UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എം ആര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ ; രണ്ട് ഗുരുതര രോഗങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഉദ്യമത്തില്‍ പങ്കുചേരാം

ഇന്ത്യയില്‍ ഒരു വര്‍ഷം നാല്‍പ്പതിനായിരത്തില്‍പ്പരം കുട്ടികളാണ് അഞ്ചാം പനിമൂലം മരിക്കുന്നത്. ആയിരത്തില്‍ ഒരു കുഞ്ഞ് റൂബെല്ല മൂലം ജനനവൈകല്യം ബാധിക്കുകയോ മരിക്കുകയോ ചെയ്യുന്നത്

സഹന ബിജു

സഹന ബിജു

സംസ്ഥാനത്ത് മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഇന്നാരംഭിക്കുകയാണ്. ഒമ്പതു മാസം മുതല്‍ പതിനഞ്ചു വയസുവരെയുള്ള 76 ലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2020 ഓടെ ലോകത്തു നിന്ന് മീസില്‍സ് റൂബെല്ല രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയില്‍ കര്‍ണാടക, ഗോവ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം കഴിഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാമ്പയിന്‍ ഇന്നാരംഭിക്കും.

പനി, കണ്ണിനു ചുവപ്പ്, മുഖത്തും ദേഹത്തും ചുവന്ന തടിപ്പുകള്‍ ഇവയാണ് മീസില്‍സ് അഥവ അഞ്ചാം പനിയുടെ ലക്ഷണങ്ങള്‍ ഈ വൈറസ് ശ്വാസകോശത്തെ ബാധിച്ചാല്‍ ന്യുമോണിയയ്ക്ക് കാരണമാകും. മുതിര്‍ന്ന കുട്ടികളില്‍ തലച്ചോറില്‍ വീക്കം ഉണ്ടാക്കുകയും അത് തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യും.

ജര്‍മന്‍ മീസില്‍സ് എന്നും അറിയപ്പെടുന്ന റുബെല്ല മുഖത്ത് ചെറിയ പാടുകളും ചെവിക്കു താഴെ വീക്കവും ആയി തുടങ്ങും. മിക്ക കുട്ടികളിലും അസുഖം വേഗം ഭേദമാകും. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് റുബെല്ല വന്നാല്‍ അത് ഗുരുതരമാണ്. ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസം റുബെല്ല ബാധിച്ചാല്‍ കുട്ടിക്ക് ജനനവൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുണ്ട്, അന്ധത, ബധിരത, ഹൃദയവൈകല്യം, ബുദ്ധിമാന്ദ്യം ഇവയുണ്ടാകും.

Also Read: അഞ്ചാം പനി വാക്‌സിനേഷന്‍: അറിയേണ്ട വിവരങ്ങള്‍

ഇന്ത്യയില്‍ ഒരു വര്‍ഷം നാല്‍പ്പതിനായിരത്തില്‍പ്പരം കുട്ടികളാണ് അഞ്ചാം പനിമൂലം മരിക്കുന്നത്. ആയിരത്തില്‍ ഒരു കുഞ്ഞ് റൂബെല്ല മൂലം ജനനവൈകല്യം ബാധിക്കുകയോ മരിക്കുകയോ ചെയ്യുന്നു.

"</p

എം ആര്‍ വാകിസിനേഷന്‍ സുരക്ഷിതമോ എന്ന് മിക്കരക്ഷിതാക്കള്‍ക്കും സംശയമാണ്. എം ആര്‍ വാക്‌സിനേഷന്‍ സുരക്ഷിതമാണ്.150 ല്‍ അധികം രാജ്യങ്ങളില്‍ എംആര്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങള്‍ മീസില്‍സ് റുബെല്ല വാക്‌സിനിലൂടെ ഈ രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തു കഴിഞ്ഞു.

ഒമ്പതു മാസം മുതല്‍ പതിനഞ്ച് വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് എം ആര്‍ വാക്‌സിനേഷന്‍ കൊടുക്കണം. ആദ്യത്തെ രണ്ടാഴ്ച സ്‌കൂളുകള്‍ വഴിയും അടുത്ത രണ്ടാഴ്ച അംഗന്‍വാടികള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍, മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ വഴിയും ആണ് വാക്‌സിനേഷന്‍ നല്‍കുന്നത്. കാമ്പയിന്‍ കാലയളവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

Also Read: മലപ്പുറത്തെ വാക്‌സിന്‍ വിരുദ്ധ പ്രചരണം: പിന്നില്‍ മതമല്ല, അന്ധവിശ്വാസികള്‍

ഒരിക്കല്‍ രണ്ടു ഡോസ് എം എം ആര്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കിലും എംആര്‍ പദ്ധതി പ്രകാരം വാക്‌സിനേഷന്‍ എടുക്കേണ്ടതാണ്.

മിക്ക കുട്ടികള്‍ക്കും എം ആര്‍ വാക്‌സിന്‍ ഒരു പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. എന്നാല്‍ ചില കുട്ടികള്‍ക്ക് പനിയും കുത്തിവയ്ക്കുമ്പോള്‍ വേദനയും ചുവപ്പും കാണുന്നു.

കടുത്ത പനി, ഗുരുതര രോഗങ്ങള്‍ കാരണം അഡ്മിറ്റായ കുട്ടികള്‍, രോഗപ്രതിരോധ ശക്തി കുറഞ്ഞ കുട്ടികള്‍, സ്റ്റിറോയിഡ് മരുന്ന് എടുക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നത് ഒഴിവാക്കുക. ഡോക്ടര്‍ കുട്ടിയെ പരിശോധിച്ചശേഷം തീരുമാനമെടുക്കാം.

എം ആര്‍ വാക്‌സിന്റെ ആവശ്യകതയെപ്പറ്റി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്. രണ്ടുഗുരുതര രോഗങ്ങളെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള ഈ ഉദ്യമത്തില്‍ നമുക്കും അണി ചേരാം.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍