UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരള മോഡല്‍ പരാജയമാണ്; ചുരുങ്ങിയ പക്ഷം ആരോഗ്യ മേഖലയിലെങ്കിലും

ഡോ.എം.സന്തോഷ് കുമാര്‍
മാനന്തവാടി, നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി മേധാവി

വികസനം മാത്രമാണ്  തിരഞ്ഞെടുപ്പിലെ അജണ്ട. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥ വികസനമെന്തെന്ന് ചോദ്യമുയരും. കാഴ്ചയിലുള്ള വികസനമാണ് സമൂഹം ഇന്ന് ആവശ്യപ്പെടുന്നത്. പഞ്ചേന്ദ്രിയങ്ങളെല്ലാം ഉപയോഗിച്ചറിയേണ്ട വികസനം. മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധമുള്ളതെല്ലാം ആരോഗ്യമായി കൂട്ടിവായിക്കാം. പ്രകൃതി, ഭൂമി, മലിനീകരണം, കാര്‍ബണ്‍ ആധിക്യം, റോഡ് നിര്‍മ്മാണം, ചൂട് എല്ലാം മനുഷ്യന്റെ സുഖജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 

ആരോഗ്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഉയര്‍ത്തികൊണ്ടു വരുന്ന വികസനവാദം കണ്ണിനുമുന്നിലേതാണ്. ആശുപത്രി കെട്ടിടങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ലബോറട്ടറി സൗകര്യങ്ങള്‍ ഇവയെല്ലാം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെടും. വ്യക്തി കേന്ദ്രീകൃതമാണത്. ചികിത്സാ സാമ്പത്തിക സഹായം ഉദാരമാക്കി വ്യക്തികേന്ദ്രീകൃത ആനുകൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമീപനമാണ് സ്വീകരിക്കപ്പെടുന്നത്. സാമൂഹ്യമായി നേരിടേണ്ട പ്രശ്‌നങ്ങളെ അവഗണിക്കുന്നു. ഒരു കാര്യം നോക്കാം കുരങ്ങുപനിമൂലം 11 പേര്‍ ഇതിനകം മരിച്ചു. വലിയൊരു കലാമിറ്റിയാണ് ഇവിടെ. യഥാസമയം ചികിത്സയെത്തിക്കാന്‍ സര്‍ക്കാരിനായില്ല. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെ ലക്ഷങ്ങള്‍ നല്‍കി വ്യക്തികള്‍ക്ക് ഹൃദയചികിത്സപോലുള്ള ചിലവേറിയ ചികിത്സ നല്‍കാന്‍ അവസരമുണ്ടാക്കും. പൊതുസമൂഹത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന പദ്ധതികളുടെ അഭാവം ഇവിടെ കാണാം. സമ്പന്ന, ദരിദ്ര വ്യത്യാസമില്ലാതെ സര്‍ക്കാരിന് ഇതിന് കഴിയണം. ഭൗതിക വികസനത്തിനാണ് ഇവിടെ പ്രാധാന്യം ലഭിക്കുന്നത്. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഭക്ഷണം അതില്‍ ഉള്‍പ്പെടുന്നു. 

ഇടതുമുന്നണി രണ്ടോ മൂന്നോ തിരഞ്ഞെടുപ്പിനു മുമ്പേ ജനങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ച അജണ്ടയില്‍  സമഗ്രമായ ഒരു സമീപനമുണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികളും മുദ്രാവാക്യങ്ങളുമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ആശുപത്രികള്‍ കെട്ടി ഉയര്‍ത്തും, മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും എന്നൊക്കെയാണ് വാഗ്ദാനങ്ങള്‍. മീഡിയയുടെ അമിത സ്വാധീനമാണ് ഒരു കാരണം. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവും പെര്‍ഫോമന്‍സും മേല്‍ പറഞ്ഞ മാനദണ്ഡമുപയോഗിച്ചാണ് വിലയിരുത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കിടത്തി ചികിത്സാ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന ഇടത് തിരഞ്ഞെടുപ്പ് വാഗ്ദാനം ഇത്തരത്തിലുള്ളതാണ്.  കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ആംബുലന്‍സ് വാങ്ങിക്കുക എന്നതിലൊക്കെയുള്ള വൈദഗ്ധ്യമാണ് എംഎല്‍എ പെര്‍ഫോമന്‍സിന്റെ കാതല്‍. കേരളത്തില്‍ പത്ത് പന്ത്രണ്ട് ന്യൂസ് ചാനലുകള്‍ ഉണ്ട്. ഇവര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ജനങ്ങളുടെ ആറ്റിറ്റ്യൂഡില്‍ മാറ്റം വന്നിട്ടുണ്ട്. സമൂഹം ഇന്‍ഡിവിജ്വല്‍ എന്ന രിതിയിലേക്ക്  മാറി. ഞങ്ങള്‍ക്ക് എന്ത് കിട്ടിയെന്നതിനു പകരം എനിക്കെന്ത് ഗുണമുണ്ടായി എന്നായി ചിന്ത. നമുക്ക്, നമ്മള്‍ എന്നെല്ലാം ഉപേക്ഷിക്കപ്പെട്ടു കഴിഞ്ഞു. എന്റെ കുടുംബം എന്ന് പോലും ആലോചിക്കുന്നില്ല. ഞാന്‍ മാത്രമേ ഇപ്പോഴുള്ളു.

തൃശൂരിലൊരു ഡോക്ടര്‍ ഈയിടെ മരണപ്പെട്ടു. നഗരത്തിലെ ശോഭാ മാളിലായിരുന്നു പെട്ടെന്നുള്ള അന്ത്യം. വലിയ നഗരത്തില്‍ അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറോളം വേണ്ടിവന്നു. മുന്നൂറിലധികം വാഹനങ്ങള്‍ മാളില്‍ പാര്‍ക്കുചെയ്തിരുന്നു. ഒരാള്‍ പോലും സഹായിക്കാന്‍ തയ്യാറായില്ല. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി അവശനിലയിലായ ഡോക്ടറെ താഴെയെത്തിക്കാന്‍ ലിഫ്റ്റില്‍ ഇടം നല്‍കാന്‍ പലരും തയ്യാറായില്ല. ഡോക്ടറോടൊപ്പമുണ്ടായിരുന്ന ആള്‍ കോണിപ്പടികള്‍ ഓടിയിറങ്ങി പൊതുവഴിയില്‍ നിന്ന് മറ്റൊരു വാഹനം സംഘടിപ്പിച്ചാണ് ആശുപത്രിയില്‍ എത്തുന്നത്. സമൂഹത്തിന് നഷ്ടമാവുന്ന മാനവികതയാണ് ഇതിലൂടെ ബോധ്യമാവുന്നത്. മള്‍ട്ടിസ്‌പെഷ്യാലിറ്റി ചികിത്സാ കേന്ദ്രങ്ങള്‍ യഥേഷ്ടമുള്ള തൃശൂരില്‍ അന്യമാവുന്ന അടിയന്തിര ചികിത്സാ സൗകര്യങ്ങളാണ് മറ്റൊന്ന്. 

കേരള മോഡല്‍ വികസനത്തിന്റെ ബാക്കി പത്രമാണ് കേരളത്തിന്റെ അനാരോഗ്യം. ചെറിയ മുതല്‍ മുടക്കില്‍ മെച്ചപ്പെട്ട സാമൂഹ്യാരോഗ്യ പദ്ധതികളായിരുന്നു കേരള മോഡല്‍ ആരോഗ്യത്തിന്റെ കാതല്‍. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കാണ് മുന്‍ഗണന ലഭിച്ചത്. വരുമാനം പരിഗണിക്കാതെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ സുരക്ഷയൊരുക്കുകയെന്നതായിരുന്നു ദൗത്യം. സാര്‍വ്വത്രിക വിദ്യാഭ്യാസമായിരുന്നു നേരത്തെ കേരളത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഇപ്പോഴത് വ്യക്തിയധിഷ്ടിതവും മത്സരാധിഷ്ടിതവുമാണ്. ആരോഗ്യരംഗത്തും ഈ മാറ്റമുണ്ടായി. കേരളത്തിന്റെ പൊതു വരുമാനത്തിന്റെ 6% മാത്രമേ ആരോഗ്യമേഖലയ്ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുള്ളു. ഇത് ബാധിക്കുന്നത് ദുര്‍ബല ജനവിഭാഗങ്ങളെയാണ്. ആദിവാസികള്‍, ദരിദ്രര്‍, പട്ടിക ജാതി വിഭാഗക്കാര്‍, തീരദേശത്ത് ജീവിക്കുന്നവര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ദുര്‍ബല ജീവിതസാഹചര്യത്തില്‍ കഴിയുന്നവരാണ്. ഈ അവസ്ഥയിലാണ് ഇടത്തരക്കാരുടെ ജീവിതശൈലി രോഗചികിത്സക്കായി സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

പിജിഎസ് സൂരജ്

പിജിഎസ് സൂരജ്

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍