UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ കോളേജ് കോഴ: ബിജെപിയില്‍ പൊരിഞ്ഞ അടി; ആര് ആരെ പുറത്താക്കും?

ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്

മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ബിജെപിയില്‍ വാക്‌പോര് മുറുകുന്നു. വിവിധ നേതാക്കള്‍ വിവിധ രീതിയില്‍ പ്രതികരിക്കുന്നതില്‍ നിന്നുതന്നെ പാര്‍ട്ടിയിലുള്ള ആശയക്കുഴപ്പം വ്യക്തമാണ്. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ആരോപണത്തെ ഗൗരവമായി കാണുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏതൊക്കെ നേതാക്കള്‍ ആരോപണവിധേയരായിട്ടുണ്ട് എന്ന് വ്യക്തമല്ല. വിഷയം കേന്ദ്രനേതൃത്വം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുമ്പോഴും റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും തുടര്‍നടപടികള്‍ പാര്‍ട്ടിയുടെ ഉചിതമായ വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. അഴിമതിയുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് കോഴ വാങ്ങിയെന്ന് ആരോപണ വിധേയനായ ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് രംഗത്ത് വന്നിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ പറയാത്ത കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നും വിനോദ് പറയുന്നു. വര്‍ക്കല മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ കോളേജുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും വിനോദ് വിശദീകരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് തന്നെ കുടുക്കുന്നതിന് വേണ്ടി കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശനും എ കെ നാസറും കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന ഗുരുതരമായ ആരോപണവും വിനോദ് ഉന്നയിക്കുന്നു. എം ടി രമേശിന്റെ പേര് പറയാന്‍ ഇവര്‍ പലരേയും നിര്‍ബന്ധിച്ചതായും തനിക്ക് വിവരമുണ്ടെന്നും വിനോദ് വിശദീകരിച്ചു.

മെഡിക്കല്‍ കോളേജിനല്ല ഒരു നഴ്‌സറി സ്‌കൂളിന് പോലും അനുമതി വാങ്ങി നല്‍കാന്‍ തനിക്കാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെടുന്ന സംസ്ഥാന സെക്രട്ടറി എം ടി രമേശ് പ്രതികരിച്ചത്. തന്നെ വ്യക്തിപരമായി ചിത്രവധം ചെയ്യാനും കേന്ദ്ര സര്‍ക്കാരിനെ കരിവാരിത്തേച്ച് കാണിക്കാനുമാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. വര്‍ക്കല കോളേജിന്റെ ഉടമയെ തനിക്ക് അറിയില്ലെന്നും എന്നാല്‍ പാലക്കാടുള്ള ഒരു മെഡിക്കല്‍ കോളേജിന്റെ ഉടമ ഒരിക്കല്‍ തന്നെ വന്നു കണ്ടിരുന്നുവെന്നും തന്റെ കോളേജിന്റെ അനുമതിയുടെ പ്രശ്‌നം അദ്ദേഹം ഉന്നയിച്ചിരുന്നവെന്നും എം ടി രമേശ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നവെന്നും രമേശ് വിശദീകരിക്കുന്നു. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രമേശും ആരോപിച്ചു.

എന്നാല്‍ അഴിമതിക്കാരായ ആരെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ അവരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു. ഇത്തരം ഒരു പരാതിയെ കുറിച്ചോ റിപ്പോര്‍ട്ടിനെ കുറിച്ചോ തനിക്കറിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് ആര്‍എസ്എസ് കേരള നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഘടകത്തിലെ ഗ്രൂപ്പ് പോരാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്നാണ് അവരുടെ വിലയിരുത്തല്‍. ഇതിനിടെ ബിജെപി നേതൃത്വത്തിന് പരാതി കൊടുത്തു എന്ന് പറയപ്പെടുന്ന വര്‍ക്കല മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി ആരോപണത്തില്‍ നിന്നും പിന്‍വാങ്ങി എന്നതും ശ്രദ്ധേയമാണ്. താന്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും ഒരു കമ്മീഷന്റെ മുമ്പിലും മൊഴി നല്‍കിയിട്ടില്ലെന്നും ഷാജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതോടെ ബിജെപിയിലെ ഗ്രൂപ്പ് പോര് വീണ്ടും ശക്തമാവാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്.

ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം നാളെ ചേരുന്നുണ്ട്. വിഷയം അവിടെ ഉന്നയിക്കും എന്നാണ് വി മുരളീധരനും ശോഭ സുരേന്ദ്രനും പ്രതികരിച്ചത്. ഏതായാലും നാളെ നടക്കുന്ന യോഗം നിര്‍ണായകമാകുമെന്ന് വ്യക്തമാണ്. പാര്‍ട്ടിയില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് പോര് പൊതുജനമധ്യത്തിലേക്ക് വരുന്നതിന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാരണമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍