യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ച നടക്കൂ എന്ന് ജോസഫ് വിഭാഗം നിലപാടെടുക്കുകയായിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൈയില്‍ ഇന്ന് യോഗം ചേരും. കഴിഞ്ഞദിവസം ചേരാനിരുന്ന യോഗമാണിത്. മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ വിദേശത്തു നിന്ന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യോഗം മാറ്റിയെന്നാണ് വിശദീകരണം.
യുഡിഎഫ് കണ്‍വീനറുടെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ച നടക്കൂ എന്ന് ജോസഫ് വിഭാഗം നിലപാടെടുക്കുകയായിരുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കോട്ടയം ഡിസിസിയില്‍ യോഗം ചേരും. യോഗത്തില്‍ മോന്‍സ് ജോസഫ്, ജോയ് എബ്രഹാം എന്നിവരും പങ്കെടുക്കും. ഈ യോഗത്തിനു ശേഷം ജോസ് കെ മാണി വിഭാഗവുമായും ചര്‍ച്ച നടക്കും.
തെരഞ്ഞെടുപ്പില്‍ പ്രചാരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കില്ലെന്നു തന്നെയാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍ അത് ജോസ് കെ മാണി വിഭാഗവുമായി ചേര്‍ന്നായിരിക്കില്ല. സമാന്തര പ്രചാരണം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ജോസഫ് വിഭാഗം നേതാക്കള്‍ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവയില്‍ ജോസ് കെ മാണി വിഭാഗത്തിനെതിരായ വിമര്‍ശനങ്ങളും വരുന്നുണ്ട്. സമാന്തര യോഗങ്ങള്‍ വിളിക്കുമെന്ന മുന്‍നിലപാടില്‍ നിന്ന് ജോസഫ് അയഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രചാരണവുമായി സഹകരിക്കുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ ഇതിനായൊരു യോജിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. യുഡിഎഫ് കണ്‍വെന്‍ഷനില്‍ വെച്ച് തന്നെ കൂട്ടിവിളിച്ച് അപമാനിച്ചത് ജോസഫിനെ വിഷമിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം, കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ജോസഫ് വിഭാഗത്തിനെതിരെ കടുത്ത വിമര്‍ശനം വന്നിട്ടുണ്ട്. ഇതും ജോസഫിനെ പ്രകോപിപ്പിച്ച നടപടിയാണ്.
അതെസമയം ബെന്നി ബഹനാന്‍ തിരിച്ചെത്തിയിട്ടുണ്ട്. കുന്നത്തുനാട് ഭൂമി ഇടപാട് ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബെന്നി കഴിഞ്ഞദിവസം വൈകീട്ട് എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.