UPDATES

കേരളം

ഭീഷണിയും കൈയേറ്റവും; ഹാദിയയുടെ വീട്ടിലെത്തിയ വനിതപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങള്‍

ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഹാദിയയെ കേള്‍ക്കുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നുണ്ട് എന്ന് ഹാദിയയെ അറിയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം.

ഹാദിയയുടെ വീട്ടിലെത്തിയ അഞ്ച് വനിത പ്രവര്‍ത്തകരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി. ഹാദിയയ്ക്ക് നല്‍കാന്‍ സമ്മാനപ്പൊതികളുമായെത്തിയവരെയാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്യുകയും സ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്‌തെന്നാണു പറയുന്നത്. ഹാദിയയ്ക്ക് നല്‍കാനായി പുസ്തകങ്ങളും, വസ്ത്രങ്ങളും, മിഠായികളുമായി എത്തിയതായിരുന്നു മലയാളി ഫെമിനിസ്റ്റ് റീഡിങ് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍. തങ്ങള്‍ക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് സംഘത്തിലുണ്ടായിരുന്ന അമ്മു അഴിമുഖത്തോട് സംസാരിക്കുന്നു.

‘ ഞങ്ങള്‍ അഞ്ച് പേരാണ് ഹാദിയയെ കാണാനായി പോയത്. സംഘടനാപരമായി ഞങ്ങള്‍ അഞ്ച് പേരും തമ്മില്‍ ഒരു ബന്ധവുമില്ല. ഞങ്ങളില്‍ പലരും ഇന്നാണ് നേരില്‍ കാണുന്നത് പോലും. കുറച്ച് വസ്ത്രങ്ങള്‍, ചോക്ലേറ്റസ്, ബുക്‌സ് എന്നിവയാണ് കയ്യില്‍ കരുതിയിരുന്നത്. ആ പെണ്‍കുട്ടി കുറേ ദിവസങ്ങളായി വീടിന് പുറത്തേക്ക് പോയിട്ടില്ല. ഐസൊലേഷനില്‍ കഴിയുന്ന ആ കുട്ടിയെ കാണാനാവുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നേരത്തെ തന്നെ ഇല്ലായിരുന്നു. അവരെ കാണാന്‍ പറ്റില്ലെന്ന് ആദ്യം തന്നെ അറിയാമായിരുന്നു. ഹാദിയയുടെ അച്ഛനെയാണ് ആദ്യം കണ്ടത്. ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന സാധനങ്ങള്‍ ഹാദിയയ്ക്ക് കൊടുക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ഒരു മാധ്യമപ്രവര്‍ത്തക സ്ഥലത്തുണ്ടായിരുന്നു. അവര്‍ ഇതിന്റെ വീഡിയോ ഫോണില്‍ എടുത്തു. അത് പോലീസുകാരെ പ്രകോപിപ്പിച്ചു. ഹാദിയയുടെ അച്ഛനും അതില്‍ അസ്വസ്ഥനായി. ‘നിങ്ങള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ലേ ഇവിടെ വന്നത്, എന്റെ മകള്‍ക്കുള്ള ചോക്ലേറ്റും ബുക്കും വാങ്ങാന്‍ എനിക്കറിയാം. അതിനിവിടെ ആരും വരേണ്ട എന്ന് പറഞ്ഞുകൊണ്ട് ക്ഷോഭിക്കുകയാണ് ചെയ്തത്.

ആ സമയം ‘എന്നെ ഇവിടെ ഇങ്ങനെ എത്രദിവസമായി ഇട്ടിരിക്കുന്നു. ഇവര്‍ എന്നെ തല്ലുകയാണ്. എന്നെ എങ്ങനെയെങ്കിലും രക്ഷിക്ക്’ എന്ന് വിളിച്ച് പറയുന്ന ഹാദിയയുടെ ശബ്ദം ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ആ വീട്ടില്‍ നിന്ന് പത്തടി മാറി കുറച്ച് പോസ്റ്ററുകളുമായി സൈലന്റ് പ്രൊട്ടസ്റ്റ് തുടങ്ങി. മുദ്രാവാക്യം വിളിയോ ഒന്നുമുണ്ടായിരുന്നില്ല. ആ പ്രദേശത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയാനെത്തി. ഞങ്ങള്‍ ആ വീട്ടില്‍ കയറാനുദ്ദേശിച്ചിരുന്നില്ല. ഇരുപത്തിയഞ്ച് വയസ്സില്‍ താഴെയുള്ള അഞ്ച് പെണ്‍കുട്ടികളാണ് ഞങ്ങള്‍. ഞാന്‍ ക്രിസ്ത്യന്‍ ആണ്. എന്റെയൊപ്പമുള്ളവര്‍ രണ്ട് പേര്‍ ഹിന്ദുക്കളും, രണ്ട് പേര്‍ മുസ്ലീങ്ങളും ആണ്. ഞങ്ങള്‍ ഒരു സംഘടനയുടേയും ഭാഗമല്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കാന്‍ മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. അതിന് ഞങ്ങളെ അനുവദിച്ചില്ല. അതുകൊണ്ട് ഞങ്ങള്‍ ഇവിടെ നിശബ്ദമായ പ്രതിഷേധവുമായി നില്‍ക്കുകയാണ് എന്ന് ഞങ്ങള്‍ അവരെ ധരിപ്പിച്ചു.

പക്ഷെ അപ്പോഴേക്കും അവിടെ നാട്ടുകാരുടെ ഒരു കൂട്ടം ഉണ്ടായി വന്നു. അത് ഒരു സംഘര്‍ഷമായേക്കാമെന്ന അവസ്ഥയിലേക്കെത്തിയപ്പോള്‍ എസ്.ഐ. ഉള്‍പ്പെടെയുള്ള പോലീസുകാരും അവിടേക്ക് വന്നു. അവര്‍ നാട്ടുകാരെ അവിടെ നിന്ന് ഓടിച്ചു. ഹൈക്കോടതി വിധിയുള്ള സ്ഥലമാണ്, നിങ്ങള്‍ ഇവിടെ നിന്ന് പോണം എന്ന് പോലീസ് ഞങ്ങളോടും പറഞ്ഞു. വളരെ മോശമായ ഭാഷയാണ് ഞങ്ങളോട് ഉപയോഗിച്ചത്. അവിടെ സ്ത്രീകളെ ആരെയും കണ്ടില്ല. ‘അശോകന് പരാതിയുണ്ടോ എന്ന് ചോദിക്കട്ടെ. നിങ്ങളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടും’ പോലുള്ള ഭീഷണിപ്പെടുത്തലുകളും വന്നു. കൊണ്ടുവന്ന സാധനങ്ങള്‍ ഗേറ്റിന് മുന്നില്‍ വച്ചിട്ട് ഞങ്ങള്‍ പോകുമെന്നും അവര്‍ക്ക് നശിപ്പിക്കണമെങ്കില്‍ നശിപ്പിക്കാമെന്നും ഞങ്ങള്‍ പറഞ്ഞു. അതിനും ഞങ്ങളെ അനുവദിച്ചില്ല. അവിടെ നിന്ന് ഞങ്ങള്‍ പോയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് പോലീസ് പറഞ്ഞുകൊണ്ടേയിരുന്നു.

ഒടുവില്‍ ഞങ്ങള്‍ അവിടെ നിന്ന് പോവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ കൊണ്ടുവന്ന സാധനങ്ങളുമായി അടുത്തുള്ള ജംഗ്ഷനിലേക്ക് നടന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ശബ്‌ന. ശബ്‌നയുടെ ഭര്‍ത്താവ് അവരുടെ കൂടെ വന്നിരുന്നു. എന്നാല്‍ ഹാദിയയുടെ വീടിനടുത്തേക്ക് ശബ്‌നയുടെ ഭര്‍ത്താവ് ഫൈസല്‍ വന്നില്ല. അയാള്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്നു. അവിടെ നിന്ന അയാളെ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് തള്ളാനും ശാരീരികോപദ്രവം ഏല്‍പ്പിക്കാനും തുടങ്ങി. അപ്പോഴേക്കും പോലീസ് ഇടപെട്ടു. പോലീസ് ഉടനെ ഫൈസലിനെ വലിച്ച് പോലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെതിരെ ശബ്‌ന പ്രതികരിച്ചു. ‘അയാള്‍ ഇതില്‍ ഇടപെട്ടിട്ടുള്ളയാളല്ല. പിന്നെന്തിനാണ് കൊണ്ടുപോകുന്നത്, വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്‌തോളൂ’ എന്ന് ശബ്‌ന പോലീസിനോട് പറഞ്ഞു. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ശബ്‌നയെ തള്ളിയിട്ടു. പിടിവലിയുണ്ടായി. അതിന് ശേഷം ഫൈസലിനെ ജീപ്പില്‍ കയറ്റി പോലീസ് കൊണ്ടുപോയി.

ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ നിന്നുപോയി. അപ്പോഴേക്കും നാട്ടുകാരില്‍ ചിലര്‍ സൈക്കിളിലും ബൈക്കിലുമായി വന്ന് ഞങ്ങളെ ഓടിച്ചു. ഓട്ടോ വിളിക്കാന്‍ പോലും ഞങ്ങളെ അനുവദിച്ചില്ല. ഓട്ടോയ്ക്ക് കൈകാട്ടി നിര്‍ത്തുമ്പോഴേക്കും ഇവര്‍ വന്ന് ഓട്ടോഡ്രൈവറെ ഭിഷണിപ്പെടുത്തും. ഒരു നാടുമുഴുവന്‍ ഇങ്ങനെ തുരത്തിയോടിക്കാന്‍ ഞങ്ങള്‍ അവിടെ ഒരു ബഹളവുമുണ്ടായിക്കിയിട്ടില്ല. ഞങ്ങള്‍ ആകെ പ്രശ്‌നത്തിലായിപ്പോയി. കുറേയധികം ഞങ്ങള്‍ നടന്നു. അപ്പോഴൊക്കെ ഞങ്ങളുടെ മുന്നിലും പിന്നിലും സൈക്കിളിലും ബൈക്കിലും ഇവര്‍ പിന്തുടരുകയായിരുന്നു.

പിന്നീട് ഞങ്ങളുടെ അഭിഭാഷക സുഹൃത്തിനെ വിളിച്ചപ്പോള്‍ അടുത്ത പോലീസ് സ്‌റ്റേഷനിലേക്കായിരിക്കാം ഫൈസലിനെ കൊണ്ടുപോയിരിക്കാനിടയെന്നും അവിടേക്ക് പോവാനും നിര്‍ദ്ദേശിച്ചു. അങ്ങനെ ഞങ്ങള്‍ ഒടുവില്‍ പോലീസ് സ്‌റ്റേഷനിലെത്തി. അവിടെയെത്തിയപ്പോള്‍ ഫൈസല്‍ അവിടെയുണ്ടായിരുന്നു. എസ്.ഐ. ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. ‘അവിടെ സംഘര്‍ഷാവസ്ഥയുണ്ടാവാതിരിക്കാനാണ് നിങ്ങളെ അവിടെ നിന്ന് പറഞ്ഞയക്കാന്‍ ശ്രമിച്ചത്. അല്ലാതെ ഞങ്ങള്‍ നിങ്ങള്‍ക്കെതിരല്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഫൈസലിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ ഞങ്ങളെ അറസ്റ്റ് ചെയ്‌തോളാനും ഞങ്ങള്‍ പറഞ്ഞു. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഫൈസലിനെ വിടാമെന്നും, ഹാദിയയുടെ അച്ഛന് പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ വീണ്ടും ഇവിടെ വരേണ്ടി വരുമെന്നും എസ്.ഐ. അറിയിച്ചു.

ഞങ്ങള്‍ കുറച്ച് സ്ത്രീകള്‍ ഹാദിയയെ കേള്‍ക്കുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നുണ്ട് എന്ന് ഹാദിയയെ അറിയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് ഒരുപരിധിവരെ നടന്നു എന്നാണ് കരുതുന്നത്. പക്ഷെ ആ കുട്ടിയെ അതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്നതാണ് സംശയം. ഞങ്ങള്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഹാദിദയയുടെ അമ്മ വളരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. ഒരുപക്ഷേ അത് അമ്മയുടെ വേദനയായിരിക്കാം. അതുകേട്ടിട്ടായിരിക്കണം ഹാദിയ ജനലിനടുത്ത് വന്ന് തന്നെ രക്ഷിക്കാന്‍ വിളിച്ചു പറഞ്ഞത്. പക്ഷെ ഉടനെ ആ ജനാലകള്‍ കൊട്ടിയടക്കപ്പെട്ടു. പിന്നെ ഞങ്ങള്‍ക്ക് ഒന്നും കേള്‍ക്കാനായില്ല.’

#hughadiya PROTEST Human Rights Violation against Hadiya (First video bit, Live below) Hadiya calling out from window "Help me, they are hitting me"ഹാദിയയ്ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കുക. അഞ്ച് സ്ത്രീകൾ ഹാദിയയക്ക് നൽകാൻ പുസ്തകങ്ങളും ചിത്രങ്ങളും സമ്മാനങ്ങളും ആയി സന്ദർശിക്കാൻ വൈക്കത്ത് നിൽക്കുകയാണ്. അവരെ കടത്തി വിടുന്നില്ല എന്നു മാത്രമല്ല, ഹാദിയ ജനലിൽ നിന്ന് "എന്നെ രക്ഷിക്കൂ, ഇവരെന്നെ തല്ലുകയാണ്" എന്ന് വിളിച്ച് പറയുന്നു…!! ഹാദിയയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധം !

Posted by Inji Pennu on Mittwoch, 30. August 2017

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍