UPDATES

നീതിക്കായി രാത്രികളിലും ഒറ്റയ്ക്ക് സമരം ചെയ്യുന്ന പെണ്‍കുട്ടി; ‘സ്വഭാവം ശരിയല്ലെ’ന്ന് അധികൃതര്‍

തനിക്ക് നീതി നിഷേധിച്ച ഒരു സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാർ തൊട്ടടുത്തുണ്ടെന്ന ബലത്തിൽ സ്ഥാപനത്തിന്റെ ഗേറ്റിനു മുന്നിൽ രാത്രികളിലും ഒറ്റക്ക് സമരം ചെയ്യുന്ന പെൺകുട്ടി

തനിക്ക് നീതി നിഷേധിച്ച ഒരു സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാർ തൊട്ടടുത്തുണ്ടെന്ന ബലത്തിൽ സ്ഥാപനത്തിന്റെ ഗേറ്റിനു മുന്നിൽ രാത്രികളിലും ഒറ്റക്ക് സമരം ചെയ്യുന്ന പെൺകുട്ടി. താൻ ഏതുതരം ആക്രമണത്തിന് വിധേയയായാൽ പോലും ഒരു പക്ഷെ ദൈനംദിന ജീവിതം അഭിമുഖീകരിക്കുന്ന നിസ്സഹായതകൊണ്ടു മാത്രം ഇതേ ജീവനക്കാർ എതിർപക്ഷത്ത് നിന്നേക്കാമെന്ന ചിന്തയിലും ഒരൽപം പ്രതീക്ഷ അവരിലർപ്പിച്ച് രാത്രി മുഴുവൻ ഉറങ്ങാതിരിക്കുന്ന പെൺകുട്ടി. അർദ്ധരാത്രിയിലും പുലർച്ചെയും വിശേഷമന്വേഷിക്കാൻ മുഖം മറച്ചെത്തുന്ന സാമൂഹ്യവിരുദ്ധരെ അവൾ വാക്കുകൾകൊണ്ട് നേരിടുന്നു. രാത്രി ഏറെ വൈകി ഒട്ടും പ്രതീക്ഷിക്കാതെ നിയമപാലകരുടെ നിഴൽ കാണുമ്പോഴാണ് ആശ്വാസത്തിൽ അവളൊന്ന് കണ്ണടയ്ക്കുന്നത്. എങ്കിലും അശാന്തമായ മനസ്സോടെ ഇരുട്ടിനു നടുവിൽ എങ്ങനെയാണു അവൾക്കുറങ്ങാൻ കഴിയുക? രാത്രിയിലെ പ്രാഥമികകൃത്യങ്ങൾക്ക് അവളെവിടെപ്പോകും? രാത്രി ആർത്തുപെയ്യുന്ന മഴയത്ത് അവൾ എങ്ങനെ എവിടെ നനയാതിരിക്കും? പകലിലെ ചുട്ടുപൊള്ളുന്ന ചൂടിൽ അവൾക്കെവിടെയാണൊരു തണൽ ? എന്നിട്ടും പിന്മാറാൻ തയ്യാറാകാതെ അവൾ സമരം തുടർന്നുകൊണ്ടേയിരിക്കുന്നു. മഴയും വെയിലും കൊണ്ട്.

പിരിച്ചുവിടൽ , സമരം.

ഇരിഞ്ഞാലക്കുട സ്വദേശിനിയും പാലക്കാട് കഞ്ചിക്കോട് അഹല്യ കണ്ണാശുപത്രിയിലെ ലൈബ്രേറിയനുമായിരുന്ന മിഷയെ 2018 ജനുവരി 17 നാണ് മാനേജ്‌മെന്റ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജർക്കെതിരെ അപവാദപ്രചരണം നടത്തിയെന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാൽ ഇത് സത്യമല്ലെന്ന് മിഷ പറയുന്നു.

“2017 ഡിസംബറിലാണ് ഞാൻ അഹല്യയുടെ കണ്ണാശുപത്രിയിൽ ലൈബ്രേറിയനായി ജോലിക്ക് കയറിയത്. നാലുമാസം കഴിഞ്ഞപ്പോൾ അവരുടെ തന്നെ എൻജിനീയറിങ് കോളേജിലേക്ക് ലൈബ്രേറിയനായി നിയമിച്ചു. ആയിരക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിച്ചിരിക്കുന്ന ലൈബ്രറി സർക്കാർ നിർദ്ദേശിച്ച നിയമമനുസരിച്ചല്ല പ്രവർത്തിച്ചിരുന്നത്. പുസ്തകങ്ങൾ നഷ്ടപ്പെട്ടാൽ പോലും അത് കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് ലൈബ്രറിയുടെ അവസ്ഥ കോളേജ് പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്തു. ലൈബ്രറിയുടെ സൗകര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്തിത്തരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് കാരണം ചിലർക്ക് ഞാൻ ശത്രുവായി. ഇതോടെ എന്നെ അവിടെ നിന്ന് വീണ്ടും ആശുപത്രിയുടെ ലൈബ്രറിയിലേക്ക് മാറ്റി”.

“ഓപ്പറേഷൻ മാനേജരുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ അയാളെക്കുറിച്ച് സ്ഥാപനത്തിലെ ജീവനക്കാരോട് ഞാന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ആശുപത്രിയിലെത്തന്നെ ചിലർ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് എന്നെ പുറത്താക്കിയത്. 2018 ജനുവരി 16നാണ് സസ്‌പെൻഷൻ ഓർഡർ എന്റെ കയ്യിൽക്കിട്ടിയത്. അന്നുതന്നെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മെയ് രണ്ടിന് അഹല്യയുടെ മറ്റേതെങ്കിലുമൊരു കാമ്പസിൽ വീണ്ടും തന്നെ ജോലിക്ക് കയറ്റാമെന്നു മാനേജരുടെ അസിസ്റ്റന്റ് പറഞ്ഞു. ഇതനുസരിച്ചു ഞാൻ വീട്ടിൽപ്പോയി. എന്നാൽ ഏപ്രിൽ പകുതിയോടെ വീണ്ടും ഇദ്ദേഹത്തെ വിളിച്ച് മെയ് രണ്ടിലെ നിയമന ഉത്തരവ് ചോദിച്ചപ്പോഴാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ട കാര്യം അറിയുന്നത്. ഇതോടെ മാനസിക സംഘർഷം താങ്ങാൻ പറ്റാതെ ഞാൻ വീടുവിട്ടിറങ്ങി. അപ്പോൾ എന്റെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ എന്നെ കാണാനില്ലെന്ന് കാണിച്ചു പരാതി നൽകി. പിന്നീട് സ്റ്റേഷനിൽ നിന്നുണ്ടായ ഒത്തുതീർപ്പിനെത്തുടർന്ന് എന്നെ ജോലിയിൽ കയറ്റാമെന്നു അന്ന് സ്ഥാപനത്തിനുവേണ്ടി പോലീസ് സ്റ്റേഷനിൽ ഹാജരായവർ സമ്മതിച്ചു. ഇതനുസരിച്ച് ഞാൻ വീണ്ടും മെയ് രണ്ടിന് ജോലിക്ക് കയറുവാൻ എത്തിയപ്പോൾ വനിതാ ഉദ്യോഗസ്ഥരടക്കം എന്നെ അവഹേളിച്ച്  ഇറക്കിവിടുകയായിരുന്നു”. മിഷ പറയുന്നു.

ഇതിനിടയിൽ പലതവണ ജോലിക്ക് കയറാൻ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് മിഷ മെയ് 29 മുതൽ സ്ഥാപനത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരം തുടങ്ങിയത്. ആദ്യദിവസങ്ങളിൽ പകൽ മാത്രമായിരുന്നു സമരം. എന്നാൽ ഫലം കാണാതെ വന്നതോടെ രാത്രിയിലും കുത്തിയിരുപ്പ് സമരം തുടങ്ങി. കനത്ത മഴയുള്ള ദിവസങ്ങളിൽ കുടചൂടിയും രാത്രിയിൽ ഉറങ്ങാതിരുന്നും മിഷ സമരം തുടർന്നു. ഇതിനിടയിൽ തുടർച്ചയായി മഴയും തണുപ്പും ഏറ്റതോടെ രണ്ടു ദിവസം മുൻപ് പനിബാധിച്ചു മിഷയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി വിട്ടിറങ്ങിയ മിഷ വീണ്ടും സ്ഥാപനത്തിന് മുന്നിൽ കുത്തിയിരുപ്പ് സമരത്തിലാണ്. ഇപ്പോൾ രണ്ടു ദിവസമായി ചുട്ടുപൊള്ളുന്ന വെയിലത്താണ് മിഷയുടെ ഇരിപ്പ്. പകൽ മുഴുവൻ വെയിൽ കൊണ്ടതിനാൽ രാത്രിയാകുമ്പോഴേക്കും ക്ഷീണം കൊണ്ട് ഉറക്കം വന്നു തുടങ്ങും. എന്നാൽ എങ്ങനെ ഉറങ്ങുമെന്നാണ് മിഷ ചോദിക്കുന്നത്. സമരം രാത്രിയിലും തുടർന്നതോടെ താൻ സുരക്ഷിതയല്ലെന്നും തനിക്ക് സംരക്ഷണം തരണമെന്നും കൊഴിഞ്ഞാമ്പാറ പോലീസിനോട് മിഷ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് മേഖലയിൽ പോലീസിന്റെ നിരീക്ഷണമുണ്ടെന്ന് മിഷ പറയുന്നു. പോലീസിനെ കാണുമ്പോഴാണ് മിഷ അൽപ്പമെങ്കിലും കണ്ണടയ്ക്കുന്നത്.

പിരിച്ചുവിട്ടത് പി.എച്ച്.ഡി എൻറോൾ ചെയ്യാൻ മാസങ്ങൾ ശേഷിക്കെ

അഹല്യയിൽ ജോലിയിൽ ഇരിക്കുമ്പോൾ തന്നെ മിഷ 2017 ൽ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസിൽ പി.എച്ച്.ഡി. എൻട്രൻസ് യോഗ്യത നേടിയിരുന്നു. പി.എച്ച്.ഡി എൻറോൾ ചെയ്യണമെങ്കിൽ ഒരേ സ്ഥാപനത്തിൽ നിന്ന് തുടർച്ചയായി രണ്ടു വർഷം സേവനമനുഷ്ടിച്ചിരിക്കണം. അഹല്യയിൽ ഇപ്പോൾ ഒന്നര വർഷം പൂർത്തിയായി. ഇനിയും ആറ് മാസം കൂടി ജോലിയിൽ തുടർന്നാൽ മാത്രമേ തനിക്ക് എൻറോൾ ചെയ്യാൻ കഴിയു എന്നാണ് മിഷ പറയുന്നത്. തന്റെ വലിയൊരു സ്വപ്നമാണതെന്നും മിഷ കൂട്ടിച്ചേർക്കുന്നു. അതേസമയം സമരം തുടർന്നതോടെ ഭീഷണിയുമായി ചിലർ എത്തിയതായും മിഷ പറഞ്ഞു. ഇവർക്കെതിരെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. തന്നെ മാനസികരോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നതായി മിഷ പറഞ്ഞു.

അഹല്യയിലെ അധികൃതർക്ക് പറയാനുള്ളത്.

മിഷ എൻജിനീയറിങ് കോളേജിൽ ലൈബ്രേറിയനായിരിക്കെ 45,000 രൂപയുടെ ബുക്കുകൾ കാണാതായിട്ടുണ്ട്. ജോലിയിൽ പല തവണ വീഴ്ച വരുത്തി. കുട്ടികളിൽ നിന്നും കൃത്യമായി ബുക്കുകൾ തിരിച്ചുവാങ്ങില്ല. മാത്രവുമല്ല, മിഷയ്ക്ക് മാനസിക രോഗമുള്ളതായും സംശയിക്കുന്നു. കാമ്പസിലെ ഹോസ്റ്റലിൽ അത്തരത്തിലായിരുന്നു മിഷയുടെ പെരുമാറ്റം. ഇതിനും പുറമെ തങ്ങളുടെ ആശുപത്രിയിലെ ഉദ്യോഗസ്ഥനെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചു. മിഷയെക്കുറിച്ച് നാട്ടിൽ കൂടുതൽ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങളും വളരെ മോശമായിരുന്നു. അതാണ് പിരിച്ചുവിടാൻ കാരണം. മറ്റു ഗൂഡാലോചനകളൊന്നും ഇക്കാര്യത്തിലില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍