UPDATES

അട്ടപ്പാടി കൂട്ടബലാത്സംഗം; ഇനി പിടിയിലാകാനുള്ളത് ‘കേരള വീരപ്പന്‍’, സംഭവത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ് ഉണ്ടോയെന്നും അന്വേഷണം

ഏഴോളം പേരാണ് കുട്ടിയെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയയാക്കിയിട്ടുള്ളത്.

അട്ടപ്പാടിയില്‍ 12 കാരി ആദിവാസി പെണ്‍കുട്ടി കൂട്ടലൈംഗിക ചൂഷണത്തിന് വിധേയായ സംഭവത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റിന്റെ കൈകള്‍ ഉണ്ടോയെന്ന സംശയവും ഉയരുന്നു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18-കാരിയോടൊപ്പം മറ്റ് രണ്ട് പെണ്‍കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിടിയിലായ പ്രതികളെക്കൂടാതെ മറ്റേതെങ്കിലും സംഘം കൂടി ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം കൂടി അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം കിട്ടിയിരിക്കുന്നത്. പൊലീസ് ഇക്കാര്യത്തില്‍ വ്യക്തമായൊരു മറുപടി നല്‍കുന്നില്ലെങ്കിലും പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ കൈകളില്‍ എത്തപ്പെടുകയായിരുന്നോ എന്ന കാര്യവും അന്വേഷിക്കുമെന്ന സൂചനയാണ് കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന അഗളി എഎസ്പി സുജിത് ദാസ് നല്‍കുന്നത്.

അസേമയം ഇന്ദുമതിക്കും ഇരയായ പെണ്‍കുട്ടിക്കുമൊപ്പം ഉണ്ടായിരുന്നതായി പറയുന്ന രണ്ട് പെണ്‍കുട്ടികള്‍ ഇന്ദുമതിയുടെ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏഴു വയസില്‍ താഴെയുള്ള ഈ പെണ്‍കുട്ടികളേയും കൂട്ടിയാണ് മേയ് 19 ന് ഇന്ദുമതി ഇരയായ പെണ്‍കുട്ടിയുമായി പുതുര്‍ അമ്പലത്തില്‍ ഉത്സവം കാണാന്‍ എന്നു പറഞ്ഞു പോകുന്നത്. എന്നാല്‍ രണ്ടു കുട്ടികളേയും പിറ്റേദിവസം ഉച്ചയോടെ ആനക്കട്ടിയിലുള്ള ഇന്ദുമതിയുടെ വീടിനു കുറച്ചു മാറി റോഡില്‍ കൊണ്ടുവന്ന് ഒരു ഓട്ടോയില്‍ ഇറക്കി വിട്ടു. ആ ഓട്ടോയില്‍ ഇരയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നതായും ആ കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി വിട്ടിട്ട് വരാമെന്നും നിങ്ങള്‍ വീട്ടിലേക്ക് പോയ്‌ക്കോളൂ എന്നുമാണ് ഇന്ദുമതി കുട്ടികളോട് പറഞ്ഞതെന്ന് കുട്ടികളുടെ മാതാവ് പറയുന്നു. ഈ കുട്ടികളില്‍ നിന്നും പൊലീസ് വിവരം ചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു. മഴയായിരുന്നുവെന്നും കാട്ടിലായിരുന്നുവെന്നുമൊക്കെയല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച കാര്യവും കുട്ടികള്‍ പറഞ്ഞിരുന്നു. ഈ കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

കേസില്‍ ഒരു സ്ത്രീയടക്കം മൊത്തം 13 പ്രതികളാണ് ഉളളതെന്നാണ് എഎസ്പി പറയുന്നത്. ഇതില്‍ ഇന്ദുമതിയെന്ന പെണ്‍കുട്ടിയടക്കം 12 പേരെയാണ് പിടികൂടിയത്. ഇനി പിടികൂടാന്‍ ഉള്ളത് സുന്ദരന്‍ എന്നയാളെയാണ്. ഇപ്പോള്‍ പിടിയിലായവരെല്ലാം തന്നെ 20 നും 25 നും ഇടയില്‍ പ്രായമുള്ളവരും എസ് ടി / എസ് സി വിഭാഗത്തില്‍പ്പെട്ടവരുമാണ്. അതേസമയം പിടിയിലാകാനുള്ള കാരറ ഊരുകാരനായ സുന്ദരന്‍ ആദിവാസി വിഭാഗത്തിനു പുറത്തുള്ളയാളാണ്. ഇയാള്‍ നാപ്പത് വയസിനോട് അടുത്ത് പ്രായമുള്ളയാളും മുന്‍പ് ക്രിമിനല്‍ കേസില്‍ പെട്ടയാളുമാണ്. അഗളി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കാരറ സജി കൊലപാതക കേസിലെ പ്രതിയാണ് ഇയാള്‍. ‘കേരള വീരപ്പന്‍’ എന്നാണ് 2009 ല്‍ ഷൊളയൂര്‍ പൊലീസ് സുന്ദരനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ടു പോകുന്നതാണ് പതിവെന്നാണ് പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സുന്ദരന്റെ കൈയില്‍ പെണ്‍കുട്ടി എങ്ങനെ അകപ്പെട്ടു എന്നത് വലിയൊരു സംശയമാണ്.

ഇയാളാണോ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയതെന്ന കാര്യത്തില്‍ കൃത്യത വന്നിട്ടില്ല. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്കും സുന്ദരനും തമ്മില്‍ ബന്ധമുണ്ടോ, അതോ ഇന്ദുമതിയുമായാണോ ഇയാള്‍ക്ക് ബന്ധം ഉള്ളതെന്നതോ ആയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരുപക്ഷേ പ്രതികളില്‍ ആര്‍ക്കെങ്കിലും ഒരാളുമായി സുന്ദരന് ബന്ധമുണ്ടായിരിക്കാമെന്നും അതുവഴിയാകാം ഇയാള്‍ ഇതില്‍ ബന്ധപ്പെടുന്നതെന്നും പൊലീസിന്റെ നിഗമനം പറയുന്നു. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നുമുണ്ട്. അതേസമയം കേസിലെ പ്രധാന പ്രതിയാണ് സുന്ദരന്‍ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും പൊലീസ് അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നുമാണ് എഎസ്പി സുജിത്ത് ദാസ് അഴിമുഖത്തോട് പറഞ്ഞത്. കേസില്‍ മൊത്തം 13 പ്രതികള്‍ ആണ് ഉള്ളതെന്നും ഇതില്‍ ഒരാളെ കൂടി പിടികൂടാന്‍ ഉള്ളൂവെന്നുമാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും എന്നാല്‍ കേസിലെ പ്രധാനപ്രതിയെ പിടിക്കാതെ പൊലീസ് എന്ന തരത്തിലാണ് ചില മാധ്യമങ്ങള്‍ വസ്തുത വളച്ചൊടിച്ചതെന്നും എഎസ്പി പറയുന്നു.

പരാതി സ്വീകരിക്കാന്‍ വൈകിയെന്നതുള്‍പ്പെടെ പൊലീസിന്റെ ഭാഗത്ത് നിന്നും കേസ് അന്വേഷണത്തില്‍ വീഴ്ചകള്‍ വന്നെന്ന ആരോപണവും എഎസ്പി നിഷേധിക്കുന്നു. “മേയ് 19 ന് ആണ് പെണ്‍കുട്ടിയെ കാണാതാകുന്നതെങ്കിലും പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി കിട്ടുന്നത് 22-ന് മാത്രമാണ്”. പെണ്‍കുട്ടിയുടെ കുടുംബം വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിയാണ് തന്നെ വിളിച്ച് സംഭവത്തെ കുറിച്ച് പറയുന്നതെന്നും എഎസ്പി പറയുന്നു. “22-ന് വൈകിട്ടാണ് എനിക്ക് വിവരം കിട്ടുന്നത്. ഉടന്‍ തന്നെ ഷോളയൂര്‍ സ്േഷനില്‍ വിളിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക സംഘത്തെ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി നിയോഗിച്ചു. 20 ന് പെണ്‍കുട്ടി ഇന്ദുമതിയുടെ ഫോണില്‍ നിന്നും തങ്ങളെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും ഇന്ദുമതിയുടെ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ നോക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു. പെണ്‍കുട്ടി ഗുഡ്ഡയൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് പോയതെന്ന വിവരം അനുസരിച്ച് അവിടെയും തുടര്‍ന്ന് പെണ്‍കുട്ടി ഉണ്ടെന്ന് പലപ്പോഴായി കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഓരോരോയിടങ്ങളിലും പൊലീസ് പോയി. പക്ഷേ കുട്ടിയെ കണ്ടെത്താനായില്ല. ഒടുവില്‍ 24 ന് ആണ് കോട്ടത്തറയില്‍വച്ച് പെണ്‍കുട്ടിയേയും ഇന്ദുമതിയേയും കണ്ടെത്തുന്നത്. 

പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ചുരുക്കം ചിലരെ മാത്രമാണ് അറിയിച്ചത്. വിവരം പുറത്തായാല്‍ പ്രതികളായവര്‍ രക്ഷപ്പെടാന്‍ സാധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞാണ് വിവരം രഹസ്യമാക്കി വച്ചത്. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് വനിത പൊലീസുകാര്‍ പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന്റെ ഫലമായാണ് പ്രതികളെ കുറിച്ച് അറിവ് കിട്ടുന്നത്. പ്രതികളെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ തന്നെ പൊലീസിന് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഓരോ സംഘങ്ങളായി തിരിഞ്ഞ് പ്രതികളുടെ ഊരുകളില്‍ എത്തി എല്ലാവരേയും പിടികൂടുകയായിരുന്നു. പിടിയിലായ ഇന്ദുമതിയും ചോദ്യം ചെയ്യലില്‍ സഹകരിക്കുകയും കാര്യങ്ങള്‍ സമ്മതിക്കുകയുമായിരുന്നു. പൊലീസ് ഇന്ദുമതിയെ കൂട്ടുകൊടുപ്പുകാരിയെന്ന് വിളിച്ച് അപമാനിച്ചു എന്ന തരത്തിലൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ആരോപണം ഉയര്‍ത്തുന്നത് അടിസ്ഥാനമില്ലാതെയാണ്. പൊലീസ് ഒരിക്കലും ഇന്ദുമതി ഈ സംഭവത്തില്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചു എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇന്ദുമതിക്കു മേലുണ്ട്. അവര്‍ ഇപ്പോള്‍ ഈ കേസിലെ കുറ്റാരോപിതയാണ്. അതിനപ്പുറം ഇന്ദുമതിയേയോ ഇരയായ പെണ്‍കുട്ടിയേയോ ആദിവാസി സമൂഹത്തേയോ പൊലീസ് അപമാനിച്ചിട്ടില്ല.

പരാതി കിട്ടി രണ്ടു ദിവസത്തിനുള്ളില്‍ കാണാതായ കുട്ടിയെ കണ്ടെത്താനും കുട്ടിയെ ഉപദ്രവിച്ചവരെന്ന് വിവരം കിട്ടിയ 13 പ്രതികളില്‍ 12 പേരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ആറ് കേസുകളാണ് ഈ സംഭവത്തില്‍ ചുമത്തിയിരിക്കുന്നത്. 22 ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി അനുസരിച്ച് മിസ്സിംഗ് കേസ് ആണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. 24 ന് കുട്ടിയെ കിട്ടിയ ശേഷം, മൊഴിയുടെ അടിസ്ഥാനത്തില്‍ 376 ഉം പോസ്‌കോയും ചേര്‍ത്ത് സെഷന്‍സ് ഉള്‍പ്പെടുത്തുകയായിരുന്നു. അഞ്ച് കേസുകളും റേപ്പ് കേസ് തന്നെയാണ്. എന്നാല്‍ വ്യത്യസ്ത ഇടങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത പ്രതികളാണ് കുട്ടിയെ ദുരുപയോഗം ചെയ്തിരിക്കുന്നതിനാലാണ് അഞ്ചു കേസുകളായി ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒറ്റ കേസ് ആയി എഴുതാന്‍ കഴിയില്ല. കോടതിയില്‍ എത്തുമ്പോള്‍ വ്യത്യസ്ത കേസുകളായി തന്നെ ട്രയല്‍ നടക്കണം എന്നുള്ളതുകൊണ്ടാണ് മൊത്തം ആറു കേസുകളായി ചാര്‍ജ് ചെയ്തിരിക്കുന്നത്. 376 ഡി (ബി) ആയിട്ടാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വാങ്ങിക്കൊടുക്കണമെന്നു തന്നെയാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്”-  എഎസ്പി സുജിത് ദാസ് പറയുന്നു.

ഏഴോളം പേരാണ് കുട്ടിയെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് വിധേയയാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ പെണ്‍കുട്ടിയെ ഓരോയിടത്ത് എത്തിച്ചു കൊടുക്കുന്നതിന് ഉള്‍പ്പെടെയുള്ള സഹായം ചെയ്ത കുറ്റത്തിനാണ് പിടിയിലായിരിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും തന്നെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം ചെയ്ത കേസ് ആണെങ്കിലും പ്രതികളായവരും എസ്ടി/എസ് സി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ എസ് ടി അട്രോസിറ്റി വകുപ്പുകള്‍ ചാര്‍ത്തിയിട്ടില്ല. അതേസമയം പിടിയിലാകാനുള്ള സുന്ദരന്‍ എസ് സി/ എസ് ടി വിഭാഗത്തില്‍ പെട്ടയാളല്ലെന്നാണ് വിവരം. അതുപോലെ തമിഴ് ചെട്ടിയാര്‍ വിഭാഗത്തില്‍പെട്ടയാളാണ് ഇന്ദുമതി. ഇവര്‍ എസ് സി വിഭാഗത്തില്‍പ്പെടുന്നതല്ല, ഒബിസിയാണ്. ഒബിസി തൊട്ട് മുകളിലേക്ക് എസ് ടി അട്രോസിറ്റി ചുമത്താവുന്നതാണ്.

വെള്ളിയാഴ്ച പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി ജീപ്പില്‍ നിന്നും ചാടി പോയ പ്രതികളില്‍ ഒരാളായ കാരറ ഊരിലുള്ള വീനസ് രാജിനെ മണ്ണാര്‍ക്കാട് ആനമൂളിയില്‍വച്ച് ശനിയാഴ്ച പകല്‍ പതിനൊന്നരയോടെ പൊലീസ് പിടികൂടിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിടിയിലായ പ്രതികളെല്ലാം തന്നെ റിമാന്‍ഡിലാണ്. അതേസമയം ഇരയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കീഴിലുള്ള മഹിള മന്ദിരമന്ദിരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആഭ്യന്തര കലഹത്തിന്റെ ഇരകളായ മുതിര്‍ന്ന സ്ത്രീകളെ പാര്‍പ്പിക്കുന്ന മഹിള മന്ദിരത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ മൈനര്‍ പെണ്‍കുട്ടിയെ താമസിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടിയെ പൊലീസിന്റെ കസ്റ്റഡയില്‍ കിട്ടിയശേഷം മൊഴിയെടുക്കലും മറ്റു പൂര്‍ത്തിയാക്കിശേഷം സിഡബ്ല്യുസി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയാക്കി കുട്ടിയുടെ സുരക്ഷിതത്വം, മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കാനും വേണ്ട നടപടിയെടുക്കേണ്ടതാണ്. നിര്‍ഭയ ഷെല്‍റ്റര്‍ ഹോമിലേക്കാണ് കുട്ടിയെ സ്വാഭാവികമായി മാറ്റേണ്ടത്. എന്നാല്‍ സിഡബ്ല്യുസി അംഗങ്ങള്‍ തങ്ങളാരും സ്ഥലത്തിലെന്ന ന്യായം പറഞ്ഞാണ് മഹിള മന്ദിരത്തിലേക്ക് മാറ്റിയത്. തിങ്കളാഴ്ച സിഡബ്ല്യുസി യോഗം ചേര്‍ന്നശേഷം കുട്ടിയുടെ കാര്യത്തില്‍ അടുത്ത തീരുമാനം എടുക്കാമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുട്ടിയെ മഹിള മന്ദിരത്തിലേക്ക് മാറ്റിയതില്‍ പൊലീസിനു യാതൊരു പങ്കും ഇല്ലെന്നും 164 എടുത്തത് അടക്കം തങ്ങളുടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷം സിഡബ്ല്യുസി നിര്‍ദേശം അനുസരിച്ചാണ് മഹിളമന്ദിരത്തിലേക്ക് കുട്ടിയെ മാറ്റിയതെന്നും നിര്‍ഭയിലേക്ക് മാറ്റാന്‍ നിര്‍ദേശം കിട്ടിയാല്‍ അതിനും തയ്യാറാണെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടി അഞ്ചുദിവസത്തോളം കുളിക്കാതെയും വസ്ത്രം മാറാതെയും ഉള്ള അവസ്ഥയിലായിരുന്നു. ഭയപ്പെട്ട അവസ്ഥയിലായിരുന്നുവെങ്കിലും വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ സമയം എടുത്തിട്ടാണെങ്കിലും കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞു തരാന്‍ കുട്ടിക്ക് കഴിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. തങ്ങള്‍ കണ്ടെത്തുന്ന സമയത്ത് പെണ്‍കുട്ടിയുമായി മറ്റെങ്ങോട്ടെങ്കിലും പോകാനുള്ള ശ്രമത്തിലായിരുന്നില്ല ഇന്ദമതിയെന്നും വീട്ടില്‍ കൊണ്ടുചെന്നു വിടാന്‍ ആയിരിക്കാം ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. എന്തായിരുന്നാലും കഴിവതും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത് കൂടുതല്‍ അപകടങ്ങളൊന്നും ഉണ്ടാകാതെ തടയാന്‍ സഹായകമായെന്നും അഗളി പൊലീസ് പറയുന്നു.

പിടിയിലാകാനുള്ള പ്രതിയെ ഉടന്‍ തന്നെ പിടികൂടുമെന്നും എല്ലാവര്‍ക്കും അര്‍ഹിച്ച ശിക്ഷ വാങ്ങി നല്‍കുമെന്നും എഎസ്പി സുജിത് ദാസ് ഉറപ്പിച്ചു പറയുന്നുണ്ട്. അതോടൊപ്പം ഈ കേസില്‍ കൂടുതലായി മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നോ സെക്‌സ് റാക്കറ്റ് പോലുള്ള സംഘങ്ങള്‍ക്ക് പങ്ക് ഉണ്ടോയെന്നൊക്കെയയുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രം തെളിയുന്ന കാര്യങ്ങളാണെന്നും എഎസ്പി പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍