ജനുവരി നാലിനു തുടങ്ങിയ നിപാ വാര്‍ഡ് ജീവനക്കാരുടെ സത്യാഗ്രഹം ഒമ്പതാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്നത്
ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് അനിശ്ചിതകാല സത്യാഗ്രഹം ചെയ്യുന്ന നിപാ വാര്‍ഡ് ജീവനക്കാരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നിപാ വാര്‍ഡില്‍ ജോലി ചെയ്തവരെയാരേയും ഒഴിവാക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സമരമുഖത്തുള്ളവരുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചത്. ജനുവരി നാലിനു തുടങ്ങിയ നിപാ വാര്‍ഡ് ജീവനക്കാരുടെ സത്യാഗ്രഹം ഒമ്പതാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുന്നത്.
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ അതിനു സാധ്യത കുറവാണെന്നും, മറിച്ച് താല്‍ക്കാലികമായി തന്നെ നിലനിര്‍ത്തിക്കൊണ്ട് നാല്‍പത്തിയഞ്ചു പേരുടെയും തൊഴില്‍ നഷ്ടപ്പെടാതെ നോക്കാനാകുമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിക്കവേ രാവിലെ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഉച്ചയോടെ പ്രിന്‍സിപ്പാള്‍ ചര്‍ച്ചയ്ക്കു വിളിച്ച് മൂന്നു മാസം കൂടുമ്പോള്‍ കാലാവധി പുതുക്കുന്ന തരത്തിലുള്ള താല്‍ക്കാലിക നിയമനം സാധ്യമാണെന്ന് അറിയിച്ചത്. എന്നാല്‍, വാക്കാലുള്ള ഉറപ്പുകള്‍ ഇനി വേണ്ടെന്നും, ജോലിയില്‍ സ്ഥിരത ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും ജീവനക്കാര്‍ പറയുന്നു.
‘മൂന്നുമാസം കൂടുമ്പോള്‍ കാലാവധി നീട്ടിത്തരാമെന്നാണ് പ്രിന്‍സിപ്പാള്‍ അറിയിച്ചിരിക്കുന്നത്. ജോലി സ്ഥിരമാക്കാന്‍ സാധിക്കില്ലെന്നും, ആകെയുള്ള സാധ്യത ഇതാണെന്നുമാണ് പറയുന്നത്. പക്ഷേ, വാക്കാലുള്ള ഉറപ്പുകള്‍ വിശ്വസിക്കേണ്ടെന്നാണ് എല്ലാവരുടെയും തീരുമാനം. സ്ഥിരനിയമനം എന്ന വാക്ക് സര്‍ക്കാര്‍ തന്നിട്ടുണ്ട്. അതിനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടത്. അതുവരെ സമരം തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനം. മാറി മാറി അഭിമുഖങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നാണ് എല്ലാവരും പറയുന്നത്. നാല്‍പത്തിയഞ്ചുപേരും സത്യാഗ്രഹം തുടരും.’ സമരപ്പന്തലിലുള്ള ജീവനക്കാര്‍ പറയുന്നതിങ്ങനെ.
എന്നാല്‍, ശുചീകരണത്തൊഴിലാളികള്‍ക്കും നേഴ്‌സുമാര്‍ക്കുമൊപ്പം നിപാ വാര്‍ഡില്‍ ജോലി ചെയ്ത നഴ്‌സിംഗ് അസിസ്റ്റന്റുമാരുടെ കാര്യത്തില്‍ തീര്‍ത്തും നിസ്സംഗമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ക്കു പരാതിയുണ്ട്. സ്ഥിരനിയമനം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുവരെ സാവകാശം നല്‍കാന്‍ ശുചീകരണത്തൊഴിലാളികള്‍ തയ്യാറാണെങ്കിലും, നഴ്‌സിംഗ് അസിസ്റ്റന്റുമാരടക്കമുള്ളവര്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
‘നഴ്‌സിംഗ് അസിസ്റ്റന്റ് എന്നൊരു പോസ്‌റ്റേയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. പക്ഷേ ഏഴുമാസം അവിടെ ജോലി ചെയ്തതായി കാണിച്ച് അവര്‍ തന്നിട്ടുള്ള സര്‍ട്ടിഫിക്കറ്റില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. തസ്തികയില്ലെങ്കില്‍ പിന്നെ അങ്ങിനെ ചെയ്തതെന്തിനാണ്? ശുചീകരണത്തൊഴിലാളികള്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ജോലിയില്‍ എന്തെങ്കിലും തീരുമാനമാകുമെന്നും, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ഞങ്ങള്‍ അഥവാ കയറുകയാണെങ്കില്‍ ശുചീകരണത്തൊഴിലാളിയായി ദിവസ വേതനത്തിന് കയറിക്കോളാനാണ് പറയുന്നത്. തിങ്കളാഴ്ച കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിക്കുമെന്ന് പറയുന്നുണ്ട്. അതിനു മുന്നേ ഞങ്ങളുമായി ചര്‍ച്ച നടത്തി എന്നു വരുത്തിത്തീര്‍ക്കാനുള്ള പ്രിന്‍സിപ്പാളിന്റെ ശ്രമമായേ ഇതിനെ കാണാന്‍ സാധിക്കൂ. അതല്ലെങ്കില്‍ ഇത്രയും കാലം ഞങ്ങള്‍ക്കു മുഖം തരാതെ നടന്നിരുന്നവര്‍ മന്ത്രിയുടെ പ്രസ്താവന വന്നതിനു ശേഷം ഇങ്ങനെ ചര്‍ച്ചയ്ക്ക് തയ്യാറാവില്ലല്ലോ.’ നഴ്‌സിംഗ് അസിസ്റ്റന്റായ മിനി പറയുന്നു.
മന്ത്രിയുടെ വാക്കുകള്‍ ഇവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തങ്ങളുടെ ആവശ്യം കൃത്യമായിത്തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ പക്ഷം. സര്‍ക്കാര്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് സ്ഥിരം ജോലിയാണെന്നും, വാക്കാലുള്ള വാഗ്ദാനങ്ങള്‍ നിര്‍ത്തി അക്കാര്യത്തില്‍ വ്യക്തത വരുത്താനുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. നാല്‍പത്തിയഞ്ചോളം ജീവനക്കാരെ നിലനിര്‍ത്താന്‍ ആശുപത്രിക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും, നിപാ ഫണ്ട് എന്ന പേരില്‍ ഒരു സാധ്യത ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ ഇവര്‍ക്കുള്ള ശമ്പളം എവിടെ നിന്നു വകയിരുത്തുമെന്ന് കണ്ടെത്തണമെന്നുമായിരുന്നു ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞത്. എങ്കിലും, സ്ഥിരപ്പെടുത്താനാകുമോ എ്ന്ന് ഒന്നുകൂടി പരിശോധിച്ചു നോക്കാമെന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. നിപയുടെ കാലത്ത് താല്‍ക്കാലിക ജീവനക്കാരായി ഉണ്ടായിരുന്നവരെയെല്ലാമല്ല, നിപാ വാര്‍ഡില്‍ ജോലി ചെയ്തവരെ മാത്രമാണ് പരിഗണിക്കുക എന്നു മന്ത്രി അറിയിച്ചിട്ടുണ്ട്.