UPDATES

തോമസ് ചാണ്ടി നികത്തിയതില്‍ കര്‍ഷകരുടെ മിച്ചഭൂമിയുമെന്നാക്ഷേപം; മൂന്നാം വിക്കറ്റും വീഴുമോ?

വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ നിരവധി കര്‍ഷകരുടെ കയ്യില്‍ നിന്നായി കമ്പനിയുടെ ചെയര്‍മാനായിരുന്ന തോമസ് ചാണ്ടിയും മകന്‍ ടോബി ചാണ്ടിയും ഭൂമി വാങ്ങിക്കൂട്ടിയെന്നാണാക്ഷേപം

പിണറായി വിജയന്‍ സര്‍ക്കാരില്‍ മൂന്നാമതും ഒരു മന്ത്രിയുടെ രാജിയ്ക്ക് മുറവിളി ഉയരുന്നു. കായല്‍ കയ്യേറ്റവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചുള്ള നിര്‍മ്മാണങ്ങളും ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ നിലനില്‍പ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. ഗതാഗതമന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച് നടത്തിയിട്ടുള്ള കയ്യേറ്റങ്ങളുടേയും മറ്റ് ക്രമക്കേടുകളുടേയും കഥകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് വരികയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് എന്തെങ്കിലും ഒരഭിപ്രായം പറയുന്നതിന് മുന്നണിയിലെ മന്ത്രിമാരാരും തയ്യാറായിട്ടില്ല. ഈ വിഷയത്തിലുള്ള അഭിപ്രായപ്രകടനം മുഖ്യമന്ത്രി വാക്കാല്‍ തടഞ്ഞതായാണ് അറിവ്. ചാണ്ടിക്കെതിരെ  ഉയരുന്ന ആരോപണങ്ങളില്‍ കൂടുതലൊന്നും പറയാനില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രിയും പറഞ്ഞു. ചാണ്ടിയെ സംരക്ഷിക്കാനുള്ള ഭരണമുന്നണിയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ ലേക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് ലേക്ക് പാലസിന്റെ ഗേറ്റ് വരെയെത്തുന്ന റോഡ് ടാറിങ്.

റിസോര്‍ട്ടിന്റെ ഗേറ്റ് മുതലുള്ള റോഡ് മണ്ണിട്ട് ഉയര്‍ത്തുകയോ ടാര്‍ ചെയ്യുകയോ ചെയ്തിട്ടുമില്ല. ഇരുപത്തിയെട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് തുറമുഖ വകുപ്പ് റോഡ് ടാറിങ് നടത്തിയത്.നേരത്തെ പിജെ കുര്യന്‍ എംപിയുടെയും കെഇ ഇസ്മയില്‍ എംപിയുടെയും പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് പാടം നികത്തി ഈ റോഡ് നിര്‍മ്മിച്ചത്. നാല് മീറ്ററായിരുന്നു തുടക്കം മുതല്‍ സീറോ ജെട്ടിവരെയുള്ള റോഡിന്റെ വീതി. എന്നാല്‍ റിസോര്‍ട്ടിലേക്കുള്ള റോഡിന് ഏഴ് മീറ്റര്‍ വരെ വീതിയുമുണ്ട്. അനധികൃതമായി പാടം നികത്തിയാണ് ഇത് നിര്‍മ്മിച്ചതെന്നും വ്യക്തമായിരുന്നു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍ പോലും അറിയാതെയായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി രൂപീകരിച്ച ഗുണഭോക്തൃ സമിതിയുടെ ചെയര്‍മാനായത് മന്ത്രിയുടെ ജീവനക്കാരനായിരുന്നു എന്നതും റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടിനുള്ള തെളിവായാണ് വിലയിരുത്തപ്പെടുന്നത്.

"</p

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയുടെ ഡയറക്ടര്‍ മാത്യു ജോസഫിന്റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ സര്‍ക്കാര്‍ നികത്തിക്കൊടുത്തു എന്നതാണ് മറ്റൊരു ആരോപണം. സീറോ ജെട്ടി മുതല്‍ വിളക്കുമരം ജെട്ടി വരെയുള്ള പുന്നമടക്കായലിലെ ദേശീയജലപാത വീതിയും ആഴവും കൂട്ടി. ഡ്രെഡ്ജിങ് നടത്തുമ്പോള്‍ ലഭിക്കുന്ന ചെളിമണ്ണ് നിക്ഷേപിക്കാന്‍ അഞ്ച് പേരുടെ നെല്‍വയലുകള്‍ കണ്ടെത്തി. രണ്ട് പേരുടേത് സീറോ ജെട്ടിക്കടുത്തും മൂന്ന് പേരുടേത് വിളക്കുമരം ജെട്ടിക്കടുത്തും. സീറോ ജെട്ടിക്കടുത്ത് നിന്ന് മാന്തിയെടുത്ത ചെളി പക്ഷേ അവിടെ നെല്‍വയല്‍ വിട്ടുകൊടുത്തവരുടെ ഭൂമിയില്‍ നിക്ഷേപിച്ചില്ല. വിളക്കുമരം ജെട്ടിയ്ക്കടുത്തുള്ള മൂന്നുപേരുടെ നെല്‍വയലിലേക്കാണ് അവ മുഴുവനും നിക്ഷേപിച്ചത്. ഈ വയലുകളില്‍ ഒന്ന് തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഡയറക്ടര്‍ മാത്യു ജോസഫിന്റേതാണ്.

മാത്യുജോസഫിന്റെ പേരിലുള്ള ഒന്നരയേക്കര്‍ നെല്‍വയല്‍ അങ്ങനെ കരഭൂമിയായി മാറി. ഡ്രെഡ്ജിങ് നടത്തിയെടുക്കുന്ന ചെളിമണ്ണ് ലേലം ചെയ്ത് വില്‍ക്കണമെന്നാണ് ചട്ടം. എന്നാല്‍ അഞ്ച് ലക്ഷം രൂപ വിലവരുന്ന ചെളിമണ്ണിന് 36 ലക്ഷം രൂപയിട്ട് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കി. ഇത്രയും വലിയ തുകയ്ക്ക് ചെളിമണ്ണ് ലേലം ചെയ്ത് പോയില്ല. ചെളിമണ്ണ് രണ്ട് വര്‍ഷമായി ഈ വയലില്‍ കിടക്കുകയാണ്. ‘തണ്ണീര്‍ത്തട നിയമങ്ങളെയെല്ലാം മറികടന്ന് സെന്റിന് അയ്യായിരം രൂപ മാത്രം വിലയുണ്ടായിരുന്ന ഭൂമി ലക്ഷങ്ങള്‍ വിലവരുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വേണ്ട സഹായം നല്‍കി. ഇനി ഈ മണ്ണ് ഇവിടെ നിന്ന് നീക്കം ചെയ്യാന്‍ പോണില്ല. ഒന്നുകില്‍ റിസോര്‍ട്ട് വരും. അല്ലെങ്കില്‍ ഏതെങ്കിലും റിസോര്‍ട്ടുകാര്‍ക്ക് മറിച്ചുകൊടുക്കും. ഈ വയല്‍ തോമസ് ചാണ്ടിയുടേത് തന്നെയാണെന്നാണ് ഞങ്ങള്‍ നാട്ടുകാരുടെ വിശ്വാസം. അല്ലെങ്കില്‍ ഇത്ര ബുദ്ധിപരമായി കാര്യങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥരും മെനക്കെടില്ലായിരുന്നു’- പ്രദേശവാസിയായ രാജേന്ദ്രന്‍ പറയുന്നു.’

‘ഇത് മാത്രമല്ലല്ലോ, ചാണ്ടി മന്ത്രിയായപ്പോള്‍ തുടങ്ങിയതൊന്നുമല്ല ഈ തട്ടിപ്പ്. പണ്ടേ അങ്ങേരുടെ കയ്യില്‍ കുറേ കാശുണ്ട്. കാശ് കൊടുത്ത് ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയുമുള്‍പ്പെടെ വിലയ്ക്ക് വാങ്ങാന്‍ ചാണ്ടിയ്ക്കറിയാം. മുപ്പത് വര്‍ഷമെങ്കിലുമായിക്കാണും ഓരോ തട്ടിപ്പുകളും ക്രമക്കേടുകളും പ്രത്യക്ഷമാവാന്‍ തുടങ്ങിയിട്ട്. നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഇതറിയാം. പക്ഷെ അവരുടെയെല്ലാം വായടപ്പിക്കാന്‍ ചാണ്ടിയ്ക്കുമറിയാം. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ചാണ്ടിയോടൊപ്പമുണ്ട്. അതുകൊണ്ടാണ് ആരും ശക്തമായ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താത്തത്.

ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മിച്ചതില്‍ തന്നെ കയ്യേറ്റമുണ്ട്. കായല്‍ ഭൂമി അങ്ങേരുടെ സ്വന്തമാണെന്ന നിലയ്ക്കാണ് റിസോര്‍ട്ടിന് ചുറ്റും വലിയ വടം വലിച്ചുകെട്ടി ഇട്ടിരിക്കുന്നത്. ആദ്യം മത്സ്യത്തൊഴിലാളികളെപ്പോലും ഈ വലിച്ചുകെട്ടിയ വടത്തിനിപ്പുറത്തേക്ക് കടക്കാന്‍ അനുവദിക്കില്ലായിരുന്നു. എന്നാല്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അക്കാര്യത്തില്‍ മാറ്റം വന്നു. പക്ഷെ സ്വന്തം ഭൂമി പോലെയാണ് ചാണ്ടി കായല്‍ വളച്ചുകെട്ടിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും റിസോര്‍ട്ടില്‍ വന്ന് സത്കാരങ്ങള്‍ സ്വീകരിക്കാറുണ്ട്. വെള്ളപ്പൊക്കം പഠിക്കാനും വരള്‍ച്ച പടിക്കാനുമെത്തുന്ന കേന്ദ്രസംഘങ്ങളും മന്ത്രിമാരുമെല്ലാം തോമസ് ചാണ്ടിയുടെ അതിഥി സത്കാരത്തില്‍ പങ്കെടുത്തിട്ടേ മടങ്ങാറുള്ളൂ. ഇതിനെല്ലാം വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകരും സാക്ഷിയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതൊക്കെ പുറത്തുവരുന്നത്. കുട്ടനാട്ടില്‍ ചാണ്ടി വാങ്ങിച്ചുകൂട്ടിയ സ്വത്തിനും നികത്തിയെടുത്ത സ്ഥലത്തിനും ഒരു കണക്കുമുണ്ടാവില്ല. പക്ഷെ ഇതിനൊന്നും രേഖകള്‍ പോലുമുണ്ടാവില്ല. കാരണം ഉദ്യോഗസ്ഥവൃന്ദം എക്കാലത്തും ചാണ്ടിയ്ക്ക് ഒത്താശ ചെയ്യുന്നവരാണ്‘ – ലേക്ക് പാലസ് റിസോര്‍ട്ടിന് സമീപം താമസിക്കുന്ന സാമൂഹ്യപ്രവര്‍ത്തകനായ സുഭാഷ് പറഞ്ഞു.

ഇതിനിടെ സര്‍ക്കാര്‍ കര്‍ഷക തൊഴിലാളികള്‍ക്ക് മാര്‍ത്താണ്ഡം കായലില്‍ നല്‍കിയ മിച്ചഭൂമി വ്യാപകമായി വാങ്ങിക്കൂട്ടിയ മന്ത്രി എല്ലാനിയമങ്ങളും ലംഘിച്ച് നിലംനികത്ത് തുടരുകയാണെ ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കറുകണക്കിന് ഭൂമി ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതായാണ് ആരോപണം. വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ നിരവധി കര്‍ഷകരുടെ കയ്യില്‍ നിന്നായി കമ്പനിയുടെ ചെയര്‍മാനായിരുന്ന തോമസ് ചാണ്ടിയും മകന്‍ ടോബി ചാണ്ടിയും ഭൂമി വാങ്ങിക്കൂട്ടി. 540 ഏക്കര്‍ ഭൂമിയില്‍ 6.2 ഏക്കര്‍ ഇവരുടെ പേരിലാണ്. വ്യാപകമായ നടന്നുവന്നിരുന്ന നിലംനികത്തലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഈ ഭൂമിയില്‍ കൊടിനാട്ടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നികത്ത് തല്‍ക്കാലം നിര്‍ത്തിവയ്ക്കപ്പെട്ടു. എന്നാല്‍ തോമസ് ച്ചാണ്ടി എന്‍സിപിയിലെത്തിയതോടെ ഈ പ്രതിഷേധങ്ങള്‍ അവസാനിച്ചു. വീണ്ടും നികത്ത് തുടങ്ങി. ഇപ്പോള്‍ മന്ത്രി നികത്തുന്ന ഭൂമി, പുരയിടമെന്നാണ് റവന്യൂ രേഖകളിലുള്ളത്. അങ്ങനെ നിലംനികത്തിനും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ വേണ്ട സഹായം ചെയ്തുകൊടുക്കുന്ന കഥകളാണ് പുറത്തുവരുന്നത്.

വ്യക്തമായ തെളിവുകളോടെ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അഴിമതി അന്വേഷിക്കണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും പ്രസ്താവനകളിറക്കുന്നതല്ലാതെ പ്രതിപക്ഷ കക്ഷികളാരും തന്നെ ഇതിനെതിരെ ശക്തമായ നിലപാടുമായി വന്നിട്ടുമില്ല. എന്നാല്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് സി.പി.എം മന്ത്രിമാരില്‍ തന്നെ അഭിപ്രായമുണ്ടെങ്കിലും പിണറായി നിലപാട് വ്യക്തമാക്കാത്തതിനാല്‍ പരസ്യമായി ഇക്കാര്യം തുറന്ന് പറയാന്‍ മന്ത്രിമാര്‍ മടിക്കുന്നതായാണ് സൂചന.

"</p

പി.കെ ശശീന്ദ്രനെ കുടുക്കിയ ഹണിട്രാപ്പിന് പിന്നിലും ഉഴവൂര്‍ വിജയന്റെ മരണത്തിലേക്ക് നയിച്ച മാനസികസംഘര്‍ഷങ്ങള്‍ക്ക് കാരണമായ ചില ഫോണ്‍കോളുകള്‍ക്ക് പിന്നിലും തോമസ് ചാണ്ടിയുടെ ഇടപെടല്‍ ഉണ്ടെന്ന് എന്‍സിപി പ്രവര്‍ത്തകരടക്കം പലരും ഉന്നയിച്ചിരുന്നു. ഉഴവൂര്‍ വിജയനെ സമ്മര്‍ദ്ദത്തിലാക്കിയ ഫോണ്‍കോള്‍ ചെയ്ത സുള്‍ഫീക്കര്‍ മയൂരിയും ചാണ്ടിയുമായുള്ള അടുപ്പം ഈ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലാകമ്മിറ്റി യോഗങ്ങള്‍ ഉഴവൂര്‍ വിജയന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും തോമസ് ചാണ്ടി രാജിവയ്ക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു.

ആലപ്പുഴയില്‍ നിന്ന് തന്നെയുള്ള സിപിഎം പ്രതിനിധിയായ മന്ത്രി മുഖ്യമന്ത്രിയോട് തോമസ് ചാണ്ടിയുടെ നടപടികളിലെ അതൃപ്തി അറിയിച്ചിട്ടുള്ളതായാണ് അറിയുന്നത്. തോമസ് ചാണ്ടി ഈ നില തുടര്‍ന്നാല്‍ സിപിഎം ശക്തി കേന്ദ്രമായ കുട്ടനാട്ടില്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നും ജില്ലയെ മൊത്തത്തിലും ഈ വിവാദം പാര്‍ട്ടിയ്ക്ക് മോശമായിമാറുമെന്നും പിണറായിയെ ബോധ്യപ്പെടുത്തിയതായാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേവരെ പരസ്യമായ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും സ്വകാര്യമായി ചാണ്ടിയെ വിളിച്ച് മുഖ്യമന്ത്രി താക്കീത് നല്‍കിയതായും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മന്ത്രിസഭയുടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്നാമതൊരു മന്ത്രികൂടി രാജിവച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കണ്ട് ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മറ്റ് പോംവഴികളാണ് ഇപ്പോള്‍ ആലോചനയിലുള്ളത്.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍