UPDATES

ട്രെന്‍ഡിങ്ങ്

ഈ മലയെ രക്ഷിക്കാതെ വോട്ടില്ല; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഒരു നാട്

ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ അതേ ജിയോളജി വകുപ്പും അധികൃതരുമാണ് പ്രളയ കാലത്ത് മേപ്പറ്റ മല പരിശോധിച്ച്, അതീവ അപകടാവസ്ഥയിലാണെന്ന് വിധിയെഴുതിയതെന്നും പ്രദേശവാസികള്‍ പറയുന്നു

ശ്രീഷ്മ

ശ്രീഷ്മ

മലപ്പുറം ചീക്കോട് പഞ്ചായത്തിലെ മേപ്പറ്റ മലയുടെ താഴ്വാരത്തില്‍ താമസിക്കുന്ന ഇരുന്നൂറോളം വരുന്ന കുടുംബങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് ഏറെക്കാലം കഴിഞ്ഞത് അടുത്തുള്ള സ്‌കൂളിലാണ്. പ്രളയകാലത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയത് വീട്ടില്‍ വെള്ളം കയറിയപ്പോഴാണെങ്കില്‍, ഇവര്‍ക്ക് വീടുകള്‍ വിടേണ്ടിവന്നത് മുന്‍കരുതല്‍ എന്ന നിലയ്ക്കാണ്. ഓരോ മഴക്കാലത്തും വീടുകളില്‍ ഭയപ്പാടോടെ മാത്രം കഴിഞ്ഞിരുന്ന മേപ്പറ്റക്കാരോട്, പ്രളയകാലത്ത് വിദഗ്ധ സംഘം വീടുകള്‍ ഉപേക്ഷിച്ചു പോകാന്‍ തന്നെയാവശ്യപ്പെട്ടു. ചീക്കോട് പഞ്ചായത്തിലെ എട്ടും ഒന്‍പതും വാര്‍ഡുകളിലുള്ള ഈ ഇരുന്നൂറു കുടുംബങ്ങള്‍ക്കും അപകടം വരുത്തിവയ്ക്കാവുന്ന വിധത്തില്‍ അത്രയേറെ അപകടകരമായിത്തീര്‍ന്നിരുന്നു മേപ്പറ്റ മലയുടെ അവസ്ഥ. പ്രളയകാലത്തിനു ശേഷവും ഇവര്‍ തിരിച്ചുവന്നത് പോകാന്‍ മറ്റിടങ്ങളില്ലാത്തതുകൊണ്ടു തന്നെ. ജീവന്‍ കൈയിലെടുത്തെന്ന പോലെ മേപ്പറ്റ മലയുടെ താഴ്വാരത്തില്‍ ജീവിച്ചു പോന്നിരുന്ന ഈ ഇരുന്നൂറു കുടുംബങ്ങള്‍ ഒരു തീരുമാനമെടുത്തിരിക്കുകയാണ്, ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വോട്ടു രേഖപ്പെടുത്താനെത്തില്ലെന്ന്. ജനാധിപത്യ രാജ്യത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത് വലിയ തെറ്റു തന്നെയാണെന്ന് ഇവര്‍ക്കറിയാം. എന്നാല്‍, തങ്ങള്‍ക്കു വേറെ വഴിയില്ലെന്നാണ് ഇവരുടെ പക്ഷം.

2007 മുതല്‍ക്കു തന്നെ മേപ്പറ്റ മലയില്‍ ചെങ്കല്‍ ഖനനം സജീവമായിരുന്നു. അക്കാലത്ത് ചെങ്കല്ല് വെട്ടുന്നവര്‍ക്കെതിരെ സംസാരിക്കേണ്ടതിന്റെ ആവശ്യകത പോലും തങ്ങള്‍ക്കില്ലായിരുന്നെന്നും, അതുകൊണ്ടുതന്നെ എതിര്‍പ്പുകള്‍ ആരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നില്ലെന്നും ഇവര്‍ പറയുന്നു. മലയടിവാരത്തില്‍ താമസിച്ചിരുന്ന ജനതയ്ക്ക് കുടിവെള്ളക്ഷാമം കേട്ടുകേള്‍വി മാത്രമായിരുന്നു. മേപ്പറ്റമലയുടെ ചെരിവുകളില്‍ സുലഭമായി കാണുന്ന ചെറിയ കുഴികളില്‍ ഇവര്‍ക്കെല്ലാം വേണ്ട വെള്ളം എല്ലാക്കാലത്തും ഉറവ വറ്റാതെ നിറഞ്ഞുനിന്നു. മലഞ്ചെരിവിലുള്ള വീടുകള്‍ക്ക് വെള്ളം കാണാന്‍ ഈ കുഴികളില്‍ ചെറുതായി മണ്ണുമാറ്റിയാല്‍ മതിയായിരുന്നു. തങ്ങളുടെ പ്രദേശത്തിന്റെ വലിയ പ്രത്യേകതകളിലൊന്നായി ചീക്കോടുകാര്‍ ഇതേക്കുറിച്ച് എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍, വളരെപ്പെട്ടന്നാണ് സ്ഥിതി മാറിയത്. കുഴികളിലെ വെള്ളം ഉപയോഗശൂന്യമായി. കല്ലുവെട്ടിക്കഴിഞ്ഞാലുള്ള പൊടിയും മറ്റും മണ്ണുമായി ചേര്‍ന്ന് ഈ കുഴിയുടെ അടിവശം വഴി ഊര്‍ന്നുവന്ന് വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. കുടിവെള്ളപ്രശ്നം എല്ലാവര്‍ക്കും ബുദ്ധിമുട്ടായതോടെയാണ് ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കു മുന്നെ ക്വാറിയുടമയെയും ജോലിക്കാരെയും മലയില്‍ നിന്നും പ്രദേശവാസികള്‍ ഇറക്കിവിടുന്നത്.

അന്ന് പൂട്ടിയ ക്വാറി 2011ലാണ് വീണ്ടും തുറക്കുന്നത്, അതും പഞ്ചായത്തിന്റെ അധികാരത്തില്‍. വീണ്ടും ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ നടത്തി, ക്വാറി വീണ്ടും പൂട്ടേണ്ടിവന്നു. അപകടാവസ്ഥയിലാണെന്ന് അധികൃതര്‍ വിധിയെഴുതിയ മേപ്പറ്റ മലയില്‍ ഇപ്പോള്‍ മൂന്നാമതും തിരികെയെത്തിയിരിക്കുകയാണ് ചെങ്കല്‍ ക്വാറി സംഘം. നേരത്തേ വന്നു പോയതുപോലെയല്ല ഈ വരവ് എന്ന് ഇവിടത്തുകാര്‍ക്കറിയാം. നേരത്തേ രണ്ടുവട്ടവും ക്വാറിമാഫിയയെ തോല്‍പ്പിച്ചോടിക്കുമ്പോള്‍, നിയമങ്ങള്‍ ചീക്കോടുകാര്‍ക്കൊപ്പമായിരുന്നു. പക്ഷേ ഇത്തവണ സ്ഥിതി മറിച്ചാണ്. അമ്പതുമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചതടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ചിട്ടുള്ളതായി കാണിച്ച്, പാരിസ്ഥിതിക അനുമതിയടക്കം നേടിക്കഴിഞ്ഞാണ് ക്വാറിമാഫിയയുടെ മൂന്നാമൂഴം. തങ്ങള്‍ക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥയൊരുക്കാനുള്ള നിയമങ്ങള്‍ പോലും പ്രാവര്‍ത്തികമല്ലാത്തൊരിടത്ത് എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി വോട്ടു ചെയ്യണമെന്ന ചോദ്യത്തിലേക്ക് ചീക്കോടുകാര്‍ എത്തിപ്പെട്ടത് സ്വാഭാവികമാണെന്നാണ് ഇവരുടെ വാദം. 2018 നവംബര്‍ 18ന് പുതിയ അനുമതികളുമായി കല്ലുവെട്ടാനെത്തിയ ക്വാറിസംഘത്തെ പ്രദേശവാസികള്‍ തന്നെ എതിര്‍ത്തു തിരികെ പറഞ്ഞയച്ചു. പിന്നീടു പല തവണ മലകയറാന്‍ ക്വാറിസംഘം ശ്രമം നടത്തിയെങ്കിലും, എല്ലാം ചീക്കോടുകാര്‍ ഒന്നടങ്കം പ്രതിരോധിക്കുകയാണ് ചെയ്തത്. ഒടുവില്‍, മലയടിവാരത്തില്‍ എല്ലാവരും ഉറങ്ങുന്ന തക്കത്തിന്, പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഒരു ദിവസം മെഷീനുകളും ജെ.സി.ബിയുമെല്ലാം ജോലിക്കാര്‍ മേപ്പറ്റ മലയിലെത്തിക്കുന്നത്. പ്രദേശവാസികള്‍ പ്രതിരോധിക്കുന്നു എന്നു കാണിച്ച് പൊലീസ് സുരക്ഷ കൂടി ക്വാറിക്കാര്‍ ഉറപ്പാക്കിയതോടെ, കാര്യങ്ങള്‍ വീണ്ടും രൂക്ഷമായി തുടങ്ങി. ദുര്‍ബലമായ മലയുടെ താഴ്വാരങ്ങളില്‍ ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ജനങ്ങളും, നിയമപ്രകാരമുള്ള അനുമതികളെ മുന്‍നിര്‍ത്തി ഖനനം തുടരാനുള്ള മാര്‍ഗ്ഗത്തിനായി ക്വാറിയുടമയും നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ ചീക്കോടിന്റെ ആകെത്തുക.

‘പന്ത്രണ്ടു വര്‍ഷം മുന്നെ എന്റെ നാട്ടിലെ അവറാന്‍ ഹാജി എന്നയാളാണ് കല്ലു വെട്ടാനുള്ള പെര്‍മിഷന്‍ ആദ്യം എടുക്കുന്നത്. ഇയാള്‍ വെട്ടു തുടങ്ങുകയും ഏറെക്കാലം തുടരുകയും ചെയ്തു. ചെറിയ ചെറിയ സംഭവങ്ങളിലൂടെ ക്വാറിക്കെതിരായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴേക്കും ക്വാറി ഇയാള്‍ നിര്‍ത്തിപ്പോകുകയും ചെയ്തു. അന്ന് നിയമമൊക്കെ നമുക്ക് അനുകൂലമായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷമാണ് കൊണ്ടോട്ടി ഭാഗത്തുനിന്നുള്ള ഒരു ബിസിനസ്സുകാരന്‍ മലയുടെ മേല്‍ഭാഗത്തുള്ള സ്ഥലങ്ങളെല്ലാം ഒന്നിച്ചു വാങ്ങിക്കുന്നത്. സ്ഥലങ്ങള്‍ പലരില്‍ നിന്നായി വാങ്ങിച്ചുകൂട്ടിയ ഇവര്‍ പാരിസ്ഥിതികാനുമതിക്കും, അതിനു ശേഷം ജിയോളജി വകുപ്പിന്റെ അനുമതിക്കും അപേക്ഷ കൊടുക്കുകയും അതു നേടുകയും ചെയ്തു. ചെറിയപറമ്പ് ഹയാത്തുദ്ദീന്‍ ജുമാ മസ്ജിദിന്റെ 24 സെന്റും സൈനുദ്ദീന്‍ എന്നൊരാളുടെ 24 സെന്റും ചേര്‍ത്ത് 48 സെന്റിനാണ് പെര്‍മിറ്റിന് കൊടുത്തത്. ഞങ്ങള്‍ പ്രതിഷേധം ശക്തിപ്പെടുത്തിയതുകൊണ്ട്, പുലര്‍ച്ചെ മൂന്നര മണിയോടെയാണ് വണ്ടിയെത്തിച്ച് വെട്ടുതുടങ്ങിയത്. മലമുകളിലേക്കുള്ളത് ഒരു പ്രൈവറ്റ് റോഡാണ്. കൃഷി സാധനങ്ങള്‍ കൊണ്ടുവരാനായി ഈ ഭാഗത്തെ സ്വകാര്യ വ്യക്തികള്‍ പറമ്പില്‍ നിന്നും സ്ഥലം വിട്ടുകൊടുത്ത് ഉണ്ടാക്കിയ ഈ സ്വകാര്യ റോഡു വഴിയേ ഇവര്‍ക്ക് മുകളിലേക്ക് വണ്ടിയും സാധനങ്ങളും കൊണ്ടുപോകാനാകൂ. ഇങ്ങനെയൊരു റോഡ് സത്യത്തില്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററിലോ വില്ലേജ് ഓഫീസ് രേഖകളിലോ ഇല്ല. ഇതെല്ലാം പല സ്വകാര്യ വ്യക്തികള്‍ക്ക് പൂര്‍ണാധികാരമുള്ള സ്ഥലങ്ങളാണ്. ക്വാറിക്കാര്‍ മേലോട്ടു കേറാതിരിക്കാന്‍ ഈ വ്യക്തികളെല്ലാം അവരവരുടെ സ്ഥലം തിരിച്ചെടുത്ത് വഴിയടച്ചു. അത് തടയാന്‍ ഒരു വകുപ്പുമില്ല. എല്ലാം അവരുടെ സ്വന്തം സ്ഥലങ്ങളല്ലേ. അങ്ങനെ ക്വാറിയിലേക്കെത്തിയ ജെസിബിയും മെഷീനും ജോലിക്കാരുമെല്ലാം ഇപ്പോള്‍ കുന്നിന്‍പുറത്തുതന്നെ പെട്ടുപോയി. തിരികെയിറങ്ങാന്‍ കഴിയുന്നില്ലെങ്കിലും അവിടെ ഇപ്പോഴും ജോലി നടക്കുന്നുണ്ട്. ഏകദേശം പത്തു ദിവസമായി ഇങ്ങനെ ഇവിടത്തുകാര്‍ വഴിയടച്ചിട്ട്.’ എട്ടാം വാര്‍ഡിലെ മെംബര്‍ കൂടിയായ ഉമ്മര്‍ പറയുന്നതിങ്ങനെ.

കല്ലിറക്കാനോ കൂടുതല്‍ മെഷീനുകള്‍ മുകളിലേക്ക് കയറ്റാനോ സാധിക്കുന്നില്ലെങ്കിലും, ഖനനം സുഗമമായി തുടരുന്നുണ്ട് മേപ്പറ്റ മലയ്ക്കു മുകളില്‍. നാല്‍പ്പത്തിയെട്ടു സെന്റില്‍ കല്ലുവെട്ടാനുള്ള അനുമതി മാത്രമേ ഈ സംഘത്തിനുള്ളൂവെങ്കിലും, മലയുടെ മുകളില്‍ ഏകദേശം ഒമ്പതരയേക്കറോളം സ്ഥലം ഇവരുടെ കൈവശമാണെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതില്‍ ഒന്നരയേക്കര്‍ സ്ഥലത്തിനു മാത്രമാണ് പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളതെന്നും, അതുതന്നെ എങ്ങനെ നേടിയെടുത്തു എന്നു മനസ്സിലാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമപ്രകാരം ആവശ്യമായ എല്ലാ രേഖകളും ഇവരുടെ പക്കലുള്ളതിനാല്‍, കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ് ചീക്കോടുകാര്‍ക്കുള്ളത്. നേരത്തേ, പൊലീസ് സംരക്ഷണവുമായെത്തിയ ക്വാറി സംഘം പ്രദേശവാസികള്‍ തടയാനും കൈയേറ്റം ചെയ്യാനും മുതിര്‍ന്നു എന്നാരോപിച്ച് കുറെയേറെപ്പേര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പ്രദേശവാസികളായ ഏതാനും പേരെ ഈ പരാതിയില്‍ അറസ്റ്റു ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തതാണ്. ക്വാറിയിലേക്കുള്ള വഴി ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന വാദവുമായി ക്വാറിയുടമയും സംഘവും തിങ്കളാഴ്ചയും സി.ഐ അടക്കമുള്ളവര്‍ക്കൊപ്പമെത്തി പ്രദേശവാസികളെ എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവുണ്ടെന്ന പേരില്‍ റോഡു തള്ളിത്തുറക്കാനുള്ള ശ്രമത്തെ നാട്ടുകാര്‍ പ്രതിരോധിച്ചു സ്വകാര്യ റോഡിലൂടെ ക്വാറിക്കാരെ കടത്തിവിടില്ലെന്ന തീരുമാനത്തിലാണിവര്‍. രാഷ്ട്രീയനേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചതോടെയാണ് പ്രശ്നത്തിന് അയവുണ്ടായത്. എന്നാല്‍, ക്വാറി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.

ഒരു നാടു മുഴുവന്‍ ഒരു മലയ്ക്കായി പോരാടുമ്പോള്‍, ആ പോരാട്ടം യഥാര്‍ത്ഥത്തില്‍ ഒരു പറ്റം മനുഷ്യര്‍ക്കുവേണ്ടി കൂടിയുള്ളതാവുകയാണ്. ചീക്കോട് മേപ്പറ്റ മലയില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ക്വാറിയുടെ അമ്പതുമീറ്റര്‍ മാത്രം ദൂരത്ത് താഴെയായി ഒരു ദളിത് കോളനിയുണ്ട്. പുളിക്കലക്കണ്ടി എന്ന ആ കോളനിയിലെ താമസക്കാര്‍ക്കാണ് ക്വാറി ഏറ്റവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ വീടുകള്‍ക്കു തൊട്ടുമുകളിലായി വലിയ പാറക്കല്ലുകള്‍ നിരന്നു നില്‍ക്കുന്നതായി പുളിക്കലക്കണ്ടിയിലെ സുകുമാരന്‍ ഭീതിയോടെയാണ് പറയുന്നത്. ഏകദേശം ആറു മീറ്റര്‍ വരെ ഉയരമുള്ള വലിയ പാറക്കല്ലുകള്‍, പത്തു ശതമാനം മാത്രം മണ്ണിലൂന്നി ബാക്കിഭാഗം പുറത്തേക്ക് തള്ളിയാണ് നില്‍ക്കുന്നത്. മേപ്പറ്റ മല പാരിസ്ഥിതികമായി അങ്ങേയറ്റം ദുര്‍ബലാവസ്ഥയിലാണെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ പ്രളയകാലത്ത് സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞത് നേരിട്ടു കേട്ടിട്ടുള്ള ഇവര്‍ക്ക് ജീവനില്‍ത്തന്നെ ഭയമുണ്ടാക്കുന്ന കാഴ്ചകളാണിത്. ദിവസവും കൂലിപ്പണിക്കു പോയി കുടുംബം നോക്കുന്ന കോളനിയിലെ പതിനാറോളം കുടുംബങ്ങളെക്കൂടാതെ, ഏഴു ദളിത് കുടുംബങ്ങള്‍ അവിടെനിന്നും അല്പം മാറി താമസിക്കുന്നുണ്ട്. അക്കരെയും ഇക്കരെയുമായി പതിനാറു ദളിത് കുടുംബങ്ങള്‍ വേറെയുമുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ പ്രതിഷേധങ്ങള്‍ക്ക് പരിമിതിയുണ്ടാകുമെന്ന് തിരിച്ചറിഞ്ഞവരാണ് ഇത്രയേറെ ആത്മവിശ്വാസത്തോടെ മലയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നാണ് ചീക്കോട് അധ്യാപകനായി ജോലി ചെയ്യുന്ന ഇബ്രാഹിമിന്റയും അഭിപ്രായം.

Read More: ശ്രീലങ്കയില്‍ ജനിക്കാത്തവര്‍ക്ക് സ്ഥിരജോലിയില്ല; ദുരിതം തീരില്ലെങ്കില്‍ കേരളം വിട്ട് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍

‘പുളിക്കലക്കണ്ടി കോളനിയിലെ ആളുകള്‍ക്കാണ് ഈ പ്രശ്നം കാര്യമായി ബാധിക്കുന്നത്. അവരെ ഭയപ്പെടുത്തി വാ മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ ക്വാറി പ്രശ്നത്തിന്റെ ഭീഷണി നേരിടുന്ന ഞങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നത്. മുണ്ടയ്ക്കല്‍, ചീക്കോട്, ചെറിയപറമ്പ് എന്നിങ്ങനെ പ്രശ്നബാധിതമായ പഞ്ചായത്തുകളിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മുതിര്‍ന്നവര്‍ എന്നിവരെയുള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുന്നുണ്ട്. പ്രദേശത്തെ രാഷ്ട്രീയക്കാരോട് ഇടപെടാന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുകൊടുത്തിട്ടുണ്ട്. അവരത് ചെയ്താല്‍ ഞങ്ങള്‍ മറ്റു പ്രതിഷേധങ്ങള്‍ക്ക് മുതിരില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതൊക്കെ വലിയ തെറ്റാണെന്ന് ഞങ്ങള്‍ക്കറിയാം. ബഹിഷ്‌കരണം എന്ന തീരുമാനത്തില്‍ നിന്നും മാറി, ആരാണോ ഞങ്ങള്‍ക്ക് ഈ വിഷയത്തില്‍ സഹായമെത്തിക്കുന്നത്, അവര്‍ക്കു വേണ്ടി വോട്ടു ചെയ്യും എന്ന തീരുമാനത്തിലെത്താനാണ് ആഗ്രഹം. ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. പക്ഷേ, ആദ്യം ഖനനം നിര്‍ത്തിവയ്ക്കണം. ഖനനം നടത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ഇനി വേണ്ട.’

ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ അതേ ജിയോളജി വകുപ്പും അധികൃതരുമാണ് മേപ്പറ്റ മല പരിശോധിച്ച്, അതീവ അപകടാവസ്ഥയിലാണെന്ന് വിധിയെഴുതിയതെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. അതിന്റെ കാരണവും ഇവര്‍ക്ക് അറിയില്ല. ഇവിടെ താമസിക്കരുതെന്ന് നിര്‍ദ്ദേശിച്ച്, തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ അധികൃതരുടെ കരുതലിലും ഉത്തരവാദിത്ത ബോധത്തിലും എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാനും തയ്യാറാകണമെന്ന് ഇവര്‍ പറയുന്നു. വോട്ടു ചെയ്യാതെ വിട്ടുനില്‍ക്കുക എന്ന അവസാന ഘട്ടത്തിലേക്ക് തങ്ങളെ അധികൃതര്‍ എത്തിക്കില്ല എന്നുതന്നെയാണ് ഇപ്പോഴും ഇവരുടെ വിശ്വാസം. ©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍