UPDATES

ട്രെന്‍ഡിങ്ങ്

ഉസ്താദിന് മൌനം; മര്‍ക്കസ് എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ഥികളുടെ ഭാവി പന്താടി മാനേജ്മെന്റ്

കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് സ്ഥാപനം അംഗീകരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു എന്നാണ് ആരോപണം

കോഴിക്കോട് കാരന്തൂരിലുള്ള മര്‍ക്കസ് എഞ്ചിനിയറിങ്ങ് കോളേജ് സമരം കൂടുതല്‍ ശക്തമാവുകയാണ്. മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന നിരാഹാര സമരം 21 ദിവസങ്ങള്‍ പിന്നിടുമ്പോഴും അനിശ്ചിതവസ്ഥയും സംഘര്‍ഷങ്ങളും തന്നെയാണ് ഫലം. കാരന്തൂര്‍ മര്‍ക്കസ് സുഖാഫത്തി സുന്നിയ്യയടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് എന്ന സ്ഥാപനം അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു എന്നാരോപിച്ച് കഴിഞ്ഞ മെയ് 9-നാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ വഞ്ചനാ കുറ്റത്തിന്, ജാമിയ മര്‍ക്കസിന്റെ സ്ഥാപകനും ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മറ്റ് 14 പേര്‍ക്കുമെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ കാന്തപുരം വിഭാഗത്തിനെതിരെ നടപടി ഉണ്ടാവുന്നില്ലെന്നും പോലീസ് ഏകപക്ഷീയമായി സമരം അടിച്ചമര്‍ത്തുകയുമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വയനാട്-കോഴിക്കോട് പാത ഉപരോധിച്ച വിദ്യാര്‍ഥികളെ പോലീസ് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പിന്നീട് പോലീസ് സമരപന്തല്‍ പൊളിച്ച് നീക്കുകയും സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തുന്നത് വിലക്കുകയും ചെയ്തു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ലീഗ് പ്രവര്‍ത്തകര്‍ പോലീസിന്റെ അകാരണമായുള്ള അറസ്റ്റുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത്
‘2012-13 ലാണ് മര്‍ക്കസില്‍ കോഴ്‌സ് ആരംഭിക്കുന്നത്. അന്ന് ഒരു ഓട്ടോമൊബൈല്‍ ബാച്ചും ഒരു ആര്‍ക്കിട്ടെക്ചര്‍ ബാച്ചും ഒരു സിവില്‍ ബാച്ചും ആണ് ഉണ്ടായിരുന്നത്. ഏകദേശം 450 വിദ്യാര്‍ത്ഥികളോളം ഇതുവരെ ഇവിടെ അഡ്മിഷന്‍ എടുത്തിട്ടുണ്ട്. ഞങ്ങളുടെ സീനിയര്‍ ബാച്ച്, അതായത് ഇവിടുത്തെ ആദ്യ ബാച്ച് പാസ്സ് ഔട്ട് ആയി ബിടെക്കിന് ചേര്‍ന്നപ്പോഴാണ് ചതി മനസ്സിലായത്. ബിടെകിന് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് മാസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റിന് സാധുത ഇല്ലാത്തതിനാല്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. അതുപോലെ ജോലിക്ക് ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കും സമാന അനുഭവമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ തന്നെ മാനേജ്‌മെന്റുമായി ഞങ്ങള്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. അംഗീകാരം ഉണ്ടെന്ന് വാദിക്കാന്‍ ആണ് അപ്പോഴും മാനേജ്‌മെന്റ് ശ്രമിച്ചത്. എന്നാല്‍ ഇത് പൊള്ളയായ വാദമാണെന്ന് ഞങ്ങള്‍ തെളിയിച്ചു. ഒടുവില്‍ അംഗീകരമില്ലെന്ന് മര്‍ക്കസ് ഡയറക്ടര്‍ ഏപ്രില്‍ 22-ന് 100 രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പിട്ട് തരികയും നഷ്ടപരിഹാരം നല്കാം എന്ന് ഉറപ്പ് തരുകയും ചെയ്തു.

ഏപ്രില്‍ 26ന് കാന്തപുരം ഉസ്താദുമായുള്ള ചര്‍ച്ചയില്‍ ആളൊന്നിന് എത്ര നഷ്ടപരിഹാരം നല്കണം എന്ന് തീരുമാനിക്കും എന്നും പറഞ്ഞു. എന്നാല്‍ എപ്രില്‍ 26-ല്‍ നിന്നും 27-ലേക്കും മെയ് 7-ലേക്കും ചര്‍ച്ച നീട്ടുകയാണ് ചെയ്തത്. ഒടുവില്‍ മെയ് 9-ന് ചെന്നപ്പോഴും അധികാരികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ല. അങ്ങനെയാണ് നിരാഹരസമരം എന്ന പടിയിലേക്ക് ഞങ്ങള്‍ കടക്കുന്നത്.
പിന്നീട് കോഴിക്കോട് ജില്ലാ കളക്ടരെ നേരിട്ട് കണ്ടും പരാതി ബോധിപ്പിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റിന്റെ വാലിഡിറ്റി അറിയാന്‍ വേണ്ടി ഒരു പത്തംഗ സമിതിയെ നിയമിക്കാമെന്ന് കളക്ടര്‍ ഉറപ്പ് തന്നു. 23-ാം തീയതിക്കുള്ളില്‍ പഠനം നടത്തി റിപ്പോട്ട് തരാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 23-ാം തീയതി ആയിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല. വീണ്ടും പ്രതിഷേധ പ്രകടങ്ങള്‍ നടന്ന ശേഷമാണ് സമിതി നിയമിതമായത്.

25-ാം തീയതി നിയമിതമായി സമിതി വന്ന് ഞങ്ങള്‍ 7 പേരുടേയും മാനേജ്‌മെന്റിനേയും മൊഴിയെടുത്തു. 26-ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് കോഴ്‌സിന് അംഗീകാരം ഇല്ല എന്ന് തന്നെയാണ്. മറിച്ച് പ്രചരിപ്പിക്കാന്‍ കാന്തപുരത്തിന്റെ ആളുകള്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ കോഴ്‌സിന് അംഗീകാരം നല്കണം എന്ന കലക്ടറുടെ ശുപാര്‍ശ ഉണ്ടെന്ന് മാത്രം. ഇത് എങ്ങനെയാണ് ശരിയാവുക. അംഗീകാരം ഇല്ലാത്തെ തുടങ്ങിയ കോഴ്‌സിന് അംഗീകാരം നല്‍കുകയാണോ ഗവണ്‍മെന്റിന്റെ പണി?’, 2013-ല്‍ ഓട്ടോമൊബൈല്‍ കോഴ്‌സില്‍ ചേര്‍ന്ന ദിമല്‍ ജോണിന്റേതാണ് വാക്കുകള്‍.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കോഴ്‌സിന് അംഗീകാരം ഉണ്ട് എന്ന രീതിയില്‍ സ്ഥാപനം പരസ്യം നല്‍കിയതായും സമരത്തില്‍ പങ്കെടുത്ത ആരെയെങ്കിലും കുന്ദമംഗലം-കാരന്തൂര്‍ പ്രദേശത്ത് കണ്ടു കഴിഞ്ഞാല്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമം നടക്കുന്നതായും ദിമല്‍ അഴിമുഖത്തോട് പറഞ്ഞു.

മര്‍ക്കസ് അനുഭാവികളുടെ മറുപടികള്‍ ഇങ്ങനെ
മര്‍ക്കസിനെതിരായ നീക്കത്തിന് പിന്നില്‍ മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് എന്നാണ് കാന്തപുരം അനുകൂലികള്‍ ഉന്നയിക്കുന്ന മറുവാദം. കാന്തപുരം അനുകൂലികള്‍ മര്‍ക്കസ് സംരക്ഷണ സമിതി രൂപികരിച്ച് സമരം പൊള്ളയായ വാദങ്ങളിന്മേലാണ് നടക്കുന്നത് എന്ന് വാദിക്കുന്നുണ്ട്. ‘ഇവിടുത്തെ നാട്ടുകാരാണെന്ന് പറഞ്ഞ് കൊണ്ട്, ചില ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് നിന്നും ആളുകളെ കൊണ്ടുവന്ന് ഇവിടെ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്’, മര്‍ക്കസ് സംരക്ഷണ സമിതി പ്രതിനിധിയായ നിസാമുദ്ദീന്‍ മിസാമി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ചേരൂരിലെ മലബാര്‍ ഐ.ടി.ഐ, സീതി സാഹിബ് മെമോറിയല്‍ പോളി തുടങ്ങിയ സ്ഥാപനങ്ങളില്‍ സമാനമായ കോഴ്‌സ് നടത്തിയിട്ടും അതിനെതിരെ പ്രതികരിക്കാതെ മര്‍ക്കസില്‍ മാത്രം പ്രക്ഷോഭം ഉണ്ടാക്കുന്നത് ലീഗിന്റെ ഇരട്ടത്താപ്പാണെന്നും ഇവര്‍ ആരോപണം ഉന്നയിക്കുന്നു. എന്നിരുന്നാലും മര്‍ക്കസിലെ കോഴ്‌സിന് അംഗീകാരം ഉണ്ട് എന്ന വാദം ആരും ഉന്നയിക്കുന്നില്ല. മുസ്ലീം ലീഗിന്റെ ഇടപെടലിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാര്‍ഥി ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുള്‍ വഹാബ് അതേസമയം കാന്തപുരത്തിന് പിന്തുണയുമായി എത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ലീഗ് നേതാക്കള്‍ ഇത് രാഷ്ട്രീയ പ്രേരിത പ്രക്ഷോഭം അല്ലെന്ന നിലപാടിലാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും തുടര്‍ന്നും പിന്തുണ നല്‍കും എന്ന് തന്നെയാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന. യൂത്ത് ലീഗ് പ്രസിഡന്റ് ഒ. സലീമിനെ വിട്ട് കിട്ടാന്‍ വേണ്ടി എം.കെ മുനീറിന്റെ നേരിട്ടുള്ള ഇടപെടലില്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തിയത് ഇതിന്റെ സൂചനയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കുന്ദമംഗലം പ്രദേശത്ത് ലീഗ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

കഴിഞ്ഞദിവസം നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ സമരം തുടരാനും സമരപന്തല്‍ പുനര്‍നിര്‍മ്മിക്കാനും സമരസമിതി അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. റിലേ നിരാഹാര സമരം 21 ദിവസം പൂര്‍ത്തിയാവുമ്പോഴും പരസ്യ പ്രസ്താവനയ്ക്ക് കാന്തപുരം തയ്യാറായിട്ടില്ല. ഇരു വിഭാഗങ്ങളും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് പേജുകള്‍ രൂപികരിക്കുകയും പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. സമരം ശക്തമാവുകയാണെങ്കില്‍ ലീഗും-കാന്തപുരം വിഭാഗവും തുറന്ന യുദ്ധത്തിലേക്ക് കടക്കുക തന്നെ ചെയ്യും. ഈ വിഷയം നേരത്തെ എം.കെ മുനീറും, പി.ടി.എ റഹീമും നിയമ സഭയില്‍ അവതരിപ്പിച്ചപ്പോള്‍, വിഷയം പരിഗണിക്കും എന്ന് മുഖ്യമന്തി പിണറായി വിജയന്‍ ഉറപ്പ് നല്കിയിരുന്നു. കോഴ്‌സുകള്‍ക്ക് അംഗീകാരം ഇല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ചോദ്യചിഹ്നമായ വിവാദത്തില്‍ കാന്തപുരം പ്രതിരോധത്തില്‍ ആയിട്ടുണ്ട്. അദ്ദേഹം എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍