UPDATES

ട്രെന്‍ഡിങ്ങ്

മെഡിക്കല്‍ പ്രവേശനം: ‘ഞങ്ങളുടെ മക്കളുടെ ഭാവിയുടെ കാര്യമാണെന്നുപോലും ഇവര്‍ ഓര്‍ക്കാത്തതെന്തേ?’

ഫീസിന്റെയും ബാങ്ക് ഗ്യാരന്റിയുടെയും പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സീറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുമുണ്ട്

‘ഞങ്ങള്‍ നാട്ടിലേക്ക് പോവുകയാണ്. മൂന്നു ദിവസമായി ഒന്നു കുളിക്കാനോ ഉറങ്ങാനോ കഴിയാതെ ഇതിന് മുന്നില്‍ ഇങ്ങനെ നില്‍പ്പ് തുടങ്ങിയിട്ട്, ഇവളുടെ തലയില്‍ ഇത് വരച്ചിട്ടില്ല. അത്രേ പറയാനുള്ളു’- മെഡിക്കല്‍ അഡ്മിഷന്‍ നടക്കുന്ന ഹാളില്‍ നിന്ന് ഇത് പറഞ്ഞിറങ്ങുന്ന ആ അമ്മയുടെ പുറകില്‍ തലയും കുമ്പിട്ട് നിരാശയായ ആ മകള്‍ പോകുന്നുണ്ടായിരുന്നു. ഇങ്ങനെ ചിന്തിച്ച് തിരിച്ച് പോകുന്ന ഒരുപാട് രക്ഷിതാക്കളും വിദ്യാര്‍ഥികളെയും അവിടെ ഉണ്ടായിരുന്നു.

കേരള മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച കൊണ്ട് തീരേണ്ടതായിരുന്നു, എന്നാല്‍ അഡ്മിഷന്‍ ഇന്നലെയും തുടര്‍ന്നു. മിച്ചമുണ്ടായിരുന്ന എന്‍.ആര്‍.ഐ സീറ്റുകളെ ജനറലിലേക്ക് മാറ്റിയായിരുന്നു അലോട്ട്‌മെന്റ്. 117 സീറ്റാണ് അങ്ങനെ മാറിക്കിട്ടിയ സീറ്റുകള്‍. ഇതില്‍ വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്ന രീതി ഏറെ പ്രതിഷേധവും ഉണ്ടാക്കി. ‘ആദ്യം എന്‍.ആര്‍.ഐ സീറ്റുകള്‍ വിളിച്ചപ്പോള്‍ ഒന്നു മുതല്‍ റാങ്ക് ഉള്ളവരെ വിളിച്ചാണ് അവര്‍ കൊടുത്തത്. പിന്നീട് ആ സീറ്റ് മൈനോറിറ്റിക്ക് മാറ്റിയപ്പോള്‍ വീണ്ടും ഒന്നു മുതല്‍ റാങ്കുള്ളവരെ വിളിക്കുന്നു. ജനറല്‍ ആക്കിയപ്പോഴും അവസ്ഥ ഇത് തന്നെ. അപ്പോ ബാക്കി കുട്ടികളെപ്പറ്റി ആര് ചിന്തിക്കും?’ ഒരു രക്ഷിതാവ് ചോദിക്കുന്നു. ജനറലില്‍ 117 സീറ്റുകള്‍ ഉണ്ടന്നറിഞ്ഞ് തിരിച്ചുപോയവരില്‍ ചിലര്‍ തിരിച്ചു വന്നു. മറ്റു ജില്ലകളില്‍ നിന്നു വന്നവര്‍ ഒരിടത്തും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. തങ്ങളെക്കാള്‍ ഉയര്‍ന്ന റാങ്കുള്ള കുട്ടികള്‍ വരുന്നില്ല എങ്കില്‍ സീറ്റ് കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു മിക്ക കുട്ടികളും. ഇപ്പോഴും ഉള്ളില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് മാത്രമായിരുന്നു വിവരങ്ങള്‍ അറിയാനുള്ള ഏക ആശ്രയം.

പണം ഇല്ലാത്തവര്‍ക്ക് മാത്രമല്ല ഉള്ളവരും കടുത്ത ആശങ്കയാണ് പങ്കുവെച്ചത്. ‘എന്‍.ആര്‍.ഐ സീറ്റിനെ പറ്റി കൂടുതല്‍ ഒന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 20 ലക്ഷം രൂപ നമുക്ക് ഉടനെ എടുക്കാനുണ്ട്. എന്നാല്‍ ഇന്ന് ബാങ്ക് അവധിയാണ്. എന്റെ കുഞ്ഞിന്റെ സ്വപ്നമാണ് ഇത്. ഞാനിനി എന്ത് ചെയ്യും?’ നിറകണ്ണുകളോടെ ഇരിക്കുന്ന മകളെ നോക്കി ഒരമ്മ പറഞ്ഞതിങ്ങനെ. ആശങ്കകള്‍ക്കു നടുവിലാണ് ഓരോ വിദ്യാര്‍ത്ഥിയുമം മാതാപിതാക്കളും മെഡിക്കല്‍ പ്രവേശന ഹാളിന് മുന്നില്‍ നില്‍ക്കുന്നത്. സംശയം തീര്‍ക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പുറത്ത് ഹെല്‍പ്പ് ഡെസ്‌ക് ഇല്ല. ഈ 117 സീറ്റുകളും പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ പ്രവേശന അലോട്ട്‌മെന്റ് അവസാനിക്കും എന്നതിനാല്‍ മാതാപിതാക്കളും കുട്ടികളും ഒരു പോലെ ആശങ്കയിലാണ്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ ഏറെ വിവാദങ്ങളും പരാതികളും സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഫീസിന്റെയും ബാങ്ക് ഗ്യാരന്റിയുടെയും പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുമ്പോള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സീറ്റ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുമുണ്ട്. ഇതിനായി ഉദ്യോഗസ്ഥര്‍ പറയുന്ന കാരണങ്ങള്‍ നിസ്സാരങ്ങളാണ്. ഇതിലെ പല കാര്യങ്ങളും സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പോലും വകവയ്ക്കാതെയാണ് ഉദ്യോഗസ്ഥര്‍ നടപടികള്‍ എടുക്കുന്നത്. തങ്ങള്‍ക്ക് എന്തെങ്കിലും സാധ്യതയുണ്ടാകും, അത് നഷ്ടപ്പെടും എന്ന് കരുതി പലരും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മടിക്കുകയാണ്. പ്രതികരിക്കുന്നവര്‍ പേരു വെളിപ്പെടുത്താനും തയ്യാറാവുന്നില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അഡ്മിഷന്‍ സെന്ററില്‍ ഇതുപോലെ അവസരം നഷ്ടപ്പെട്ട ഒരു വിദ്യാര്‍ഥിനിയുടെ അനുഭവം ഇങ്ങനെ-

അഞ്ചുലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയുമായി എത്തിയ വിദ്യാര്‍ത്ഥിനിയെ മതിയായ രേഖകള്‍ കൈയ്യിലില്ല എന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ഹാളില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ‘കേരളത്തില്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് ഞങ്ങള്‍ പുറത്ത് (വിദേശത്ത്) അഡ്മിഷന് ശ്രമിച്ചിരുന്നു. അതിനായി കുട്ടിയുടെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും പ്ലസ്ടു സര്‍ട്ടിഫിക്കറ്റും എംബസിയില്‍ അയച്ചു. അതുകൊണ്ട് ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പി മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഒരാഴ്ച സമയമുണ്ടെന്നായിരുന്നു അറിഞ്ഞത്. കുട്ടി മറ്റൊരു കോളേജിലും ചേര്‍ന്നിട്ടില്ല എന്നതിന്റെ പ്രധാന തെളിവാണ് അവളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. മറ്റ് രണ്ട് സര്‍ട്ടിഫിക്കറ്റുകളും കാണിച്ചില്ല എന്നാരോപിച്ചാണ് എന്റെ മകള്‍ക്കീ സീറ്റ് നിഷേധിക്കുന്നത്.‘ എന്ന് വളരെയധികം വിഷമത്തോടെ ആ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ പ്രതികരിച്ചത്.

അഡ്മിഷന്‍ എടുക്കുന്ന സമയത്ത് ബന്ധപ്പെട്ട രേഖകള്‍ കൈവശം ഇല്ലെങ്കില്‍ വിദ്യര്‍ത്ഥികള്‍ക്ക് ഒരാഴ്ച സാവകാശം നല്‍കണം എന്നതാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഈ ഉത്തരവിനെപ്പറ്റി പിതാവ് ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചിരുന്നു. അതിനെപ്പറ്റി കുട്ടിയുടെ അമ്മയുടെ പ്രതികരണം.’അവരോട് ഇങ്ങനെ ഒരു കോടതി ഉത്തരവ് ഉണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ആ റിസ്‌ക് എടുക്കാന്‍ കഴിയില്ല എന്നാണ്. ഇവിടെ ആവശ്യത്തിലേറെ തലവേദനയുണ്ട്. ഇനി ഇത് കൂടി ശരിയാവില്ല എന്നായിരുന്നു അവരുടെ പ്രതികരണം.’ കൂടാതെ മറ്റു കുട്ടികള്‍ക്ക് തടസ്സമാകാതെ ഹാളിനുള്ളില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കുട്ടിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

സ്‌പോട്ട് അലോട്ട്‌മെന്റ് രീതിയെപ്പറ്റിയും വ്യാപക പരാതിയുണ്ട്. സ്‌പോട്ട് അലോട്ട്‌മെന്റ് നടക്കുന്ന സമയം ആരാണോ അവിടെ ഉള്ളത് ആ കുട്ടികള്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത്. എന്നാല്‍ ഇവിടെ റാങ്ക് വിളിച്ചു പറഞ്ഞതിനു ശേഷം ഈ റാങ്കിനു മുകളില്‍ ഉള്ളവര്‍ വരിക എന്നു പറഞ്ഞാല്‍ അതിനെ അഡ്മിഷന്‍ എന്ന് എങ്ങനെ പറയാനാകും. ഒരു രക്ഷിതാവ് തന്റെ സംശയ ചോദിക്കുന്നു. നാലു മണിയോടെ അലോട്ട്‌മെന്റ് തീര്‍ന്നതിനു ശേഷവും അഡ്മിഷന്‍ കിട്ടാതെ തിരിച്ചു പോകുന്ന ഒരുപാട് പേര്‍ ഉണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ പ്രതികരണം ഇങ്ങനെ ‘ഇത് കിട്ടില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി ബി.എസ്.സിക്ക് പോകാം എന്നാ വിചാരിക്കുന്നത്. ഇത്രയും ദൂരെ നിന്ന് വന്ന് മൂന്നു ദിവസം ഇതിനു മുന്നില്‍ ഉറങ്ങാതെ ഇരുന്നത് കിട്ടും എന്ന് ഉറപ്പുണ്ടായിട്ടായിരുന്നു. എന്നാല്‍ അത് പോയി.’

ഒട്ടേറെ സ്വപ്നങ്ങളും അതിലേറെ കഠിനാധ്വാനവും ചെയ്ത് പ്രവേശന പരീക്ഷ പാസായി എത്തുന്ന ഈ വിദ്യാര്‍ത്ഥികളില്‍ പലരും സാധാരണക്കാരാണ്. പതിനൊന്ന് ലക്ഷം എന്ന ഭീമമായ തുക നല്‍കാന്‍ യാതൊരു വഴിയും കാണാതിരുന്നിട്ടു കൂടി തുകയൊപ്പിച്ച് ദിവസങ്ങള്‍ ഇവിടെ കാവലിരുന്ന ഓരോ രക്ഷിതാക്കളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും മക്കളുടെ ഭാവി സുരക്ഷിതമാക്കുനതിനാണ്. ഇനി അലോട്ട്‌മെന്റുകള്‍ ബാക്കി ഇല്ലാത്ത സ്ഥിതിക്ക് വീണ്ടും പ്രവേശന പരീക്ഷ എഴുതുക എന്ന് മാര്‍ഗമേ ഈ വിദ്യര്‍ത്ഥികള്‍ക്കു മുന്നില്‍ ഉള്ളൂ.

അനില രതീഷ്‌

അനില രതീഷ്‌

മാധ്യമ വിദ്യാര്‍ഥിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍