UPDATES

ട്രെന്‍ഡിങ്ങ്

മിഷേല്‍ ഷാജിയെ പിന്തുടര്‍ന്ന യുവാക്കളെ തേടി രണ്ട് വര്‍ഷത്തിന് ശേഷം പരസ്യം ചെയ്തതെന്തിന്? ഇവരുടെ മൊഴിയെടുത്തു എന്നാണ് പോലീസ് തന്നോട് പറഞ്ഞതെന്ന് പിതാവ്

മിഷേലിന്റെ മരണം ആത്മഹത്യയല്ല എന്നാവര്‍ത്തിച്ച് പിതാവ്

എന്റെ കൊച്ച് ആത്മഹത്യ ചെയ്തതാണെങ്കില്‍ ഞാനത് അംഗീകരിക്കാം, പക്ഷേ, എന്താ തെളിവ്? എനിക്ക് ഉറപ്പുണ്ട്, അതൊരു ആത്മഹത്യയല്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാനീക്കാര്യം എല്ലാവരോടും പറയുന്നതാണ്. എന്റെ മകളുടെ മരണത്തിനു പിന്നിലെ ദുരൂഹത കണ്ടെത്താന്‍ നിയമത്തിന്റെ എല്ലാ വാതിലുകളിലും ഇപ്പോഴും മുട്ടുകയാണ്; 2017 മാര്‍ച്ച് ആറാം തീയതി കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 18 കാരിയായ സി എ വിദ്യാര്‍ത്ഥി മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസിന്റെ വാക്കുകള്‍.

മിഷേലിനെ അവസാനമായി കണ്ട മാര്‍ച്ച് അഞ്ചാം തീയതി കലൂര്‍ പള്ളിയില്‍ വച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്നെന്നു കരുതുന്ന രണ്ടു യുവാക്കളുടെ ചിത്രം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പത്രങ്ങളില്‍ പരസ്യം ചെയ്തിരുന്നു. മിഷേലിന്റെ മരണം നടന്ന് രണ്ടു വര്‍ഷത്തിനുശേഷമാണിത്. ഈ യുവാക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കിയ പൊലീസ് പക്ഷേ, തന്നോട് പറഞ്ഞിരുന്നത് ഇതേ യുവാക്കളെ പിടികൂടിയെന്നും മൊഴിയെടുത്തെന്നുമായിരുന്നുവെന്നാണ് ഷാജി പറയുന്നത്. മിഷേലിന്റെ മരണത്തിന്റെ യഥാര്‍തഥ കാരണം പുറത്തു വരാതിരിക്കാന്‍ പൊലീസ് തലത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെല്ലാം എന്നാണ് ഷാജി പറയുന്നത്.

മിഷേല്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങള്‍ പറയാന്‍ പൊലീസിനോ ക്രൈം ബ്രാഞ്ചിനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ഷാജിയുടെ പരാതി. എവിടെ നിന്നു ചാടിയെന്നു പറയുന്നില്ല, ആത്മഹത്യ ചെയ്താണെന്നു പറയാന്‍ ഒരു ദൃക്‌സാക്ഷി പോലുമില്ല. ഐലന്‍ഡ് ഭാഗത്ത് കുട്ടിയെ കണ്ടെന്നുള്ളതിന്റെ ഒരു ചിത്രം പുറത്തു വിട്ടു. അതിന്റെ മിഷേല്‍ തന്നെയാണോ എന്നതിന് യാതൊരു സ്ഥിരീകരണവുമില്ല. പിന്‍ ദൃശ്യം മാത്രമാണത്. അഞ്ചാം തീയതി നാല് മണിക്കും അഞ്ചു മണിക്കും ഇടയില്‍ ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടു പോകുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ ആപ്പിള്‍ വില്‍ക്കുന്നയാളോട് മിഷേലിന്റെ ഫോട്ടോ കാണിച്ചിട്ട് ഈ കുട്ടിയെ കണ്ടോയെന്നു ചോദിച്ചപ്പോള്‍, ഇതേപോലൊരു കൊച്ച് ഇതിലൂടെ കരഞ്ഞുകൊണ്ട് പോകുന്നത് കണ്ടതായി അയാള്‍ പറയുന്നതാണ് മൊഴി. എന്നാല്‍ നാലിനും അഞ്ചിനും ഇടയിലുള്ള സമയം മിഷേല്‍ ഹോസ്റ്റലില്‍ ഉണ്ട്. അപ്പോള്‍ കടക്കാരന്‍ കണ്ടത് മിഷേലിനെ ആകില്ലല്ലോ. പിങ്ക് പൊലീസിന്റെ വീഡിയോയില്‍ പതിഞ്ഞെന്നു പറഞ്ഞ് ഹൈക്കോടതി ജംഗ്ഷനില്‍ കൂടി ഒരു പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് കാണിക്കുന്നുണ്ട്. അത് മിഷേല്‍ ആണെന്നാണ് അവര്‍ പറയുന്നത്. ഏതൊരു വീഡിയോയിലും അതാത് തീയതി ഉണ്ടാകുമല്ലോ, പക്ഷേ ഈ വീഡിയോയില്‍ തീയതി ഇല്ല. അഞ്ചാം തീയതി ദൃശ്യങ്ങള്‍ കിട്ടിയതാണെങ്കില്‍ പിന്നെന്തുകൊണ്ട് അപ്പോള്‍ തന്നെ ആ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടില്ല? ഷാജി വര്‍ഗീസിന്റെ ചോദ്യങ്ങളും സംശയങ്ങളുമാണ്.

മിഷേല്‍ കേസില്‍ പൊലീസ് തെളിവായി പറയുന്ന ചിത്രങ്ങളും സാക്ഷികളും വ്യാജമായി നിര്‍മിച്ചതാണെന്ന ആക്ഷേപമാണ് ഷാജി വര്‍ഗീസ് ഉയര്‍ത്തുന്നത്. ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ പോകുന്നത് കണ്ടെന്നു പറയുന്ന സാക്ഷി മൊഴിയിലെ അവ്യക്തതയാണ് ഷാജി ചൂണ്ടിക്കാണിക്കുന്ന സംശയം. ബൈക്കില്‍ വരുമ്പോള്‍ ഒരു പെണ്‍കുട്ടി പാലത്തിലേക്ക് കയറി പോകുന്നത് കണ്ടെന്നാണ് മൊഴി. അതില്‍ പക്ഷേ ഒരു ഉറപ്പില്ല. മിഷേല്‍ ആണെന്നു പറയുന്ന വീഡിയോ ദൃശ്യത്തില്‍ പെണ്‍കുട്ടിയുടെ പിന്‍ഭാഗമാണ് പതിഞ്ഞിരിക്കുന്നത്. ഹൈ സ്പീഡില്‍ ആണ് ആ വീഡിയോ. മിന്നായം പോലെ ഒരു പെണ്‍കുട്ടി പോകുന്നു. മിഷേല്‍ എന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിന്‍ദൃശ്യം. എന്നാലത് മിഷേല്‍ തന്നെയാണെന്ന് എങ്ങനെയാണ് പൊലീസിന് ഉറപ്പിക്കാന്‍ കഴിയുന്നത്? ആ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മിച്ചതാകാനാണ് സാധ്യത; ഷാജി പറയുന്നു.

എന്റെ കുട്ടി ആത്മഹത്യ ചെയ്തതാണെങ്കില്‍ അത് ഞാന്‍ വിശ്വാസിക്കാം. പക്ഷേ, അതിന് തെളിവ് വേണം. എന്റെ കുഞ്ഞിന് ആത്മഹത്യ ചെയ്യേണ്ടായ യാതൊരു കാര്യവും ഇല്ല. അവള്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുന്നതിന്റെ വീഡിയോ ശ്രദ്ധിച്ചാല്‍ മുഖം ശാന്തമാണെന്നു കാണാം. ഹോസ്റ്റലില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരു കൂട്ടുകാരി സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ പള്ളിയില്‍ പോയിട്ട് തിരിച്ചു വരുമ്പോള്‍ ഫ്രഷ് ആയിട്ട് ഇരിക്കണം എന്നു പറഞ്ഞിട്ടാണ് എന്റെ കൊച്ച് പോയത്. ആത്മഹത്യ ചെയ്യാന്‍ പോകുന്നൊരാള്‍ അത്തരത്തില്‍ സംസാരിക്കുമോ? ഷാജി ചോദിക്കുന്നു.

മിഷേലിന്റെ ശരീരം 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്നുവെന്നാണ് പൊലീസ് പറയന്നത്. അത്രയും സമയം കായലില്‍ കിടന്നൊരു മൃതദേഹം പോലെയായിരുന്നില്ല മിഷേലിന്റെ ശരീരം. അതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടതാണ്. സാമാന്യ വിവരമുള്ള ഏതൊരാള്‍ക്കും മനസിലാകും ആ ശരീരം 22 മണിക്കൂറൊന്നും വെള്ളത്തില്‍ കിടന്നിട്ടില്ലെന്ന്. കൊച്ചിന്റെ കൈ മുട്ടില്‍ അമര്‍ത്തി പിടിച്ച നാലു വിരലുകളുടെ അറ്റം ആഴ്ന്നിറങ്ങിയിട്ട് രക്തം കട്ടപിടിച്ചു കിടക്കുന്നതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. വിരല്‍ അമര്‍ത്തുന്നതിന്റെ പാടും കൈ പാറയിലോ കല്ലിലോ തട്ടുന്നതിന്റെ പാടും തമ്മില്‍ വ്യത്യാസമുണ്ടാകും. ഇത് വിരല്‍ അമര്‍ത്തിയതാണെന്നു വ്യക്തമാണ്. അതുപോലെ മിഷേലിന്റെ മുഖത്ത്, മൂക്കിന് ഇരുവശവുമായി നഖം ആഴ്ന്നിറങ്ങി ചോര പൊടിഞ്ഞതിന്റെയും പാടുകളുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ ഒരു സര്‍ജനെ കാണിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞങ്ങളുടെ സംശയം ശരിയാണെന്നാണ്. ജീവനുള്ളപ്പോള്‍ ഏറ്റ ക്ഷതങ്ങളാണ് മിഷേലിന്റെ കൈയിലും മുഖത്തും ഉള്ളതാണെന്നാണ് അദ്ദേഹം പറയുന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വെള്ളത്തില്‍ കൊണ്ടുപോയി ഇടാനുള്ള സാധ്യതകളാണ് കാണുന്നത്. മൂക്കിന്റെ വശങ്ങളില്‍ നഖം ആഴ്ന്നിറങ്ങിയ പാട് ശ്വാസം മുട്ടിച്ചതിന്റെ തെളിവുകളായിരിക്കില്ലേ? കൊച്ചിന്റെ മൃതദേഹത്തില്‍ ഈ പാടുകള്‍ വ്യക്തമായി കാണാവുന്നതായിരുന്നു. നഖത്തിന്റെ പാടുകള്‍ തന്നെയാണത്. അതുപോലെ കൈയിലെ മസിലുകളുടെ ഭാഗത്ത് വിരലുകള്‍ കൊണ്ട് അമര്‍ത്തുമ്പോള്‍ രക്തം കട്ടപിടിച്ച് കിടക്കുന്ന പാടുകളും പ്രധാന തെളിവുകളാണ്. പക്ഷേ, പൊലീസിന്റെ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ ഇതെല്ലാം വെറും പോറലുകളാണ്. വീഡിയോയില്‍ പക്ഷേ സത്യങ്ങളുണ്ട്. ആ വീഡിയോ ഞങ്ങള്‍ക്ക് കിട്ടുന്നത് വളരെ വൈകിയാണ്. അതുകൊണ്ടാണ് ഈ സംശയങ്ങള്‍ ആദ്യമേ ഉയര്‍ത്താന്‍ കഴിയാതെ പോയത്. മിഷേലിന്റെ മുഖത്തും കൈകളിലും ഉണ്ടായിരുന്നത് വെറും പോറലുകള്‍ അല്ലെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ തന്നെ ഞങ്ങളോട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

മിഷേലിന്റെ ബോഡി കിട്ടി കഴിഞ്ഞപ്പോള്‍ ഇതൊരു ആത്മഹത്യയാണെന്നും നാളെ രാവിലെ പത്തു മണിക്ക് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ട് ബോഡി വിട്ടു തരാമെന്നുമായിരുന്നു എസ് ഐ അനന്തലാല്‍ പറഞ്ഞത്. പിറ്റേദിവസം പത്തരയായപ്പോള്‍ എസ് ഐ അനന്തലല്‍ പറഞ്ഞത് ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റോമോര്‍ട്ടം ചെയ്യാന്‍ പറ്റില്ല, കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോണം. മുകളില്‍ നിന്നുള്ള ഉത്തരവ് ഉണ്ടെന്നായിരുന്നു. സാധാരണ ആത്മഹത്യയാണെങ്കില്‍ എന്തിനാണ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്? മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനും ഇക്കാര്യത്തില്‍ പൊലീസിനു കൂട്ടു നിന്നിട്ടുണ്ട്.

ഞങ്ങള്‍ ഐലന്‍ഡ് വാര്‍ഫ് പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു. അവിടുത്തെ എസ് ഐ യുടെ നേതൃത്വത്തിലായിരുന്നു ബോഡി കായലില്‍ നിന്നും എടുത്തത്. ഐലന്‍ഡ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ബോഡി രണ്ടോ മൂന്നോ മണിക്കൂറില്‍ കൂടുതല്‍ വെള്ളത്തില്‍ കിടന്നിട്ടില്ലെന്നായിരുന്നു. പക്ഷേ, ഈ വിവരം ക്രൈം ബ്രാഞ്ചിനോട് പറഞ്ഞപ്പോള്‍, അന്നത്തെ ഡിവൈഎസ്പി എന്നോട് ദേഷ്യപ്പെടുകയാണുണ്ടായത്. ഏതു പൊലീസുകാരനാണ് അങ്ങനെ പറഞ്ഞത്, അവനെന്താ അങ്ങനെ പറയേണ്ട കാര്യം എന്നായിരുന്നു ഡിവൈഎസ്പിയുടെ ചോദ്യം. ഫോറന്‍സിക് സര്‍ജന്‍ അല്ലേ ഇക്കാര്യങ്ങളൊക്കെ പറയേണ്ടത്, അല്ലാതെ പൊലീസുകാരനാണോ? ഇതൊക്കെയാണ് ആ ഉദ്യോഗസ്ഥന് ഞാന്‍ ഉന്നയിച്ച സംശയത്തിന് പറയാനുണ്ടായിരുന്ന മറുപടി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ എന്റെ കൊച്ചിന്റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമം നടത്തുന്നതിന്റെ തെളിവാണ് ആ ഡിവൈഎസ്പിയുടെ പെരുമാറ്റം. ആദ്യം ഞങ്ങളെ ഇക്കാര്യം പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അന്നത്തെ മാനസികാവസ്ഥയില്‍ കൂടുതലൊന്നും ചിന്തിക്കാനും പറ്റില്ലായിരുന്നു. പക്ഷേ പിന്നീട് ഓരോന്നായി ചിന്തിച്ചും മനസിലാക്കിയുമാണ് അതൊരു ആത്മഹത്യയല്ലെന്നു ഞങ്ങള്‍ക്ക് ബോധ്യമായത്. ഹൈക്കോടതി പരിസരം, ഗോശ്രീ പാലം എന്നിവിടങ്ങളില്‍ രാത്രികാലം വരെ ആള്‍ക്കാര്‍ കാണുന്ന സഥലങ്ങളാണ്. അങ്ങനെയുള്ളപ്പോള്‍ ഒരാളുടെ പോലും കണ്ണില്‍പ്പെടാതെ ഒരു പെണ്‍കുട്ടിക്ക് കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പറ്റുമോ? മാത്രമല്ല. ചാടിയെന്നു പറയുന്ന ഭാഗത്ത്, പന്ത്രണ്ട് മീറ്ററോളം ചെളിയാണ്. അങ്ങോട്ട് ഒരാള്‍ ചാടിയാല്‍ അവിടെ തന്നെ താണുപോകും. കലൂരില്‍ നിന്നും ഗോശ്രീ പാലം വരെ ഒരു പെണ്‍കുട്ടി നടന്നു പോയി എന്നു പറയുന്നതിലും അവിശ്വസനീയതയുണ്ട്.

കലൂര്‍ പള്ളിയില്‍ വച്ച് മോളെ പിന്തുടര്‍ന്ന രണ്ടു ബൈക്ക് യാത്രക്കാരുടെ ചിത്രം ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുന്നതിനു പിന്നിലും പൊലീസിന്റെ കള്ളത്തരമുണ്ട്. ആ ദൃശ്യത്തില്‍ കാണുന്ന രണ്ടു പേരെയും ചോദ്യം ചെയ്തതാണെന്നാണ് പൊലീസ് എന്നോട് പറഞ്ഞിരുന്നത്. അവര്‍ രണ്ടുപേരും പള്ളിയുടെ അടുത്ത് ഉള്ളവരാണെന്നും വെറുതെ അവിടെ വന്നതാണെന്നും, കേസില്‍ പങ്കൊന്നുമില്ലെന്നും ചോദ്യം ചെയ്തപ്പോള്‍ മനസിലായതെന്നാണ് പൊലീസ് പറഞ്ഞത്. ക്രൈം ബ്രാഞ്ചിനോട് ചോദിച്ചപ്പോഴും ഇതേപോലെ തന്നെയാണ് മറുപടി തന്നത്. പിന്നീട് ഞങ്ങള്‍ നാലഞ്ച് പേര്‍ ചേര്‍ന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ കാണാന്‍ പോയി. കൊച്ചിന്റെ മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു പരാതി കൊടുക്കാനാണ് ചെന്നത്. പക്ഷേ, ഞങ്ങള്‍ എന്തിനാണ് വന്നതെന്നു പോലും ചോദിക്കാന്‍ ഡിജിപി തയ്യാറായില്ല. ഇതിനെക്കുറിച്ചെല്ലാം അന്വേഷിച്ചു കഴിഞ്ഞു, ഇനിയൊന്നും അന്വഷിക്കാനില്ല എന്നു പറഞ്ഞ് ഞങ്ങളെ മടക്കി അയച്ചു. ഞങ്ങളെ കൊണ്ട് ഒരു വാക്കു പറയിപ്പിക്കാനും സമ്മതിച്ചില്ല. ഇതിനു മുമ്പ് ടിപി സെന്‍കുമാര്‍ ഡിജിപി ആയിരുന്നപ്പോള്‍ അദ്ദേഹത്തെയും പോയി കണ്ടിരുന്നു. സെന്‍കുമാര്‍ സാര്‍ ഞങ്ങളോട് എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. അദ്ദേഹം അന്ന് പറഞ്ഞത് ഇതൊരു ആത്മഹത്യയല്ലായെന്നായിരുന്നു. ഞാനൊരു ആറുമാസം ഇരുന്നാല്‍ ഈ കേസ് തെളിയിച്ചു തരാം.പക്ഷേ, ഒരു മാസം പോലും ഞാനിവിടെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു.

ബൈക്കില്‍ വന്നവര്‍ വെറുതെ വന്നുപോയതല്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. മിഷേല്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ വെള്ള ഷര്‍ട്ട് ധരിച്ചൊരാള്‍ പിന്നാലെയുണ്ട്. ബൈക്കിലുള്ളവര്‍ മറഞ്ഞു നില്‍ക്കുകയാണ്. വെള്ള ഷര്‍ട്ടുകാരന്‍ ഒരു സിഗ്നല്‍ കൊടുക്കുമ്പോഴാണ് അവര്‍ ബൈക്ക് എടുത്ത് മിഷേലിന്റെ പിന്നാലെ പോകുന്നത്. ഇതെല്ലാം പൊലീസ് ശേഖരിച്ച വീഡിയോയില്‍ ഉള്ളതാണ്. കലൂര്‍ പള്ളിയുടെ അടുത്ത് വച്ച് തന്നെ മിഷേല്‍ മിസ് ആയിട്ടുണ്ട്. ഒരുപക്ഷേ കൊച്ചിന് പരിചയമുള്ള ആരോ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. അയാളോട് സംസാരിക്കാന്‍ നിന്നപ്പോള്‍ ആയിരിക്കണം കൊണ്ടുപോയിരിക്കുന്നത്. ബൈക്കില്‍ വന്നവര്‍ക്കും ഈ സംഭവത്തില്‍ പങ്കുണ്ട്. പള്ളിയുടെ അകത്തും മിഷേലിനെ പിന്തുടര്‍ന്ന് ആളുണ്ടായിരുന്നിരിക്കണം. മിഷേല്‍ പുറത്തിറങ്ങിയെന്ന തരത്തില്‍ വെള്ള ഷര്‍ട്ടുകാരന്റെ സിഗ്നല്‍ കൊടുക്കുന്നതും രണ്ടുപേര്‍ ബൈക്ക് എടുക്കുന്നതുമൊക്കെ സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങളാണ്. ആസൂത്രിതമായൊരു ബ്ലാക് മെയ്‌ലിംഗിന് ശ്രമിക്കുകയും അതിനു കഴിയാതെ വന്നപ്പോള്‍ കൊലപ്പെടുത്തിയതുമാകാം.

മിഷേലിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ ചെറുപ്പക്കാരനിലാണ് ഷാജിയുടെ സംശംയം. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തിലാണ്. പൊലീസ് അയാളെ രക്ഷപ്പെടുത്താനാണ് നോക്കുന്നതെന്നാണ് ഷാജിയുടെ ആരോപണം. അയാള്‍ ഇതിനു മുമ്പും രണ്ടു പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളയാളാണ്. കഴിഞ്ഞ ജനുവരിയില്‍ ഇനി തന്നെ ശല്യപ്പെടുത്തരുതെന്നു മിഷേല്‍ അയാളോട് പറഞ്ഞതിനു പിന്നാലെ പലതരത്തില്‍ ഭീഷണിപ്പെടുത്താന്‍ നോക്കി. പലവഴി നോക്കിയിട്ടും മിഷേലിനെ തനിക്ക് കിട്ടില്ലെന്നു മനസിലായതോടെ ഏതെങ്കിലും രീതിയില്‍ ബ്ലാക് മെയ്‌ലിംഗ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുണ്ടാകും. കൊച്ചിയില്‍ അയാള്‍ക്ക് കുറെ ബന്ധങ്ങള്‍ ഉണ്ട്. അതുപയോഗിച്ചു കാണും. തനിക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ കൊന്നു കളയുന്നതാണല്ലോ ഇപ്പോള്‍ എല്ലാവരും ചെയ്യുന്നത്. അതു തന്നെയായിരിക്കും അയാളും ചെയ്തിരിക്കുക. അയാളെക്കുറിച്ച് ശരിക്കും അന്വേഷിച്ചാല്‍ പൊലീസിന് സത്യം മനസിലാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ചെയ്തില്ല. ആരൊക്കെയോ ആ ചെറുപ്പക്കാരന്റെ പിന്നില്‍ ഉണ്ട്. അത്ര വലിയ സാമ്പത്തിക ശേഷിയില്ലാത്ത അയാള്‍ക്ക് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന വക്കീലിനെ വയ്ക്കാന്‍ കഴിഞ്ഞൂ എന്നതൊക്കെ പലതും പറഞ്ഞു തരുന്നുണ്ട്. അവന് മിഷേലിനോട് യഥാര്‍ത്ഥ സ്‌നേഹം ആയിരുന്നുവെങ്കില്‍, എങ്ങനെ അവള്‍ മരിച്ചതെന്നു കണ്ടെത്താന്‍ പൊലീസിനോട് പറയില്ലായിരുന്നോ, എന്നാല്‍ പൊലീസിനോട് അയാള്‍ ഉറപ്പോടെ പറഞ്ഞത് അവള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു.

പൊലീസും ക്രൈം ബ്രാഞ്ചും എല്ലാവരും ചേര്‍ന്ന് എന്റെ മോള്‍ ആത്മഹത്യ ചെയ്തതാണെന്ന് ഉറപ്പിക്കുമ്പോഴും തെളിവുകള്‍ പറയുന്നത് അതൊരു ആത്മഹത്യയല്ലെന്നാണ്. പക്ഷേ എങ്ങനെയത് തെളിയിക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. എന്റെ കണ്ണീരും വേദനയും കണ്ട് ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി പറഞ്ഞിട്ടുണ്ട്, ഷാജീ, ഞങ്ങള്‍ നിസ്സഹായരാണ്, മുകളില്‍ നിന്നും പറയുന്നതുപോലെയേ ചെയ്യാന്‍ പറ്റൂ എന്ന്. അവരുടെ ആ വാക്കുകള്‍ തന്നെയാണ് എന്റെ മോള്‍ ആത്മഹത്യ ചെയ്തതല്ലെന്നതിനുള്ള ഉത്തരം. പക്ഷേ, എങ്ങനെ ഞാനത് തെളിയിക്കും? രണ്ടു വര്‍ഷമായി ഈ കേസിനു പിറകെ തന്നെ നടക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടോയെന്നു കൂടി അന്വേഷിക്കാമെന്നു പറഞ്ഞു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ കല്ലൂര്‍ പള്ളിയില്‍ കണ്ട യുവാക്കളെ കണ്ടെത്താന്‍ വേണ്ടി പരസ്യം നല്‍കിയത്. അതിന്റെയും ഗതിയെന്താകുമെന്ന് എനിക്കറിയില്ല. എന്തായാലും ഞാന്‍ തളര്‍ന്നു വീഴും വരെ എന്റെ മകളുടെ മരണത്തിന്റെ കാരണം തേടി നടക്കും. മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും; ഷാജി പറയുന്നു.

എന്നാല്‍ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് ഉറപ്പിച്ച് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും മിഷേലിന്റെ മരണവുമായി ബന്ധിപ്പിക്കാനുള്ള തെളിവൊന്നും കിട്ടിയിട്ടില്ലെന്നും പരാതിക്കാരുടെ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തില്‍ എന്തെങ്കിലും കണ്ണി വിട്ടുപോയിട്ടുണ്ടെങ്കില്‍ അതും കൂടി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നുമാണ് ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ പറയുന്നത്. മിഷേലിന്റെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങമൂലവും നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെയാണ് പരിശോധിച്ചിട്ടുള്ളതെന്നും എവിടെയും ഒരു കൊലപാതകത്തിന്റെ സൂചന പോലും കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. മിഷേലിന്റെ പിതാവ് ഉന്നയിക്കുന്ന സംശയങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്‍കിയിട്ടുള്ളതാണെന്നും ഡിവൈഎസ്പി പറയുന്നു.

Read More: നാലുമാസത്തിനിടെ 1,156 പോക്സോ കേസുകൾ, കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍