ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലെ രണ്ടു വര്‍ഷവും ഭാവിയും തന്നെ നഷ്ടപ്പെട്ടുവെന്നും ആരോപണമുണ്ട്.
‘വിദ്യാഭ്യാസത്തിലൂടെ മുസ്ലിം സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റം ലക്ഷ്യമാക്കുന്ന എം.ഇ.എസ്സിന്, അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളിലെ പഠിതാക്കള്‍ പാഠ്യ-പാഠ്യേതര മികവിനോടൊപ്പം തന്നെ വേഷവിധാനങ്ങളിലും തികഞ്ഞ ഔചിത്യം പുലര്‍ത്തണമെന്ന് നിഷ്‌കര്‍ഷയുണ്ട്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വേഷവിധാനങ്ങള്‍ – അത് ആധുനികതയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലാണെങ്കിലും – അംഗീകരിക്കുക വയ്യ. മേല്‍ സൂചന വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു തരത്തിലുള്ള വസ്ത്രധാരണത്തിലും ക്ലാസ്സുകളില്‍ വരുന്നില്ലെന്ന്, വിവാദത്തിന് ഇടം കൊടുക്കാതെ 2019-2020 അദ്ധ്യയന വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്.’ കേരള ഹൈക്കോടതിയുടെ WP(C) No. 35293/2018 കേസിലെ വിധിയെ സൂചിപ്പിച്ചു കൊണ്ട് എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറിലെ ഉള്ളടക്കമിതാണ്. കഴിഞ്ഞ ദിവസങ്ങളായി സര്‍ക്കുലറിനെ എതിര്‍ത്തും അനുകൂലിച്ചും പല വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മുഖം മറയ്ക്കുന്ന നിഖാബ് ഇസ്ലാമിക ആചാരപ്രകാരം നിര്‍ബന്ധമായും ധരിക്കേണ്ടതില്ലെങ്കിലും, ധരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ വിലക്കിക്കൂടാ എന്നാണ് സമുദായ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന വാദം.
ഇത്തരത്തില്‍ എം.ഇ.എസ് സര്‍ക്കുലറിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനം, വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യം ശരിയായില്ല എന്നായിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കുകയും, അതു മാതൃകയാക്കി ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെടുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു സര്‍ക്കുലറും ചര്‍ച്ചയായത്. എന്നാല്‍, ശ്രീലങ്കന്‍ ഭീകരാക്രമണത്തിനു മുന്നേ തന്നെ, ഏപ്രില്‍ 17ന് പുറത്തിറക്കിയിട്ടുള്ള സര്‍ക്കുലറാണിതെന്നും, ഈ തീരുമാനമെടുക്കാനുണ്ടായ സാഹചര്യം കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ ഉണ്ടായതാണെന്നുമായിരുന്നു വിമര്‍ശനങ്ങളോടുള്ള എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂറിന്റെ പ്രതികരണം. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ അഡ്മിഷനെത്തിയ ഒരു വിദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുഖാവരണം ധരിക്കുന്നത് വിലക്കിക്കൊണ്ട് ഒരു നടപടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊണ്ടുവരുന്നതിന് കാരണമായത് എന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ പക്ഷം. എം.ബി.ബി.എസ് അഡ്മിഷന് യോഗ്യത നേടി തങ്ങള്‍ക്കു മുന്നിലെത്തിയ മുഖാവരണം ധരിച്ച യുവതിയെ, മുഖാവരണം ധരിക്കാതിരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തിരിച്ചയച്ച സംഭവത്തെക്കുറിച്ച് നേരത്തേ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. സീറ്റിനു യോഗ്യത നേടിയ വിദ്യാര്‍ത്ഥിനിയെ വിദ്യാഭ്യാസം നിഷേധിച്ച് തിരിച്ചയയ്ക്കുകയും, വിദ്യാര്‍ത്ഥിനിയുടെ എം.ബി.ബി.എസ് പഠന മോഹങ്ങള്‍ തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കുകയും ചെയ്തുവെന്ന് എം.ഇ.എസിനെതിരെ വിദ്യാര്‍ത്ഥിയുടെ ഭര്‍ത്താവടക്കമുള്ളവര്‍ ആരോപണമുന്നയിച്ചിരുന്നു.
സീറ്റ് നിഷേധവും ഫീസ് തട്ടിപ്പും ആരോപിച്ച് വിദ്യാര്‍ത്ഥിനിയും ഭര്‍ത്താവും ചൂണ്ടിക്കാട്ടുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന വാര്‍ത്തകള്‍ ഇങ്ങനെയാണ്. ആദ്യ അലോട്മെന്റില്‍ ലഭിച്ച സീറ്റില്‍ ബുര്‍ഖ ധരിച്ചു തന്നെ പ്രവേശനം നേടിയിരുന്ന പെരിന്തല്‍മണ്ണ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി, പെരിന്തല്‍മണ്ണയിലെ എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ രണ്ടാം വട്ട അലോട്മെന്റില്‍ സീറ്റു ലഭിച്ചതിനെത്തുടര്‍ന്ന് പ്രവേശനം നേടാനെത്തി. പ്രവേശനം നല്‍കുകയും ഓറിയന്റേഷന്‍ കഴിയുകയും ചെയ്ത ശേഷം മുഖാവരണം ധരിക്കുന്നു എന്ന കാരണത്താല്‍ തന്റെ ഭാര്യയെ എം.ഇ.എസ് അധികൃതര്‍ പുറത്താക്കുകയായിരുന്നു എന്നാണ് ഡോ.ജുനൈദ് ഉസ്മാന്‍ ആരോപിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്ലാസ് മുറിയിലും പരീക്ഷ ഹാളിലും നിഖാബ് ഉയര്‍ത്താം എന്ന് പറഞ്ഞുനോക്കിയെങ്കിലും, അധികൃതര്‍ വഴങ്ങിയില്ലെന്നും ഇക്കാരണത്താല്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലെ രണ്ടു വര്‍ഷവും ഭാവിയും തന്നെ നഷ്ടപ്പെട്ടുവെന്നും ആരോപണമുണ്ട്. ഫീസിനത്തില്‍ കൈപ്പറ്റിയിരുന്ന അഞ്ചു ലക്ഷം രൂപ എം.ഇ.എസ് ഇതുവരെ ഇവര്‍ക്ക് തിരികെ നല്‍കിയിട്ടില്ല എന്നതാണ് മറ്റൊരു ഗുരുതര ആരോപണം. പലതവണ അധികൃതരെ സമീപിച്ചെങ്കിലും തുക തിരികെക്കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.
ഏറെക്കാലം മുന്‍പ് വാര്‍ത്തയായിരുന്ന ഈ സീറ്റു നിഷേധം എം.ഇ.എസിന്റെ നിഖാബ് സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എം.ഇ.എസ് സ്ഥാപനങ്ങള്‍ ഫീസിനത്തിലും മറ്റും തട്ടിപ്പു നടത്തുന്നുവെന്നും, നിഖാബ് ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന നടപടികളിലേക്ക് കടന്നുവെന്നുമാണ് പ്രധാന ആക്ഷേപം. എന്നാല്‍, മെഡിക്കല്‍ കോളേജിന്റെ പ്രോസ്പെക്ടസ് രേഖകളില്‍ മുഖാവരണം വിലക്കിക്കൊണ്ടുള്ള നിര്‍ദ്ദേശം ആദ്യമേ ഉണ്ടായിരുന്നുവെന്നും, ഭാവിയില്‍ ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതിരിക്കാന്‍ ഈ നിര്‍ദ്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം അപ്പോള്‍ത്തന്നെ ആരംഭിച്ചിരുന്നുവെന്നും ഡോ.ഫസല്‍ ഗഫൂര്‍ വിശദീകരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്ന സീറ്റ് നിഷേധ വിവാദത്തിനെക്കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നതിങ്ങനെയാണ്. ‘ ഈ സര്‍ക്കുലര്‍ പുറത്തിറക്കാനുള്ള തീരുമാനം പെട്ടന്നൊരു സാഹചര്യത്തിലുണ്ടായതല്ല. കഴിഞ്ഞ കൊല്ലം എം.ബി.ബി.എസ് അഡ്മിഷനുമായി ഒരു പെണ്‍കുട്ടി വന്നിരുന്നു. അഡ്മിഷന്‍ അഡൈ്വസറി കമ്മറ്റി അഡ്മിറ്റു ചെയ്തതിന്റെ സ്ലിപ്പുമായാണ് വന്നത്. കുട്ടി മുഖാവരണം ധരിച്ചിരുന്നു. ഒരു ഡോക്ടറെന്ന നിലയ്ക്ക് മുഖംമൂടി ധരിച്ച് പഠിക്കാനും ജോലി ചെയ്യാനും സാധിക്കില്ലെന്നും, അതു മാറ്റേണ്ടതുണ്ടെന്നും ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ വിസമ്മതിച്ചു. മറ്റു ഡോക്ടര്‍മാരുമായി വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, റിസ്‌കെടുക്കാനാകില്ലെന്നായിരുന്നു അവരുടെ മറുപടി. ഈ വ്യക്തി പിന്നീട് മരുന്ന് മാറി കുത്തിവയ്ക്കുകയോ മറ്റോ ചെയ്ത് പ്രശ്‌നമായാല്‍, അതു താനല്ലെന്ന് നിഷേധിച്ചു കഴിഞ്ഞാല്‍ പിന്നെ സി.സി.ടി.വി നോക്കിയിട്ടു പോലും തിരിച്ചറിയാന്‍ സാധിക്കില്ലല്ലോ. അവരെ വിഷയം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍, മുഖാവരണം ധരിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധമാണെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ച് രാജേന്ദ്രബാബു കമ്മറ്റിക്ക് തന്നെ റഫര്‍ ചെയ്തയച്ചു. പ്രോസ്‌പെക്ടസില്‍ മുഖാവരണത്തിന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ടെങ്കില്‍, കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കാതിരിക്കാമെന്നായിരുന്നു കമ്മറ്റിയുടെ നിരീക്ഷണം. മെഡിക്കല്‍ കോളേജിന്റെ പ്രോസ്‌പെക്ടസില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അങ്ങിനെ ആ കുട്ടിയെ കോളേജില്‍ അഡ്മിറ്റു ചെയ്യാതിരിക്കുകയായിരുന്നു. അല്ലാതെ പുറത്താക്കി എന്നു പറയുന്നതിലൊന്നും കാര്യമില്ല.’
ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളിലെ വേഷവിധാനത്തിനെതിരായി രണ്ടു വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ജസ്റ്റിസ് മുഷ്താഖിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നടത്തിയ വിധിപ്രസ്താവമാണ് എം.ഇ.എസിന്റെ സര്‍ക്കുലറിനു മുന്നിലുള്ള റഫറന്‍സ് എന്നും ഡോ.ഫസല്‍ ഗഫൂര്‍ പറയുന്നുണ്ട്. നിഖാബ് വിഷയത്തില്‍ ഇത്തരമൊരു വിശദീകരണം സംസ്ഥാന പ്രസിഡന്റ് നല്‍കിയതോടെ, എം.ഇ.എസിനെതിരായി പ്രചരിക്കുന്ന സീറ്റു നിഷേധ വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം, ഫീസിനത്തില്‍ ഈടാക്കിയ അഞ്ചു ലക്ഷം രൂപയുടെ ബാധ്യത സ്ഥാപനത്തിനല്ലെന്നും, സര്‍ക്കാരുമായാണ് വിദ്യാര്‍ത്ഥിനി ഇടപെടേണ്ടതെന്നുമാണ് ഫസല്‍ ഗഫൂറിന്റെ പക്ഷം. ‘ഗവണ്‍മെന്റിന് കണ്‍സോളിഡേറ്റഡ് ഡാമേജ് കൊടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഒരു സീറ്റ് ഇട്ടിട്ടു പോകുമ്പോള്‍ ആ സീറ്റ് പിന്നീടങ്ങോട്ട് ഒഴിഞ്ഞു കിടക്കുകയാണല്ലോ. അങ്ങനെ സീറ്റ് ഒഴിഞ്ഞു കിടന്നാല്‍, കോഴ്സ് ഒഴിവാക്കിപ്പോയ വിദ്യാര്‍ത്ഥിക്ക് അതില്‍ ബാധ്യതയുണ്ട്. തുക കിട്ടാനുണ്ട് എന്ന് പറയുന്നത് ശരിയായിരിക്കാം. പക്ഷേ അത് സര്‍ക്കാരുമായുള്ള ഇടപാടാണ്, സ്ഥാപനത്തിന് അതില്‍ പങ്കില്ല.’
മുഖാവരണം മാറ്റണം എന്ന കടുംപിടിത്തത്തിനു വഴങ്ങാതെ കോഴ്സ് ഉപേക്ഷിക്കേണ്ടിവന്ന വിദ്യാര്‍ത്ഥിനി പഠനം മുടങ്ങിയ അവസ്ഥയിലാണെന്നതും എം.ഇ.എസിന്റെ നിഖാബ് വിലക്കിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സമുദായ സംഘടനകളിലെ വനിതാ നേതാക്കളില്‍ പലരും എം.ഇ.എസ് തീരുമാനം പുനഃപരിശോധിക്കണം എന്ന നിലപാടാണ് എടുത്തിട്ടുള്ളത്. ഇ.കെ. സമസ്തയടക്കമുള്ള സംഘടനകള്‍ നിശിതമായി വിമര്‍ശിക്കുമ്പോഴും, സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തിലാണ് എം.ഇ.എസ്. അതിനിടെ എം.ഇ.എസ് കാസര്‍കോട് ജില്ലാ കമ്മറ്റിയില്‍ നിന്നും സര്‍ക്കുലറിനെതിരായ വാദങ്ങള്‍ ഉയര്‍ന്നിരുന്നു.