UPDATES

ദേശീയ രാഷ്ട്രീയത്തിലൂന്നിയ ഞങ്ങളുടെ പ്രചാരണം ഗുണം ചെയ്തത് കോൺഗ്രസ്സിന്; ന്യൂനപക്ഷം കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്തു: കോടിയേരി

ദേശീയതലത്തിൽ കോൺഗ്രസ്സിനുണ്ടായ തിരിച്ചടിയിൽ സന്തോഷിക്കുന്നില്ലെന്നും മതേതര ശക്തികൾ തകരുന്നത് ഇടതുപക്ഷത്തിന് ആഹ്ലാദം തരുന്നില്ലെന്നും കോടിയേരി

ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാജയം പാർട്ടി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കും.

“രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ ഞങ്ങളുടെ പ്രചാരണത്തിന്റെ പ്രധാന ഊന്നൽ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് എതിരായിരുന്നു. ഇത് കോൺഗ്രസ്സിന് നഅനുകൂലമായി മാറിയെന്നാണ് പ്രാഥമികമായി മനസ്സിലാക്കാനാകുന്നത്. മറ്റ് വിശദാംശങ്ങൾ മണ്ഡലാടിലസ്ഥാനത്തിലും ബൂത്തടിസ്ഥാനത്തിലം പരിശോധിക്കും,” കോടിയേരി പറഞ്ഞു.

പാലക്കാടും കാസറഗോഡും സംഘടനാപരമായ പ്രശ്നങ്ങളല്ല സ്വാധീനം ചെലുത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തരംഗം വരുമ്പോൾ മറ്റ് ഘടകങ്ങളെല്ലാം അപ്രസക്തകമാകും. ന്യൂനപക്ഷം കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്തു. ഇതുകൊണ്ടാണ് യുഡിഎഫിന് ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിച്ചതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത് താൽക്കാലികമായൊരു പരാജയമാണെന്നും കോടിയേരി പറഞ്ഞു. 1977ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും നേടാൻ കഴിഞ്ഞിരുന്നില്ല. പിന്നീടു വന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വലിയ വിജയം നേടി. 1984ലും വന്‍തിരിച്ചടി പാർട്ടിക്കുണ്ടായി. അതിനെയും പാർട്ടി മറികടന്നതായി കോടിയേരി സൂചിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണമല്ല, ദേശീയ തലത്തിലുള്ള പ്രശ്നങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കപ്പെട്ടത്. ശബരിമല വിഷയം പരാജയത്തിന് കാരണമായെന്ന് പറയുന്നത് വ്യാഖ്യാനം മാത്രമാണെന്നും പാർട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടു.

ദേശീയതലത്തിൽ കോൺഗ്രസ്സിനുണ്ടായ തിരിച്ചടിയിൽ സന്തോഷിക്കുന്നില്ലെന്നും മതേതര ശക്തികൾ തകരുന്നത് ഇടതുപക്ഷത്തിന് ആഹ്ലാദം തരുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിക്ക് യാതൊരു മുന്നേറ്റവും സാധിച്ചില്ല എന്നത് കേരളത്തിലെ മതനിരപേക്ഷ ശക്തികൾക്ക് അഭിമാനം നൽകുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍