UPDATES

കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

തെരുവിലെ കൂടിനില്‍പ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കാതെ ജോലി ലഭിക്കില്ലെന്നിരിക്കെ ഇവരില്‍ പലരുടേയും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.

കുറഞ്ഞ കൂലിയില്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, ഭീഷണിപ്പെടുത്തും, തെരുവില്‍ പോലും നില്‍ക്കരുതെന്ന കര്‍ശന താക്കീത് നല്‍കി തിരികെ അയയ്ക്കും. അടിച്ചോടിക്കലും സംഘര്‍ഷവും ഭയന്ന് കൂടിനില്‍പ്പ് കേന്ദ്രങ്ങളില്‍ എത്താതെ ഇതര സംസ്ഥാന തൊഴിലാളികള്‍. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ വിസമ്മതിക്കുന്ന തൊഴിലാളികളെ ‘കൂടിനില്‍പ്പ്’ കേന്ദ്രങ്ങളില്‍ നിന്ന് അടിച്ചോടിക്കുന്നത് ഭയന്ന് പലരും തെരുവിലേക്ക് ഇറങ്ങിയിട്ടില്ല. തെരുവിലെ കൂടിനില്‍പ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കാതെ ജോലി ലഭിക്കില്ലെന്നിരിക്കെ ഇവരില്‍ പലരുടേയും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മൂവാറ്റുപുഴയിലെ പല ജംഗ്ഷനുകളിലും സംഘര്‍ഷവും വാക്‌പോരും നടന്നിരുന്നു. പോലീസെത്തി സംരക്ഷണം ഉറപ്പ് നല്‍കിയെങ്കിലും ഭയന്ന തൊഴിലാളികള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്. സംഘര്‍ഷമുണ്ടായ കീച്ചേരിപ്പടിയില്‍ പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടും തൊഴിലാളികള്‍ ഭീതിയിലാണ്. കൂടിനില്‍പ്പ് കേന്ദ്രങ്ങളില്‍ നില്‍ക്കാന്‍ കഴിയാതായതോടെ ജോലികിട്ടാനുള്ള ഇടം മാത്രമല്ല, പകരം ഇതരസംസ്ഥാനക്കാരുടെ കൂടിച്ചേരലുകള്‍ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കുമുള്ള ഇടം കൂടിയാണ് ഇല്ലാതായത്.

നിലവിലുള്ള കൂലി ചോദിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാര്‍ മര്‍ദിക്കുന്നുവെന്ന പരാതികള്‍ പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ നീട്ടുന്ന കുറഞ്ഞ നിരക്കിനപ്പുറം കൂലി ആവശ്യപ്പെടുന്നവര്‍ ജോലി അന്വേഷിച്ച് പ്രസ്തുത സ്ഥലങ്ങളില്‍ നില്‍ക്കാന്‍ പാടില്ലെന്ന ബോര്‍ഡും സ്ഥാപിച്ചിരിക്കുകയായിരുന്നു കോണ്‍ട്രാക്ടര്‍മാര്‍. പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളിലാണ് ഇത്തരം ബോര്‍ഡുകള്‍ അനധികൃതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചതിന് ശേഷം തൊഴിലാളികള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ രാവിലെ മുതല്‍ ചിലരെത്തുകയും തൊഴിലാളികളെ തല്ലിയോടിക്കുകയുമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ കീച്ചേരിപ്പടിയില്‍ വലിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു. കയ്യേറ്റം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചതോടെ തൊഴിലാളികള്‍ ചിതറിയോടി. പിന്നീട് പോലീസ് എത്തിയെങ്കിലും സംഘര്‍ഷമുണ്ടാക്കിയവരെ പിടികൂടിയില്ല. കുറഞ്ഞകൂലിയുള്ളവരല്ലാത്തവര്‍ നില്‍ക്കേണ്ട എന്ന മുന്നറിയിപ്പ് ബോര്‍ഡും ഇതേവരെ നീക്കം ചെയ്തിട്ടില്ല. വരും ദിവസങ്ങളിലും പോലീസ് പ്രദേശത്ത് തൊഴിലാളികള്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് മൂവാറ്റുപുഴ പോലീസ് പറഞ്ഞു. പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കുന്നവരെ കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനും വേണ്ട നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയതായും പോലീസ് പറയുന്നു. കൂടുതല്‍ കൂലിയല്ല, ലഭിച്ചുകൊണ്ടിരുന്ന കൂലിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതേവരെ നടപടികള്‍ ഉണ്ടായിട്ടില്ല.

മേസണ്‍ ജോലിക്ക് 750 രൂപ മുതല്‍ 800 രൂപ വരെയും ഹെല്‍പ്പറിന് 600 രൂപ മുതല്‍ 650 രൂപയിലും കൂടുതല്‍ കൂലി വാങ്ങുന്നവര്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്നാണ് ഈ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ബംഗാളിയിലുമായാണ് ബോര്‍ഡുകള്‍. മലയാളി തൊഴിലാളികള്‍ക്ക് കൂലി മേസണിന് ആയിരം രൂപയില്‍ കൂടുതലും ഹെല്‍പ്പറിന് 850 രൂപയില്‍ അധികവുമാണ്. ഇത്രയും നാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ മേസണിന് 900 മുതല്‍ 950 രൂപ വരെയും ഹെല്‍പ്പര്‍ക്ക് 700 മുതല്‍ 750 രൂപ വരെയുമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതുതന്നെ മാസത്തില്‍ 10- 18 ദിവസമാണ് ഇവര്‍ക്ക് തൊഴില്‍ ഉണ്ടാവുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ കാര്‍ഷിക പ്രതിസന്ധിയും കുടുംബങ്ങളിലെ ദാരിദ്ര്യവും കാരണം കേരളത്തിലേക്ക് വണ്ടി കയറിയവരാണ് ഇടനിലക്കാരായ കോണ്‍ട്രാക്ടര്‍മാരുടെ പുതിയ ചൂഷണവും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യമായ തുകയൊന്നും മിച്ചം പിടിച്ച് ഇവര്‍ക്ക് നാട്ടിലേക്ക് അയയ്ക്കാനും കഴിയുന്നില്ല.
ട്രേഡ് യൂണിയനുകളും സര്‍ക്കാരും ഈ വിഷയത്തില്‍ കണ്ണടയ്ക്കുന്നു എന്ന പരാതിയും വ്യാപകമാണ്. വര്‍ഷങ്ങളായി തൊഴിലാളികള്‍ നില്‍ക്കുന്ന സ്ഥലമാണ് ഇതെന്നും ഞങ്ങള്‍ നല്‍കുന്ന തുകയ്ക്ക് അപ്പുറം നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇവിടെ നില്‍ക്കരുത് എന്നുമാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് എന്ന് അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ഇടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസിന്റെ കോഡിനേറ്റര്‍ ജോര്‍ജ് മാത്യു ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ തൊഴില്‍ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് സംഘടന.

അദ്ദേഹം പറയുന്നതിങ്ങനെ: “ഏതു തൊഴില്‍ ആണെങ്കിലും അത് ചെയ്യുന്ന തൊഴിലാളിക്കാണ് കൂലി ആവശ്യപ്പെടാനുള്ള അവകാശം. എന്നാല്‍ ഈ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ലോക്കല്‍ ഗുണ്ടകള്‍ ദാദാമാരുടെ വേഷം കെട്ടി തൊഴിലാളികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് എന്നാണ് കാണുന്നത്. അങ്ങനെ ഒരു കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഒന്നും നിലവിലില്ല. ഇത് അസോസിയേഷന്‍ എന്നുപറഞ്ഞ് ഒരു ബോര്‍ഡ് വെയ്ക്കും, അത്രമാത്രം. തൊഴില്‍ വകുപ്പില്‍ നിന്ന് രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നവരാണ് നിലവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ആകുന്നത്. അവര്‍ക്ക് വേതനത്തെ സംബന്ധിച്ച് എന്തെങ്കിലും പരാതിയോ മറ്റു കാര്യങ്ങളോ ഉണ്ടെങ്കില്‍ അതിന് ബന്ധപ്പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥനെ സമീപിക്കുകയാണ് വേണ്ടത്. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനകളും തൊഴിലുടമകളും ഒക്കെയായി ചര്‍ച്ച നടത്തി സമവായത്തിലേക്ക് എത്തണം. പക്ഷേ ഇത് സംഘടിത മേഖലയില്‍ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

2006 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഞങ്ങളുടെ സംഘടന കേരളത്തിലെ അസംഘടിത തൊഴിലാളികളുടെ മാത്രമല്ല ബംഗാളിലും ഒഡീഷയിലും ഉള്ള കര്‍ഷകരുടെയും ആദിവാസികളുടെയും പ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്. അതുകൊണ്ടുതന്നെ അവരൊക്കെ ഇങ്ങോട്ടു വരാന്‍ ഉള്ള കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമാണ്. അത്രമാത്രം സാമ്പത്തിക പരാധീനത അവര്‍ അവിടെ അനുഭവിക്കുന്നുണ്ട്. പക്ഷേ ഇവിടെ വരുന്ന അവര്‍ പൊതുസ്ഥലത്ത് മരണപ്പെട്ടാല്‍ പോലും അത് കണക്കില്‍പ്പെടാത്ത മരണമായി മാറുന്ന അവസ്ഥയാണ് പലപ്പോഴും ഉണ്ടായിരുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും പണ്ട് നടപടി ഉണ്ടായിരുന്നില്ല. ഇടനിലക്കാര്‍ എഴുപതിനായിരവും എണ്‍പതിനായിരവും ആവശ്യപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കാന്‍ ഗവണ്‍മെന്റ് ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. അതിനായി ഫണ്ടും മാറ്റിവെച്ചിട്ടുണ്ട്. എത്രത്തോളം ഫലപ്രദമായി നടക്കുന്നുണ്ട് എന്നുള്ളത് സംശയമാണെങ്കില്‍ പോലും ഇത്തരത്തില്‍ കാണിക്കുന്ന ജാഗ്രത തൊഴിലാളികളുടെ വേതന പ്രശ്‌നത്തില്‍ കൂടി പതിയേണ്ടതുണ്ട്.

വര്‍ഷങ്ങളായി ഇവര്‍ കൂടി നില്‍ക്കുന്ന ഈ സ്ഥലം യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക വിനിമയത്തിന്റെ തട്ടകം കൂടിയാണ്. അവിടെയാണ് നില്‍ക്കരുത് എന്നു പറയുന്നത്. വേതന ഏകീകരണം കൊണ്ടുവരണമെന്ന ആവശ്യമല്ല ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. അത് ഒരു പരിധിവരെ അസാധ്യവുമാണ്. പക്ഷേ പ്രകോപനപരമായ ബോര്‍ഡ് കസ്റ്റഡിയിലെടുക്കുകയും തൊഴിലാളികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യണം. തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന് പേടിച്ച് പലപ്പോഴും തൊഴിലാളികള്‍ ചെറുത്തു നില്‍ക്കാതെ പോകുന്നത് മുതലെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ട്.

ഇത് കേവലം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ല. ചെറിയ കൂലിക്ക് അവരെ കിട്ടുമെന്നിരിക്കെ മലയാളി തൊഴിലാളികളെ തൊഴിലുടമകള്‍ വിളിക്കാതിരിക്കുന്നതിനെത്തുടര്‍ന്ന് അവര്‍ക്ക് ജോലി കിട്ടാതെ വരുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. മുന്‍പ് രാജസ്ഥാനില്‍ നിന്നും കോഴിക്കോട്ടേക്ക് ടൈല്‍സ് പണിക്കായി വന്നവര്‍ക്ക് 750 രൂപ കൂലിയും മലയാളികള്‍ക്ക് ആയിരം രൂപ കൂലിയും ഉണ്ടായിരുന്നപ്പോള്‍ മലയാളികള്‍ക്ക് ജോലി കിട്ടാതെ വന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നത് ഒരു ഉദാഹരണം മാത്രം.
കോണ്‍ട്രാക്ടര്‍മാരോട് തങ്ങള്‍ക്ക് അര്‍ഹമായ കൂലി ചോദിച്ചു വാങ്ങുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും തല്ലിയും ഓടിക്കുന്നത് പതിവായിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ തൊഴില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്”.

‘കോളോണിയല്‍ കാലഘട്ടത്തില്‍ ഗ്രാമങ്ങളില്‍ കൃഷിചെയ്തും കന്നുകാലി വളര്‍ത്തിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന മനുഷ്യരെ കങ്കാണിമാര്‍ വ്യവസായ ശാലകളിലേക്കും തോട്ടം മേഖലയിലേക്കും തൊഴില്‍ എടുക്കുന്നതിനും ബലമായി പിടിച്ച് കൊണ്ടുപോയതിനെയാണ് തൊഴിലാളികള്‍ക്കെതിരായി മുവാറ്റുപുഴയില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. നിരവധി തൊഴിലാളികളെയാണ് ജോലിക്ക് കൊണ്ടുപോയി വേതനം നല്കാതെ ഏജന്റുമാര്‍ കബളിപ്പിക്കുന്നത്. തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു രേഖയും ഏജന്റുമാര്‍ സൂക്ഷിക്കുന്നില്ല എന്നുമാത്രമല്ല, വേതനം ആവശ്യപ്പെടുമ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’ എന്ന് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അപ്പോഴും ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ടായിരുന്നില്ല. ബോര്‍ഡ് നീക്കം ചെയ്യേണ്ടത് മുന്‍സിപ്പാലിറ്റി അധികൃതരാണ് എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. പോലീസിന്റെ സാന്നിധ്യത്തില്‍ പോലും കരാറുകാര്‍ തൊഴിലാളികളെ അപമാനിച്ചു സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു എന്നും പോലീസിന്റെ ഭാഗത്തുനിന്നും തൊഴിലാളികളുടെ ഭാഗത്തുനിന്നും ആത്മസംയമനം ഉണ്ടായതുകൊണ്ട് മാത്രമാണ് സംഘര്‍ഷം ഉണ്ടാകാതെ ഇരുന്നത് എന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ വെളിപ്പെടുത്തി.

അതേസമയം, ബോര്‍ഡ് ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും വേണ്ട നടപടി സ്വീകരിക്കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

read more:ജോസ് കെ മാണി ചെയര്‍മാന്‍ സ്ഥാനത്തേക്കോ? യോഗം അനധികൃതമെന്ന് പി ജെ ജോസഫ്

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍