UPDATES

ട്രെന്‍ഡിങ്ങ്

ന്യൂനപക്ഷ വകുപ്പില്‍ ബന്ധു നിയമനം നടത്തിയെന്ന് കെ ടി ജലീലിനെതിരേ പരാതി; വിവാദം ഉണ്ടയില്ല വെടിയെന്ന് മന്ത്രി

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആയി നിയമിക്കപ്പെട്ട അദീബ് ടി കെ മന്ത്രി ജലീലിന്റെ പിതൃസഹോദര പുത്രനാണ്

കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധു നിയമനം നടത്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീലെനിതേര പരാതി. സത്യപ്രതിജ്ഞ ലംഘനവും സ്വജപപക്ഷപാതവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. പൊതുമേഖല സ്ഥാപനമായ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി മന്ത്രി ജലീലിന്റെ പിതൃസഹോദര പുത്രന്‍ അദീബ് ടി കെ യെ നിയമിച്ചിരിക്കുന്നതാണ് വിവാദത്തിന് കാരണം. എന്നാല്‍ അനധികൃതമായി ഒരു നിയമനം നടത്തിയിട്ടില്ലെന്നും തനിക്കെതിരേയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ആരോപണങ്ങളില്‍ മന്ത്രിയുടെ പ്രതികരണം.

അദീബ് ടി കെയെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചതില്‍ യാതൊരുവിധ ക്രമക്കേടും ഇല്ലെന്നാണ് മന്ത്രി കെ ടി ജലീലില്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ജനറല്‍ മാനേജറായി ഡപ്യൂട്ടേഷനില്‍ നിയമനം നടത്തുന്നതിനു വേണ്ടി 2016 സെപ്തംബര്‍ 17 ശനിയാഴിച്ച കേരളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം കോര്‍പ്പറേഷന്‍ പരസ്യം നല്‍കിയിരുന്നതാണ്. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഒരു ധനകാര്യ സ്ഥാപനമാണ്. ആ നിലയ്ക്ക് മറ്റേതെങ്കിലും മെച്ചപ്പെട്ട ഒരു ധനകാര്യ സ്ഥാപനത്തില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതുമായ ഒരാളെ ജനറല്‍ മാനേജറായി നിയമിക്കാനാണ് തീരുമാനം എടുത്തത്. പ്രവര്‍ത്തി പരിചയത്തിനൊപ്പം എംബിഎ അല്ലെങ്കില്‍ ബിടെക് വിത്ത് പിജിഡിബിഎ/സിഎസ്/സിഎ/ഐസിഡബ്ല്യുഎഐ എന്നീ വിദ്യാഭ്യാസ യോഗ്യതകളും അപേക്ഷകര്‍ക്കായി നിഷ്‌കര്‍ഷിച്ചിരുന്നു. ഇതനുസരിച്ച് ഏഴുപേര്‍ തസ്തികയിലേക്ക്‌ നിയമനത്തിനായി അപേക്ഷിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

2016 ഒക്ടോബര്‍ 26 ന് നടത്തിയ അഭിമുഖത്തില്‍ മൂന്നുപേരാണ് ഹാജരായത്. എന്നാല്‍ ഈ മൂന്നുപേരും നിശ്ചിത യോഗ്യതയില്ലാത്തവരായിരുന്നതിനാല്‍ ആരെയും നിയമിച്ചില്ലെന്നാണ് മന്ത്രി പറയുന്നത്. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോര്‍പ്പറേഷന് ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴു അപേക്ഷകള്‍ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരില്‍ യോഗ്യതയുണ്ടായിരുന്ന അദീബിനെ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവെന്നും മന്ത്രി പറയുന്നു. താന്‍ നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ഓഫീസില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണെന്നും ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഇന്റര്‍വ്യൂവിന് വരാതിരുന്നതെന്നുമായിരുന്നു അദീബ് അവരെ അറിയിച്ചത്. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പടെ അനുബന്ധമായി ചേര്‍ത്ത് അപേക്ഷ നല്‍കുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തയച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂള്‍ 9B പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ എന്ന തസ്തികയില്‍ ലഭ്യമാകുന്ന അതേ ശമ്പളവും അലവന്‍സും അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കി ഉത്തരവാവുകയും ചെയ്യുകയായിരുന്നുവെന്നും മന്ത്രി കെ ടി ജലീല്‍ പറയുന്നു. മേല്‍ നിയമപ്രകാരം സര്‍ക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ അധികാരമുണ്ടെന്നും ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായി മന്ത്രി പറയുന്നു.

മന്ത്രി കെ ടി ജലീലിന്റെ വാദങ്ങളെ തള്ളി, കോര്‍പ്പറേഷനില്‍ നടന്നത് അനധികൃത ബന്ധു നിയമനം തന്നെയാണെന്നാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറയുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം മന്ത്രിയുടെ ബന്ധുവായ കെ ടി അദീബിന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലായിരുന്നുവെന്നു പി കെ ഫിറോസ് ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുത പദവിക്കുള്ള വിദ്യാഭ്യാസ യോഗ്യത മന്ത്രി ബന്ധുവിന് ഇല്ലാത്തതുകൊണ്ട് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അതേവരെ നിഷ്‌കരിച്ചിരുന്ന വിദ്യാഭ്യാസ യോഗതകളില്‍ ഇളവ് വരുത്തി പുതിയ വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു മന്ത്രി ചെയ്തതെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആരോപിക്കുന്നു. കോര്‍പ്പറേഷന്‍ ജനറല്‍ മനാജേര്‍ തസ്തികയുള്ള വിദ്യാഭ്യാസ യോഗ്യതകളില്‍ ഇളവ് വരുത്തിയ കാര്യം ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അറിഞ്ഞിരുന്നില്ലെന്നും ആരോപണമുണ്ട്. അതുമാത്രമല്ല, മന്ത്രി നേരിട്ട് നടത്തിയ ഈ നിയമനവും ഡയറക്ടര്‍ ബോര്‍ഡിനെ അറിയിക്കാതെയാണ് ഉണ്ടായതെന്നും ഫിറോസ് ആരോപിക്കുന്നു.

29/6/2013 ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ ഇല്ലാത്തയാളാണ് അദീബ് ടി കെ എന്നാണ് യൂത്തി ലീഗ് പറയുന്നത്. എന്നാല്‍ 18 /8/2016 ല്‍ മന്ത്രി ജലീല്‍ ഇറക്കിയ ഉത്തരവില്‍ പ്രസ്തുത തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളില്‍ ഇളവ് വരുത്തി. ഇത് തന്റെ ബന്ധുവിന് വേണ്ടി മന്ത്രി നടത്തിയ സ്വജനപക്ഷപാതമാണെന്നും ഇവര്‍ പറയുന്നു. ബിടെക്, പിജിഡിബിഎ ആണ് അദീബിന്റെ യോഗ്യതകള്‍. ഈ യോഗ്യതകള്‍ വച്ച് പ്രസ്തുത തസ്തികയില്‍ നിയമനം കിട്ടില്ല. അതുകൊണ്ടാണ് നേരത്തെ പറഞ്ഞിരുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം അദീബിന് ഉണ്ടായിരുന്നു വിദ്യാഭ്യാസ യോഗ്യതകള്‍ കൂടി ചേര്‍ത്ത് ഇളവ് വരുത്തുകയാണ് മന്ത്രി ചെയ്തത്. മുന്‍കാലങ്ങളിലെല്ലാം ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നടത്തിയിരുന്നത് ഡപ്യൂട്ടേഷന്‍ വഴിയാണ്. ഈ ഡപ്യൂട്ടേഷന്‍ മറ്റേതെങ്കിലും പൊതുമേഖല സ്ഥാപനങ്ങളില്‍ ഇതേ പദവിയില്‍ ഇരിക്കുന്നവരെ ഇങ്ങോട്ട് കൊണ്ടുവരുന്ന രീതിയായിരുന്നു. എന്നാല്‍ ജലീലിന്റെ ബന്ധുവായ അദീബ് ആകട്ടെ, ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി നോക്കിയിരുന്നത്. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതി ഇല്ലാത്തൊരാളെ, അതും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നൊരാളെയാണ് മന്ത്രി ബന്ധുവാണെന്ന ഒറ്റക്കാര്യം കൊണ്ട് നിയമിച്ചിരിക്കുന്നത്. ഇത് ചട്ടങ്ങളും നിയമങ്ങളും മറികടന്ന് നടത്തിയ നിയമനം തന്നെയാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകുമെന്ന് പി കെ ഫിറോസ് പറയുന്നു.

തനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അദീബ് പറഞ്ഞതെന്ന് മന്ത്രി പറയുമ്പോള്‍, പി കെ ഫിറോസ് ഉയര്‍ത്തുന്നത് മറ്റൊരാക്ഷേപമാണ്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്‍ രാജിവയ്‌ക്കേണ്ടതിനു പിന്നാലെയാണ് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലേക്ക് അഭിമുഖം നടക്കുന്നത്. ജയരാജന്റെ രാജിയുടെ പശ്ചാത്തലത്തില്‍ പുതിയൊരു വിവാദം ഉണ്ടായേക്കാമെന്ന ഭയം കൊണ്ടാണ് അദീബ് അന്ന് അഭിമുഖത്തില്‍ പങ്കെടുക്കാതിരുന്നത്. അന്നത്തെ അഭിമുഖത്തില്‍ മറ്റുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പോലും തയ്യാറായില്ല. അദീബിന്റെ കാര്യത്തിലാകട്ടെ അഭിമുഖം നടത്തുകപോലും ചെയ്യാതെയാണ് 2018 ഒക്ടോബര്‍ എട്ടിന് അദ്ദേഹത്തിന് മന്ത്രി നേരിട്ട് നിയമനം കൊടുക്കുന്നത്; ഫിറോസ് പറയുന്നു.

തനിക്കെതിരേയുള്ള ബന്ധു നിയമന വിവാദം യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി എന്നാണ് മന്ത്രി ജലീല്‍ പരിഹസിക്കുന്നത്. നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നതെന്നാണ് ജലീല്‍ പ്രതികരിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തില്‍ ഞാന്‍ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സില്‍ബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാര്‍ത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലന്‍സ് കോടതിയില്‍ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേര്‍ത്തൊന്ന് പറഞ്ഞാല്‍ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗില്‍ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതില്‍ ഒരാളാണ് എന്റെ അനുജ സഹോദരന്‍ ഫിറോസ്. ജലീല്‍ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗില്‍ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ഫിറോസിന് നന്നു. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും അല്‍പായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല; മന്ത്രി കെ ടി ജലീല്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍