UPDATES

ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം?

ഒരു വ്യക്തി നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ പെണ്‍കുട്ടിയാണിത്

ലൈംഗിക ചൂഷണത്തിന് ഇരകളായ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പ്രതികള്‍ക്കോ പ്രതികളോട് ബന്ധമുള്ളവര്‍ക്കോ സ്വാധീനിക്കാന്‍ തക്ക സാഹചര്യങ്ങളിലേക്ക് വിട്ടു കൊടുക്കുന്ന ശിശുക്ഷേമ സമിതി, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളിലെ ചിലരുടെ ഇടപെടലുകളെ കുറിച്ച് മുന്‍പ് പലതവണ പറഞ്ഞിട്ടുള്ളതാണ്. നിര്‍ബാധം തുടരുന്ന ഈ അനീതിയ്‌ക്കെതിരെ സാമൂഹ്യ നീതി വകുപ്പോ ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ഒരു നടപടിയും സ്വീകരിക്കാതെ ഇരിക്കുന്നതിന്റെ ഫലം ഓരോ ദിവസവുമെന്നപോലെ കുട്ടികളാണ് അനുഭവിക്കുന്നത്. ഇരകള്‍ വീണ്ടും ഇരകളായി തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി അത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത് ഇടുക്കി സ്വദേശിയായ 16-കാരിക്കാണ്.

ഒരു വ്യക്തി നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ പെണ്‍കുട്ടിയാണിത്; പെണ്‍കുട്ടിയുടെ അമ്മയുടെ കൂടി അറിവോടെയാണ് സംഭവം എന്നു ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതിക്കൊപ്പം അമ്മയേയും ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഈ പെണ്‍കുട്ടി തിരുവനന്തപുരത്ത് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചു വരികെയാണ് 2018 മേയ് 16-ന് കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടുപോലും നിര്‍ബന്ധിച്ച് അച്ഛനും അമ്മയും ആവശ്യപ്പെട്ട പ്രകാരം ഒരാഴ്ചത്തേക്ക് വീട്ടിലേക്ക് അവരുടെ കൂടെ വിട്ടുകൊടുത്തത്. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് കുട്ടിയെ തങ്ങള്‍ക്കൊപ്പം വിട്ടുതരണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കുട്ടി ആക്രമിക്കപ്പെട്ട ഇടത്തേക്കു തന്നെ, അതും പ്രതികളില്‍ ഒരാള്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കരുതെന്ന് അഭ്യര്‍ത്ഥന ഉണ്ടായിട്ടും അത് അവഗണിക്കപ്പെടുകയായിരുന്നു.

കുട്ടി വീണ്ടും ആക്രമിക്കപ്പെടാനോ സ്വാധീനിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വിട്ടുകൊടുക്കരുതെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സ്വാഭാവിക നീതി എന്ന ന്യായം പറഞ്ഞായിരുന്നു അന്ന് തിരുവനന്തപുരം സിഡബ്ല്യൂസി കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തത്.

കുട്ടിയെ വിട്ടുകൊടുക്കരുതെന്ന് പറഞ്ഞവര്‍ ഭയന്നതെന്താണോ അതു തന്നെ ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ കുട്ടിക്കെതിരേ പ്രധാനപ്രതി ആക്രമണശ്രമം നടത്തി. ഈ കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടേതായി മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിക്കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ വിവരങ്ങളൊന്നും പുറത്തു പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. 2018 ജൂണ്‍ ആറിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു മാത്രമാണ് മുണ്ടക്കയം പൊലീസ് പറഞ്ഞത്.  ബാലാവകാശ കമ്മിഷന്‍ അംഗമായ കന്യാസ്ത്രീക്കെതിരേ പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശം ഉണ്ടെന്നും അറിയുന്നു. മഹിള സമഖ്യയും ഈ വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കെതിരേ ഈ വിഷയത്തില്‍ തന്നെ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇടുക്കി സ്വദേശിയായ ഈ പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഇടുക്കി ശിശുക്ഷേമ സമിതിയായിരുന്നു ആദ്യം ഏറ്റെടുത്തത്. അവരും കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യശ്രമം നടത്തി. മാത്രമല്ല, പ്രതിയുടെ അഭിഭാഷകന്റെ ഓഫീസില്‍ ഇടുക്കിയില്‍ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായി, കുട്ടിയുടെ പിതാവ്, അഭിഭാഷകന്‍, പ്രധാന പ്രതി എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കേസില്‍ മൊഴി മാറ്റിപ്പറയിപ്പിക്കാനായി സ്വാധീനിക്കുകയും ഏതൊക്കെയോ പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ ഇടുക്കി ജില്ല കളക്ടര്‍ സിഡബ്ല്യുസി തീരുമാനം ചലഞ്ച് ചെയ്യുകയുണ്ടായി. തുടര്‍ന്നാണ് കുട്ടിയെ തിരുവനന്തപുരം സിഡബ്ല്യുസിയുടെ കീഴില്‍ കൊണ്ടുവരുന്നത്. അവര്‍ കുട്ടിയെ തിരുവനന്തപുരം നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചു വരികയായിരുന്നു. ഈ കുട്ടിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതി അംഗീകരിച്ച് ഉത്തരവിറക്കിയത്. 16-05-2018 മുതല്‍ 22-05-2018 വരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാനായിരുന്നു ഉത്തരവ്. മാതാപിതാക്കളില്‍ മാതാവ് പ്രതിയായ കേസിലെ ഇരയും സാക്ഷിയുമാണ് കുട്ടി. മുന്‍പ് കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചപ്പോള്‍ ആത്മഹത്യ ശ്രമം കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതുമാണ്. അങ്ങനെയുള്ളപ്പോഴാണ് ഏഴു ദിവസത്തോളം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിടുന്നതില്‍ യാതൊരു അപകടവും ശിശുക്ഷേമ സമതിക്കാര്‍ക്ക് കാണാന്‍ കഴിയാതെ വന്നത്. അതും കുട്ടിയുടെ അഭിപ്രായം പോലും ചോദിക്കാതെ പോലും തീരുമാനം എടുത്തുകൊണ്ട്.

ആദ്യം കുട്ടിയെ മേയ് പതിനേഴാം തീയതി മുതല്‍ വിട്ടുകൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെ എതിര്‍ത്തവര്‍ ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കുന്നത് ശരിയല്ലെന്നും ചടങ്ങ് നടക്കുന്ന ദിവസം ഹോമിലെ ഉത്തരവാദിത്തപ്പെട്ടവരുടെ സാന്നിധ്യത്തോടെ വീട്ടില്‍ എത്തിക്കാമെന്നും പറഞ്ഞപ്പോള്‍ അതു മറികടക്കാന്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി മേയ് 16 ന് തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് സിഡബ്ല്യുസിയില്‍ നിന്നും ഉണ്ടാവുകയായിരുന്നു.

ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?

അച്ഛനും അമ്മയ്ക്കുമൊപ്പം തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നായിരുന്നു കുട്ടി പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ അഭിപ്രായം ഇതാണെന്ന് അറിയുന്നതിനും മുമ്പേ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഒരാഴ്ചത്തേക്ക് വിട്ടുകൊടുക്കാന്‍ സിഡബ്ല്യുസി ഉത്തരവിട്ടു. പോകേണ്ടെന്നു നിര്‍ബന്ധം പിടിച്ച കുട്ടിയെ ഇടുക്കിയില്‍ നിന്നുള്ള കന്യാസ്ത്രി സമ്മര്‍ദ്ദം ചെലുത്തി സമ്മതിപ്പിച്ചെടുക്കുകയായിരുന്നു പിന്നീട് എന്നാണ് ആരോപണം. ഈ കന്യാസ്ത്രി ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ നോമിനിയായാണ് ബാലാവകാശ കമ്മിഷനില്‍ എത്തുന്നത്. ഇടുക്കിയില്‍ നടക്കുന്ന ഇത്തരം കേസുകളില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നതില്‍ ഇവര്‍ നേതൃത്വം വഹിക്കുന്നുവെന്നും പരാതിയുണ്ട്.

നിര്‍ഭയയില്‍ നിന്നും വിട്ടുകിട്ടിയ കുട്ടിയെ അടിമാലിയില്‍ ഉള്ള ഒരു കോണ്‍വന്റിലേക്ക് കൊണ്ടുപോയി ഇതേ കന്യാസ്ത്രീ കുട്ടിയെ, മഹിള സമഖ്യ പ്രവര്‍ത്തകര്‍ക്കെതിരേ (അവരാണ് കുട്ടിയെ വിട്ടുകൊടുക്കുന്നതില്‍, അവളുടെ സുരക്ഷിതത്വം ചൂണ്ടിക്കാട്ടി പ്രധാനമായും എതിര്‍പ്പ് ഉയര്‍ത്തിയത്) പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതായും അറിയുന്നു.

ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശുക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം

ദുരനുഭവങ്ങള്‍ കുട്ടിക്ക് ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് ഉണ്ടായിട്ടും കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറായവരാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അഴിമുഖം ശിശുക്ഷേമ സമിതി ചെയര്‍മാനെ ബന്ധപ്പെട്ടപ്പോള്‍ ‘തമാശ രൂപേണെ’യുള്ള മറുപടി ഇങ്ങനെ ആയിരുന്നു: “എല്ലാ കുട്ടികളേയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ് നോക്കിക്കൊള്ളും. സുകുമാരക്കുറിപ്പിനെ ഒഴികെ ബാക്കിയെല്ലാവരേയും കേരള പൊലീസ് പിടികൂടിയിട്ടുണ്ടല്ലോ!”

അതേസമയം തങ്ങള്‍ ചെയ്ത തെറ്റുകള്‍ മറച്ചുവച്ചുകൊണ്ട് ഈ വിഷയങ്ങള്‍ പൊതുജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പരാതികളും അന്വേഷണവുമായി സജീവമാകുന്നുമുണ്ട് ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനുമെല്ലാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍