UPDATES

“ഭര്‍ത്താവിനൊപ്പം കിടക്കുന്നത് പോയിട്ട് വാഷിംഗ് മെഷീനില്‍ അലക്കാറ് പോലുമില്ല”; പുരോഗമന കേരളത്തിലെ ആര്‍ത്തവ കഥകള്‍

ആര്‍ത്തവ സമയത്ത് നമ്മുടെ ശരീരത്തില്‍ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ കൂടെ കിടക്കില്ല എന്ന് പറയുന്നത്- ഭാഗം 2

എന്താണ് നവോത്ഥാനാനന്തര പുരോഗമന കേരളത്തിലെ ആര്‍ത്തവ യാഥാര്‍ത്ഥ്യങ്ങള്‍? പുരോഗമന വീമ്പുപറച്ചിലുകള്‍ക്കും സാമൂഹിക ഉയര്‍ച്ചകളുടെ കണക്കെടുക്കലിനുമെല്ലാം ഒടുവില്‍ ഇവിടുത്തെ സ്ത്രീകള്‍, പെണ്‍കട്ടികള്‍ എവിടെയാണ് നില്‍ക്കുന്നത്? ആര്‍ത്തവം അശുദ്ധമോ? ഒരു അന്വേഷണം.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം ആര്‍ത്തവം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുന്നതിന് ആര്‍ത്തവമല്ല കാരണം എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. മറിച്ച് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട്, പ്രത്യുല്‍പ്പാദന സാധ്യതയുള്ള സമയത്ത് സ്ത്രീകളെ അവിടേക്ക് കയറ്റാനാവില്ല എന്നാണ് അവരുടെ വാദം. എന്നാല്‍ പ്രത്യുല്‍പ്പാദനവും ആര്‍ത്തവവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, ആര്‍ത്തവത്തോട് തന്നെയാണ് കേരളത്തിലെ പുരുഷന്‍മാര്‍ക്കും വിശ്വാസ സമൂഹത്തിനും എതിര്‍പ്പ് എന്ന് മറുപക്ഷവും വാദിക്കുന്നു. ആര്‍ത്തവം അശുദ്ധമല്ലെന്നും, ജൈവിക പ്രക്രിയ മാത്രമാണെന്നും അയിത്തം കല്‍പ്പിക്കേണ്ട ഒന്നല്ല ആര്‍ത്തവമെന്നും ഒരുകൂട്ടം സ്ത്രീകള്‍ സമൂഹത്തോട് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. എന്നാല്‍ സമൂഹത്തിലെ മറ്റൊരു വിഭാഗം സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവത്തെ എങ്ങനെ കാണുന്നു? അവരുടെ ആര്‍ത്തവ ദിനങ്ങള്‍ എങ്ങനെ? ഇത് അന്വേഷിച്ചാണ് സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിയത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സിലായത് ശ്രേയ സമൂഹത്തില്‍ ഒറ്റയല്ല എന്ന യാഥാര്‍ത്ഥ്യവും.  തഴപ്പായയിലേക്കും ഫൈബര്‍ കസേരകളിലേക്കും വിറകുപുരകളിലേക്കും ചുരുങ്ങുന്ന ‘തീണ്ടാരി’ ദിവസങ്ങളെക്കുറിച്ചുള്ള അഭിമാനത്തോടെയുള്ള പറച്ചിലുകള്‍ക്കാണ് കേള്‍വിക്കാരിയായത്. ആര്‍ത്തവ ദിനചര്യകളും വിശേഷങ്ങളും പങ്കുവക്കുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്ണുങ്ങള്‍.

ഇതിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം: ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

ഭാഗം 2

നിവൃത്തിയില്ലാത്തതിനാല്‍ ഇപ്പൊ അകത്തു കിടക്കാം

വിദ്യയുടെ വീട് ആധുനിക രീതിയില്‍ പണിത ഒന്നാണ്. അതിന്റെ ഒരു വശം മാറി വിറകുപുയുണ്ട്. പലവിധ സാധനങ്ങള്‍ കൂടിക്കിടക്കുന്ന ഒരു മുറിയും അതിന്റെ ഒരു വശത്തായി വിറകും കൂട്ടിവച്ചിട്ടുണ്ട്. അതിനരികില്‍ ഒരു കൊച്ചുമുറി താഴിട്ട് പൂട്ടിയിട്ടുണ്ട്. വിദ്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ ആചാരങ്ങളിലും പൂര്‍ണമായ യോജിപ്പില്ലെങ്കിലും അതെല്ലാം വേണമെന്ന് തന്നെയായിരുന്നു വിദ്യയുടെ അഭിപ്രായം. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തോടെ വിദ്യയുടെ മാത്രമല്ല, വീട്ടുകാരുടെ ഒന്നാകെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റിയ ഒരു കാര്യം നടന്നു. “ഞങ്ങള്‍ ഭയങ്കര വിശ്വാസികളാണ്. അതുകൊണ്ട് തന്നെ പിരീഡ്‌സും നാലുകുളിയും എല്ലാം ആചാരമായി തന്നെ അനുഷ്ഠിക്കുന്നവരായിരുന്നു. ഇപ്പോഴും ഉണ്ട്. മുമ്പ് ആ വിറകുപുരയോട് ചേര്‍ന്നുള്ള മുറിയിലേക്ക് നമ്മളെ മാറ്റുമായിരുന്നു. ഇപ്പോ അതില്ല. അതിന് ഒരു കാരണമുണ്ട്. ഞങ്ങളുടെ വീട്ടിലെ ഗേറ്റ് അടക്കാറില്ല. ഒരു ദിവസം പിരീഡ്‌സ് ആയി ഇരിക്കുമ്പോള്‍ ഫോണില്‍ പാട്ടുകേട്ടുകൊണ്ട് ഞാന്‍ ആ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പഴാണ് ഒരു പട്ടി കറങ്ങിത്തിരിഞ്ഞ് വന്നത്. വിറക് കൂട്ടിവച്ചിരിക്കുന്നതിനടുത്ത് ഏതോ ജീവിയെ പിടിക്കാന്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. ഞാന് പാട്ടും മൂളിക്കൊണ്ട് അതിനെ ഓടിക്കാന്‍ ചെന്നു. എന്നെ കണ്ടതും അത് മുരണ്ടു. എന്റെ നേരേക്ക് വന്നപ്പോള്‍ ഓടി. ആ വീടിന് ചുറ്റും എന്നെ മൂന്ന് വട്ടം ഓടിച്ചു. എന്നിട്ടും പട്ടി എന്നെ വിട്ടില്ല…

അച്ഛന്‍ എത്തിയിട്ടില്ലായിരുന്നു. അതാണ് ഗേറ്റ് അടക്കാതെ ഇട്ടിരുന്നതും. ബഹളം കേട്ട് അമ്മയും അച്ഛമ്മയും കൂടി പുറത്ത് വന്നപ്പഴേക്കും ഞാന്‍ എന്റെ പുറത്തെ മുറിയിലേക്ക് കയറി വാതിലടക്കാന്‍ നോക്കുകയായിരുന്നു”, വിദ്യ തുടര്‍ന്നു. “പക്ഷെ അപ്പഴേക്കും ആ പട്ടി എന്റെ ഒരു കാലില്‍ ഒന്നു കമ്മി. കടിക്കാന്‍ നോക്കിയതാണ്. പക്ഷെ പല്ലുകൊണ്ട് ഒരു പോറലേ ഉണ്ടായുള്ളൂ. എന്നാലെന്താ, പിന്നെ കുത്തിവപ്പ്, ബഹളം. എല്ലാവരും പേടിച്ച് പോയി. അന്ന് ഈ പ്രദേശം മുഴുവന്‍ പേപ്പട്ടി ശല്യം കൂടുതലായിരുന്നു. ഒറ്റയ്ക്ക് വന്ന പട്ടിയായതുകൊണ്ട് പേപ്പട്ടി ആയിരിക്കും എന്നത് തന്നെയായിരുന്നു സംശയം. അവസാനം ഹോഴ്‌സ് സീറം കുത്തിവച്ച് കാശ് കുറേ പൊടിഞ്ഞു. എന്തായാലും അതോടെ പുറംവാസം അവസാനിച്ചു. അത് ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു. ഇപ്പോ വലിയ കുഴപ്പമില്ല. വീട്ടില്‍ വേറെ മുറിയില്‍ ഒതുങ്ങിക്കൂടണം. എന്നാലും അത്രേം ആശ്വാസം.”

നാപ്കിനും ഒളിവ്

അമ്പിളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗസ്റ്റ് അധ്യാപികയാണ്. പക്ഷെ ഇപ്പോഴും നാപ്കിന്‍ ഉപയോഗിക്കാന്‍ വീട്ടില്‍ നിന്ന് അനുവാദമില്ല. അതിനുള്ള കാരണം അമ്പിളി പറയുന്നത്, “വീട്ടില്‍ അച്ഛന്റെ അമ്മ ഭയങ്കര സ്ട്രിക്റ്റ് ആണ്. പാഡ് ഉപയോഗിക്കാന്‍ സമ്മതിക്കില്ല. തുണി തന്നെ ഉപയോഗിക്കണം. അതിന് കാരണം പറയുന്നത് ഗര്‍ഭപാത്രം ലൂസ് ആവും, കുഞ്ഞുങ്ങളുണ്ടാവില്ല എന്നാണ്. ആള് ഇതുപോലെ പഴഞ്ചന്‍ ആദര്‍ശങ്ങളാണെങ്കിലും ഹൈടെക് ആണ്. വാട്‌സ്ആപ്പ് ഒക്കെ നോക്കും. കഴിഞ്ഞയിടക്ക് എന്നോട് പറയുന്നുണ്ടായിരുന്നു, ‘നിന്നോട് പാഡ് വേണ്ടെന്ന് പറയുമ്പോള്‍ വലിയ മുറുമുറുപ്പല്ലേ. ദേ, കണ്ടോ വാട്‌സ്ആപ്പില്‍ ‘സതാതന ധര്‍മ്മ സംരക്ഷണ കൂട്ടായ്മ’ യില്‍ വന്നതാണ്. പെണ്ണുങ്ങള് പാഡ് ഉപയോഗിച്ചാല്‍ അണുബാധ വരും, പ്രത്യുത്പ്പാദന ശേഷി കുറയും എന്ന്. ഞാന്‍ പറയുമ്പഴല്ലേ പ്രശ്‌നം’ എന്ന്. എന്ത് പറയാനാണ്. വാട്‌സ്ആപ്പ് ഒക്കെ ഉപയോഗിക്കുന്നവര്‍ക്കെങ്കിലും ഈ പഴഞ്ചന്‍ ചിന്ത മാറ്റിവച്ചൂടേ? കോളേജില്‍ പഠിക്കുമ്പോള്‍ പോലും പാഡ് ഉപയോഗിച്ചിട്ടില്ല. ഇപ്പോ, ജോലി കിട്ടിയതിന് ശേഷം ഞാന്‍ പാഡ് വാങ്ങി വയ്ക്കും. വീട്ടില്‍ വച്ച് ഉപയോഗിക്കില്ല. കോളേജില്‍ വന്ന് പാഡ് വക്കും. തിരിച്ചും വീട്ടിലേക്ക് കൊണ്ടുപോവില്ല. വീട്ടിലേക്ക് നടക്കുന്ന വഴി ഒരു ഉപയോഗിക്കാതെ കിടക്കുന്ന പറമ്പുണ്ട്. അങ്ങോട്ട് വലിച്ചെറിയും. തെറ്റാണെന്നറിയാം. പക്ഷെ എന്ത് ചെയ്യും? വീട്ടിലിരിക്കുമ്പോ ടെന്‍ഷനാണ്. ബാഗ് എങ്ങാനും നോക്കുവോ എന്ന് പേടിച്ച്. അമ്മ ടീച്ചറാണ്. അമ്മ ഇപ്പോഴും പാഡ് ഉപയോഗിക്കാന്‍ അച്ഛമ്മ സമ്മതിക്കില്ല. എന്തിനാണ് കൂടുതല്‍ പറയുന്നത്, പാന്റീസ് ഉപയോഗിക്കാന്‍ പോലും സമ്മതിക്കില്ല. ഒന്നര മുണ്ട് മാത്രമേ അമ്മയെക്കൊണ്ട് ഉടുപ്പിക്കുവൊള്ളൂ. അമ്മ പാന്റീസ് ഒക്കെ ഉപയോഗിച്ചിരുന്നയാളാണ്. ഇവിടെ വന്നപ്പോള്‍ അതെല്ലാം മാറ്റിച്ചു. ഒന്നരമുണ്ടും അതിനുള്ളില്‍ മെന്‍സസ് തുണിയും ഒക്കെയായി പാവം അമ്മ ചിലപ്പോള്‍ ചൂടെടുത്തിട്ട് നിക്കാന്‍ പറ്റില്ല എന്ന് പറയും.”

വാഷിങ് മിഷ്യനും അശുദ്ധമാവും

“കല്യാണം കഴിഞ്ഞ് വന്നതിന് ശേഷമാണ് പീരീഡ്‌സ് വെറുക്കുന്ന അവസ്ഥയിലേക്ക് വന്നത്. വാഷിങ് മിഷ്യനില്‍ തുണി പോലും അലക്കാന്‍ പറ്റാത്ത തരത്തില്‍ അശുദ്ധമാണ് ഇവിടെ പീരീഡ്‌സ്“, അഞ്ജിത വലിയ നിരാശയോടെയാണ് ഇത് പറയുന്നത്. സ്വന്തമായി ബൂട്ടിക് നടത്തുന്നയാളാണ് അഞ്ജിത; 29 വയസ്സ്. “കല്യാണത്തിന് മുമ്പ് പീരീഡ്‌സ് വരുന്നതും പോവുന്നതും പോലും ആരും അറിയില്ലായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയതോടെയാണ് പീരീഡ്‌സ് വന്നാല്‍ ഡ്രസ്സില്‍ തൊടാന്‍ പാടില്ല, ഷെല്‍ഫില്‍ തൊടാന്‍ പാടില്ല, ബെഡ്ഡ് മാറിക്കിടക്കണം എന്നൊക്കെ അറിഞ്ഞത്. പണ്ടൊക്കെ അമ്പലത്തില്‍ പോവില്ല എന്ന് മാത്രമായിരുന്നു. ഇപ്പോള്‍ ഫുഡ് ഉണ്ടാക്കുന്നതിനും എല്ലാവരുടേയും കൂടെയിരുന്ന് കഴിക്കുന്നതിന് പോലും പല രീതിയിലുള്ള റസ്ട്രിക്ഷന്‍സ് ആണ്. ആണുങ്ങള്‍ അമ്പലത്തില്‍ പോവുന്നുണ്ടെങ്കില്‍ അവര്‍ക്ക് നമ്മള്‍ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ പാടില്ല. നമ്മള്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചുകഴിഞ്ഞ് കുളിച്ചിട്ടാണ് അമ്പലത്തില്‍ പോവുന്നതെങ്കില്‍ പോലും ഉണ്ടാക്കരുതെന്ന് പറയും. അമ്മയൊക്കെ അമ്പലത്തില്‍ പോവുകയാണെങ്കില്‍, അവര്‍ കുളിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ തൊടാതെ മാറി നില്‍ക്കണം. ഡ്രസ് കഴുകാന്‍ സമ്മതിക്കില്ല. മൂന്ന് ദിവസത്തേക്ക് തുണി അലക്കരുതെന്നാണ്. ഞാനെന്നിട്ട് എന്റെ ഇന്നര്‍വെയര്‍ എല്ലാം അവര്‍ കാണാതെ ബാത്‌റൂമില്‍ കഴുകിയിടും. ഇനി അഥവാ അലക്കിയാല്‍ തന്നെ എവിടെയെങ്കിലും മാറ്റിയിട്ട് ഉണക്കിയെടുക്കണം. അവരുടെ തുണികളുമായിട്ടൊന്നും മിക്‌സ് ചെയ്യാന്‍ പാടില്ല. വാഷിങ് മിഷ്യനില്‍ അലക്കാന്‍ സമ്മതിക്കില്ല. നമ്മുടെ തുണി മാത്രമിട്ട് അലക്കാമെന്ന് പറഞ്ഞാലും, വാഷിങ് മിഷ്യന്‍ അശുദ്ധമാവും എന്ന് പറഞ്ഞ് അത് സമ്മതിക്കില്ല. ഇപ്പോ വീട്ടില്‍ അത്ര പ്രശ്‌നമില്ല. അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് ഞാന്‍ ചെയ്യുന്ന പലകാര്യങ്ങളും അമ്മയ്ക്ക് ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ നമ്മളോട് ചെയ്‌തോളാന്‍ പറയും. എപ്പഴോ ഒന്ന് വാട്‌സ്ആപ്പില്‍ വായിച്ചിട്ടുണ്ട്. ശുദ്ധവും അശുദ്ധവുമൊക്കെ നമ്മള്‍ പറയും, എന്നിട്ട് അതിനെ ലംഘിച്ചുകൊണ്ട് നമ്മള്‍ ആദ്യം എഴുതുന്നത് പത്താംക്ലാസ്സിലെ ബയോളജി പരീക്ഷയാണ്. ഒരു മാര്‍ക്കിന് വേണ്ടി അത് ലംഘിച്ച് എഴുതാമെങ്കില്‍ പിന്നെ ജീവിതത്തില്‍ അത് എന്തിനാണ് പിടിച്ചുകൊണ്ട് നിക്കുന്നത്?”

ഭര്‍ത്താവിനൊപ്പം കിടക്കില്ല

“അതിന് ആ സമയത്ത് ആര് ബെഡ്ഡില്‍ കിടക്കുന്നു? നിലത്ത് പലകയിട്ട് അതില്‍ പായ വിരിച്ച് കിടക്കും. ആ പായ പിന്നെ വേറൊന്നിനും ഉപയോഗിക്കത്തില്ല. ആ പായ് കഴുകി വേറൊരു സ്ഥലത്ത് വയ്ക്കും.” സന്ധ്യയ്ക്ക് 43 വയസ്സാണ്. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ പാക്കിങ് തൊഴിലാളി. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍. ഒരാള്‍ പ്ലസ് വണ്ണിനും രണ്ടാമത്തെയാള്‍ നാലാംക്ലാസ്സിലും പഠിക്കുന്നു. “ഞാനും മക്കളും ഈ സമയത്ത് മാറിയേ കിടക്കത്തൊള്ളൂ. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് കിടക്കത്തില്ല. പണ്ട് തൊട്ടേ അത് ശീലിച്ചതാ. ഇപ്പഴും അങ്ങനെ തന്നെ. നാല് ദിവസം കഴിയുമ്പോള്‍ മുറിയെല്ലാം കഴുകി, കിടക്കണ സ്ഥലമെല്ലാം തുടച്ച് വൃത്തിയാക്കും. നില അനങ്ങിയുള്ള ജോലികളൊന്നും ചെയ്യില്ല. മക്കളെല്ലാം സമ്മതിക്കും. അവര്‍ എല്ലാം ചെയ്യുന്നുണ്ട്. കാരണം അവരെ നമ്മള്‍ കുഞ്ഞിലേ മുതല്‍ മാറ്റിക്കിടത്തി ശീലിപ്പിച്ചതാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ മാത്രമേ അല്ലാതെ അടുത്തുകിടത്തുകയുള്ളൂ. ഇത് അശുദ്ധിയാണെന്ന് പറയാനൊക്കത്തില്ല. പക്ഷെ എന്ത് പറഞ്ഞാലും അമ്പലത്തില്‍ ആ സമയത്ത് പോകത്തില്ല. കാരണം നമ്മുടെ ശരീരത്തില്‍ ഒരു നെഗറ്റീവ് എനര്‍ജിയുണ്ട് ആ സമയത്ത്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ കൂടെ കിടക്കില്ല എന്ന് പറയുന്നത്.”

ചാണകവെള്ളത്തില്‍ ശുദ്ധി

കപ്പലണ്ടി കച്ചവടം നടത്തുന്നയാളാണ് അംബിക, 41വയസ്സ്. നാല് ദിവസവും ശുദ്ധിയനുഷ്ഠിച്ച് നാലാംനാള്‍ ചാണകവെള്ളം തളിച്ച് മുറികളും വസ്ത്രങ്ങളും വൃത്തിയാക്കുന്ന സ്ത്രീ. “മെന്‍സസ് ആയിരിക്കുന്ന എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് അടിച്ചുനനച്ച് കുളിച്ചിട്ടാണ് എല്ലാ പണിയും ചെയ്യുന്നത്. പിന്നെയേ അടുപ്പില്‍ തീപിടിപ്പിക്കുകയുള്ളൂ. നാല് ദിവസം അങ്ങനെ തന്നെ. നാല് കുളിച്ച്, അന്ന് ഉപയോഗിക്കുന്ന പായും പുതപ്പും തുണികളും ചാണകം കലക്കി വച്ച് തളിച്ച് ശുദ്ധമാക്കും. എന്നിട്ടേ നമ്മള്‍ എന്തെങ്കിലും ചെയ്യുവൊള്ളൂ. ആറിന്റന്നേ വിളക്ക് വക്കൂ. പുണ്യാഹത്തേക്കാള്‍ ശുദ്ധി ചാണകത്തിനാണ്. എല്ലാംകൂടി മുക്കി പറമ്പില്‍ വിരിച്ചിട്ടേ ചാണകം തളിക്കൂ. പെരേടകത്ത് എല്ലാ മുറിയിലും ചാണകം കലക്കിത്തളിക്കും. അലമാരിയിലും പൂജാമുറിയിലും അടുക്കളയില്‍ വരെ ഞാനത് തളിക്കും. അന്നക്കന്ന് എല്ലാ തുണിയും കഴുകിയിടും. എന്നിട്ട് നാലിന്റന്ന് എല്ലാംകൂടി പിന്നെയും മുക്കിയിടും. മൂന്ന് പെണ്‍കുട്ടികളുണ്ട്. അവരെല്ലാം ഇത് തന്നെ ചെയ്യും. പക്ഷെ എന്നതാന്നേ, ശുദ്ധി അശുദ്ധിയും എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ? പെണ്ണുങ്ങളായി ജനിച്ച് പോയാല്‍ ഇതൊണ്ട്. പിന്നെ പറഞ്ഞിട്ടെന്തിനാ? ദേവിമാര്‍ക്കും ഇതുണ്ട്. പിന്നെ നമ്മുടെ സമാധാനത്തിന് ചെയ്യുന്നു. ദേവിമാരും ശുദ്ധി വരുത്തിയിട്ടല്ലേ? അപ്പോ നമ്മളും അതുപോലെ നോക്കിയെങ്കിലേ അതിന്റെ പുണ്യം നമുക്ക് കിട്ടുവൊള്ളൂ. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നമുക്കും വീട്ടിലത്തേക്കും പുണ്യം വേണമെന്നുണ്ടെങ്കില്‍ അത് നോക്കിയേ പറ്റുവൊള്ളൂ.”

നിസ്‌കാരത്തിന് മാത്രം നിയന്ത്രണം

‘ഞങ്ങള്‍ക്കില്ല എന്ന് പറയാന്‍ പറ്റില്ല.’ ബാങ്ക് ജീവനക്കാരിയായ 25 കാരി നജ്മ ഹയറുന്നീസയുടെ വാക്കുകള്‍. “ആ സമയത്ത് നിസ്കരിക്കാന്‍ പറ്റില്ല. പക്ഷെ വേറൊന്നിനും കുഴപ്പമില്ല. മാറ്റിനിര്‍ത്തുകയോ തൊടാതിരിക്കുകയോ ഒന്നുമില്ല. പക്ഷെ ഇങ്ങനെയായിരിക്കുമ്പോള്‍ അടുത്തുള്ള ഹിന്ദുക്കളുടെ വീടുകളില്‍ പോവില്ല. അവര്‍ വിളക്ക് കത്തിക്കുന്നതല്ലേ. അവര്‍ ആരെങ്കിലും വീട്ടില്‍ വന്ന് എന്തെങ്കിലും ചോദിച്ചാല്‍ അഡ്വാന്‍സ് ആയിട്ട്, ഞങ്ങള്‍ പറയും പുറത്തായിരിക്കുകയാണെന്ന്. അത് ചെയ്തില്ലെങ്കില്‍ മനസ്സിന് എന്തോ വല്ലായ്ക തോന്നും. തെറ്റ് ചെയ്‌തോന്നുള്ള വിചാരമായിരിക്കും.”

മാറാന്‍ ഇനിയും ഒരു തലമുറകൂടി വളരണം

ശ്രീലക്ഷ്മി-21 വയസ്സ്, “പണ്ട് ഞങ്ങളുടെ നാലുകെട്ടായിരുന്നു. അവിടെ ഇതുപോലുള്ള ആചാരങ്ങള്‍ നോക്കിക്കൊണ്ടിരുന്നതാണ്. വിളക്ക് കത്തിക്കുന്ന സ്ഥലത്ത് വരാന്‍ പാടില്ല, അലമാരിയില്‍ നിന്ന് ഡ്രസ് എടുക്കാന്‍ പാടില്ല, നാല് ദിവസവും നാല്‌കെട്ടിന്റകത്ത് എന്തായാലും പോവാന്‍ പാടില്ല. ടിവി കാണണമെങ്കില്‍ പുറത്ത് ഒരു മുറിയില്‍ ഇരുന്ന് കാണണം. അടുക്കളയില്‍ കയറില്ല. കലത്തില്‍ നിന്ന് ചോറ് നേരിട്ട് എടുക്കാന്‍ കഴിയില്ലായിരുന്നു. എടുത്ത് ഒരു പാത്രത്തില്‍ നമുക്ക് തരും. പക്ഷെ ഇപ്പോള്‍ കാലം മാറിയതിനനുസരിച്ച് ചിന്താഗതികള്‍ മാറിയതുകൊണ്ടായിരിക്കാം, ഇപ്പോള്‍ അത്ര വലിയ കാര്യമില്ല. എന്നാലും പറയും ശുദ്ധം നോക്കണം, അമ്പലത്തിലൊക്കെ പോവേണ്ടതായതുകൊണ്ട് അലമാരിയില്‍ നിന്ന് ഡ്രസ് എടുത്താല്‍ എല്ലാം കഴുകേണ്ടി വരും എന്നൊക്കെ. നമ്മളും അതിനെ വലുതായൊന്നും വകവച്ചു കൊടുക്കാറില്ല. നമ്മുടെ ഉള്ളില്‍ ഉള്ളത് പോലെ പറ്റുന്നത് പോലെ ചെയ്യും. മുറിയില്‍ മാറ്റിയിരിപ്പ്, പായും തലയിണയും തന്ന് വേറെ കിടത്തുക, അത്രയൊന്നും ഇപ്പോഴില്ല. അടുക്കളയില്‍ മുഴുവന്‍ ചോറുള്ള ഒരു കലത്തില്‍ നിന്ന് നമ്മള്‍ എടുത്താല്‍, അത് എല്ലാവര്‍ക്കും കഴിക്കാനുള്ളതാണ്, നമ്മുടെ ദേഹം ശുദ്ധമല്ലാത്തതിനാല്‍ അതില്‍ നിന്ന് എടുത്താല്‍ അത് അശുദ്ധമാവും എന്ന് ഇപ്പോഴും പറയും. എന്നിട്ട് നമുക്ക് ചോറ് എടുത്ത് തരും. പക്ഷെ അടുക്കളയില്‍ കയറുന്നതിന് ഇപ്പോള്‍ കുഴപ്പമില്ല. ഏഴ് ദിവസം വിളക്കില്‍ തൊടരുത്. ചൂല് എടുപ്പിക്കില്ല. പൂച്ചെടികളെ തൊടുകയോ പൂപറിക്കുകയോ ചെയ്താല്‍, നമുക്ക് അപ്പോള്‍ ക്ഷീണമുള്ളതുകൊണ്ട് തൊട്ടാല്‍ അത് വാടിത്തളര്‍ന്ന് പോവും എന്നാണ് പറയാറ്. നൂല്, തുണി ഇതിനൊക്കെയാണ് അശുദ്ധം എന്നാണ് അമ്മ പറയാറ്. അതുകൊണ്ട് സെറ്റിയിലും ദിവാന്‍കോട്ടിലും ഡൈനിങ് ടോബിളിന്റെ കസേരയിലുമൊന്നും ഇരുത്താറില്ല. പ്ലാസ്റ്റിക് കസേരയുണ്ട്. ശരിക്കും ശുദ്ധി എന്ന് പറയാനൊന്നുമില്ല. പ്രായപൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രോസസ് ആണ്. അത് വന്നതുകൊണ്ട് ഒരു പെണ്‍കുട്ടിക്ക് ശുദ്ധികേടായി വരാനെന്താ? എല്ലാവര്‍ക്കും ഉള്ളത് തന്നെയല്ലേ. കാലാകാലമായി ഇവരെല്ലാം കേട്ടുവരുന്നവരാണ്. പക്ഷെ ഞങ്ങളുടെ തലമുറ അത് എന്തുകൊണ്ടെന്ന് റീസണ്‍ ചോദിക്കുന്നവരാണ്. പക്ഷെ ഈ ജനറേഷനില്‍ അത് മുഴുവനായും മാറില്ല. ഇനിയൊരു ജനറേഷന്‍കൂടി വന്നാലേ ഈ റസ്ട്രിക്ഷന്‍ എല്ലാം പൂര്‍ണമായും മാറുകയുള്ളൂ.”

ക്രിസ്ത്യാനിക്ക് ഇതൊന്നുമില്ല

“ഞാന്‍ ക്രിസ്ത്യാനിയാണ്. ഞങ്ങക്കിതൊന്നും ഒന്നുമല്ല“, ബിന്‍സി പറഞ്ഞു. “ഒള്ള കാര്യം പറയാല്ലോ. ഞങ്ങടെ ജാതീപ്പെട്ടവര്‍ക്ക് ഇതൊന്നും കണക്കിലില്ല. ആണെങ്കില്‍ ആണ് അല്ലെങ്കില്‍ അല്ല. ഞങ്ങള് പള്ളീലും പോവും പ്രാര്‍ഥനേം നടത്തും. പിന്നെ ഒത്തിരി എണ്ണയുള്ളതും, കൊഴുപ്പൊള്ളതും കഴിക്കരുതെന്നൊക്കെ കാര്‍ന്നവന്‍മാര്‍ പറയും. പക്ഷെ ഇപ്പോ അതും ഒന്നും നോക്കാറില്ല. ഓ, എന്നാത്തിനാ അതൊക്കെ നോക്കീട്ട്. എന്റെ കൂടെ സ്‌കൂളില്‍ വര്‍ക്ക് ചെയ്യുന്ന ചില ടീച്ചര്‍മാരൊക്കെ ഈ ശുദ്ധീം വൃത്തീം പറഞ്ഞുകേള്‍ക്കാറുണ്ട്. എനിക്കതിനോടൊന്നും യോജിപ്പില്ല. പിന്നെ, ക്രിസ്ത്യാനികളായ നമ്മള് പറഞ്ഞാല്‍ അവര് വിചാരിക്കും മതം പറയുവാണെന്ന്. അതുകൊണ്ടേ നമ്മള്, ദേ, എല്ലാം കേട്ടോണ്ടിരിക്കും. അത്രേയൊള്ളൂ.”

കുഴികഴിച്ച് ഭക്ഷണം കഴിക്കലില്‍ നിന്ന് മാറി

പഴയകാലവും പുതിയകാലവും സംഭവിച്ച വ്യത്യാസങ്ങള്‍ നിരത്തിയാണ് 73-കാരിയായ വസന്തകുമാരി ആര്‍ത്തവ ദിവസങ്ങളെക്കുറിച്ച് പറഞ്ഞത് – “ഞങ്ങളുടെ കാലത്ത് വേറെ മാറി നിക്കുവായിരുന്നു. രാത്രി വെറും ചാക്ക് നിവര്‍ത്തിയിട്ടിട്ട് നേരെ അതില്‍ കിടക്കും. നാലാംപക്കം അതെടുത്ത് അലക്കി ബെഡ്ഡിന്റെ അടിയില്‍ വക്കും. മണ്ണില്‍ ഒരു കുഴി കുഴിക്കും. അതില്‍ കിണ്ണം വക്കും. കിണ്ണം തറയില്‍ വക്കില്ല. കിണ്ണത്തിനകത്ത് ചോറിട്ട് തരും. എച്ചില്‍ താഴെ വീണാല്‍ ഞങ്ങളുടെ എച്ചില്‍ എടുക്കാന്‍ പാടില്ലല്ലോ? എച്ചില്‍ താഴെ വീഴാതിരിക്കാനാണ് കുഴി കുഴിക്കുന്നത്. കുഴി ഞങ്ങള്‍ തന്നെ മൂടണം. പാത്രം കഴുകി മാറ്റിവക്കണം. നാലാം ദിവസം പ്ലേറ്റ് ചാണകവെള്ളത്തില്‍ കഴുകി ശുദ്ധമാക്കണം. അതുകഴിഞ്ഞ് നാലാംകുളി കുളിച്ച് അകത്തുകയറും. എഴ് കുളിച്ച് കഴിഞ്ഞ് പൂജാമുറിയിലും കയറും. ചിലവര്‍ക്ക് ഏഴാം പക്കംവരെ മെന്‍സസ് നീണ്ട് നില്‍ക്കും. നാല് ദിവസം പുറത്ത് മാറുമ്പോള്‍ ഭര്‍ത്താവിന് ചോറ് കൊടുക്കാന്‍ പാടില്ല. പണ്ടത്തെയാളുകളെല്ലാം ഇപ്പോള്‍ മരിച്ചു. ചിട്ടകളും മാറി. ഇപ്പോള്‍- ഞങ്ങള്‍ രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അകത്ത് കയറും. പുറത്ത് മാറില്ല. എന്റെ മരുമക്കള്‍ രണ്ടാളും അങ്ങനെയാണ്. പക്ഷെ ഭര്‍ത്താവിന് വിളമ്പില്ല. അമ്മായിഅമ്മമാര്‍ ഉണ്ടാക്കി വക്കും. മക്കള്‍ വിളമ്പി കഴിച്ചോളണം. ഭര്‍ത്താവിന് ചായ പോലും കൊടുക്കരുതെന്നാണ്. ഇപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യങ്ങളും നോക്കണ്ട കാരണം, ആ രീതിയിലൊക്കെയാണ് നിക്കുന്നത്. ഭര്‍ത്താവ് കട്ടിലില്‍ കിടക്കുകയാണെങ്കില്‍ താഴെ വെറും നിലത്ത് പായ വിരിച്ച് സ്ത്രീകള്‍ കിടക്കണം. ഒരു മുറിയില്‍ കിടക്കാന്‍ പാടില്ലെന്നാണ്. പക്ഷെ കൊച്ചുകുട്ടികളുള്ളതുകൊണ്ട് ഒരു മുറിയില്‍ കിടന്നേ പറ്റൂ. ഒന്നും അശുദ്ധമാക്കരുത്. തുണികളും അഴയും ഒന്നും തൊടരുത്. രാവിലെ കുളിച്ച് കയറി വന്നിട്ട് വേണം പാത്രങ്ങള്‍ തൊടാന്‍. നാല് കഴിഞ്ഞാല്‍ പുണ്യാഹം തളിക്കണം. അശുദ്ധമാണിത്. പിന്നെ ആര്‍ത്തവം എന്താണെന്ന് ആണുങ്ങള്‍ക്ക് അറിയാന്‍ പാടില്ല. അത് പെണ്ണുങ്ങള്‍ക്ക് മാത്രമേ അറിയൂ. സ്വന്തം ഭര്‍ത്താവ് ഒരു മുറിയില്‍ തന്നെയുണ്ടെങ്കിലും അത് പറയാന്‍ ഞങ്ങള്‍ക്കൊരു മടിയുണ്ട്. അത് കാണുമ്പോള്‍ തന്നെ അവര്‍ പേടിച്ച് പോവും. അതുകൊണ്ട് എല്ലാം മൂടിവക്കും.”

ആര്‍ത്തവവുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പറച്ചിലുകള്‍ അഴിമുഖം തത്ക്കാലത്തേക്ക് ചുരുക്കുകയാണ്. അമ്പതോളം സ്ത്രീകളെ ഇതുമായി ബന്ധപ്പെട്ട് നേരില്‍ കേട്ടു. സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഇവരുടെയെല്ലാം അനുഭവങ്ങള്‍ക്ക് സമാനതകളായിരുന്നു ഏറെ. അതിനാല്‍ ഇവരെ പ്രതിനിധാനം ചെയ്തുള്ള 16 പേരുടെ അനുഭവങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

(തുടരും)

ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍