കാട്ടുതറ അച്ചന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍
പരാതിക്കാരിയായ കന്യാസ്ത്രീയേയും അവര്‍ക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകളെയും എനിക്ക് നന്നായി അറിയാം. അവരെ പലരേയും അവരുടെ വീടുകളില്‍ പോയി ഈ സഭയിലേക്ക് ചേരാനായി കൊണ്ടുവന്നതും അവരുടെ ദൈവവിളി പ്രോത്സാഹിപ്പിച്ചും അവരെ പഠിപ്പിച്ചും ഈ നിലയില്‍ ആക്കിയതില്‍ എനിക്കും വളരെ നിര്‍ണായക പങ്കുണ്ട്. പരാതിക്കാരിയായ സിസ്റ്റര്‍ ആരംഭം മുതല്‍ ഉള്ളതാണ്. അവരെ മദര്‍ ജനറല്‍ ആക്കാന്‍ സിംഫോറിയന്‍ പിതാവ് തീരുമാനിച്ചത് അവരുടെ പ്രവര്‍ത്തികളും വിശ്വാസവും മനസിലാക്കിയിട്ട് തന്നെയാണ്. ആ സിസ്റ്റര്‍ ഒരിക്കലും ദുര്‍മാതൃകയായ ജീവിതം നയിക്കുന്ന ഒരാളാണെന്ന് പറയാന്‍ കഴിയില്ല.

രൂപതയ്ക്ക് കീഴിലുള്ള കന്യാസ്ത്രീകളും വൈദികരും എല്ലാവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക്. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും പൂര്‍ണമായും അല്ലെങ്കിലും കാട്ടുതറ അച്ചനോട് പങ്കുവയ്ക്കാന്‍ പലരും തയ്യാറായിരുന്നു. എന്താണ് സഭയ്ക്കുള്ളില്‍ നടക്കുന്നതെന്നതിനെക്കുറിച്ച് അച്ചനും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. സഭയില്‍ നിന്നും വിട്ടുപോയ കന്യാസ്ത്രീകള്‍ എന്നോട് പറഞ്ഞത്, ഈ മെത്രാന്‍ ഉള്ളിടത്തോളം കാലം സമാധാനത്തോടെ ജീവിക്കാന്‍ പറ്റില്ലെന്നാണ്. ഒരാളെ രണ്ടാളോ ആണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അപവാദം പറച്ചില്‍ ആയി കരുതായിരുന്നു. പക്ഷേ, പരാതി പറഞ്ഞവര്‍ അതിലേറെയാണ്; മുപ്പത്തിയഞ്ചു വര്‍ഷത്തോളം ആ സഭയില്‍ പ്രവര്‍ത്തിച്ചു പോരുന്ന ആ വൈദികന്റെ ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു. ഈ വെളിപ്പെടുത്തലുകളും, എന്തുകൊണ്ട് ആ കന്യാസ്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് സഭയ്ക്കുള്ളില്‍ പരിഹരിക്കാന്‍ മെത്രാന് സാധിച്ചില്ല? മെത്രാന് അതിന് സാധിച്ചില്ലെങ്കില്‍ മേലധികാരികളുടെ മുന്നില്‍ കൊണ്ട് വന്ന് പ്രശനപരിഹരം തേടാന്‍ മെത്രാന് ചുമതലയുണ്ടായിരുന്നല്ലോ? എന്തുകൊണ്ട് പൊലീസിനെ സമീപിച്ചു, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കി? ആ കന്യാസ്ത്രീയേയും കൂടെ നിന്നവരും പിഴയക്കപ്പെട്ടവരെന്ന് പറഞ്ഞു? അത്തരം സാഹചര്യത്തിലേക്ക് മെത്രാന്‍ എന്തുകൊണ്ട് എത്തിച്ചേര്‍ന്നു? അതിനൊപ്പം അദ്ദേഹം ഉയര്‍ത്തിയ ഈവിധമുള്ള ചോദ്യങ്ങളും; ഇതിന്റെയെല്ലാം പിന്നാലെ അദ്ദേഹത്തിന് സംഭവിച്ച അപ്രതീക്ഷിത മരണമാണ് ഇപ്പോള്‍ പല ദുരൂഹതകള്‍ക്കും പലരും സംശയത്തിന്റെ നിഴലിലാകുന്നതിനും കാരണം.

അതൊരു സ്വാഭാവിക മരണമാകാം, പക്ഷേ!
ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെത് സ്വാഭാവിക മരണമാകാം. മറിച്ച് അതൊരു കൊലപാതകമാണെന്ന് പറയാനുള്ള തെളിവുകളൊന്നും ഇതുവരെ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമാണ് എന്തെങ്കിലും ദുരൂഹതകള്‍ ഉണ്ടെങ്കില്‍ വ്യക്തമാകു. അങ്ങനെ എന്തെങ്കിലും കണ്ടെത്തിയാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ഫലം അനുഭവിക്കുമെന്ന് പഞ്ചാബ് പൊലീസ് പറയുന്നുണ്ട്. ആ വാക്കുകളില്‍ അത്രത്തോളം വിശ്വാസ്യത ബന്ധുക്കള്‍ വയ്ക്കുന്നില്ല. കേരളത്തില്‍ കൊണ്ടു വന്ന് റീ പോസ്റ്റ്മാര്‍ട്ടത്തിന് സാഹചര്യം ഉണ്ടാക്കാനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായും മുഖ്യമന്ത്രിക്കും ഡിജിപിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നതും അതുകൊണ്ടാണ്.

ഒരുപക്ഷേ കാട്ടുതറ അച്ചന്റെത് സ്വാഭാവിക മരണം ആയിരിക്കാം. എന്നാല്‍ വന്ദ്യവയോധികനായ ആ പുരോഹിതന് ലഭിക്കേണ്ടിയിരുന്ന സമാധാനപൂര്‍ണമായ മരണമല്ല അദ്ദേഹത്തിന് കിട്ടിയതെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിന്റെ സമാധാന ജീവിതം തല്ലിത്തകര്‍ത്തിരുന്നു. ആ മനോവേദനയായിരിക്കാം പൊടുന്നനെയുള്ള മരണത്തിനു കാരണവും എന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഭീഷണികള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ അദ്ദേഹത്തിനു ഭയവും ഉണ്ടായിരുന്നു. ബിഷപ്പിനെതിരേ രംഗത്തു വന്നതിനു പിന്നാലെ പലതരത്തിലുള്ള ഭീഷണികളാണ് വന്നത്. വൈദികരും മറ്റുള്ളവരാല്‍ ഇളക്കിവിടപ്പെട്ട വിശ്വാസിക്കൂട്ടങ്ങളും അദ്ദേഹത്തിനെതിരേ തിരിഞ്ഞിരുന്നു. പല തവണ വധ ഭീഷണികള്‍ ഉണ്ടായി. വാഹനം തല്ലിത്തകര്‍ത്തു. താമസസ്ഥലത്തിനുനേരെ കല്ലേറ് ഉണ്ടായി. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ അദ്ദേഹത്തിനു ഭയം ഉണ്ടായിരുന്നു. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ അവര്‍ തന്റെ നേരെ വരുമെന്നായിരുന്നു ഭയം. പിന്നീട് അറസ്റ്റ് നടന്നു കഴിഞ്ഞ് അദ്ദേഹത്തിന്റെ ആശങ്ക ജാമ്യം നേടി ബിഷപ്പ് പുറത്തു വരുമോ എന്നതിലായിരുന്നു. അങ്ങനെ നടന്നാലും അവര്‍ തന്നെ തേടി വരുമെന്ന് അദ്ദേഹം പേടിച്ചിരുന്നു. അറസ്റ്റ് നടന്ന സമയം കുര്യാക്കോസ് അച്ചന്‍ ഒളിവില്‍ പോയിരുന്നു. പേടികൊണ്ട്. അദ്ദേഹത്തിന്റെ അര്‍ദ്ധ സഹോദരനായ എന്റെ പിതാവ് വിളിച്ചാല്‍ മാത്രമെ അച്ചന്‍ ഫോണ്‍ എടുക്കുമായിരുന്നുള്ളു. മറ്റൊരു ഫോണും അറ്റന്‍ഡ് ചെയ്തിരുന്നില്ല. പേടി. താനവിടെ ഒട്ടും സുരക്ഷിതനല്ലെന്നും പക്ഷേ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ തുടരുകയാണെന്നും അച്ചന്‍ പറഞ്ഞിട്ടുണ്ട്; ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ അര്‍ദ്ധ സഹോദരന്‍ ജോണി കാട്ടുതറയുടെ മകന്‍ പറയുന്നു. മുന്‍പ് നടന്നിട്ടുള്ള ഇത്തരം സംഭവങ്ങള്‍ തന്നെയാണ് തങ്ങളില്‍ ഇപ്പോള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

"</p

മരണത്തില്‍ അസ്വഭാവികതയുണ്ടെങ്കില്‍ കുറ്റക്കാര്‍ പിടിക്കപ്പെടുമോ?
ഫാദര്‍ കുര്യാക്കോസ് കാട്ടുതറ രക്തസമ്മര്‍ദ്ദം കൂടി മരണപ്പെട്ടിരിക്കാമെന്നായിരുന്നു ദസൂയ എസ് പി എ ആര്‍ ശര്‍മ ആദ്യം നല്‍കിയ സൂചന. അദ്ദേഹം കിടന്നിരുന്ന കട്ടിലില്‍ രക്തം ചര്‍ദ്ദിച്ചിരുന്നതും സമീപം രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന മരുന്നുകള്‍ കണ്ടെത്തിയതുമാണ് അങ്ങനെയൊരു സൂചന നല്‍കാന്‍ കാരണം. എന്നാല്‍ ഫാദര്‍ രക്തസമ്മര്‍ദ്ദം അടക്കം ഏതെങ്കിലും രോഗത്തിന് അടിമയായിരുന്നുവെന്നോ ചികിത്സ തേടിയിരുന്നോ എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രോഗം ഉണ്ടായിരുന്നെങ്കില്‍ തന്നെ അവിടെ(ജലന്ധറില്‍) ആയിരിക്കാം ചികിത്സ തേടിയിരിക്കുക. നാട്ടില്‍ വരുമ്പോള്‍ അദ്ദേഹം ചികിത്സ തേടുകയോ ഒന്നും ഉണ്ടായിട്ടില്ല. രോഗവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാന്‍ അതിനാല്‍ കഴിയില്ല; ബന്ധുക്കള്‍ പറയുന്നു. അസുഖബാധിതനായാണ് മരണപ്പെട്ടിരിക്കുന്നതെങ്കില്‍ പോലും പല സംശയങ്ങളും തങ്ങളില്‍ ബാക്കിയാണെന്നും ബന്ധുക്കള്‍ പറയുന്നു. അവിടെ ഉണ്ടായിരുന്ന ഞങ്ങളുടെ ചില ആളുകള്‍ ഫാദറിന്റെ മരണ വിവരം അറിഞ്ഞ് പോയിരുന്നു. ചില സംശയങ്ങള്‍ തോന്നിയതുകൊണ്ട് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ട് അനുവദിച്ചില്ല. ഫാദറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടതല്‍ വിവരങ്ങളൊന്നും ആരില്‍ നിന്നും കിട്ടാനും കഴിഞ്ഞില്ല. അതൊക്കെ കേള്‍ക്കുമ്പോഴാണ് നമ്മള്‍ പലതും സംശയിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ പറയുന്നത്; ആ മരണം സ്വാഭാവിക മരണമാണെങ്കിലും പോലും അതൊരിക്കലുമൊരു സമാധാനപൂര്‍ണമായ മരണമായിരുന്നില്ലെന്ന്. അദ്ദേഹം അര്‍ഹിച്ചിരുന്ന മരണം കിട്ടിയില്ല അദ്ദേഹത്തിന്; ബന്ധുക്കള്‍ പറയുന്നു.

കന്യാസ്ത്രീകള്‍ക്കൊപ്പമായിരുന്നു കാട്ടുതറ അച്ചന്‍
സിംഫോറിയന്‍ പിതാവിനൊപ്പം പ്രവര്‍ത്തിച്ച, രൂപത കെട്ടിപടുക്കാന്‍ തന്റെ ജീവിതം വിനിയോഗിച്ച, രൂപതയില്‍ പല ചുമതലകളും വഹിച്ച ഫാദറിനെ ഇപ്പോള്‍ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതിനു പിന്നിലും അദ്ദേഹത്തോട് അപ്രീതിയുള്ളവരുടെ കരങ്ങളാണെന്ന് സംശയിക്കേണ്ടി വരും. കുര്യാക്കോസ് അച്ചനെപോലൊരാളെ അത്തരത്തില്‍ അവഗണിക്കാന്‍ ഒരിക്കലും പാടില്ലാത്തതാണ്. പക്ഷേ, അതെന്തുകൊണ്ട് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസിലാകുമല്ലോ! അദ്ദേഹത്തിന്റെ ബന്ധു ചോദിക്കുന്നു. കന്യാസ്ത്രീകള്‍ പലരും അദ്ദേഹത്തോട് അവര്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പല രഹസ്യങ്ങളും അദ്ദേഹത്തിന് അറിയാം. എറണാകുളത്ത് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിനും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. സമരസ്ഥലത്ത് പോകണം, കന്യാസ്ത്രീകളെ പിന്തുണ അറിയിക്കണമെന്ന് എന്റെ പിതാവിനോടും അച്ചന്‍ വിളിച്ചു പറഞ്ഞിരുന്നതാണ്.

ഫാദര്‍ കുര്യാക്കോസ് കാട്ടുതറ വൈദിക ജീവിതത്തിന്റെ ആഡംബരങ്ങളില്‍ ഭ്രമിച്ചിരുന്നവനോ തന്റെ പദവികള്‍ ഉപയോഗിച്ച് സ്വത്തോ അധികാരബന്ധങ്ങളോ ഉണ്ടാക്കിയവനുമല്ല. ഞങ്ങള്‍ക്ക് അറിയാവുന്നിടത്തോളം ലളിതമായ ജീവിതം നയിച്ചിരുന്നൊരാള്‍. നല്ല വിദ്യാഭ്യാസം നേടിയിരുന്നു. നാട്ടില്‍ വന്നാല്‍ കൂടിയാല്‍ ഒരാഴ്ച ആണ് തങ്ങുക. അത് വീട്ടുകാരോടൊപ്പം ആയിരിക്കും. അദ്ദേഹത്തിനായി എന്തെങ്കിലും ആവശ്യങ്ങള്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. മറ്റുള്ളവരെ തന്നാല്‍ കഴിയും വിധം എങ്ങനെ സഹായിക്കാമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും. ഒരുപക്ഷേ അച്ചന്റെ ഈ ജീവിത രീതികള്‍ മറ്റു പലര്‍ക്കും തടസ്സമായിരിരുന്നിരിക്കാം; ബന്ധു  പറയുന്നു.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍