UPDATES

ജയ്റ്റ്ലിക്ക് പിന്നാലെ മോഹന്‍ ഭഗവതും കേരളത്തിലേക്ക്; മെഡിക്കല്‍ കോഴ, രാഷ്ട്രീയ സംഘര്‍ഷം അജണ്ടകളാകുമ്പോള്‍

കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ‘ആവശ്യം’ ഉയരുകയാണെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് പരിഗണിക്കാമെന്നുമാണ് ഹൊസബലെ പറഞ്ഞത്.

മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടിക്കൊടുക്കുന്നതിനായി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബിജെപിയുടെ പാര്‍ട്ടിതല അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സംസ്ഥാനത്തെ ബിജെപി വലിയ പ്രതിസന്ധിയിലായിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി ദേശീയ നേതൃത്വം ആസൂത്രണം ചെയ്തുകൊണ്ടിരുന്ന പദ്ധതികള്‍ക്കും പരീക്ഷണങ്ങള്‍ക്കുമെല്ലാം തിരിച്ചടിയായിരുന്നു മെഡിക്കല്‍ കോഴ. എന്നാല്‍ മറ്റെല്ലാ വിവാദങ്ങളേയും അഴിമതി ആരോപണങ്ങളേയും പോലെ തന്നെ മെഡിക്കല്‍ കോളേജ് കോഴ പതിയെ മാധ്യമ ശ്രദ്ധയില്‍ നിന്ന് മാറിയിരിക്കുകയാണ്.

ഇതിനിടയിലാണ് തിരുവനന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുന്നത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ വലിയൊരു ദേശീയ പ്രശ്‌നമായി ചിത്രീകരിക്കാനും ഏകപക്ഷീയമായി അക്രമസംഭവങ്ങളെ കുറിച്ച് പ്രചാരണം നടത്താനും വ്യാജ വീഡിയോകളും ചിത്രങ്ങളും വരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് കേരളത്തെ ഒരു ഭീകര കേന്ദ്രമാക്കി കാണിക്കാനുമുള്ള സംഘപരിവാര്‍ ആരംഭിച്ചിട്ട് കുറെ നാളുകളായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വരെ നേരത്തെ ട്വിറ്ററിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിവാദമുണ്ടാക്കിയിരുന്നു. കേരളത്തിലെ സോഷ്യല്‍മീഡിയ വൃത്തങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ ബിജെപിയെ പരിഹാസ്യമാക്കി മാറ്റുന്നുണ്ടെങ്കിലും ദേശീയ തലത്തിലുണ്ടാക്കിയേക്കാവുന്ന ഇംപാക്ട് വേറെയാണ്. ടൈംസ് നൗ, റിപ്പബ്ലിക് അടക്കമുള്ള ചാനലുകള്‍ തങ്ങളുടെ പ്രൈംടൈം ചര്‍ച്ചകള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ ഇടപെടലുകളും പാര്‍ലമെന്റില്‍ വലിയൊരു ചര്‍ച്ചാവിഷയമായി ഇത് ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നതും ഞായറാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി കേരളത്തിലെത്തുന്നതുമെല്ലാം ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയായാണ്. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനില്‍ വിളിച്ചുവരുത്തി വിശദീകരണം തേടുകയും ‘സമന്‍ഡ് ചീഫ് മിനിസ്റ്റര്‍’ എന്ന് ഇല്ലാത്ത അധികാരത്തിന്റെ പേരില്‍ ചെയ്ത കാര്യം സംബന്ധിച്ച് ഗവര്‍ണര്‍ ട്വിറ്റര്‍ വഴി അറിയിപ്പ് നല്‍കുകയുമെല്ലാം ചെയ്ത അസാധാരണ സംഭവങ്ങളുണ്ടായി. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വേണം കാണാന്‍. കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് രാജേഷിന്റെ വീട് ജയ്റ്റ്ലി സന്ദര്‍ശിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ്. അക്രമരാഷ്ട്രീയത്തിനെതിരേ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രചാരണജാഥ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

സംഘപരിവാര്‍ സംഘടനകളുടെ ‘ശുദ്ധീകരണ’വും സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ലക്ഷ്യമിട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഈ മാസം തന്നെ കേരളത്തിലെത്തും. സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഭാഗവത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരി ഇക്കാര്യം പറയുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് സന്ദര്‍ശനമെങ്കിലും സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യത ആര്‍എസ്എസ് കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.

മെഡിക്കല്‍ കോഴ വിവാദത്തില്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെടുത്ത് സംഘടനയ്ക്കുള്ളില്‍ ‘ശുദ്ധീകരണം’ നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രത്യേകം ശ്രദ്ധിക്കണം, എങ്ങനെയാണ് അവര്‍ സംഘടന ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യം. കോഴ സംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി എടുത്ത്. അല്ലാതെ കോഴ വാങ്ങി എന്ന ആരോപണം നേരിടുന്നവര്‍ക്കെതിരെ നടപടി എടുത്തല്ല.

ഇതിനിടെ കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ ഭീഷണിയുമായി ആര്‍എസ്എസ് സഹസര്‍സംഘചാലക് ദത്താത്രേയ ഹൊസബലെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ‘വിവേക’ത്തോടെ തീരുമാനമെടുക്കാമെന്നാണ് സഹസര്‍സംഘചാലക് പറഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഹൊസബലെ ആവശ്യപ്പെട്ടു. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന ‘ആവശ്യം’ ഉയരുകയാണെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് പരിഗണിക്കാമെന്നുമാണ് ഹൊസബലെ പറഞ്ഞത്.

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചത് ഭിന്നിപ്പുണ്ടാക്കിയും വിമതന്മാരെ ഉപയോഗിച്ചുമാണ്. കേരളത്തില്‍ നിലവില്‍ അത്തരമൊരു സാഹചര്യമില്ല. ഗോവധത്തിന്റെ പേര് പറഞ്ഞുള്ള അക്രമങ്ങള്‍ ഇവിടെ നടക്കില്ല. പിന്നെ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കിയോ സംഘര്‍ഷങ്ങളോ കലാപങ്ങളോ ഉണ്ടാക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടാണ്. ഇതുകൊണ്ടൊക്കെ തന്നെ സംസ്ഥാനത്തെ ക്രമസമാധാന നില മൊത്തത്തില്‍ അപകടത്തിലാണെന്ന പ്രതീതിയുണ്ടാക്കുക എന്നത് തന്നെയാണ് സംഘപരിവാര്‍ അജണ്ട. രാഷ്ട്രപതി ഭരണം, സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കല്‍ തുടങ്ങിയ സ്വപ്‌നങ്ങളിലേയ്ക്കുള്ള വഴി ഇത് മാത്രമാണ്. കേരളത്തെ ദേശീയതലത്തില്‍ വലിയൊരു വിവാദ കേന്ദ്രമാക്കി ചിത്രീകരിക്കുക എന്നതും ഇതിന്റെ ഭാഗമാണ്.

മറ്റൊന്ന്, സംഘപരിവാറിന്റെ ഈ രാഷ്ട്രീയ കെണിയില്‍ സിപിഎം വീഴുമോ എന്നതാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവര്‍ക്കും ഇക്കാര്യത്തില്‍ തുല്യമായ പങ്കാളിത്തമുണ്ട്. സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊല്ലുകയും തിരിച്ചടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണ്. കൃത്യമായ മെഷീനറിയുള്ള സംഘപരിവാരത്തിന് അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ശേഷിയുമുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎമ്മും കേരള സര്‍ക്കാരും ചെയ്യേണ്ടത് കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതാണ്; കൊലപാതക രാഷ്ട്രീയത്തിന് അറുതി വന്നാല്‍ തന്നെ മുന്നിലുള്ള അപകടത്തെക്കുറിച്ച് അവര്‍ പൂര്‍ണബോധ്യമുല്ലവരാകും. അതിനു മുന്‍കൈ എടുക്കേണ്ടത് സിപിഎമ്മാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍