UPDATES

ട്രെന്‍ഡിങ്ങ്

5 കോടിക്ക് വാങ്ങിയ ദീപിക പത്രം 16 കോടിക്ക് സഭയ്ക്ക് തിരിച്ചുവിറ്റ വിവാദ വ്യവസായി ഫാരിസ് അബുബക്കറിന്റെ ഇടനിലക്കാരനോ ഫാ. റോബിന്‍ വടക്കുഞ്ചേരി?

ഫാരീസ് അബുബക്കര്‍ ദീപിക ചെയര്‍മാനായതിനു പിന്നാലെയാണ് റോബിന്‍ പത്രത്തിലേക്ക് എത്തുന്നത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്തുക, പെണ്‍കുട്ടി തന്നില്‍ നിന്നും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തപ്പോള്‍ നവജാത ശിശുവിനെ ഒളിപ്പിക്കുന്നതുള്‍പ്പെടെ ഈ വിഷയം മറച്ചുവയ്ക്കാന്‍ ശ്രമിക്കുക, പുറത്തറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനെക്കൊണ്ടു തന്നെ കുറ്റം ഏറ്റെടുപ്പിക്കുക, അതിനുശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുക; ഫാ. റോബിന്‍ വടക്കുഞ്ചേരി ചെയ്ത ക്രിമനല്‍ കുറ്റങ്ങള്‍ എല്ലാം മനസിലാക്കിയിട്ടും കത്തോലിക്ക സഭ പരമാവധി ശ്രമിച്ചത് വൈദികനെ സംരക്ഷിക്കാന്‍. പൊതുസമൂഹത്തിനു മുന്നില്‍ സഭയെ നാണംകെടുത്തുന്ന പ്രവര്‍ത്തികള്‍ ചെയ്തിട്ടും ഫാ. റോബിനെ വൈദികവൃത്തിയില്‍ നിന്നും താത്കാലികമായി മാറ്റി നിര്‍ത്താന്‍ മാത്രമെ സഭ തയ്യാറായുള്ളൂ. ഇപ്പോഴിതാ കോടതി റോബിന് 20 വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുമ്പോഴും പൂര്‍ണമായി കൈവിടാന്‍ സഭ തയ്യാറാകുന്നില്ല. എന്തുകൊണ്ട്? അതിശക്തരായ ആര്‍ക്കൊക്കെയോ റോബിന്‍ വടക്കുഞ്ചേരി പ്രിയപ്പെട്ടവനാണ്. അല്ലെങ്കില്‍, പല രഹസ്യങ്ങളും അറിയാവുന്നവെന്ന നിലയില്‍ റോബിനെ കൈവിടാതിരിക്കേണ്ടത് ചിലരുടെയൊക്കെ ആവശ്യമാണ്. ആ ചിലര്‍ സഭയുടെ ഇന്നത്തെ നിയന്ത്രിതാക്കളുമാണ്.

മാനന്തവാടി രൂപതക്കാരനായ ഫാ. റോബിന്‍ വടക്കുഞ്ചേരി എങ്ങനെ കത്തോലിക്ക സഭയ്ക്ക് വേണ്ടപ്പെട്ടവനാകുന്നു എന്നതിന് പ്രത്യക്ഷത്തില്‍ പറയാവുന്നൊരു തെളിവാണ് ദീപിക പത്രം. പത്ര നടത്തിപ്പിലോ, അച്ചടിവ്യാപരത്തിലോ, മാധ്യമപ്രവര്‍ത്തനത്തിലോ യാതൊരു ബന്ധവുമില്ലാതിരുന്നൊരാള്‍ ഒരു സുപ്രഭാതത്തില്‍ ദീപികയുടെ ചുമതലക്കാരനാവുകയായിരുന്നു. ആ കടന്നു വരവിന്റെ വഴികള്‍ വ്യക്തമാക്കുന്നത് സഭയ്ക്കുള്ളിലെ കച്ചവട ലോബിയെയാണ്.

പത്ര ബിസിനസ് ലാഭകരമല്ലാത്ത ബിസിനസാണെന്നും സ്‌കൂള്‍, ആശുപത്രിയെന്നവയാണ് ലാഭകരമെന്നും തീരുമാനിച്ച് സിഎം ഐ സഭ ദീപികയിലേക്ക് ഇനി ഫണ്ട് ഇറക്കേണ്ടതില്ലെന്നു തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ്, തങ്ങളുടെ കൈവശമുള്ള ദീപികയുടെ ഷെയറുകള്‍ കര്‍ണാക രാഷ്ട്രീയത്തിലെ പ്രധാനിയായിരുന്ന പി ജോണിന്റെ മകനും ബിസിനസുകാരനുമായ പോള്‍ ജോണിനു വില്‍ക്കുന്നത്. ഇതിനുശേഷം ദീപിക പുതുതായി ഗള്‍ഫില്‍ ഉള്‍പ്പെടെ നാലോ അഞ്ചോ എഡിഷനുകള്‍ ആരംഭിച്ചു. പെരിന്തല്‍മണ്ണയില്‍ യൂണിറ്റ് തുടങ്ങി, കോയമ്പത്തൂരില്‍ ഓഫിസ് ആരംഭിച്ചു, ദിപികയുടെ എല്ലാ ഓഫിസുകളും നവീകരിച്ചു, പുതിയ കമ്പ്യൂട്ടറുകള്‍ എത്തിച്ചു. പക്ഷേ, ഇതിനൊന്നും തങ്ങള്‍ ഫണ്ട് ഇറക്കില്ലെന്നു സിഎം ഐ സഭ പറഞ്ഞു. മുടക്കിയ തുക ഷെയറായി മാറ്റിയാല്‍ മതിയെന്നു പോളും. പക്ഷേ, തുടങ്ങിയവ പലതും വൈകാതെ പൂട്ടി. എന്നാല്‍ ആ തുകയെല്ലാം തന്റെ ഷെയറാക്കി കണ്‍വര്‍ട്ട് ചെയ്ത പോള്‍ ജോണ്‍ അതുവഴി ദീപികയുടെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ആയി.

ഇതിനുശേഷമാണ് ദീപികയിലേക്ക് വിവാദ വ്യവസായി ഫാരിസ് അബുബക്കിന്റെ വരവ്. ആ വരവിന് വഴിയൊരുക്കിയതായി പറഞ്ഞു കേള്‍ക്കുന്നത് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാത്യു അറയ്ക്കലിന്റെ പേരാണ്. അഞ്ചുകോടി രൂപയ്ക്ക് പോള്‍ ജോണില്‍ നിന്നും ഫാരിസ് ദീപികയുടെ ഷെയറുകള്‍ വാങ്ങുന്നു. താന്‍ ആക്ഷരം വായിച്ചു പഠിച്ചത്, ഉമ്മ തന്നെ കൊണ്ട് വായിച്ചു പഠിപ്പിച്ച പത്രം ദീപികയായിരുന്നുവെന്നും അതുകൊണ്ടാണ് താന്‍ അഞ്ചുകോടി രൂപ സക്കാത് നല്‍കിയതെന്നും വളരെ വൈകാരികമായിട്ടാണ് ദീപികയിലേക്കുള്ള തന്റെ വരവിനെ ഫാരിസ് അവതരിപ്പിക്കുന്നത്. അഞ്ചു കോടി രൂപയ്ക്ക് പോള്‍ ജോണില്‍ നിന്നും മൊത്തം ഷെയറും സ്വന്തമാക്കിയ ഫാരിസ് അങ്ങനെ ദീപികയുടെ ചെയര്‍മാന്‍ ആകുന്നു. തന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ അയാള്‍ അവിടെ ശക്തനായി.

ഫാരീസ് അബുബക്കര്‍ ദീപിക ചെയര്‍മാനായതിനു പിന്നാലെയാണ് റോബിന്‍ പത്രത്തിലേക്ക് എത്തുന്നത്. ആദ്യ മൂന്നുമാസത്തിനുള്ളില്‍ ദീപിക ജനറല്‍ മാനേജറായ റോബിന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മലയാളത്തിലെ ആദ്യത്തെ ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായി. പത്രരംഗത്ത് യാതൊരുവിധ മുന്‍പരിചയവും ഇല്ലാതെ. മൂന്നരവര്‍ഷത്തോളം ആ പദവിയില്‍ റോബിന്‍ ഇരുന്നു.

ഈ കാലയളവിലാണ് ദീപികയ്ക്ക് അതിന്റെ പ്രധാനപ്പെട്ട പല സ്വത്തു വകകളും നഷ്ടപ്പെടുന്നത്. പാലാരിവട്ടത്തുള്ള ദീപികയുടെ ഓഫിസ് ബില്‍ഡിംഗിന് എട്ടുകോടിയോലം രൂപ മതിപ്പ് വില പറഞ്ഞിരുന്നതാണ്. എന്നാല്‍ ഈ ബില്‍ഡിംഗ് ഫാരിസ് അബുബക്കറിന്റെ അളിയന്‍ വാങ്ങുന്നത് വെറും രണ്ടുകോടി നാല്‍പ്പത് ലക്ഷം രൂപയ്ക്ക്!  ദീപിക, മംഗളം, ഇക്കണോമിക്‌സ് ടൈംസ് ഉള്‍പ്പെടെ പത്ര/പത്രേതര പ്രസിദ്ധീകരണങ്ങള്‍ അച്ചടിച്ചിരുന്ന ആലുവ പാതാളത്ത് പെരിയാറിന്റെ തീരത്തുള്ള ദീപിക പ്രസ് ആയിരുന്നു അടുത്തതായി നഷ്ടപ്പെടുന്നത്. അറുപത് സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ, രണ്ടരക്കോടി രൂപ വില വരുന്നതായിരുന്നു ആ പ്രസ്. ദീപികയ്ക്ക് വളരെയേറ വരുമാനം ഉണ്ടാക്കി കൊടുത്തിരുന്ന സ്ഥാപനം. അതും ഫാരിസിന്റെ അളിയന്‍ വാങ്ങി. ചുരുങ്ങിയ വിലയ്ക്ക്. ഡയറക്ട് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഈ വില്‍പ്പന നടന്നത്. ഇതും കേസ് ആയി. പക്ഷേ, പാതിവഴിയില്‍ കേസ് അവസാനിച്ചു. കാരണമായി പറയുന്നത് റോബിന്‍ വടക്കുഞ്ചേരിയുടെ പേര്.

2008 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പൈതൃക കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായുള്ള ഒരു ബില്‍ കൊണ്ടു വരാനുള്ള നീക്കം നടന്നിരുന്നു. ക്രൈസ്തവ സഭയെ വല്ലാതെ ബാധിക്കുന്നൊരു വിഷയമായിരുന്നു അത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ പലതും നൂറുവര്‍ഷത്തിനു മുകളില്‍ പഴക്കം ഉള്ളതാണ്, അതുപോലെ പല പള്ളികളും. തങ്ങളുടെ സ്വത്ത് കൈവിട്ട് പോകുമെന്ന പേടി സഭയ്ക്കുണ്ടായി. ഇതിനെതിരേ പറയാന്‍ സഭയുടെ ശബ്ദമായി മാറാന്‍ ഒരു പത്രം കൂടെ വേണം എന്ന തീരമാനം വരുന്നിടത്താണ് ദീപിക തിരിച്ചു പിടിക്കണമെന്ന ആവശ്യം ഉയരുന്നത്. മലങ്കര സഭയിലെ ക്ലിമ്മിസ് പിതാവാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. അദ്ദേഹം മൂന്നു കോടി രൂപ മുതല്‍മുടക്കാന്‍ തയ്യാറായി. ചങ്ങനാശ്ശേരി രൂപത രണ്ടു കോടി, എറണാകുളം രൂപത ഒരു കോടി, എന്നിങ്ങനെ ആകെ 16 കോടി രൂപ സ്വരൂപിച്ച് ഫാരിസിന് നല്‍കി ദീപികയുടെ ഉടമസ്ഥത തിരിച്ചു വാങ്ങി. ദീപികയുടെ സര്‍ക്കൂലേഷന്‍ വളരെ കുറവാകുകയും നടത്തിപ്പ് ഒരുതരത്തിലും ലാഭമുണ്ടാക്കുന്നില്ലെന്നും ഫാരിസ് മനസിലാക്കിയിരുന്ന സമയത്ത് തന്നെയാണ് ദീപിക തിരികെ ചോദിച്ച് സഭ വരുുന്നും. അഞ്ചു കോടി രൂപയ്ക്ക് താന്‍ സ്വന്തമാക്കി ദീപിക 16 കോടി രൂപ വാങ്ങി ഫാരിസിന് സഭയ്ക്ക് തിരിച്ചു നല്‍കി. ഇതിനിടയില്‍ രണ്ട് പ്രധാനപ്പെട്ട സ്വത്തുവകകള്‍ സ്വന്തമാക്കുകയും ചെയ്തു.

സഭയെ കടുത്ത നഷ്ടത്തിലേക്ക് തള്ളിവിട്ട ഈ കച്ചവടത്തില്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ ഇരുന്ന് അനുകൂലമായി യാതൊന്നും ചെയ്തില്ലെന്നു മാത്രമല്ല, ഒരു കച്ചവടക്കാരന് ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്‌തെന്നായിരുന്നു റോബിന്‍ വടക്കുഞ്ചേരിക്കെതിരേ ഉയര്‍ന്ന ആരോപണം. കച്ചവടം കൊണ്ട് വ്യക്തപരമായ ലാഭം റോബിന് കിട്ടിയെന്നും വിമര്‍ശനമുണ്ട്. ഈ കച്ചവടത്തില്‍ ഇടനിലക്കാരനായി നിന്ന വകയില്‍ രണ്ടരക്കോടിയോളം രൂപ കമ്മിഷനായി കിട്ടിയെന്നും സഭയ്ക്കുള്ളില്‍ നിന്നുതന്നെ ഫാ. റോബിനെതിരേ ആരോപണങ്ങളുണ്ട്.  ഇത്രയും വലിയ ബിസിനസ് ഡീല്‍ ഒപ്പിച്ചു കൊടുത്തതിനുള്ള പ്രത്യുപകാരം. തനിക്കു കിട്ടിയ പണം റോബിന്‍, എസ്റ്റേറ്റുകള്‍ വാങ്ങുകയുള്‍പ്പെടെ പലയിടങ്ങളിലായി നിക്ഷേപിക്കുകയാണുണ്ടായതെന്നു കേള്‍ക്കുന്നു. സഭ ദീപിക സ്വന്തമാക്കിയതിനു പിന്നാലെ എംഡി സ്ഥാനം ഒഴിഞ്ഞ് മാതൃരൂപതയായ മാനന്തവാടിയിലേക്ക് തിരിച്ചു പോരുകയാണ് റോബിന്‍ ചെയ്തത്. അവിടെ ചെന്നതിനുശേഷവും പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ റോബിന് കിട്ടി. അതായിരുന്നു റോബിന്‍ വടക്കുഞ്ചേരിക്ക് സഭയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സ്വാധീനം. ആ സ്വാധീനവും ബന്ധങ്ങളുമാണ് ഒരു ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പലതും ചെയ്യാന്‍ സഹായിച്ചതും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍