പെണ്‍കുട്ടിയെ പീഡിപ്പിച്ച ഐഎന്‍ടിയുസി വയനാട് ജില്ല സെക്രട്ടറി ഒ എം ജോര്‍ജിനെ അറസ്റ്റ് ചെയ്തിരുന്നു
വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഒ.എം. ജോര്‍ജിനെക്കൂടാതെ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശവാസിയും ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ ഉമ്മറിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വയനാട് എസ്.എം.എസ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒ.എം ജോര്‍ജിനെതിരായ വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയെന്നും കേസില്‍ നിന്നും പിന്മാറാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ നിര്‍ബന്ധിച്ചു എന്നാണ് പരാതി.
ജനുവരി അവസാന വാരമാണ് പെണ്‍കുട്ടിയെ തന്റെ വീട്ടില്‍ വിളിച്ചുവരുത്തിയും പുറത്തു പലയിടത്തുമെത്തിച്ചും ഡി.സി.സി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം. ജോര്‍ജ് പീഡിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറം ലോകമറിയുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടി, തന്റെ വീട്ടില്‍ ജോലിക്കെത്തിയിരുന്ന ദിവസങ്ങളില്‍ പണം നല്‍കിയും വസ്ത്രങ്ങള്‍ വാങ്ങി നല്കിയുമാണ് ഒ.എം. ജോര്‍ജ് പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതോടെ മാതാപിതാക്കള്‍ കാര്യമറിയുകയും ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന്, മയക്കു ഗുളികകളടക്കം നല്‍കിയാണ് പെണ്‍കുട്ടിയെ ഒ.എം. ജോര്‍ജ് ഉപദ്രവിച്ചിരുന്നതെന്നും വെളിപ്പെട്ടിരുന്നു.
വാര്‍ത്ത പുറത്തായതോടെ ഒളിവില്‍ പോയ ഒ.എം ജോര്‍ജിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഔദ്യോഗിക പദവികളില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കുന്നതായും, കുറ്റം തെളിഞ്ഞാല്‍ എന്നെന്നേക്കുമായി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടിവരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആദ്യ ഘട്ടം മുതല്‍ക്കു തന്നെ ജോര്‍ജിനെ സംരക്ഷിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ശ്രമിച്ചിരുന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണെന്ന് ആദിവാസി സംഘടനകളും പെണ്‍കുട്ടിയുടെ പിതാവും ആരോപിക്കുന്നു. വലിയ തുക, മൂന്നേക്കര്‍ സ്ഥലം, നല്ല വീട്, പെണ്‍കുട്ടിക്ക് വിവാഹബന്ധം എന്നിങ്ങനെയുള്ള പല വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ജോര്‍ജിന്റെ ബന്ധുക്കളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ചിരുന്നു.
ആദ്യ ദിവസം തന്നെ വീട്ടിലെത്തി കേസില്‍ നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിച്ചത് ഉമ്മറാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പക്ഷം. ആദ്യ ഘട്ടത്തില്‍ വാഗ്ദാനങ്ങള്‍ നടത്തിയ ഉമ്മര്‍, പിന്നീട് ഭീഷണിപ്പെടുത്തുകയും ജീവിക്കാനനുവദിക്കില്ലെന്ന് പറയുകയും ചെയ്യുകയായിരുന്നു. പ്രദേശവാസിയും കുടുംബത്തെ വര്‍ഷങ്ങളായി പരിചയമുള്ളയാളുമായ ഉമ്മര്‍ തങ്ങളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലെ പരാമര്‍ശം. ഒ.എം. ജോര്‍ജ് പെണ്‍കുട്ടിയോട് ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ ശബ്ദരേഖ കേള്‍പ്പിച്ചപ്പോള്‍, ഫോണ്‍ തട്ടിപ്പറിക്കാനുള്ള ശ്രമവും ഉമ്മറിന്റെ ഭാഗത്തുനിന്നുമുണ്ടായതായി കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉമ്മര്‍ വീട്ടിലെത്തിയതിന്റെയും സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് എസ്.എം.എസില്‍ പരാതിപ്പെട്ടിരിക്കുന്നത്.
പരാതി ലഭിച്ചിട്ടുണ്ടെന്നും, കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നുമാണ് എസ്.എം.എസ് ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ പ്രതികരണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഒളിവില്‍ പോയിരിക്കുന്നതിനാല്‍ ഉമ്മറിനെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടില്ല. ദിവസങ്ങളോളം ഒളിവില്‍ പോയതിനു ശേഷം ഫെബ്രുവരി അഞ്ചിനാണ് ഒ.എം. ജോര്‍ജ് കീഴടങ്ങുന്നത്. ജോര്‍ജിനെ കര്‍ണാടകയിലേക്ക് കടത്തിയതും സംരക്ഷിച്ചതും കോണ്‍ഗ്രസ് നേതാക്കളാണെന്നും, പൊലീസ് വിവരമറിഞ്ഞിട്ടും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും വിവിധ ആദിവാസി സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. സമാനമായ സാഹചര്യത്തിലാണ് ഉമ്മറും ഒളിവില്‍ പോയിരിക്കുന്നത്. ജോര്‍ജിനും ഉമ്മറിനുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നതുവരെ കേസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.