UPDATES

വായന/സംസ്കാരം

കവിത മോഷണം: ആരോപണം വിചിത്രം; സ്വഭാവഹത്യയുടെ ഭാഗമാണ് ഇതും -എം.ജെ ശ്രീചിത്രന്‍

കലേഷിന്റെ ഒരു കവിത എടുത്ത് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചോളാന്‍ ആരെങ്കിലും പറയുമോ?

ദീപാ നിശാന്തിന് കവിതയെഴുതി നല്‍കി എന്ന ആരോപണങ്ങളോട് പ്രതികരിച്ച് എം ജെ ശ്രീചിത്രന്‍. കവിത മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്ന് ദീപാ നിശാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീചിത്രന്റെ പേര് ദീപ നിഷേധിച്ചില്ല എന്ന് ന്യൂസ്‌റപ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്നെ ട്രാപ്പിലാക്കിയാതാണെന്നും ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്നയാള്‍ക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്താണ് പരായതിരുന്നതെന്നും ശ്രീചിത്രന്റെ പേര് പറയാതെ ദീപ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു.

ആരോപണങ്ങളെക്കുറിച്ച് ശ്രീചിത്രന്‍ പ്രതികരിക്കുന്നു: “ആരോപണം ഒട്ടും യുക്തിപരമല്ല. ഇന്നലെയും കലേഷിന്റെ കവിത ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന വാര്‍ത്ത കാണുന്നുണ്ട്. പക്ഷെ ഇപ്പോഴാണ് എനിക്കെതിരെയുള്ള ആരോപണങ്ങള്‍ വരുന്നത്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കലേഷിന്‍െ കവിത ഞാന്‍ എന്റെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന് പറയുകയാണെങ്കില്‍ അത് അങ്ങനെ മനസ്സിലാക്കാം. ഇതിപ്പോ കലേഷിന്റെ കവിത ഞാന്‍ എടുക്കുന്നു, എന്നിട്ട് എന്റേയോ കലേഷിന്റേയോ കവിതയാണ് എന്ന് പറഞ്ഞ് ദീപക്ക് കൊടുക്കുന്നു- എന്നിട്ട് ദീപയോട് അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുകൊള്ളാന്‍ പറയുന്നു, ദീപ പ്രസിദ്ധീകരിക്കുന്നു. അങ്ങനെയാണോ ഉദ്ദേശിക്കുന്നത്. എനിക്കെതിരെ വന്ന ആരോപണം പോലും യഥാര്‍ഥത്തില്‍ മനസ്സിലായിട്ടില്ല.

എനിക്കിതില്‍ പറയാനുള്ളത് മറ്റുചിലതാണ്. ഒന്നരമാസത്തോളമായി ഞാന്‍ പൊതുവേദികളിലാണ്. പ്രധാനപ്പെട്ട ഒരു കടമയുടെ ഭാഗമായി ഇപ്പോള്‍ നില്‍ക്കുകയാണ്. അതിന്റെ പേരില്‍ സംഘഭീഷണികളുണ്ടായിരുന്നു. അതിന് ശേഷം സ്വഭാവഹത്യയ്ക്ക് പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ കൂടെയാണ് ഇതും എന്ന് കരുതുന്നു. ഇവിടെ സംഭവിച്ചിരിക്കുന്നത് എന്റെ അഭിപ്രായത്തില്‍, ഒന്നുകില്‍ എന്തോ അബദ്ധമാണ്, അല്ലെങ്കില്‍ മറ്റെന്തോ കാര്യം ഇതിനിടക്ക് നടന്നിട്ടുണ്ട്. എന്തായാലും ആരോപണം വിചിത്രം തന്നെ. സത്യത്തില്‍ പ്രതികരണമില്ല എന്ന് പറയാനാണ് എനിക്ക് താല്‍പര്യം. ദീപയുമായി വളരെക്കാലം മുമ്പെയുള്ള പരിചയമാണ്. അവര്‍ മുഖ്യധാരയിലേക്ക് വരുന്നതിന് മുന്നെ തുടങ്ങിയ പരിചയമാണ്. വളരെക്കാലം മുമ്പ് ഞങ്ങള്‍ സ്ഥിരമായി സംസാരിക്കാറുമുണ്ടായിരുന്നു. ഇന്നലെയും കൂടി കേരളവര്‍മ്മ കോളേജില്‍ അവര്‍ വിളിച്ച ഒരു പരിപാടിക്ക് ഞാന്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം ഉച്ചയോടെ ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. എന്തായാലും ദീപ എനിക്കെതിരെ അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കലേഷിന്റെ ഒരു കവിത എടുത്ത് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചോളാന്‍ ആരെങ്കിലും പറയുമോ? അതുകൊണ്ട് ആര്‍ക്കും പ്രയോജനവുമില്ലല്ലോ? ‘

ദീപ നിശാന്ത് അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ: “വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ല. ഈയടുത്ത് സംസാരിച്ചതിന്റെ തെളിവുകളാണ് ആകെയുള്ളത്. പക്ഷെ അതും ഞാന്‍ പുറത്തുവിടുന്നില്ല. അത് സംഘികള്‍ക്ക് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്നോര്‍ത്തിട്ടാണ്. ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്നയാള്‍ക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്‌നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്താണ്.

വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. പേര് പോലും ഞാനല്ല പറഞ്ഞതും. പിന്നെ ക്യാരക്ടര്‍ അസ്സാസിനേഷന്‍ നടത്താനാണ് ആരോപണം എന്ന് പറയുന്നത് എങ്ങനെയാണ്? ഒരു തെറ്റും ചെയ്യാതെയാണ് ഞാന്‍ ഇതെല്ലാം കേള്‍ക്കുന്നത് എന്നതാണ്. ഞാന്‍ ആ കവിത കണ്ടിരുന്നു. പക്ഷെ അതിന്റെ കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. വേറെ ചില വ്യക്തികളും കൂടി അതില്‍ ഇന്‍വോള്‍വ്ഡ് ആണ്. അതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. എന്നെ ട്രാപ്പിലാക്കിയതാണ്.”

കവിത മോഷണം: ഖേദ പ്രകടനവുമായി ദീപ നിശാന്ത്

വേറെയും വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഞാന്‍ ട്രാപ്പിലായതാണ്; കവിത കോപ്പിയടിയില്‍ പേര് പറയാതെ ദീപ നിശാന്ത്‌

കവിത മോഷണം? ദീപ നിശാന്തിന്റെ മറുപടി ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍