UPDATES

ട്രെന്‍ഡിങ്ങ്

“സാമൂഹ്യ വിരുദ്ധരെ ഭയന്ന് ആറ് പെണ്‍കുട്ടികളെയും മുടി മുറിച്ച് ആണ്‍കുട്ടികളുടെ വസ്ത്രം ധരിപ്പിച്ച് വളര്‍ത്തി”; ഓച്ചിറയില്‍ രാജസ്ഥാന്‍ കുടുംബം നേരിട്ടത് തുടര്‍ച്ചയായ അതിക്രമങ്ങള്‍

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുഖ്യപ്രതിയ്‌ക്കൊപ്പം ബാംഗ്ലൂരിലുണ്ടെന്നത് സ്ഥിരീകരിച്ചു കഴിഞ്ഞെന്ന് പൊലീസ്

ശ്രീഷ്മ

ശ്രീഷ്മ

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി മുഖ്യപ്രതിയ്‌ക്കൊപ്പം ബാംഗ്ലൂരിലുണ്ടെന്നത് സ്ഥിരീകരിച്ചു കഴിഞ്ഞെന്ന് പൊലീസ്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാന്‍ വഴിയില്ലെന്നും, മുഖ്യപ്രതി റോഷനൊപ്പം പെണ്‍കുട്ടി സ്വമേധയാ ബാംഗ്ലൂരിലേക്ക് പോയതായി സംശയിക്കുന്നതായുമാണ് കേസന്വേഷിക്കുന്ന കരുനാഗപ്പള്ളി എ.സി.പിയുടെ പക്ഷം. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് ഓച്ചിറയില്‍ താമസിച്ചു പ്രതിമ നിര്‍മിച്ചു വില്‍ക്കുന്ന രാജസ്ഥാനി കുടുംബത്തിലെ പതിമൂന്നു വയസ്സുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച ശേഷമായിരുന്നു സംഘം പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞത്.

സംഘത്തിലുണ്ടായിരുന്ന ബിബിന്‍, അനന്തു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും പെണ്‍കുട്ടിക്കും റോഷനുമൊപ്പം എറണാകുളം വരെ സഞ്ചരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ശേഷം റോഷന്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം ബാംഗ്ലൂരേക്ക് ട്രെയിനില്‍ യാത്രതിരിക്കുകയായിരുന്നു. ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍, തട്ടിക്കൊണ്ടു പോകലാണ് നടന്നിരിക്കുന്നതെന്ന് പറയാനാകില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ‘പ്രധാന പ്രതിയും കുട്ടിയും ബാംഗ്ലൂരില്‍ ഉണ്ടെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ രണ്ടു പേരും ഇവര്‍ക്കൊപ്പം എറണാകുളം വരെ പോയി തിരിച്ചുവന്നതാണ്. തട്ടിക്കൊണ്ടു പോകല്‍ കേസ് ആണെങ്കില്‍ ഈ സംഘം മുഴുവന്‍ അവര്‍ക്കൊപ്പം ഉണ്ടാകേണ്ടതല്ലേ?’ എന്നാണ് എ.സി.പിയുടെ പ്രതികരണം.

അതേസമയം, ഏകദേശം ഒന്നരവര്‍ഷക്കാലത്തോളമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് ഓച്ചിറയില്‍ നേരിടേണ്ടി വരുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങളാണെന്നും ഇതേ യുവാക്കളില്‍ നിന്നും നേരത്തേയും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കാണാതായ പെണ്‍കുട്ടിയെ നേരത്തേയും ഇതേ യുവാവ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, അന്ന് നാട്ടുകാര്‍ ഇടപെട്ടാണ് കുട്ടിയെ തിരികെയെത്തിച്ച് വിഷയം ഒത്തുതീര്‍പ്പാക്കിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളും പറയുന്നു. ആറു പെണ്‍മക്കള്‍ക്കൊപ്പം അടച്ചുറപ്പില്ലാത്ത വാടകവീട്ടില്‍ താമസിച്ചുപോന്നിരുന്ന കുടുംബത്തിന്റെ പക്കല്‍ നിന്നും, എട്ടുമാസക്കാലം മുന്‍പ് ഓടു പൊളിച്ച് ഇരുപത്തി അയ്യായിരം രൂപ കവര്‍ന്ന സംഭവമുണ്ടായിട്ടുണ്ട്. ഇതിനു പിറകിലും ഇതേ സംഘമാണെന്ന സംശയമാണ് ഇവര്‍ക്കുള്ളതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ സാമൂഹ്യ വിരുദ്ധരെ ഭയന്ന് ആറു പെണ്‍കുട്ടികളെയും മുടി മുറിച്ച്, ആണ്‍കുട്ടികളുടെ വസ്ത്രം ധരിപ്പിച്ചാണ് ഇവര്‍ വളര്‍ത്തിയിരുന്നതെന്നും സമീപവാസിയായ അന്‍സാര്‍ പറയുന്നു.

‘കുട്ടി ഈ പയ്യനെ സ്‌നേഹിച്ച് ഇറങ്ങിപ്പോയതാണെന്നാണ് പൊലീസ് ആദ്യമേ പറഞ്ഞിരുന്നത്. പതിമൂന്നു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് ഓര്‍ക്കണം. മാതാപിതാക്കളെ ആക്രമിച്ച്, ഒരു പൊടിക്കുഞ്ഞിനെ എടുത്തെറിഞ്ഞാണ് പെണ്‍കുട്ടിയെ ഈ സംഘം കടത്തിക്കൊണ്ടു പോയിരിക്കുന്നത്. സാമൂഹിക വിരുദ്ധരുടെ ശല്യം ഇവര്‍ക്ക് ആദ്യം മുതല്‍ക്കേയുണ്ട്. ഓടു പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിലും നാട്ടുകാര്‍ ഇടപെട്ടിരുന്നു. അതിനു ശേഷമാണ് ഇതേ പെണ്‍കുട്ടിയെ ഇതേ പയ്യന്‍ പിടിച്ചുകൊണ്ടു പോയ സംഭവമുണ്ടായത്. അന്ന് എം.എല്‍.എയും പഞ്ചായത്ത് മെംബറുമടക്കം ഇടപെട്ടാണ് കുട്ടിയെ തിരിച്ചെത്തിച്ച് വിഷയം ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പാക്കിയതിനാല്‍ നാട്ടുകാര്‍ അന്ന് അത് അത്ര പ്രശ്‌നമാക്കിയിരുന്നില്ല. പ്രതികള്‍ക്ക് സി.പി.എം ബന്ധവുമുള്ളതാണ്. ഈ നാലംഗ സംഘം അക്രമസ്വഭാവമുള്ളവരാണെന്നാണ് പറയപ്പെടുന്നത്. നേരത്തേ വലിയകുളങ്ങരയില്‍ വച്ച് ഒരാളെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതിയൊക്കെ ഇക്കൂട്ടത്തിലുണ്ട്.’ അന്‍സാര്‍ പറയുന്നു.

പൊലീസില്‍ ആദ്യമേ വിവരമറിയിച്ചിരുന്നെങ്കിലും, സ്ഥലത്തെത്തിയ അവര്‍ നടപടികളൊന്നും ഉടനെ കൈക്കൊള്ളാന്‍ തയ്യാറായിരുന്നില്ലെന്നും ആദ്യമേ പരിശ്രമിച്ചിരുന്നെങ്കില്‍ ഇരുവരും കേരളം വിടുന്നതിനു മുന്നേ പിടികൂടാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് രാത്രിയില്‍ത്തന്നെ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന് പൊലീസ് വാക്കും നല്‍കിയിരുന്നു. പ്രദേശത്തെ ഓട്ടോ ഡ്രൈവറായ സത്താര്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ വാഹനത്തെക്കുറിച്ച് അന്വേഷിച്ച് നമ്പറടക്കം പൊലീസിന് കൈമാറിയിരുന്നെങ്കിലും, നടപടിയൊന്നുമുണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതിനു ശേഷം വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കായംകുളത്തുനിന്നും കണ്ടെടുക്കുകയും, വാഹനത്തിന്റെ ഉടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിസ്സഹായരാണെന്നും, കുട്ടി എവിടെയെന്നറിയാത്ത ദുഃഖത്തിലാണെന്നും നാട്ടുകാര്‍ വിശദീകരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ കൈത്തണ്ടയില്‍ സാരമായി മുറിവേറ്റിട്ടുണ്ട്. അമ്മയ്ക്കും ദേഹത്ത് അടിയേറ്റ പാടുകളുണ്ട്. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയെ നിലത്ത് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്. നാലഞ്ചു വര്‍ഷക്കാലമായി ഓച്ചിറയില്‍ പ്രതിമവില്‍പ്പനയുമായി ശാന്തമായി ജീവിച്ചു പോരുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. നാട്ടുകാര്‍ക്ക് പരിചയമുള്ള ഈ കുടുംബത്തിന് സഹായത്തിനു മറ്റാരുമില്ലെന്നും ഇവിടത്തുകാര്‍ പറയുന്നു. രാജസ്ഥാനില്‍ നിന്നും പ്രതിമ നിര്‍മാണവുമായി പ്രദേശത്ത് താമസിക്കുന്ന ഒരേയൊരു കുടുംബമാണിത്. നാട്ടില്‍ നിന്നുള്ള മറ്റാരും ഇവര്‍ക്കൊപ്പമില്ല. ഇന്നലെ രാത്രി വരെ മകളെയോര്‍ത്ത് ഭക്ഷണം പോലും കഴിക്കാന്‍ തയ്യാറാകാതെയിരിക്കുകയായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായിരിക്കാനിടയില്ല എന്ന നിലപാട് പൊലീസ് എടുത്തിരിക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് നാട്ടുകാര്‍ക്കുള്ളത്

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍