UPDATES

ട്രെന്‍ഡിങ്ങ്

സെന്‍കുമാര്‍ മാത്രമല്ല; സര്‍പ്രൈസ് എന്‍ട്രികള്‍ ഇനിയുമുണ്ടാകും

ബിജെപി കേരള നേതൃത്വം കാഴ്ചക്കാരായി തന്നെ തുടരും

എന്തുകൊണ്ട് സുരേഷ് ഗോപി?

ബിജെപി കേന്ദ്ര നേതൃത്വത്തിലെ ഒരു മുതിര്‍ന്ന നേതാവിനോട് (കേന്ദ്രമന്ത്രി) കേരളത്തില്‍ നിന്നുള്ള ഒരു പാര്‍ട്ടി വോളന്റിയര്‍ ചോദിച്ചു.

നിങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് കേരളത്തില്‍ മുന്നോട്ടു പോകാമെന്നാണോ കരുതുന്നത്?

കേന്ദ്രനേതാവിന്റെ ഉത്തരം: no, He is not a long term strategy, he is a short term strategy only…

ഒരു തരത്തില്‍ പറഞ്ഞാല്‍ ബിജെപിയുടെ നിസ്സഹായതയായിരുന്നു സുരേഷ് ഗോപി. കേരളത്തില്‍ അവര്‍ നേരിടുന്ന ‘മുഖമില്ല’ പ്രതിസന്ധിയുടെ നിസ്സഹായത. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സുരേഷ് ഗോപി അദ്ദേഹവുമായി ഒരു ബന്ധം ഉണ്ടാക്കിയിരുന്നു. ആ ബന്ധമാണ് മോദി-ഷാ ടീം കേരളത്തില്‍ ആളെ തപ്പിനടക്കുന്നതിനിടയില്‍ സുരേഷ് ഗോപിക്ക് ഗുണമായത്. പക്ഷേ അതൊരു ഹൃസ്വകാല തന്ത്രം മാത്രമാണ്. ഏതെങ്കിലുമൊരു പൊതുതെരഞ്ഞെടുപ്പ് സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി നിന്ന് നേരിടുമോയെന്ന് സംശയമാണെന്നു പറയുന്നത് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ച അതേ വൃക്തി തന്നെയാണ്. പുതിയ തന്ത്രങ്ങള്‍ ഡല്‍ഹിക്കാര്‍ പയറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ മുഖങ്ങള്‍ മാറും.

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്റെത് കാവി മനസ് ആണെന്നു പറഞ്ഞ് പലരും അത്ഭുതപ്പെടുന്നതു കണ്ടപ്പോഴാണ് ഈ കാര്യങ്ങളൊക്കെ ഒരിക്കല്‍ കൂടി മനസില്‍ തെളിഞ്ഞത്. കേരളത്തില്‍ ബിജെപി എങ്ങനെ വളരും എന്ന് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് എത്തും പിടിയും ഇല്ലെങ്കിലും ഡല്‍ഹിയില്‍ ഉള്ളവര്‍ക്ക് അതെക്കുറിച്ച് ധാരണകള്‍ ഉണ്ട്. അവരുടെ നീക്കങ്ങള്‍ ഫലപ്രദമായാല്‍ കേരളത്തില്‍ പാര്‍ട്ടി വളരും. അതില്‍ പക്ഷേ കുമ്മനത്തിനോ മുരളീധരനോ സുരേന്ദ്രനോ ഒന്നും വല്യ പങ്ക് അവകാശപ്പെടാനുണ്ടാവില്ല എന്നുമാത്രമല്ല, സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടേണ്ടിയും വരും. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഏതു തരത്തില്‍ പ്രവര്‍ത്തിക്കുന്നുവോ അതാണ് ബിജെപിയുടെ (കേന്ദ്രം) രാഷ്ട്രീയം. അതെത്രകണ്ട് കേരളത്തിലെ നേതാക്കള്‍ക്ക് മനസിലാകുമെന്ന് പറയാന്‍ കഴിയില്ല; കുമ്മനത്തിന്റെ മാത്രമല്ല, പിണറായി വിജയന്റെയും രമേശ് ചെന്നിത്തലയുടെയും കൂടി കാര്യമാണ് പറഞ്ഞത്.

"</p

അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ മെത്രാന്മാര്‍ പോയി കണ്ടത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതൊരു പുതിയ കാര്യമൊന്നും അല്ലായിരുന്നു. മെത്രന്മാരും അച്ചന്‍മാരുമൊക്കെ ബിജെപിയുമായി പാലം പണിതിട്ടിട്ടു നാളുകളായി. അതുപക്ഷേ കേരളത്തില്‍ ഉള്ളവര്‍ക്ക് അറിയാത്ത കാര്യം. ഡീല്‍ എല്ലാം ഡല്‍ഹി നേതാക്കന്മാരുമായി. മോദിക്കും ഷായ്ക്കും കേരളത്തിലെ സഭാ പിതാക്കന്മാരുമായി നല്ല ആശയവിനിമയം ഉണ്ട്. അതില്‍ പക്ഷേ കുമ്മനാദികളെ പങ്കെടുപ്പിച്ചിട്ടില്ല. ചെറിയ മാറ്റങ്ങളൊക്കെ വന്നെങ്കിലും ഇന്നും അരമനയിലേക്ക് വിളിച്ച് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ചോദിച്ചാല്‍ ഒന്നാലോചിക്കട്ടെയെന്നു പറയും പിതാക്കന്മാര്‍ കേരളത്തിലെ ബിജെപി നേതാക്കന്മാരോട്. എന്നാല്‍ ഇതേ പിതാക്കന്മാര്‍ വിമാനം പിടിച്ച് ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര നേതാക്കന്മാരെ കാണുന്നുമുണ്ട്.

ളോഹയിട്ടവര്‍ക്ക് താറു ചുറ്റിയവരോട് സ്വമനസാലെ തോന്നിയ അടുപ്പമൊന്നുമായിരുന്നില്ല. മോദിയും ഷായുമെല്ലാം ചേര്‍ന്ന് ഒരു കളി കളിച്ചപ്പോഴാണ് സഭ പിതാക്കന്മാര്‍ മൂക്കും കുത്തി വീണത്. കേരളത്തില്‍ ഇനി ക്രിസ്ത്യന്‍ സഭകള്‍ക്ക് സ്‌കൂളും ആശുപത്രിയുമൊക്കെ കെട്ടാന്‍ സ്ഥലമോ അനുമതിയോ ഒന്നും ആവശ്യമില്ല. അതൊക്കെയവര്‍ക്ക് ആവശ്യത്തിലും കൂടുതലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരുകളുമായി അത്രയടുപ്പം കാണിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ പറഞ്ഞതൊക്കെ നടത്തിക്കൊണ്ടു പോകണമെങ്കില്‍ ഫണ്ട് വേണം. വിദേശത്തു നിന്നുള്ള വരവ് വലിയ കുഴപ്പമില്ലാതെയുണ്ട്. അവിടെയാണ് കേന്ദ്രസര്‍ക്കാര്‍ കളിയിറക്കിയത്. എന്‍ജിഒകളുടെയും മതസംഘടനകളുടെയുമെല്ലാം വിദേശഫണ്ട് തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതായത് ഒഴുക്കിനു നടുവില്‍ ഒരു അണ കെട്ടല്‍. രാജ്യതാത്പര്യത്തിനായിരുന്നില്ല, ഒരു കച്ചവമടമുറപ്പിക്കല്‍. ഫണ്ട് റിലീസ് ചെയ്യ്തു കിട്ടിയില്ലെങ്കില്‍ പല സംഘടനനകളും അരമനകളും കുഴപ്പത്തിലാകും. എങ്ങനെയും അതൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തങ്ങളെ സമീപിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് അറിയാം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അവിടെയുണ്ടായ ഡീലാണ് പിന്നീട് പിതാക്കന്മാര്‍ ബിജെപിയോടു കാണിച്ചു തുടങ്ങിയ താത്പര്യം. കഴുത്തിനു കുത്തി പിടിക്കുക; പതുക്കെ പിടിവിടുക; അതായിരുന്നു തന്ത്രം. കൊല്ലാന്‍ പിടിച്ചതാണെന്നോര്‍ത്തു ഭയപ്പെട്ടവര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കിയപ്പോള്‍ ഉണ്ടായ ആശ്രിതത്വം…

"</p

ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ കിട്ടിയാല്‍ ബിജെപിക്ക് അതുണ്ടാക്കുന്ന നേട്ടം വലുതാണ്. മധ്യകേരളം, തീരദേശം എന്നിവിടങ്ങളില്‍ വലിയ മുന്നേറ്റത്തിന് ഇതു സഹായകമാകും. കെ എം മാണി ജിഎസ്ടി പ്രസംഗം കേള്‍ക്കാന്‍ വിമാനവും പിടിച്ചു ഡല്‍ഹിക്ക് വണ്ടി കയറിയതും വെറുതെയല്ല. മാണിയേയും സഭയേയും മുന്‍നിര്‍ത്തി കളിച്ചാല്‍ തെക്കു കിഴക്ക് മേഖലയില്‍ കാാര്യങ്ങള്‍ അനുകൂലമാകും. സൂസെപാക്യം പിതാവൊക്കെ ഏകദേശം വഴിക്കു വന്നതിനാല്‍ കടലോര മേഖലയിലെ ക്രിസ്ത്യാനി വോട്ടുകളും കിട്ടും. ധീവരസഭപോലെയുള്ള ഹിന്ദു സംഘടനകളെയും ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നതിനാല്‍ ഗുണം ഇരട്ടിക്കും. തിരദേശത്ത് ബിജെപിയുടെ സ്വന്തം രാഷ്ട്രീയം, അല്ലാതെ തന്നെ വര്‍ക്ക് ഔട്ട് ആകുന്നുണ്ട്. ഇക്കാര്യത്തില്‍ മാത്രമാണ് കേരളഘടകത്തിന് എന്തെങ്കിലും പങ്ക് അവകാശപ്പെടാനുള്ളത്. ബാക്കിയെല്ലാം ഡല്‍ഹി ഡീലിംഗ്സ് ആണ്. മാണി ആയാലും വെള്ളാപ്പളിയായാലും ഡല്‍ഹിക്കു വിമാനം കയറുന്നതും അതുകൊണ്ടാണ്. വാസ്തവത്തില്‍ അനുചാരകരുടെ വേഷമാടല്‍ മാത്രമാണ് കുമ്മനും സംഘവും നടത്തുന്നത്. അതവരുടെ പിടിപ്പുകേട് തന്നെ.

കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പയറ്റേണ്ടതു എന്തു തരം തന്ത്രമാണെന്നു മോദിക്കും അമിത് ഷായ്ക്കും മനസിലായി കഴിഞ്ഞു. കളമറിഞ്ഞു കളിക്കാനാണ് എവിടെയും അവര്‍ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലോ ഝാര്‍ഖണ്ഡിലോ ഉതകുന്ന തന്ത്രങ്ങള്‍ കേരളത്തില്‍ ഒറ്റയടിക്ക്‌ വിജയിക്കില്ല. പറയാന്‍ ഒരു നേതാവില്ല, ജനങ്ങള്‍ക്ക് സ്വീകാര്യമായ ഒരു നേതാവ്. മോദിയുടെ പ്രഭാവം കൊണ്ടുമാത്രം കാര്യമില്ല. പണ്ട് കരയില്‍ നിന്നു കളികാണേണ്ടിയിരുന്ന ഗതികേടായിരുന്നെങ്കില്‍ ഇപ്പോള്‍ കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞു എന്ന നേട്ടത്തിന് മോദി പ്രഭാവം ഉപകരിക്കപ്പെട്ടെങ്കിലും മുന്നോട്ടുപോകാന്‍ ഇവിടെ നിന്നാരെങ്കിലും തന്നെ വേണം. അതിനൊത്തൊരാളില്ല, കുമ്മനം പോലും ഒരു മിസ് ചോയ്‌സ് ആയിരുന്നുവെന്ന തോന്നലാണ് കേന്ദ്ര നേതൃത്വത്തിന്.

രണ്ടു വഴികളാണ് ബിജെപി നേതൃത്വം ആലോചിച്ചത്, ഒന്ന് അവരുടെ ഉത്തരേന്ത്യന്‍ പ്ലാന്‍. അതു പക്ഷേ വര്‍ക് ഔട്ട് ആവുക പ്രയാസമാണ്. എന്നാലും അതിനായി ശ്രമിക്കുകയും വിജയത്തിനായി കാത്തിരിക്കുകയും ചെയ്യുക. രണ്ട് കേരളത്തിന്റെ സ്വഭാവമനുസരിച്ച് പെരുമാറുക. അതിനാണവര്‍ക്ക് ആളില്ലാത്തതും. അകത്തുള്ളവരെ വിട്ടു പുറത്തുള്ളവരെ കണ്ടെത്താന്‍ തുടങ്ങിയതും അല്‍ഫോന്‍സ് കണ്ണന്താനവും സുരേഷ് ഗോപിയുമെല്ലാം വന്നു ചേരുന്നതും ആ അന്വേഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഷായോ മോദിയോ കരുതിയതുപോലെ ഗുണം ചെയ്യുന്നവരെ ഇതുവരെ അവര്‍ക്ക് കിട്ടിയില്ല. വീണ്ടും റിക്രൂട്ട്‌മെന്റിന് ശ്രമിക്കാനാണ് സംസ്ഥന നേതൃത്വത്തോട് ആവശ്യപ്പെട്ടത്. പലരെയും സമീപിച്ചെങ്കിലും അനുകൂലമായ മറുപടി കിട്ടുന്നില്ല എന്നു പറഞ്ഞ് പരുങ്ങുകയാണ് കേരള നേതാക്കള്‍.

ബിജെപിയിലേക്ക് വരുന്നതിന് പ്രത്യയശാസ്ത്രപരമായോ യുക്തിപരമായോ എതിര്‍പ്പുണ്ടായിട്ടല്ല, വന്നാല്‍ ഞങ്ങള്‍ക്കെന്ത് തരും എന്ന ചോദ്യത്തിന് മറുപടി പറയാന്‍ തങ്ങള്‍ക്കാവില്ലല്ലോ, പറയേണ്ടവര്‍ നിങ്ങളല്ലേ എന്നാണ് ഭയഭക്തി വിടാതെയെങ്കിലും സംസ്ഥാന നേതാക്കള്‍ തിരിച്ചു ചോദിക്കുന്നത്. അവര്‍ ഇങ്ങോട്ടു വരുമ്പോള്‍ മാന്യമായൊരു കസേര ഇട്ടുകൊടുക്കേണ്ടേ, ഇരുന്നുണ്ട് ശീലിച്ചവനെയാണ് വിളിച്ചു കൊണ്ടുപോരാന്‍ നോക്കുന്നത്, അവന്‍ വന്നുകേറുമ്പോള്‍ എവിടെയെങ്കിലുമൊന്ന് ഇരുത്താന്‍ ഇടമില്ലെങ്കിലോ? ഇതൊരുതരം കൊടുക്കല്‍ വാങ്ങല്‍ അല്ലേ, തനിക്കെന്ത് കിട്ടുമെന്ന് നോക്കിയിട്ടു രാഷ്ട്രീയം പറയാമെന്നു ഡീല്‍ പറയുന്നവരോട് ഞങ്ങള്‍ക്ക് ഇടപെടാന്‍ പരിമിതികളുണ്ട് എന്നു പറഞ്ഞ പാര്‍ട്ടി നേതാവിന്റെ വാക്കുകളില്‍ ഇപ്പോള്‍ സംസ്ഥാന നേതൃത്വം അനുഭവിക്കുന്ന മുഴുവന്‍ നിരാശയും അടങ്ങിയിരുന്നു. സുരേഷ് ഗോപിക്ക് എംപി സ്ഥാനം കൊടുത്തതും തുഷാറിനും കൂട്ടര്‍ക്കും സ്ഥാനങ്ങള്‍ കൊടുക്കാമെന്നു പറഞ്ഞു കൊണ്ടിരിക്കുന്നതും മാത്രമാണ് ഇത്തരം ഡീലുകളില്‍ തങ്ങള്‍ക്ക് ആകെ പറയാനുള്ളതെന്നും സംസ്ഥാനത്തെ പാര്‍ട്ടിക്കാര്‍ നിസ്സഹായതയോടെ കൂട്ടിച്ചേര്‍ക്കുന്നു.

"</p

സംസ്ഥാനത്തു നിന്നുള്ളവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അറിയാം, എങ്കിലും അവരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചു കൊടുക്കുകയും അതിനനുസരിച്ചുള്ള ഫലം കിട്ടാതിരിക്കുകയും ചെയ്താല്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് മോദിയേയും ഷായേയും പുതിയ സ്ഥാനമാനങ്ങളൊന്നും ആര്‍ക്കും കൊടുക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്യും, മികച്ച പ്രകടനം നടത്തിയാല്‍ അത് നടപ്പിലാക്കും. കേരളത്തിലെ നേതാക്കള്‍ക്ക് ഇപ്പോഴും ഡല്‍ഹി അപ്രാപ്യമായിരിക്കുന്നതിന്റെ കാരണവും അതൊക്കെ തന്നെ.

ഇവിടെയാണ് ടി പി സെന്‍കുമാര്‍ പോലെയുള്ളവരുടെ സര്‍പ്രൈസ് എന്‍ട്രി. അര്‍ജ്ജുനന്റെ ആവനാഴിയില്‍ ഒരുവിധപ്പെട്ട അസ്ത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും കര്‍ണനെ വീഴ്ത്താന്‍ കൃഷ്ണന്റെ ചതിയാണ് ഉപകാരപ്പെട്ടത്. അതുപോലെയാണ് മോദിയും ഷായും പയറ്റുന്ന തന്ത്രങ്ങളും. അനുദിനമെന്നോണം അപഹാസ്യരായി മാറുന്ന കേരള നേതാക്കളെക്കൊണ്ട് ജനങ്ങളെ സ്വാധീനിക്കാമെന്ന മണ്ടത്തരത്തില്‍ നിന്നും അവര്‍ എന്നേ മുക്തരായി. ജനങ്ങള്‍ വിശ്വസിക്കുന്ന ഒരാളെ കണ്ടെത്തി(സുരേഷ് ഗോപി മോഡല്‍ അല്ല) പാര്‍ട്ടി മുഖമായി അവതരിപ്പിക്കും; നിഷേധിക്കാന്‍ പറ്റാത്ത സമ്മാനങ്ങള്‍ നല്‍കി. ഡീലിന് ഒകെ പറയുന്നവരെ സ്വാഗതം ചെയ്യാനും വീട്ടില്‍ പോയി ക്ഷണിക്കാനുമൊക്കെയുള്ള അവസരം കേരളത്തിലെ നേതാക്കള്‍ക്കു നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍