UPDATES

ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം ആര്‍ത്തവം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമായി

ദേ, നോക്ക് ചേച്ചീ… ഈ പാത്രം കണ്ടോ? ഇത് ‘ചീക്ക’ പാത്രമാണ്”, ശ്രേയ ഒരു പാത്രവും എടുത്തുകൊണ്ടാണ് എന്റെ മുന്നിലേക്ക് വന്നത്. പാത്രം കാട്ടിക്കൊണ്ട് അവള്‍ ഒന്ന് കൈപൊത്തി ചിരിച്ചു. “ഇത് വീടിന്റകത്തുകൂടി ഇങ്ങോട്ട് എടുത്തന്നെങ്ങാന്‍ മറ്റേമ്മ (അച്ഛന്റെ അമ്മ) അറിഞ്ഞാല്‍… ഹെന്റമ്മോ… പിന്നെയൊരു ഉപദേശം തൊടങ്ങും. വീട് മുഴുവന്‍ പുണ്യാഹം കൊണ്ട് നിറയും”, വീണ്ടും ചിരിച്ചുകൊണ്ട് തന്നെ ശ്രേയ തുടര്‍ന്നു. ഇതിനിടെ അവള്‍ പറയുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യാനോ, വീഡിയോയില്‍ പകര്‍ത്താനോ ഞാന്‍ ശ്രമിക്കും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് അവള്‍ തടഞ്ഞു. “എന്റെ പൊന്ന് ചേച്ചീ, എനിക്ക് തല്ല് മേടിച്ച് തരല്ലേ. മറ്റേമ്മ അയല്‍ക്കൂട്ടത്തിന് പോയത് കൊണ്ടാണ് ചേച്ചിയോട് സംസാരിക്കാനെങ്കിലും പറ്റിയത്. വേണമെങ്കില്‍ എന്റെ പേര് കൊടുത്തോ. പക്ഷെ ഫോട്ടോയും വീഡിയോയും ഒന്നും വേണ്ടേ”, ഇല്ല എന്ന് ഉറപ്പ് കൊടുത്തപ്പോള്‍ ശ്രേയ പറഞ്ഞു തുടങ്ങി, അവളുടെ ‘ആ നാല് ദിവസങ്ങളെ’ക്കുറിച്ച്. “എനിക്കെത്ര വയസ്സാണെന്ന് ചേച്ചിക്കറിയാമോ? 14. എന്റെ പ്രായത്തിലുള്ള കൊച്ചാണ് തമിഴ്‌നാട്ടില്‍ ഗജയില്‍ തെങ്ങുവീണ് മരിച്ചത്. എന്റെ പൊന്നമ്മച്ചിയാണേ സത്യം, എന്റെ ചേച്ചീ, ഞാനെപ്പഴും സ്വപ്‌നം പോലും കാണും. ഞാനും അത് പോലെ ചത്ത് പോകുന്ന സീന്‍. സത്യം പറഞ്ഞാ അങ്ങനെയൊക്കെ എന്തേലും നടന്നാലേ എന്റെ വീട്ടുകാര്‍ മാറത്തൊള്ളൂ. ഈ പാത്രം കണ്ടോ, നാല് ദിവസം ഭക്ഷണം കഴിക്കാന്‍ എനിക്കും അമ്മക്കും ചേച്ചിക്കുമായിട്ട് മാറ്റി വച്ചിരിക്കുന്നതാണ് ഇത്. പിരീഡ്‌സ് അല്ലാത്ത സമയം ഈ പാത്രം തൊടാന്‍ പോലും പാടില്ല. ഇതീ തൊട്ടാ നമ്മള് പിന്നേം അശുദ്ധമാവും. പക്ഷെ, ഒരു കാര്യമുണ്ടല്ലോ ചേച്ചീ, ഞങ്ങളുടെ വീട്ടിലെ പട്ടിക്ക് ചോറുകൊടുക്കുന്ന പാത്രം ഞങ്ങക്കെല്ലാവര്‍ക്കും എല്ലാ ദിവസവും എടുക്കാം, തൊടാം. പക്ഷെ ഈ പാത്രം മാത്രം ആ നാല് ദിവസമല്ലാതെ തൊടാന്‍ പാടില്ല. തൊട്ടാല്‍ മറ്റേമ്മ അമ്പലത്തില്‍ പോയി പുണ്യാഹം വാങ്ങിച്ച് തളിക്കും. എന്നിട്ട് വീട്ടില്‍ വച്ചിരിക്കുന്ന ദൈവത്തിന്റെ ഫോട്ടോയ്ക്ക് മുന്നില്‍, ‘അറിവില്ലാ പൈതങ്ങള്‍ ചെയ്ത അപരാധം പൊറുക്കണമേ’ എന്ന് പറഞ്ഞ് മൂന്ന് തവണ തൊഴുത് പിടിച്ചോണ്ട് വട്ടംകറങ്ങും. ഒരു പ്ലാസ്റ്റിക് കസേരയുണ്ട്. ഞങ്ങടെ വീടിന്റെ അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിന്റവിടെ അത് കിടക്കുന്നുണ്ട്. പിരീഡ്‌സ് ആയാല്‍ പിന്നെ വീട്ടിലെങ്ങും ഇരുത്തത്തില്ല. ആ കസേരയില്‍ പോയി ഇരുന്നോണം. ആ സമയത്ത് സ്‌കൂളില്‍ നിന്ന് എഴുതാനുള്ളതൊക്കെ കയ്യില്‍ പിടിച്ച് എഴുതും. ടേബിളില്‍ തൊടാന്‍ പറ്റില്ല. കഴിക്കാനുള്ള ഭക്ഷണം ഈ ‘ചീക്ക’ പാത്രത്തില്‍ തരും. ഒരു ഗ്ലാസും മാറ്റിവച്ചിട്ടുണ്ട്. ബാത്‌റൂമില്‍ പോണേല്‍ പുറത്തതില്‍ പോണം. കിടക്കാന്‍ മാത്രം അകത്ത് കയറാം. അതും നേരെ മുറിയിലേക്ക്. പോവുമ്പോള്‍ അവിടേം ഇവിടേം ഒന്നും മുട്ടാതെ, ഭിത്തിയില്‍ പോലും തൊടാതെ നേരെ നടന്ന് കേറണം. നാലാം ദിവസം കുളികഴിഞ്ഞ് കിടന്ന പുതപ്പും പില്ലോ കവറും എല്ലാം ഞാന്‍ തന്നെ വെള്ളത്തില്‍ മുക്കി വക്കണം. ആരേലും കഴുകിയിട്ടോളും. ഇതൊക്കെക്കൊണ്ടാണോ എന്നറിഞ്ഞൂട, എനിക്ക് പിരീഡ്‌സ് ഇഷ്ടല്ല. മൂന്ന് വര്‍ഷായി ഇങ്ങനെ”. ആര്‍ത്തവത്തിന് ശ്രേയയുടെ വീട്ടുകാര്‍ പറയുന്നതും ‘പുറത്തായി’ എന്നാണ്. ആര്‍ത്തവദിനങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ ഇവരെല്ലാം പുറത്താവും, അല്ലെങ്കില്‍ പുറത്താക്കപ്പെ. ഇത് പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന, ഗൈഡ്‌സില്‍ അംഗമായ (അവള്‍ തന്നെക്കുറിച്ച് അഭിമാനത്തോടെ പറയുന്ന കാര്യങ്ങള്‍) ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ശ്രേയയുടെ ജീവിതം.

എന്താണ് നവോത്ഥാനാനന്തര പുരോഗമന കേരളത്തിലെ ആര്‍ത്തവ യാഥാര്‍ത്ഥ്യങ്ങള്‍? പുരോഗമന വീമ്പുപറച്ചിലുകള്‍ക്കും സാമൂഹിക ഉയര്‍ച്ചകളുടെ കണക്കെടുക്കലിനുമെല്ലാം ഒടുവില്‍ ഇവിടുത്തെ സ്ത്രീകള്‍, പെണ്‍കട്ടികള്‍ എവിടെയാണ് നില്‍ക്കുന്നത്? ആര്‍ത്തവം അശുദ്ധമോ? ഒരു അന്വേഷണം.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം ആര്‍ത്തവം വീണ്ടും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുന്നതിന് ആര്‍ത്തവമല്ല കാരണം എന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. മറിച്ച് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട്, പ്രത്യുല്‍പ്പാദന സാധ്യതയുള്ള സമയത്ത് സ്ത്രീകളെ അവിടേക്ക് കയറ്റാനാവില്ല എന്നാണ് അവരുടെ വാദം. എന്നാല്‍ പ്രത്യുല്‍പ്പാദനവും ആര്‍ത്തവവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി, ആര്‍ത്തവത്തോട് തന്നെയാണ് കേരളത്തിലെ പുരുഷന്‍മാര്‍ക്കും വിശ്വാസ സമൂഹത്തിനും എതിര്‍പ്പ് എന്ന് മറുപക്ഷവും വാദിക്കുന്നു. ആര്‍ത്തവം അശുദ്ധമല്ലെന്നും, ജൈവിക പ്രക്രിയ മാത്രമാണെന്നും അയിത്തം കല്‍പ്പിക്കേണ്ട ഒന്നല്ല ആര്‍ത്തവമെന്നും ഒരുകൂട്ടം സ്ത്രീകള്‍ സമൂഹത്തോട് ഉച്ചത്തില്‍ വിളിച്ചു പറയുന്നു. എന്നാല്‍ സമൂഹത്തിലെ മറ്റൊരു വിഭാഗം സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവത്തെ എങ്ങനെ കാണുന്നു? അവരുടെ ആര്‍ത്തവ ദിനങ്ങള്‍ എങ്ങനെ? ഇത് അന്വേഷിച്ചാണ് സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിയത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ മനസ്സിലായത് ശ്രേയ സമൂഹത്തില്‍ ഒറ്റയല്ല എന്ന യാഥാര്‍ത്ഥ്യവും.  തഴപ്പായയിലേക്കും ഫൈബര്‍ കസേരകളിലേക്കും വിറകുപുരകളിലേക്കും ചുരുങ്ങുന്ന ‘തീണ്ടാരി’ ദിവസങ്ങളെക്കുറിച്ചുള്ള അഭിമാനത്തോടെയുള്ള പറച്ചിലുകള്‍ക്കാണ് കേള്‍വിക്കാരിയായത്. ആര്‍ത്തവ ദിനചര്യകളും വിശേഷങ്ങളും പങ്കുവക്കുകയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്ണുങ്ങള്‍.

തെങ്ങിന്‍ തടികള്‍ കൂട്ടിവച്ച് ഷീറ്റ് മേഞ്ഞ വീടാണ് ഗീതയുടേത്. നേര്‍ത്ത മരപ്പലകകള്‍ കൊണ്ട് മറച്ച രണ്ട് കുഞ്ഞുമുറികളാണ് അതിനുള്ളില്‍. ഒരു മുറിയുടെ മൂലയിലായി അടുപ്പും പാചകവും. അതിനരികില്‍ തെറുത്ത് ഒരു കിടക്കയും ഉണ്ട്. അടുത്ത മുറിയില്‍ ഒരു പായും തലയിണയും മാത്രം. രണ്ട് പെണ്‍കുട്ടികളും മകനും ഗീതയും ഭര്‍ത്താവും ഉള്‍പ്പെടുന്നതാണ് കുടുംബം. രണ്ട് മുറികളിലായി ഇവര്‍ കിടക്കും. പക്ഷെ മാസത്തില്‍ മൂന്നാഴ്ച ഗീതയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കുമുള്ളതാണ് അതില്‍ ഒരു മുറി. മാസമുറ ദിവസങ്ങളില്‍ നാല് ദിവസം ഇവര്‍ ഈ മുറിയില്‍ മാറി നില്‍ക്കും. ചെമ്മീന്‍ കമ്പനിയില്‍ തൊഴിലാളിയാണ് 47 വയസ്സുള്ള ഗീത. ഗീത പറയുന്നു, “ആ മുറിയില്‍ നിന്ന് പുറത്തേക്ക് വരില്ല. പുറത്തേക്കുള്ള വാതില്‍ തുറന്ന് അതിലൂടെ മാത്രമേ പോവൂ. മക്കള്‍ക്ക് രണ്ടാള്‍ക്കും ഇതൊക്കെ അംഗീകരിക്കാന്‍ വിഷമമാണ്. ഒരാള് ഡിഗ്രി ബോട്ടണിയാണ് പഠിക്കുന്നത്. മറ്റേയാള്‍ ലാബ് അസിസ്റ്റന്റാവാന്‍ പഠിക്കുവാണ്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ശരിയാകുവോ കൊച്ചേ? നമ്മള് പെണ്ണുങ്ങളല്ലേ ഇതൊക്കെ സമയാസമയം കൃത്യമായി നോക്കണ്ടത്. നാല് കുളി കഴിഞ്ഞാലേ പിന്നെ വീട്ടിലെ ഇപ്പുറത്തെ മുറിയില്‍ കയറുവൊള്ളൂ. ആ മുറിയുടെ മറവിനോട് ചേര്‍ന്നിരുന്നേ ടിവിയൊക്കെ കാണുവാണേലും ചെയ്യൂ. റിമോട്ട് ഒന്നും കൈകൊണ്ട് തൊടില്ല. നാല് കുളി കഴിഞ്ഞ് വീട് മുഴുവന്‍ അടിച്ചു കഴുകി വെള്ളം തളിക്കും. വീട്ടില്‍ ആരേലും വന്നാലും പുറത്തായിരിക്കുന്നയാള് അവരെ കാണില്ല. നമ്മള് വെറുതെ തൊട്ട് അശുദ്ധിയാക്കണ്ടല്ലോ? എന്തായാലും ഇതൊക്കെ ഇങ്ങനെ ചെയ്യുന്നകൊണ്ട് ഇതേവരെ ജീവിതത്തി അനര്‍ത്ഥങ്ങളൊന്നും വന്നിട്ടില്ല.”

ഗൗരിയുടെ വീട്ടിലേക്കെത്തുമ്പോള്‍ സമയം രാത്രി ഏഴര കഴിഞ്ഞിരുന്നു. ഗൗരി 16 വയസ്സുള്ള പെണ്‍കുട്ടിയാണ്. പ്ലസ് വണ്ണിന് പഠിക്കുന്നു. “അമ്മേ, എനിക്ക് മാറാനുള്ള ഡ്രസ് എടുത്ത് താ” എന്ന ഗൗരി വിളിച്ചുപറയുന്നത് കേട്ടുകൊണ്ടാണ് അവിടേക്ക് കടന്നത്. ചെന്ന കാര്യം പറഞ്ഞ് കേട്ടപ്പോള്‍ അവളുടെ ആദ്യ പ്രതികരണം ചിരിയായിരുന്നു. “ആ, നല്ല ബെസ്റ്റ് ടൈമിലാ വന്നത്. എനിക്കിപ്പോ ആയിട്ടിരിക്കുവാണ്. ഇന്ന് മൂന്ന് ആയിട്ടുള്ളൂ. ഒരു മിനിറ്റേ, ഞാന്‍ ഈ യൂണിഫോം മാറ്റിയിട്ട് വരാം”. യൂണിഫോം മാറ്റി പത്ത് മിനിറ്റിനകം ഗൗരിയെത്തി. “നാല് ആവാതെ സ്വന്തമായിട്ട് ഡ്രസ് എടുക്കാന്‍ പറ്റില്ല. അമ്മ എടുത്ത് തരും. കുളിക്കാനുള്ള തോര്‍ത്തടക്കം. ഞാനങ്ങാനും എടുത്താല്‍… ഇവിടെ അമ്മ ഒരു രക്ഷയില്ല. ആയിരിക്കുന്ന സമയത്ത് ഞാനെങ്ങാനും അലമാരി തൊട്ടാല്‍ അമ്മ അലമാരിയിലിരിക്കുന്ന കഴുകിവച്ച മുഴുവന്‍ തുണികളും എടുത്ത് പിന്നേം കഴുകും. വീട്ടില്‍ എവിടെയെങ്കിലും തൊട്ടാല്‍ വീട് മുഴുവന്‍ അമ്മ കഴുകും. മുമ്പ് നാല് കഴിയുമ്പോള്‍ ചവുട്ടിയുമൊക്കെ കഴുകുമായിരുന്നു. ഇപ്പോ അമ്മ തന്നെ പറയുന്നുണ്ട്, നടുവുവേദനയും കൈവേദനയുമാണെന്ന്. അതുകൊണ്ട് ഇത്തിരി കുറവുണ്ട്. മുമ്പ് അമ്മ പുണ്യാഹം വാങ്ങിത്തളിക്കുമായിരുന്നു. ഇപ്പോ അത്രയൊന്നുമില്ല. എനിക്കിതൊന്നും ഇഷ്ടമല്ല. എന്റെ കാലം കഴിയും വരെ ഇങ്ങനെയൊക്കെയായിരിക്കും, അതുകഴിഞ്ഞ് നീ നിന്റെ ഇഷ്ടത്തിന് ചെയ്‌തോളാനാണ് അമ്മ പറയാറ്. അമ്മയ്ക്കും മാറണമെന്നൊക്കെയുണ്ട്. പക്ഷെ ശീലിച്ച് പോയത് മാറാന്‍ പാടാണെന്നാണ് പറയുന്നത്. പിരീഡ്‌സ് ആയിരിക്കുമ്പോള്‍ നമ്മള്‍ ബന്ധുവീട്ടില്‍ എവിടെയെങ്കിലും ആണെങ്കില്‍, നമ്മള്‍ അവിടെ നിന്ന് കഴുകിക്കൊണ്ട് വന്ന തുണികളെല്ലാം അമ്മ പിന്നെയും വെള്ളത്തില്‍ മുക്കിയിടും. തല തുടയ്ക്കുന്ന തുണിയടക്കം നാല് കഴിയുമ്പോള്‍ പ്രത്യേകം കഴുകിയിടും. സത്യം പറഞ്ഞാല്‍ അമ്മ പറഞ്ഞ് പറഞ്ഞ് ഞാനും കുറച്ചൊക്കെ ആ വിശ്വാസത്തിലായിപ്പോയി. അമ്പലത്തിലെങ്ങാനും ആ സമയത്ത് കയറിപ്പോയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന ടെന്‍ഷനാണ്”.

“ദേ എന്തൊക്കെ പറഞ്ഞാലും ശുദ്ധവും വൃത്തിയും ഒന്നും വിട്ടിട്ടുള്ള കളിയില്ല”, കക്ക പുഴുങ്ങുന്ന തൊഴിലാളിയാണ് രമ. 42 വയസ്സ്. കായലില്‍ മുങ്ങി കക്കവാരുകയും ചെയ്യും. ആര്‍ത്തവ ദിവസങ്ങളില്‍ നാപ്കിന്‍ ഉപയോഗിക്കാറില്ല. പകരം തുണിയാണ് ഉപയോഗിക്കാറ്. പിന്നെ കക്ക പുഴുങ്ങിക്കഴിയുന്ന വരെ ആ നനഞ്ഞ തുണിയുമായി ആര്‍ത്തവത്തെ എതിര്‍ത്ത് അവര്‍ നില്‍ക്കും. നനഞ്ഞ് ആര്‍ത്തവത്തുണികള്‍ അണുബാധയുണ്ടാക്കി മൂന്ന് തവണ ചികിത്സ തേടിയയാളാണ് രമ. “പക്ഷെ ശീലം തുണിയാണ്. പാഡ് ഉപയോഗിക്കാനൊന്നും എനിക്കറിഞ്ഞൂട. മക്കളൊക്കെ ഉപയോഗിക്കും”. ശാരീരികമായ വിഷമതകള്‍ പറയുന്നതിനിടയിലും വീട്ടില്‍ പാലിക്കേണ്ട ‘ശുദ്ധി’യെക്കുറിച്ച് ഒരു സംശയവും രമയ്ക്കില്ല. “ഇനി ആര് എന്തൊക്കെ പറഞ്ഞാലും പെണ്ണുങ്ങള്‍ക്ക് ഇത് വരുന്നത് ഒരു ‘ചീത്ത’യാകല്‍ തന്നെയാണ്. ആ ചീത്ത കൊണ്ട് നമ്മള്‍ വേറെയാരേയും ചീത്തയാക്കരുത്. എന്റെ വീട്ടിലെ തുണി വിരിച്ചിടുന്ന അഴ പോലും ഞാന്‍ ഡെറ്റോളൊഴിച്ച് കഴുകും. ആണുങ്ങളുടെയൊക്കെ തുണികള്‍ വിരിച്ചിടുന്ന സ്ഥലത്തുകൊണ്ടെ ചോരത്തുണികളും നമ്മള്‍ വിരിച്ചിടുന്നത് ശരിയല്ല. പക്ഷെ സ്ഥലമില്ലാത്തകൊണ്ട് അവിടെത്തന്നെയിടും. പിന്നെ ശുദ്ധിയാക്കും.”

കുട്ടിക്കാലത്ത് തന്നെ കുറേ വിഷമിപ്പിച്ചതാണ് ഈ ആചാരങ്ങള്‍ എന്ന് ബോധ്യമുള്ളയാളാണ് ശ്രീകുമാരി. “വീട്ടില്‍ അമ്മ ഭയങ്ക സ്ട്രിക്റ്റ് ആയിരുന്നു. മാറിയിരിക്കാന്‍ പറഞ്ഞാല്‍ മാറിയിരിക്കണം. വീട്ടില്‍ ആരെങ്കിലും മലയ്ക്ക് പോവുമ്പോള്‍ ആയാല്‍ തൊഴുത്തില്‍ വരെ കിടത്തിയിട്ടുണ്ട്.”. പക്ഷെ ഇപ്പോഴും ശുദ്ധി, അശുദ്ധി വിശ്വാസങ്ങളെല്ലാം അതേപടി തുടരണമെന്നാണ് ശ്രീകുമാരിയുടെ ആഗ്രഹം. രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജീവിക്കുന്ന ശ്രീകുമാരിക്ക് പക്ഷെ അതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആവുംപോലെ ഇതെല്ലാം ആചരിക്കും എന്ന് പറയുന്നു. “പഴയകാലത്ത് ഉണ്ടായിരുന്നതൊക്കെ, അതൊക്കെ വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കുറച്ചെങ്കിലും. എന്നെക്കൊണ്ട് കൂടുതലൊന്നും പറ്റാറില്ല. വിളക്ക് വയ്ക്കുന്ന സ്ഥലം അടിച്ച് വാരാറില്ല ആ സമയത്ത്. പണ്ട് പായ കഴുകിയിടുമായിരുന്നു. ഇപ്പോ കിടക്കയൊന്നും കഴുകാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ബഡ്ഷീറ്റും തലയിണ ഉറയും കഴുകും. പക്ഷെ എന്റെ മക്കളും ഭര്‍ത്താവും എല്ലാം ഇതിനെല്ലാം എതിരാണ്. ഇത് പ്രകൃതിയുടെ ഒരു കാര്യമാണ്, ഇങ്ങനെയൊന്നും കാണിക്കണ്ട എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ കുറച്ചൊക്കെ അവര്‍ പറയുന്നതും കേള്‍ക്കും. ചിലപ്പോ പിരീഡ്‌സ് ആണെന്ന് ഓര്‍ക്കാതെ വിളക്കില്‍ തൊടും. പിന്നെ കുറേ ദിവസത്തേക്ക് ടെന്‍ഷന്‍ ആണ്. കയ്യില്‍ പാണ്ട് വരുന്നുണ്ടോ എന്ന് കുറേ ദിവസം നോക്കിയിരിക്കും.”

ഇരട്ടകളായ ശ്രീലക്ഷ്മിക്കും ഭാഗ്യലക്ഷ്മിക്കും സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ ഇതെല്ലാം ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമുള്ള ഒന്നാണെന്ന് അറിയാം. എന്നാല്‍ സംസ്‌കാരവും ഭക്തിയുമായി ഇഴചേര്‍ന്നിരിക്കുന്ന ആര്‍ത്തവ ആചാരങ്ങളെ നിലനിര്‍ത്തണമെന്നും തുടരണമെന്നും തന്നെയാണ് അവര്‍ പറയുന്നത്. രണ്ട് പേരും പ്ലസ്‌വണ്‍ സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികളാണ്. 15 വയസ്സ്. “സയന്‍സ് വിദ്യാര്‍ഥി എന്ന നിലയ്ക്ക് ഇത് ബയോളജിക്കല്‍ ആയ ഒന്നാണെന്ന് അറിയാം. പക്ഷെ നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ ഇതൊക്കെ ആവശ്യമാണ്. ഇവിടെ ഞങ്ങള്‍ക്ക് ആയാല്‍ ഒരു മുറിയിലാണ് കിടക്കുക. അമ്മ ഞങ്ങളുടെ കൂടെ കിടക്കില്ല. ഹാളില്‍ പായ് വിരിച്ച് മാറിക്കിടക്കും. ടിവിയുടെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറ്റില്ല. മറ്റാരെങ്കിലും ഓണ്‍ ചെയ്ത് തരണം. ഹാളിലേക്കും സിറ്റൗട്ടിലേക്കും വരാന്‍ പാടില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് ഉപയോഗിക്കണ്ട ഡ്രസ് അമ്മ ഒരു പ്ലാസ്റ്റിക് കസേരയില്‍ പേപ്പറിട്ട് മടക്കി വച്ചിരിക്കും. അതല്ലാതെ വേറൊരു ഡ്രസ്സും ഞങ്ങള്‍ എടുക്കാന്‍ പാടില്ല. അലമാരിയില്‍ തൊട്ടാല്‍ അമ്മ അലമാരിയിലെ ഡ്രസ് മുഴുവന്‍ കഴുകിയിടും. ഹാളില്‍ ടിവി കാണാന്‍ ഇരിക്കാം. പക്ഷെ പ്ലാസ്റ്റിക് കസേരയിലിരിക്കണം. തുണിക്കസേരയില്‍ ഇരിക്കാന്‍ സമ്മതിക്കത്തില്ല. പക്ഷെ ഭഗവാന്റെ മുന്നില്‍ ശുദ്ധിയോടെ പോണമെന്നുള്ളത് ആലോചിക്കുമ്പോള്‍ ഇതിലൊന്നും തെറ്റില്ല. അമ്പലം ഒരു പവിത്രമായ സ്ഥലമല്ലേ?”, ശ്രീലക്ഷ്മി പറഞ്ഞു. പിന്നീട് പറഞ്ഞത് ഭാഗ്യലക്ഷ്മിയാണ്; “നാല് ദിവസം കഴിയുമ്പോള്‍ കസേരയില്‍ എടുത്ത് വച്ചിരുന്ന തുണികള്‍ എല്ലാം, ഉപയോഗിച്ചതും ഉപയോഗിക്കാത്തതും എല്ലാം, കഴുകിയിടും. ആ നാല് ദിവസം അമ്മയാണ് കുളിക്കാനുള്ള തോര്‍ത്ത് വരെ കുളിമുറിയില്‍ കൊണ്ടുവന്ന് തരുന്നത്. ഒരു മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ വരുമ്പോ ആദ്യമൊക്കെ ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ട്. പക്ഷെ പിന്നെ ഇത് നല്ല കാര്യത്തിനും ശുദ്ധിക്കും വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോ അത് മാറി.”

വിദ്യയുടെ വീട് ആധുനിക രീതിയില്‍ പണിത ഒന്നാണ്. അതിന്റെ ഒരു വശം മാറി വിറകുപുയുണ്ട്. പലവിധ സാധനങ്ങള്‍ കൂടിക്കിടക്കുന്ന ഒരു മുറിയും അതിന്റെ ഒരു വശത്തായി വിറകും കൂട്ടിവച്ചിട്ടുണ്ട്. അതിനരികില്‍ ഒരു കൊച്ചുമുറി താഴിട്ട് പൂട്ടിയിട്ടുണ്ട്. വിദ്യ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാ ആചാരങ്ങളിലും പൂര്‍ണമായ യോജിപ്പില്ലെങ്കിലും അതെല്ലാം വേണമെന്ന് തന്നെയായിരുന്നു വിദ്യയുടെ അഭിപ്രായം. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തോടെ വിദ്യയുടെ മാത്രമല്ല, വീട്ടുകാരുടെ ഒന്നാകെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റിയ ഒരു കാര്യം നടന്നു. “ഞങ്ങള്‍ ഭയങ്കര വിശ്വാസികളാണ്. അതുകൊണ്ട് തന്നെ പിരീഡ്‌സും നാലുകുളിയും എല്ലാം ആചാരമായി തന്നെ അനുഷ്ഠിക്കുന്നവരായിരുന്നു. ഇപ്പോഴും ഉണ്ട്. മുമ്പ് ആ വിറകുപുരയോട് ചേര്‍ന്നുള്ള മുറിയിലേക്ക് നമ്മളെ മാറ്റുമായിരുന്നു. ഇപ്പോ അതില്ല. അതിന് ഒരു കാരണമുണ്ട്. ഞങ്ങളുടെ വീട്ടിലെ ഗേറ്റ് അടക്കാറില്ല. ഒരു ദിവസം പിരീഡ്‌സ് ആയി ഇരിക്കുമ്പോള്‍ ഫോണില്‍ പാട്ടുകേട്ടുകൊണ്ട് ഞാന്‍ ആ മുറിയില്‍ ഇരിക്കുകയായിരുന്നു. അപ്പഴാണ് ഒരു പട്ടി കറങ്ങിത്തിരിഞ്ഞ് വന്നത്. വിറക് കൂട്ടിവച്ചിരിക്കുന്നതിനടുത്ത് ഏതോ ജീവിയെ പിടിക്കാന്‍ വന്നതാണെന്നാണ് ആദ്യം കരുതിയത്. ഞാന് പാട്ടും മൂളിക്കൊണ്ട് അതിനെ ഓടിക്കാന്‍ ചെന്നു. എന്നെ കണ്ടതും അത് മുരണ്ടു. എന്റെ നേരേക്ക് വന്നപ്പോള്‍ ഓടി. ആ വീടിന് ചുറ്റും എന്നെ മൂന്ന് വട്ടം ഓടിച്ചു. എന്നിട്ടും പട്ടി എന്നെ വിട്ടില്ല…”

(വിദ്യയുടെ കഥ പൂര്‍ണമായില്ല. അത് അടുത്ത ഭാഗത്തില്‍)

ആർത്തവത്തോട് ഭയവും അറപ്പുമുള്ളവര്‍ വായിക്കാതിരിക്കുക

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം: അറിയേണ്ട കാര്യങ്ങള്‍, മാറ്റേണ്ട ധാരണകള്‍

ആര്‍ത്തവവിരാമം ഒരു മിഥ്യയല്ല; പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്നു ഭക്തന്മാര്‍ തീരുമാനിക്കുമോ? ശാരദക്കുട്ടി ചോദിക്കുന്നു

ആചാരം തെറ്റിക്കാന്‍ തയ്യാറായില്ല, ആദ്യ ആര്‍ത്തവം ഷെഡ്ഡില്‍: ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് ഏഴാം ക്ലാസുകാരി മരിച്ചു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍