UPDATES

സെന്‍കുമാറിന് കാരശ്ശേരിയുടെ മറുപടി: ഇത് കേരളം വര്‍ഗീയവത്കരിക്കാന്‍ നടക്കുന്ന പണികളില്‍ ഏറ്റവും അപകടകരം

മുസ്ലീം വിരുദ്ധന്‍ എന്ന് ഇസ്ലാമിക മൗലികവാദികള്‍ എന്നെ എപ്പോഴും വിളിക്കുന്നതാണ്

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം സമുദായത്തിനെതിരായ രീതിയില്‍ നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരിക്കുകയാണ്. ഇതേ അഭിമുഖത്തില്‍ തന്നെയാണ് സെന്‍കുമാര്‍ എഴുത്തുകാരനും സാമൂഹികചിന്തകനുമായ എം എന്‍ കാരശ്ശേരിക്കെതിരേ ഒരു പരോക്ഷ വിമര്‍ശനവും ഉയര്‍ത്തിയത്. മുസ്ലിമിന്റെ മതേതര മുഖമായി താന്‍ ധൈര്യമായി പറയുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എംഎന്‍ കാരശ്ശേരി കുറെയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കാണുന്നില്ല എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.സെന്‍കുമാറിന്റെ ഈ പരാമര്‍ശത്തെക്കുറിച്ച് കാരശ്ശേരിയോട് സംസാരിച്ചപ്പോള്‍ തനിക്കെതിരായ പരാമര്‍ശത്തെക്കാള്‍ മുസ്ലിം സമുദായത്തെ അപകടത്തിലാക്കുന്ന വിധത്തില്‍ സെന്‍കുമാര്‍ സംസാരിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസ്തുത വിഷയത്തില്‍ എം എന്‍ കാരശ്ശേരി അഴിമുഖവുമായി പങ്കുവച്ച കാര്യങ്ങള്‍. അദ്ദേഹവുമായി സംസാരിച്ചു തയ്യാറാക്കിയത്.

മുസ്ലിങ്ങളെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുള്ളത് പോലെ മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാറിനും അവകാശമുണ്ട്. അദ്ദേഹത്തിന്റെ വിമര്‍ശനത്തെ, വിമര്‍ശനം എന്ന നിലയ്ക്ക് മനസ്സിലാക്കാന്‍ മുസ്ലീങ്ങളടക്കം എല്ലാ സമുദായക്കാരും തയ്യാറാവണം. അതില്‍ പ്രശ്‌നങ്ങളില്ല. പക്ഷെ അദ്ദേഹം ചെയ്ത ഒരു കാര്യം, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിന്റെ പിറ്റേന്ന് പറയാന്‍ പാടില്ലാത്ത അളവില്‍ പ്രകോപനമുണ്ടാക്കുന്ന മട്ടില്‍ സംസാരിച്ചു എന്നുള്ളതാണ്. അദ്ദേഹത്തിന്റെ ശൈലി, അത് പറഞ്ഞ സമ്പ്രദായമാണ് തകരാറ്.

കേരളത്തിലെ ക്രമസമാധാനനില തകരാറാവുന്നതിനെപ്പറ്റി ഒരു പോലീസ് ഉദ്യോഗസ്ഥന് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാം. സംസാരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാല്‍ കുറ്റം മുഴുവന്‍ ഒരു വിഭാഗത്തിന് മാത്രമാവാന്‍ വയ്യല്ലോ, എവിടെ സംഘര്‍ഷമുണ്ടെങ്കിലും, കൂടിയ അളവിലോ കുറഞ്ഞ അളവിലോ രണ്ട് വിഭാഗങ്ങളുടെ ഭാഗത്തും തെറ്റുണ്ടാവും. അത് പരിശോധിക്കുകയും, കഴിഞ്ഞ കാലങ്ങളില്‍ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് വിശകലനം ചെയ്യുകയും അത് ഭാവിയില്‍ വരാതിരിക്കാന്‍ എന്ത് വേണമെന്ന് നിര്‍ദ്ദേശിക്കുകയുമാണ് അദ്ദേഹം ചെയ്യേണ്ടത്. കാരണം അദ്ദേഹം ഒരു സാധാരണ വ്യക്തിയല്ല. കേരള പോലീസിന്റെ ഏറ്റവും ഉന്നതമായ സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനാണ്. അപ്പോള്‍ അദ്ദേഹം നമ്മുടെ നാട്ടില്‍ സമുദായ ധ്രുവീകരണം ഉണ്ടാവുന്ന മട്ടില്‍, സാമുദായികമായി വിഭജനം ഉണ്ടാവുന്ന മട്ടില്‍ സംസാരിച്ചത് ശരിയല്ല.

അങ്ങനെ അദ്ദേഹം സംസാരിക്കരുത്. കാരണം അത് രണ്ട് വിഭാഗത്തിലും കൂടുതല്‍ വര്‍ഗീയത ഉത്പാദിപ്പിക്കും. അദ്ദേഹത്തെ എതിര്‍ക്കാനായി, പ്രകോപിതരായി ധാരാളം മുസ്ലീങ്ങള്‍ വരും. ഞങ്ങളുടെ ഭാഗത്തല്ല തെറ്റ്, മറ്റേഭാഗത്താണ് തെറ്റ് എന്ന് കരുതാവുന്ന തരത്തില്‍ ഹിന്ദു തീവ്രവാദത്തിന് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട് അദ്ദേഹം. അങ്ങനെ പാടില്ല. നിര്‍ഭാഗ്യവശാല്‍ വളരെ നിരുത്തരവാദപരമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. പക്ഷപാതബദ്ധമാണ്. പോലീസ് അല്ലെങ്കില്‍ കോടതി അല്ലെങ്കില്‍ നിയമനിര്‍മ്മാണ സഭ എന്ന് പറയുന്നത് നിക്ഷ്പക്ഷമായിരിക്കണം. രണ്ട് പക്ഷത്തും തെറ്റുണ്ടായേക്കാം. അല്ലെങ്കില്‍ ഒരു പക്ഷത്ത് കൂടുതല്‍ തെറ്റുണ്ടാവുമായിരിക്കും. അതെന്താണെങ്കിലും പറയാം. പക്ഷെ അത് പറയുമ്പോള്‍ തെളിവുകള്‍ വച്ച് വേണം പറയാന്‍.

അദ്ദേഹം അഭിമുഖത്തില്‍ ഉന്നയിച്ച ഭീകരമായ സംഗതി നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേരും മുസ്ലീങ്ങളാണെന്നതാണ്. ഈ കണക്ക് ശരിയാണോ എന്ന് എനിക്കറിയില്ല. ഈ കണക്ക് എവിടെ നിന്ന് കിട്ടി എന്നും അറിയില്ല. ഇത് ശരിയാണെങ്കില്‍ പോലും, ഇവിടുത്തെ ആളുകളുടെ മനസ്സില്‍ ജനാധിപത്യം ഇല്ലാതെയാവുന്ന ഒരു ഭീകരാവസ്ഥ വരാന്‍ പോവുന്നു എന്ന് ഒരു ഭീതി വളര്‍ത്തുന്ന മട്ടില്‍, സമുദായങ്ങള്‍ തമ്മില്‍ ഒരു വിഘടനം ഉണ്ടായേക്കാവുന്ന മട്ടില്‍ അദ്ദേഹത്തെ പോലൊരാള്‍ സംസാരിക്കാന്‍ പാടില്ല. ആരും സംസാരിക്കാന്‍ പാടില്ല. ഒരു ജഡ്ജിയോ, മന്ത്രിയോ, ഒരു പോലീസ് ഉദ്യോഗസ്ഥനോ ഒട്ടും സംസാരിക്കാന്‍ പാടില്ല. കാരണം അവര്‍ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടയാളുകളാണ്, അവരെ ഉപദേശിക്കണ്ടയാളുകളാണ്, നിര്‍ദ്ദേശം കൊടുക്കേണ്ടവരാണ്. ആ ഉപേദശ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ടതിന് പകരം പക്ഷപാതപരമായി ഒരു വിഭാഗത്തെ കുറ്റപ്പെടുത്തുകയും, കുത്തിപ്പറയുകയുമാണ് സെന്‍കുമാര്‍ ചെയ്തത്.

അമുസ്ലീങ്ങളെ കൊന്ന്, അല്ലെങ്കില്‍ മതം മാറ്റി മാത്രമേ സ്വര്‍ഗത്തില്‍ പോവാന്‍ സാധിക്കൂ എന്ന് വിചാരിക്കുന്ന മുസ്ലീങ്ങളുണ്ടാവാം. എന്നാല്‍ അവരുടെ എണ്ണം വളരെ പരിമിതമാണ്. എന്റെ ധാരണ ശരിയാണെങ്കില്‍ കേരളത്തില്‍ 90 ലക്ഷം മുസ്ലീങ്ങളുണ്ട്. ഇതില്‍ എത്ര കുറച്ചു പേരേ ഈ ഭ്രാന്തുള്ളവരുള്ളൂ? അതിന്റെ തെളിവെന്താണെന്ന് ചോദിച്ചാല്‍, ഇവിടെ മുസ്ലീങ്ങളുണ്ടായത് ഇന്നും ഇന്നലെയുമല്ലല്ലോ. മുസ്ലീങ്ങളുടെ വിശ്വാസമനുസരിച്ച് മുഹമ്മദ് നബിയുടെ കാലം മുതല്‍ ആയിരത്തിനാനൂറ് കൊല്ലമായി മുസ്ലീം മതമുണ്ട്. ആയിരം കൊല്ലം മുമ്പ് ഇവിടെ ഇസ്ലാം മതമുണ്ടെന്ന് ചരിത്രത്തില്‍ തെളിവുകളുണ്ട്. ആ മതത്തില്‍ ഖുര്‍ ആനും നബിവചനവുമൊന്നും മാറിയിട്ടില്ലല്ലോ? ഇന്നത്തെ പ്രത്യേക രാഷ്ട്രീയ,സാമൂഹിക സാഹചര്യത്തില്‍ അല്‍ക്വയ്ദ എന്നോ, അല്ലെങ്കില്‍ താലിബാന്‍ എന്നോ, ബോക്കോ ഹറാം എന്നോ ലക്ഷ്‌കര്‍ ഇ തോയ്ബ എന്നൊക്കെ പറയുന്ന സംഘങ്ങള്‍ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അതൊക്കെ ഏറ്റവും ചുരുങ്ങിയത് ഇരുപത് കൊല്ലത്തെ കണക്കുകളാണ്. ഇരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് അങ്ങനെയില്ല. അതെല്ലാം ഇസ്ലാം മതത്തിന്റെ പ്രത്യേകതയായിരുന്നെങ്കില്‍ ഇതെല്ലാം ഇവിടെ നേരത്തെ കാണണമായിരുന്നല്ലോ?

വര്‍ഗീയ കലാപങ്ങളുടെ സ്ഥലമാണോ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന മലപ്പുറം ജില്ല? അല്ല. മലപ്പുറം ജില്ലയില്‍ വര്‍ഗീയ കലാപങ്ങളൊന്നും നമ്മള്‍ കേള്‍ക്കുന്നില്ല. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ അതായത് ഐക്യ കേരളം രൂപം കൊണ്ടതിന് ശേഷമുള്ള കണക്കുകള്‍ എടുത്ത് നോക്കാം. അപ്പോള്‍ മനസ്സിലാവും സെന്‍കുമാര്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന്. അതിശയോക്തിപരമായ കാര്യമാണത്.

Read More: ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

എസ്.ഡി.പി.ഐയും എന്‍.ഡി.എഫും തീവ്രവാദ സംഘടനകളാണെന്ന് അംഗീകരിക്കുന്നയാളാണ് ഞാന്‍. അബ്ദുള്‍ നാസര്‍ മദനി ഒരു കാലത്ത് തീവ്രവാദം പ്രസംഗിച്ചിരുന്നുവെന്ന് അദ്ദേഹത്തെ വിമര്‍ശിച്ചയാളാണ് ഞാന്‍. പക്ഷെ ഇവിടുത്തെ മുസ്ലീങ്ങളുടെ അരശതമാനം പോലും അവര്‍ വരില്ല. ഇവിടുത്തെ 90 ലക്ഷം മുസ്ലീങ്ങള്‍ക്കിടയില്‍ എത്രപേരെയാണ് അവര്‍ സൃഷ്ടിച്ചത്? ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തില്‍ സംസാരിക്കരുത് എന്ന കാര്യമാണ് ഞാന്‍ പറഞ്ഞ് വരുന്നത്.

ശശികല ടീച്ചര്‍ ഇങ്ങനെ പറഞ്ഞാല്‍ അതിന് വലിയ പ്രതിഫലനങ്ങളുണ്ടാവില്ല. ശശികല ടീച്ചര്‍ പറയുന്നത് പോലെ വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന മുസ്ലീം മതപണ്ഡിതരുണ്ട്. ഒരു ഭാഗത്തു മാത്രമുള്ളതല്ല അക്കാര്യം. പക്ഷെ അതൊക്കെ ഒരു പ്രാസംഗികന്റേയോ, ഒരു രാഷ്ട്രീയക്കാരന്റേയോ അഭിപ്രായമെന്നേയുള്ളൂ. ടി.പി.സെന്‍കുമാറിന്റെ പ്രസ്താവനകളുടെ പ്രശ്‌നം, അദ്ദേഹം അനവധി കാലം പോലീസിലെ വലിയ സ്ഥാനങ്ങള്‍ വഹിച്ച് ഒടുവില്‍ ഡി.ജി.പിയായി വിരമിച്ചു എന്നിരിക്കെ, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഒരു കോടതി വിധി പോലെ ആളുകള്‍ സ്വീകരിക്കും എന്നുള്ളതാണ്.

"</p

അടുത്തകാലത്ത് കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ നടന്ന പണികളില്‍ നിര്‍ഭാഗ്യവശാല്‍ ഏറ്റവും അപകടകരമായത്, ഏറ്റവും ദുഷ്ടമായത് സെന്‍കുമാറിന്റെ അഭിമുഖത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളാണ്. മുസ്ലീങ്ങളിലും നല്ലവരുണ്ട് എന്ന അദ്ദേഹം പറയുമ്പോള്‍, അതിലെ മഹാഭൂരിപക്ഷവും നല്ലവരല്ല എന്നാണല്ലോ ഉദ്ദേശിക്കുന്നത്. എന്തൊരു പരിഹാസ്യമായ വാദമാണിത്. കേരളത്തോട് അദ്ദേഹം കാണിച്ച വലിയ അന്യായങ്ങളിലൊന്നാണ് ഈ പരാമര്‍ശങ്ങള്‍. സമൂഹത്തെ സാമുദായികമായി വിഭജിക്കാനും വര്‍ഗീയതയും ഹിംസയും വളര്‍ത്താനും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. അതില്‍ എനിക്ക് കഠിനമായ പ്രതിഷേധമുണ്ട്.

പിന്നെ, എന്നെക്കുറിച്ച് പറഞ്ഞ പരാമര്‍ശങ്ങള്‍ മറുപടി പോലും അര്‍ഹിക്കാത്തതാണ്. എന്നെ വായിക്കുന്നവരോ, എന്നെ കേള്‍ക്കുന്നവരോ ആയ ഒരു പത്തു പേരെങ്കിലും കേരളത്തിലുണ്ടാവുമല്ലോ. അവര്‍ അതിന് മറുപടി പറഞ്ഞോട്ടെ. അല്ലാതെ ഞാന്‍ അതിന് മറുപടി പറയുന്നില്ല. കാരണം, ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്നും, എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും എനിക്കറിയാം. ഒരു ഉദാഹരണം പറയാം. കഴിഞ്ഞ മാര്‍ച്ച് 16-ാം തീയതി കോയമ്പത്തൂരില്‍ വച്ച് മുസ്ലീം മതമൗലികവാദികളായ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് നിരീശ്വരവാദം പറഞ്ഞതിന്റെ പേരില്‍ ഫാറൂഖ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നു. ആ വിവരം ഒരു പത്രത്തിലും വന്നില്ല. ഫേസ്ബുക്കില്‍ കണ്ട്, അവിടെ ചെന്ന് അയാളുടെ വീട്ടുകാരെ കണ്ട് കാര്യങ്ങള്‍ അന്വേഷിച്ച് മാതൃഭൂമി പത്രത്തില്‍ എഡിറ്റ് പേജില്‍ ഞാന്‍ ലേഖനം എഴുതി. ഏറ്റവും അവസാനം നടന്ന സംഭവമാണിത്.

മുസ്ലീം വിരുദ്ധന്‍ എന്ന് എന്നെ ഇസ്ലാമിക മൗലികവാദികള്‍ എപ്പോഴും വിളിക്കുന്നതാണ്. ഞാനൊരു മധ്യവര്‍ത്തിയാണ് എന്ന് തെളിയിക്കുകയാണ് സെന്‍കുമാറിന്റെ അഭിപ്രായങ്ങളും. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ ആക്ഷേപങ്ങള്‍ എനിക്ക് നല്ല സര്‍ട്ടിഫിക്കറ്റാണ്. ഹിന്ദു തീവ്രവാദത്തെ വിമര്‍ശിക്കുന്ന അതേ രീതിയിലാണ് മുസ്ലീം തീവ്രവാദത്തേയും ഞാന്‍ വിമര്‍ശിക്കാറ്. കല്‍ബുര്‍ഗിയെ കൊന്നപ്പോഴും ഫാറൂഖിനെ കൊന്നപ്പോഴും അതില്‍ പ്രതികരിച്ചയാളാണ് ഞാന്‍. എന്റെ വ്യക്തിത്വത്തെയാണ് അദ്ദേഹം തള്ളിക്കളയുന്നത്. അതിന് അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്. പക്ഷെ അത് മറുപടി അര്‍ഹിക്കാത്ത വിധം തുച്ഛമാണ്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍