UPDATES

ട്രെന്‍ഡിങ്ങ്

‘അവളൊക്കെ ആ ജാതിയിലുള്ളതാ…’; എം.ജിയിലെ ആദ്യ (ഏക) ആദിവാസി അധ്യാപിക ജീവിതം പറയുന്നു

തുടക്കം മുതല്‍ നമ്മളെന്തോ, ആരോ നല്‍കിയ ഔദാര്യത്തില്‍ ജോലിയില്‍ കയറിയതാണെന്ന തരത്തിലുള്ള, പ്രകടമായ പെരുമാറ്റ രീതികളാണ് അനുഭവിക്കാന്‍ കഴിഞ്ഞത്

‘ഒരു ദളിതന്റേയോ ആദിവാസിയുടേയോ പോരാട്ടങ്ങള്‍ ഒരിക്കലും അവസാനിക്കുന്നതല്ല. ജീവിതകാലം മുഴുവന്‍ പോരാടാന്‍ വിധിക്കപ്പെട്ടവരാണവര്‍. സമൂഹം അംഗീകരിക്കുന്ന സ്ഥാനമാനങ്ങള്‍ കിട്ടിയാല്‍, അധികാരം കിട്ടിയാല്‍ അവരുടെ ജീവിതം സുരക്ഷിതമായെന്നോ സമൂഹത്തില്‍ അവര്‍ അംഗീകരിക്കപ്പെടുമെന്നോ അര്‍ഥമില്ല. കാരണം അവരുടെ പോരാട്ടങ്ങളുടെ അടുത്ത ഘട്ടം അവിടെ തുടങ്ങുന്നതേയുള്ളൂ. കലഹിച്ചും ശണ്ഠ കൂടിയും പോരാടിയുമാണ് തങ്ങളുടെ ജീവിക്കാനുള്ള, തൊഴിലെടുക്കാനുള്ള അവകാശങ്ങള്‍ ഒരോ ആദിവാസിയും ദളിതനും നേടിയെടുക്കുന്നത്.‘ പറയുന്നത് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഏക അധ്യാപിക കെ.എ മഞ്ജുഷ. സര്‍വകലാശാലയിലെ ആദ്യ ആദിവാസി അധ്യാപികയും മഞ്ജുഷയാണ്. ഗാന്ധിയന്‍ സ്റ്റഡീസില്‍ അധ്യാപികയായ ഇവര്‍ക്ക് പറയാനുള്ളത് യൂണിവേഴ്‌സിറ്റി അധികൃതരുടേയും സഹപ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്ന് അനുഭവിക്കേണ്ടി വന്ന, ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിവേചനത്തിന്റേയും മാറ്റിനിര്‍ത്തലുകളുടേയും അനുഭവങ്ങളാണ്.

എം.ജി.യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ആദിവാസി അധ്യാപിക എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാവില്ലേ ഇത്രയും കാലം ഇവിടെ നടന്നതെന്താണെ ന്ന്? ഒരു ശതമാനം തസ്തികയെങ്കിലും ആദിവാസി വിഭാഗങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെടാതിരിക്കുമോ? 1984ല്‍ ആണ് യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. അന്നുമുതല്‍ ഇന്നേവരെ ആദിവാസി വിഭാഗത്തില്‍ നിന്ന് അധ്യാപകരുണ്ടായിട്ടില്ല. അപ്പോള്‍ നിയമനങ്ങളില്‍ കൃത്രിമത്വം കാണിക്കുന്നതുകൊണ്ടായിരിക്കില്ലേ?

ഇത്രയും കാലത്തെ യൂണിവേഴ്‌സിറ്റി അനുഭവങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത് മൂന്ന് പാഠങ്ങളാണ്. ഒന്ന് തെറ്റ് ചെയ്യുന്നവരുടെ ഐക്യം എന്ന് പറയുന്നത് നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഏറെ വലുതാണ്. രണ്ട്. പണമുണ്ടെങ്കില്‍ ഏത് അധികാര സ്ഥാനങ്ങളിലും കയറിയിരിക്കാം. മൂന്ന്. അധികാര സ്ഥാനങ്ങള്‍ ലഭിച്ചതുകൊണ്ട് ആദിവാസികള്‍ക്കോ ദളിതര്‍ക്കോ കാര്യമായ ഗുണമുണ്ടാവുന്നില്ല. ആദിവാസിയോ ദളിതനോ പറയുന്ന ഒരു കാര്യങ്ങള്‍ക്കും ആരും ഒരു വിലയും കല്‍പ്പിക്കുന്നില്ല. ഒരു ജോലി ചെയ്യാന്‍ വരുന്ന നമുക്ക് ആരോടും യുദ്ധം ചെയ്യണമെന്നുണ്ടാവില്ലല്ലോ? നമ്മളെക്കൊണ്ട് ചെയ്യിക്കുകയാണ്. ഒരു പാര്‍ട്ടിയുടേയോ സംഘടനയുടേയോ സംവിധാനത്തിന്റേയോ തണലിലല്ലാതെ ഒരു വ്യക്തിയായി നിന്നുകൊണ്ട് മാത്രം ശബ്ദം ഉയര്‍ത്തുന്നവരാണ് ഞാനടക്കമുള്ളവര്‍. നീതിയ്ക്ക് വേണ്ടിയുള്ള ശബ്ദമാണത്. പക്ഷെ അത് തരാതെ നമ്മളെ പരമാവധി ആക്രമോത്സുകരാക്കി, അക്രമികളാക്കുകയാണവര്‍ ചെയ്യുന്നത്. എന്നിട്ട് അത്തരത്തില്‍ നമ്മള്‍ പ്രതികരിക്കുമ്പോള്‍ നമ്മളെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്യും. ഒരു സംവിധാനം തീരുമാനിച്ചു നല്‍കിയ പരിധിയ്ക്കും പരിമിതിയ്ക്കുമപ്പുറം നിന്ന് എന്തെങ്കിലുമൊന്ന് ആവശ്യപ്പെടാനോ ഒരു പരാതി നല്‍കാന്‍ പോലുമോ ആദിവാസിയ്‌ക്കോ ദളിതനോ സ്വാതന്ത്രമില്ല എന്നതാണ് പല സംഭവങ്ങളും തെളിയിക്കുന്നത്.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പില്‍ എല്‍.ഡി.ക്ലര്‍ക്കായാണ് ഞാനെന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കാക്കനാട് സിവില്‍ സ്‌റ്റേഷനിലായിരുന്നു അത്. പിന്നീട് ഹയര്‍ സെക്കന്‍ഡറി അധ്യാപികയായി. ആലുവ ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് മഹാരാജാസ് കോളേജിലെ ചരിത്രവിഭാഗം അധ്യാപികയായി ജോലി കിട്ടുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കണ്ടിട്ടും മഹാരാജാസിലെ മോശമല്ലാത്ത സാഹചര്യങ്ങളില്‍ തൃപ്തയായി കഴിഞ്ഞിരുന്നതിനാല്‍ ആദ്യം അതിനോട് പ്രതികരിച്ചില്ല. പിന്നീടാണ് അത് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന തസ്തികയാണെന്ന് മനസ്സിലായത്. അപ്പോള്‍ തന്നെ മൂന്ന് തവണ പത്രത്തില്‍ പരസ്യം വന്നിരുന്നു. ആ ഒഴിവിലേയ്ക്ക് പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെട്ട ആരും അപേക്ഷ അയച്ചില്ലെങ്കില്‍ ആ തസ്തിക മറ്റ് വിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കപ്പെടും. റൊട്ടേഷന്‍ ക്രമമനുസരിച്ച് വന്ന ഒഴിവാണ്. അത് നഷ്ടപ്പെടുത്തിയാല്‍ പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമേ അത്തരത്തിലൊരു ഒഴിവ് ആദിവാസികള്‍ക്കായി ഉണ്ടാവൂ എന്ന് ബോധ്യപ്പെട്ടതിനാലാണ് അപേക്ഷ അയച്ചത്. അങ്ങനെയാണ് 2011 ഫെബ്രുവരിയില്‍ ഞാന്‍ എം.ജി.യൂണിവേഴ്‌സിറ്റിയില്‍ നിയമിക്കപ്പെടുന്നത്.

തുടക്കം മുതല്‍ നമ്മളെന്തോ, ആരോ നല്‍കിയ ഔദാര്യത്തില്‍ ജോലിയില്‍ കയറിയതാണെന്ന തരത്തിലുള്ള, പ്രത്യക്ഷത്തില്‍ പറയാത്ത, എന്നാല്‍ അതേ സമയം തന്നെ പ്രകടമായ പെരുമാറ്റ രീതികളാണ് അനുഭവിക്കാന്‍ കഴിഞ്ഞത്. ഫെബ്രുവരി നാലാം തീയതിയാണ് ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിതയാവുന്നത്. വിസിറ്റിങ് അധ്യാപകര്‍ക്ക് അനുവദിക്കാറുള്ള മുറിയില്‍ ഇരിക്കാനായിരുന്നു എനിക്ക് അനുവാദം ലഭിച്ചത്. എം.ജി സര്‍വകലാശാലയില്‍ ഓരോ അധ്യാപകര്‍ക്കും ഓരോ മുറിയാണ് നല്‍കുന്നത്. എനിക്ക് സ്വന്തമായി ഒരു മുറി ഇന്നു കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞ് ഓരോ ദിവസവും ഞാന്‍ തള്ളിനീക്കി. എന്നാല്‍ അക്കാര്യത്തില്‍ ആരും താത്പര്യം കാണിക്കുന്നില്ലെന്ന് വന്നപ്പോള്‍ മുറി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ കത്ത് നല്‍കി. അതിന് ശേഷം മാത്രമാണ് എനിക്ക് ഒരു മുറി തരാന്‍ അവര്‍ അവര്‍ തയ്യാറായത്.

എന്റെ മുറിയുടെ മുമ്പില്‍ വച്ചിട്ടുള്ള നെയിംബോര്‍ഡ്, അതിന് വേണ്ടി ഇന്നേവരെ എന്റെ ഡിപ്പാര്‍ട്ട്‌മെന്റോ യൂണിവേഴ്‌സിറ്റിയോ അഞ്ച് പൈസ ചെലവാക്കിയിട്ടില്ല. സാധാരണ ഒരു അധ്യാപകന്‍/അധ്യാപിക ചാര്‍ജെടുത്താല്‍ യൂണിവേഴ്‌സിറ്റി തന്നെയാണ് നെയിം ബോര്‍ഡ് തയ്യാറാക്കി നല്‍കുക. എന്നാല്‍ കുറേക്കാലം കാത്തിരുന്നിട്ടും അത് ലഭിക്കാതിരുന്നതിനാല്‍ ഞാന്‍ തന്നെ എന്റെ കയ്യിലെ പണം മുടക്കി വച്ച ബോര്‍ഡാണ് ഇപ്പോള്‍ ഇരിക്കുന്നത്. എനിക്ക് ആദ്യം നല്‍കിയ മുറി മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്നതായിരുന്നു. ധാരാളം നല്ല മുറികള്‍ ഒഴിഞ്ഞു കിടക്കുന്ന ഡിപ്പാര്‍ട്‌മെന്റ് കെട്ടിടത്തില്‍ ഇതിലേതെങ്കിലുമൊന്ന് തരണമെന്ന് ഞാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. തരില്ല എന്നവര്‍ പറഞ്ഞിട്ടില്ല. പക്ഷെ തന്നില്ല. പിന്നീട് നിരന്തരം ഈ ആവശ്യമുന്നയിച്ചപ്പോഴാണ് താരതമ്യേന മെച്ചപ്പെട്ട ഒരു മുറി എനിക്കായി നല്‍കിയത്.

ഐ.സി.എസ്.എസ്.ആറിന്റെ ഒരു പ്രോജക്ട് നടന്നുകൊണ്ടിരിക്കുകയാണ്. 20 ലക്ഷത്തിന്റെ പ്രോജക്ടാണ്. ഞാനാണ് പ്രോജക്ട് ഡയറക്ടര്‍. ഇതിന്റെ 7.5 ശതമാനം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഓവര്‍ഹെഡ് ചാര്‍ജ് ആയി യൂണിവേഴ്‌സിറ്റിയ്ക്കും ലഭിക്കും. പ്രോജക്ട് വര്‍ക്ക് നടത്താനുള്ള എല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് പ്രോജക്ടിനുള്ള അനുമതി നല്‍കുന്നത്. യൂണിവേഴ്‌സിറ്റിയ്ക്ക് സാമ്പത്തികമായി മെച്ചമുള്ള പ്രോജക്ട് ആയിട്ടുകൂടി ഇതിനായി ഒരു മുറി നല്‍കണമെന്ന എന്റെ ആവശ്യം അംഗീകരിക്കപ്പെടാന്‍ നാളുകളെടുത്തു. ആറ് സ്റ്റാഫുണ്ട് പ്രോജക്ട് ചെയ്യാന്‍. ഇവരെയെല്ലാം ഇരുത്താന്‍ ഒരു മുറി വേണമെന്ന് എല്ലാവര്‍ക്കുമറിയാം. ഒഴിഞ്ഞുകിടക്കുന്ന ധാരാളം മുറികളുണ്ട്. പക്ഷെ തരാന്‍ ആരും തയ്യാറല്ലായിരുന്നു. പ്രോജക്ട് ഡയറക്ടര്‍ ഞാനായത് കൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു അവഗണന നേരിടേണ്ടി വന്നത് എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതേസമയം മാര്‍ ഗ്രിഗോറിയസ് ചെയറിന് ഫാക്കല്‍റ്റ് മീറ്റിങ് പോലും കൂടാതെ ഡിപ്പാര്‍ട്‌മെന്റിലെ ഏറ്റവും നല്ല ഒരു മുറി തന്നെ ആരും ആവശ്യപ്പെടാതെ തന്നെ നല്‍കുകയും ചെയ്തു. മാര്‍ഗ്രിഗോറിയസ് ചെയര്‍ വന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിയ്ക്ക് അഞ്ച് പൈസ പോലും കിട്ടുന്നില്ല. ഗാന്ധിയന്‍ സ്റ്റഡീസിലെ ആര്‍ക്കും അതിന്റെ ചാര്‍ജുമില്ല. എന്നിട്ടും മുറി അനുവദിച്ച് നല്‍കി.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടിസ്സ്)ല്‍ പാര്‍ട് ടൈമായി പി.എച്ച്.ഡി. ചെയ്യുന്നുണ്ട്. ഈ വര്‍ഷം ഓഗസ്ത് മാസത്തില്‍ തീസീസ് സമര്‍പ്പിക്കേണ്ടതാണ്. 2013ലാണ് ഗവേഷണം ആരംഭിച്ചത്. അന്നുമുതല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭ്യമായ അവധികള്‍ ഉപയോഗപ്പെടുത്തിയാണ് ഞാന്‍ പഠനവുമായി മുന്നോട്ട് പോവുന്നത്. ടിസ്സിലെ പ്രസന്റേഷനും ഫീല്‍ഡ് വര്‍ക്കിനുമായി എനിക്ക് ഒരു മാസത്തെ അവധി വേണമായിരുന്നു. ഹാഫ്-പേ ലീവിനാണ് അപേക്ഷിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍. അത് ആദ്യം എച്ച്.ഒ.ഡി. അംഗീകരിച്ചു. ഇതനുസരിച്ച് മുംബൈയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ടിസ്സില്‍ വിളിച്ച് പ്രസന്റേഷനുള്ള ക്രമീകരണങ്ങളും നടത്തി. പക്ഷെ പിന്നീട് ഇതേ എച്ച്.ഒ.ഡി. വൈസ് ചാന്‍സലറെ കണ്ട് ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകര്‍ കുറവാണെന്നും ധരിപ്പിച്ചു. ഇതനുസരിച്ച് ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ട്, മൂന്നാഴ്ച കഴിഞ്ഞിട്ട് അവധി മതിയോ എന്ന് എന്നോട് ചോദിക്കാന്‍ എച്ച്.ഒ.ഡി.യോട് വി.സി. ആവശ്യപ്പെട്ടു. പക്ഷെ എച്ച.ഒ.ഡിയായ അധ്യാപകന്‍ ഇതൊരു തക്കമെന്ന നിലയില്‍ എന്റെ അവധി റദ്ദാക്കുകാണ് ചെയ്തത്. മൂന്നാഴ്ച കഴിഞ്ഞ് അവധി നല്‍കാമെന്ന് വി.സി. പറഞ്ഞതായി രേഖപ്പെടുത്തിയ കത്താണ് അദ്ദേഹം എനിക്ക് നല്‍കിയത്. പക്ഷെ ഞാനതിനെ ചോദ്യം ചെയ്തു. അക്കാദമിക ആവശ്യങ്ങള്‍ക്ക് അവധിയെടുക്കരുതെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. അതും എനിക്ക് ലഭ്യമായ ഹാഫ്-പേ അവധിയാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ വി.സി.യെ നേരിട്ട് കണ്ട് എച്ച്.ഒ.ഡി തന്ന കത്ത് നല്‍കി. എന്നാല്‍ അങ്ങനെയൊരു കാര്യം നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് തന്നെ വി.സി. ഉറപ്പിച്ചുപറഞ്ഞു. അങ്ങനെ ശക്തമായ നിലപാട് ഞാനെടുത്തതുകൊണ്ട് മാത്രം നവംബര്‍ ഒന്നാം തീയതി മുതല്‍ അപേക്ഷിച്ച് അവധി നാലാം തീയതി മുതല്‍ക്കെങ്കിലും ലഭിച്ചു. ഇക്കാര്യത്തില്‍ എച്ച്.ഒ.ഡിക്കെതിരെ അന്വേഷണത്തിനും വി.സി. ഉത്തരവിട്ടു. അതിവേഗ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് പറഞ്ഞായിരുന്നു ഉത്തരവെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത് ഫെബ്രുവരി 27നാണ്. മാര്‍ച്ച് പകുതിയോടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാര്‍ച്ച് 31ന് ഈ എച്ച്.ഒ.ഡി. സര്‍വീസില്‍ നിന്ന് വിരമിച്ചു. അതോടെ എല്ലാ നടപടികളും അവസാനിച്ചല്ലോ. കൃത്യമായ തെളിവുകള്‍ സഹിതമാണ് ഞാന്‍ പരാതി നല്‍കിയത്. എന്നിട്ടും അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ മൂന്ന് മാസത്തിലധികമെടുത്തു. എച്ച്.ഒ.ഡി. വിരമിക്കുന്ന സമയം നോക്കി ഈ റിപ്പോര്‍ട്ട് മനപ്പൂര്‍വം താമസിപ്പിച്ചതാണെന്ന് തന്നെയാണ് എന്റെ വിശ്വാസം.

പാസ്സ് ബോര്‍ഡ് ചേര്‍ന്ന് പാസ്സാക്കണമെന്ന് തീരുമാനിച്ച അഞ്ച് കുട്ടികളെ എച്ച്.ഒ.ഡി. തോല്‍പ്പിച്ച സംഭവത്തെ ഞാന്‍ ചോദ്യം ചെയ്തിരുന്നു. ആദ്യ സെമസ്റ്ററിലെ ഒരു വിദ്യാര്‍ഥിയും മൂന്നാം സെമസ്റ്ററിലെ നാല് വിദ്യാര്‍ഥികളും. ഇവര്‍ അഞ്ച് പേരും ദളിത് വിദ്യാര്‍ഥികളായിരുന്നു എന്നത് യാദൃശ്ചികമായിരിക്കാം. പക്ഷെ പാസ് ബോര്‍ഡിന്റെ തീരുമാനത്തെ മറികടന്ന് ഇവരെ തോല്‍പ്പിച്ചത് തെറ്റാണെന്ന് കാണിച്ച് ഞാന്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിലുള്ള അസ്വസ്ഥകളാണ് അവധി റദ്ദാക്കുന്നതിന് എച്ച്.ഒ.ഡി.യെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വിനീത് ചന്ദ്രന്‍ എന്ന ഒരു വിദ്യാര്‍ഥി മൂന്നാം സെമസ്റ്റര്‍ പഠിയ്ക്കുമ്പോള്‍ ഈ എച്ച്.ഒ.ഡി. നടത്തിയ ഇന്റേണല്‍ മാര്‍ക്കിന്റെ പരീക്ഷ എഴുതിയിരുന്നു. എന്നാല്‍ ആ ഉത്തരപേപ്പര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് എങ്ങനെയോ നഷ്ടപ്പെട്ടു. ഉടനെ വിനീത് പരീക്ഷ എഴുതിയിട്ടില്ലെന്ന് മാര്‍ക്ക് ചെയ്ത് ആ കുട്ടിയെ തോല്‍പ്പിക്കുകയും ചെയ്തു. ഈ കാര്യവും ഞാന്‍ ചോദ്യം ചെയ്യുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ആ വിദ്യാര്‍ഥി മൂന്ന് വര്‍ഷം പുറകേ നടന്നിട്ടാണ് നീതി ലഭിച്ചത്. അവന്‍ പരീക്ഷയെഴുതുന്നത് കണ്ട പലരുമുണ്ട്. പക്ഷെ ആരും അത് പറയാന്‍ തയ്യാറല്ലായിരുന്നു. ആ കുട്ടിയും ദളിത് വിദ്യാര്‍ഥിയായിരുന്നു എന്നതും യാദൃശ്ചികമായിരിക്കാം. ഇതിനെതിരെ ഞാന്‍ പരാതി നല്‍കിയതും പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഈ പെരുമാറ്റങ്ങള്‍ക്ക് പിന്നിലെല്ലാം എന്റെ ജാതി ഒരു വലിയ വിഷയമായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത് പിന്നീടുള്ള എച്ച്.ഒ.ഡിയുടെ പല പറച്ചിലുകളിലും പ്രവര്‍ത്തികളിലും പ്രകടവുമായിരുന്നു.

ഇവിടെ പഠിക്കുന്ന ദളിത്, ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സംഘടിക്കണമെന്ന തോന്നല്‍ ഉണ്ടായത് എങ്ങനെയാണ്? എന്തുകൊണ്ടാണ് മറ്റുകുട്ടികള്‍ക്ക് ആ തോന്നലില്ലാത്തത്? അപ്പോള്‍ സംഘടിച്ചാലേ നീതി ലഭിക്കൂ എന്ന തോന്നല്‍ ആ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവുന്നതുകൊണ്ടാണ്. ഒറ്റയ്ക്ക് നിന്നാല്‍ പലതും നിഷേധിയ്ക്കപ്പെടുമെന്ന് അവര്‍ക്കറിയാം.

ഞാന്‍ ഉള്ളാട വിഭാഗത്തില്‍ നിന്നുള്ളയാളാണ്. പി.എച്ച്.ഡി. ഇതേവരെയില്ല. നെറ്റ് എഴുതി പാസ്സായിട്ടാണ് കോളേജിലും പിന്നീട് യൂണിവേഴ്‌സിറ്റിയിലും ജോലിയ്ക്ക് കയറിയത്. വെറും നെറ്റും കൊണ്ട് സംവരണത്തില്‍ കയറിയതാണെന്ന തരത്തിലുള്ള സംസാരങ്ങള്‍ മുന്‍ എച്ച്.ഒ.ഡി. അടക്കമുള്ളവര്‍ പറഞ്ഞുനടന്നിരുന്നു. എന്റെ വിദ്യാര്‍ഥികളുടെയടുത്ത് വരെ ഇവര്‍ ഇത്തരത്തിലുള്ള അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി. വിദ്യാര്‍ഥികള്‍ക്ക് അത് സഹിക്കാന്‍ വയ്യാതായപ്പോള്‍ അവര്‍ എനിക്ക് ഇക്കാര്യങ്ങള്‍ എഴുതി നല്‍കുക വരെ ചെയ്തു. ‘അവളൊക്കെ ആ ജാതിയിലുള്ളതാ. റിസര്‍വേഷന്‍ ഉള്ളതുകൊണ്ട് കേറിപ്പോന്നതാ. അല്ലാതെ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടൊന്നുമല്ല’ തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇദ്ദേഹം നടത്തിയതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചും പറഞ്ഞു എന്നാണ് കുട്ടികള്‍ എനിക്ക് എഴുതി നല്‍കിയ കത്തിലുള്ളത്. ഈ കത്തും കൂടി തെളിവായി വച്ചുകൊണ്ട് രണ്ടാമതൊരു പരാതി ഞാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് നല്‍കി. അവധി നിഷേധിച്ചത് സംബന്ധിച്ച് ആദ്യം നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണം താമസിപ്പിച്ചതിനെതിരെയും ഞാന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതുകൂടാതെ വിരമിച്ച എച്ച്.ഒ.ഡി.യുടെ നിയമനം വ്യവസ്ഥകള്‍ ലംഘിച്ചുള്ളതായിരുന്നു എന്ന് യൂണിവേഴ്‌സിറ്റി തന്നെ തന്നിട്ടുള്ള വിവരാവകാശ രേഖ തെളിവായി വച്ചുകൊണ്ട് ഞാന്‍ ചോദ്യം ചെയ്തു. ഇക്കാര്യത്തിലെല്ലാം അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതേവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പക്ഷേ, ഞാന്‍ പോരാട്ടം അവസാനിപ്പിച്ചിട്ടില്ല. നീതി കിട്ടും വരെ പോരാടും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍