UPDATES

ട്രെന്‍ഡിങ്ങ്

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നോടിക്കാന്‍ കുപ്രചരണം നടത്തുന്നത് ആര്‍ക്ക് വേണ്ടി?

കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലുടമ, ഉത്തരേന്ത്യന്‍ തൊഴിലാളിയെ തല്ലിക്കൊന്നു എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്ന ശബ്ദരേഖകളും ഫോട്ടോകളുമാണ് പെട്ടെന്നുണ്ടായ അഭ്യൂഹത്തിന് കാരണം

ദീഷ്‌ണ സി.

ദീഷ്‌ണ സി.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിലിടങ്ങളിലും മറ്റുമായി മൃഗീയ പീഡനത്തിനിരയാകുന്നു എന്ന തരത്തില്‍ വ്യാപകമായി കുപ്രചരണം നടന്നുകൊണ്ടിരിക്കുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ ഹോട്ടലുടമ, ജോലിക്കാരനായ ഉത്തരേന്ത്യന്‍ തൊഴിലാളിയെ തല്ലിക്കൊന്നു എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പരക്കുന്ന ശബ്ദരേഖകളും ഫോട്ടോകളുമാണ് പെട്ടെന്നുണ്ടായ അഭ്യൂഹത്തിന് കാരണം. കൊല്ലപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന ആളുടെ മുഖം അവ്യക്തമാക്കിയുള്ള ഫോട്ടോയും, ഒപ്പം ഇത്തരം തൊഴിലാളികള്‍ക്ക് ഭീഷണിയായുള്ള വോയ്‌സ്‌ക്ലിപ്പും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹോട്ടലുടമകളുടെയും മുതലാളിമാരുടെയും പീഡനത്തെ ഭയന്ന് 400-ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിലുപേക്ഷിച്ചു തങ്ങളുടെ നാടുകളിലേക്ക് മടങ്ങിയെന്നും തൊഴിലാളി ക്ഷാമം മൂലം കോഴിക്കോട്ടെ രണ്ടു ഹോട്ടലുകള്‍ പൂട്ടിയെന്നും ഇതോടൊപ്പം റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും സംരക്ഷണം ഉറപ്പുവരുത്തുന്നത് തങ്ങളാണെന്നുമാണ് ഹോട്ടലുടമകള്‍ അഭിപ്രായപ്പെടുന്നത്. ‘മലയാളികളെ പോലെതന്നെ, ഒരുപക്ഷേ മലയാളികളെക്കാള്‍ വിശ്വസ്തരും ചെയ്യുന്ന ജോലിയോട് നീതിപുലര്‍ത്തുന്നവരുമാണ് അന്യസംസ്ഥാനത്തു നിന്നും തൊഴില്‍ തേടിയെത്തുന്ന ഈ ഒരു വിഭാഗം. ഇവരെ ഞങ്ങള്‍ എന്തിന് പീഡിപ്പിക്കണം? ഇത്തരം ആരോപണങ്ങള്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് പുറത്തുള്ളതാണ്‘; 35-ഓളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു സ്വകാര്യഹോട്ടലിന്റെ ഉടമ അഭിപ്രായപ്പെടുന്നു.

Also Read: ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യാജ കൊലപാതകം; കേരളത്തിനെതിരെ മറ്റൊരു വിദ്വേഷ പ്രചരണം

ഇത്തരമൊരു കുറ്റകൃത്യം നടന്നതായി തങ്ങള്‍ അറിഞ്ഞിട്ടിലെന്ന് ഇവിടുത്തെ ഉത്തരേന്ത്യന്‍ തൊഴിലാളികളും സമ്മതിക്കുന്നു. ഇങ്ങനെയുള്ള കുപ്രചരണം നടത്തുന്നതിന് പിന്നിലെ രാഷ്ട്രീയ/സാമ്പത്തിക ലക്ഷ്യമെന്തെന്ന് ഇവര്‍ക്കും അറിഞ്ഞുകൂടാ. ‘ഞാന്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. കോഴിക്കോട് മിഠായി തെരുവില്‍ സ്ത്രീകള്‍ക്കുള്ള ഫാന്‍സി ഐറ്റംസ് വിറ്റാണ് ഉപജീവനം നടത്തുന്നത്. കേരളത്തില്‍ മെച്ചപ്പെട്ട അന്തരീക്ഷമാണ്. ചെയ്യുന്ന ജോലിക്ക് പണം കിട്ടും. ഞങ്ങള്‍ ഇവിടെ നിന്നും അയച്ചു കൊടുക്കുന്ന പണം കൊണ്ടാണ് നാട്ടില്‍ മാതാപിതാക്കള്‍ അന്നത്തിന് മുട്ടില്ലാതെ ജീവിക്കുന്നത്. കേരളത്തിന്റെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം മനസ്സിലാക്കിയത്‌ കൊണ്ട് എന്റെ ഇളയ സഹോദരനെ കൂടി ഇവിടേക്ക് കൊണ്ടുവന്നു. അവന്‍ ഇവിടുത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്നു. ഇവിടെ തങ്ങളെ ആരും പീഡിപ്പിക്കുന്നില്ല. ഇത്തരം പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് ആര്‍ക്കുവേണ്ടിയാണെന്നു അറിയില്ല‘; 28-കാരനായ ജാര്‍ഖണ്ഡ് സ്വദേശി ഇര്‍ഷാദ് പറയുന്നു.

ഇര്‍ഷാദും (വലത്തേയറ്റം) സുഹൃത്തുക്കളും

ഇന്നത്തെ കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഒരുപരിധി വരെ ഇതരസംസ്ഥാന തൊഴിലാളികളുടെ കയ്യിലാണെന്ന് നമുക്ക് പറയാന്‍ സാധിക്കും. ചുരുങ്ങിയ കാലം കൊണ്ട് കേരള സമൂഹത്തിന്റെ ഭാഗമായി മാറിയ ഇത്തരം പാവപ്പെട്ട തൊഴിലാളികളെ ഇവിടെ നിന്നും തിരിച്ചയക്കുന്നതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളും ആളുകളുമുണ്ടെന്നു മനസ്സിലാക്കാം. കേരളാ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന്‍ (KSMWU) എറണാകുളം ജില്ലാ പ്രസിഡന്റും, സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ പി.കെ ജോഷി ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ പരാധീനതകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ എത്രത്തോളം സാമ്പത്തിക ഭദ്രത മുന്നില്‍ കാണുന്നുവോ, അത്രത്തോളം തന്നെ ഇതാരസംസ്ഥാന തൊഴിലാളികള്‍ കേരളത്തെക്കുറിച്ച് പ്രത്യാശിക്കുന്നു. സര്‍വേ പ്രകാരം കേരളത്തില്‍ ഇന്ന് 35 ലക്ഷം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഒരു നല്ല ശതമാനം കുടുംബമായി കേരളത്തില്‍ താമസിക്കുകയും മക്കളെ ഇവിടുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അയയ്ക്കുന്നവരുമാണ്. ഇത്തരം തൊഴിലാളികളെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാനുളള ശ്രമത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളുടെ പങ്ക് വ്യക്തമാണ്. അക്ഷരാഭ്യാസം ഇല്ലാത്തവരും അതേ പോലെ എംടെക്ക് ബിരുദം നേടിയവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തില്‍ തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമനിധിയും എന്താണെന്ന് പോലും ഇവര്‍ക്ക് അറിയില്ല. ഓരോ ദിവസവും കഷ്ടപ്പെട്ടു കിട്ടുന്ന പണം കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇവരെ മടക്കി അയച്ചാല്‍ അത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെപോലും ബാധിക്കും’ -ജോഷി പറയുന്നു.

സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം പ്രചാരണം നടക്കുന്നുണ്ടെന്നൂം ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നാണ് പ്രചാരണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇത് കൂടുതലും നടക്കുന്നത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടുത്തെ സമാധാനവും സൗഹൃദവും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളാണ് ഈ നുണ പ്രചാരണത്തിന് പിന്നില്‍.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പ്പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ല. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരനമാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്. വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല.സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍