UPDATES

ട്രെന്‍ഡിങ്ങ്

“കരയോഗക്കാര്‍ ഇനി മാതൃഭൂമി വായിക്കണ്ട” വീടുകള്‍ കയറിയിറങ്ങി എന്‍എസ്എസ്

മാതൃഭൂമി പത്രത്തിനും ‘മീശ’ നോവലിനുമെതിരെ പ്രകടനമൊന്നും പാടില്ലെന്നും പത്രം കത്തിക്കുന്നത് പോലുള്ള പ്രതിഷേധങ്ങൾ അരുതെന്നുമായിരുന്നു ആസ്ഥാനത്തു നിന്നും വാക്കാലുള്ള നിർദ്ദേശം. എന്നാൽ ചിലയിടങ്ങളിൽ പ്രകടനവും പത്രം കത്തിക്കലും നടന്നു.

എസ് ഹരീഷ് എഴുതി മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധവുമായി, മാതൃഭൂമി പത്രം ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് വീടുകള്‍ തോറും കയറിയിറങ്ങി എന്‍എസ്എസിന്‍റെ പ്രചാരണം. ഓഗസ്റ്റ് ഒന്ന് മുതൽ മാതൃഭൂമി ദിനപ്പത്രം എൻ എസ് എസ് അംഗങ്ങൾ ബഹിഷ്കരിക്കണമെന്ന് ചങ്ങനാശേരിയിലെ ആസ്ഥാനത്ത് നിന്നും എല്ലാ കരയോഗങ്ങൾക്കും നിർദ്ദേശം നൽകി. മാതൃഭൂമി പത്രത്തിനും ‘മീശ’ നോവലിനുമെതിരെ പ്രകടനമൊന്നും പാടില്ലെന്നും പത്രം കത്തിക്കുന്നത് പോലുള്ള പ്രതിഷേധങ്ങൾ അരുതെന്നുമായിരുന്നു ആസ്ഥാനത്തു നിന്നും വാക്കാലുള്ള നിർദ്ദേശം. എന്നാൽ ചിലയിടങ്ങളിൽ പ്രകടനവും പത്രം കത്തിക്കലും നടന്നു.

എൻ എസ് എസിനെ ഉപയോഗിച്ച് ഗ്രാമങ്ങളിൽ വർഗീയത പരത്താനുള്ള ആർ എസ് എസിന്റെ ശ്രമമാണ് ഇതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം തങ്ങൾ നടത്തിയ പ്രതിഷേധത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വാധീനമില്ലെന്നും എല്ലാ പാർട്ടിയിലുമുള്ളവർ എൻ എസ് എസിൽ അംഗങ്ങളാണെന്നും എറണാകുളം ജില്ലയിലെ മുരിയമംഗലം കരയോഗം അംഗം പ്രദീപ് നെല്ലിക്കുന്നേൽ അഴിമുഖത്തെ അറിയിച്ചു. മറ്റ് ഹിന്ദു സമുദായക്കാരും പ്രകടനത്തിൽ പങ്കെടുത്തെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. എൻ എസ് എസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശം ലംഘിച്ച് മുരിയമംഗലം കരയോഗം പ്രകടനം നടത്തുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. പത്ര ബഹിഷ്കരണം ഏതാണ്ട് എല്ലായിടങ്ങളിലും നടപ്പായി കഴിഞ്ഞെന്നും പ്രദീപ് ചൂണ്ടിക്കാട്ടി. ഇത് ഹിന്ദു വികാരം വ്രണപ്പെട്ടതിന് തെളിവാണെന്നും പ്രദീപ് പറയുന്നു.

മീശ എന്ന നോവൽ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതായി ആരോപിച്ചാണ് നോവലിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. “സ്ത്രീകൾ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോകുന്നത് തങ്ങൾ ലൈംഗിക ബന്ധത്തിന് സജ്ജരാണെന്ന് മറ്റുള്ളവരെ അറിയിക്കാനാണ്. അതിനാലാണ് മാസത്തിലെ അഞ്ച് ദിവസങ്ങളിൽ അവർ ക്ഷേത്രത്തിൽ പോകാത്തത്” എന്ന നോവലിലെ പരാമർശമാണ് വിവാദമായത്. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണമായാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്റെ ഈ അഭിപ്രായ പ്രകടനത്തിലൂടെ ഹരീഷും നോവൽ പ്രസിദ്ധീകരിച്ച് മാതൃഭൂമിയും ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. ഹരീഷിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരിമാർക്കുമെതിരെ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും ചെയ്തു. ഇതോടെയാണ് നോവൽ പ്രസിദ്ധീകരണത്തിൽ നിന്നും മാതൃഭൂമി പിൻവാങ്ങിയത്. തുടർന്ന് നോവൽ പുസ്തക രൂപത്തിൽ ഇന്ന് ഡിസി ബുക്സ് പുറത്തിറക്കുകയും ചെയ്തു.

ജൂലൈ 30ന് മാതൃഭൂമി നോവൽ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വിശദീകരണ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ വിശദീകരണത്തിലും നോവലിനെയും അതിലെ പരാമർശത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനം.

“മീശ വടിക്കാന്‍” ഇറങ്ങിയ ‘കുറുവടി’കള്‍ക്ക് മുന്നറിയിപ്പ്: ഡിസി ബുക്സ് ‘മീശ’ വച്ചു

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍