UPDATES

ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ നിന്നും ആറു കോടി തട്ടിയെടുത്ത പൊലീസുകാര്‍ കൊച്ചിയില്‍ വന്നത് ഒത്തുതീര്‍പ്പ് ശ്രമത്തിനോ?

പഞ്ചാബില്‍ നിന്നും മുങ്ങിയശേഷം പല സംസ്ഥാനങ്ങളിലും മാറി മാറി കഴിഞ്ഞശേഷമാണ് ജോഗീന്ദറും രാജ്പ്രീതും കേരളത്തില്‍ എത്തുന്നത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനും ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസ് ജനറാളുമായ ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ നിന്നും ആറുകോടി രൂപ പഞ്ചാബ് പൊലീസിലെ രണ്ടു അസി. സബ് ഇന്‍സ്‌പെക്ടര്‍മാര്‍ തട്ടിയെടുത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പണം തട്ടിയെടുത്ത എഎസ്‌ഐമാരായ രാജ്പ്രീത് സിംഗിനെയും ജോഗീന്ദര്‍ സിംഗിനെയും കൊച്ചിയില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇവര്‍ എന്തിന് കൊച്ചിയില്‍ എത്തിയെന്നൊരു ചോദ്യം അറസ്റ്റിനു പിന്നാലെ ഉയര്‍ന്നിരുന്നു.

തങ്ങള്‍ കുടുങ്ങിയെന്നു മനസിലാക്കിയ രാജ്പ്രീതും ജോഗീന്ദറും ഫാ. ആന്റണി മാടശ്ശേരിയുമായി ബന്ധപ്പെട്ടവരെ കണ്ട് പണം തിരിച്ചു നല്‍കി തങ്ങള്‍ക്കെതിരേയുള്ള പരാതി പിന്‍വലിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിന് ശ്രമിക്കാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

എറണാകുളം കാലടിയിലെ കൊറ്റമം സ്വദേശിയാണ് ഫാ. ആന്റണി മാടശ്ശേരി. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഇവിടെയുണ്ട്. ഇവരെ കണ്ട് സംസാരിക്കാനാണോ, അതോ ഫാ.മാടശ്ശേരിയുമായി ബന്ധമുള്ള വൈദികരെയോ സഭാനേതൃത്വങ്ങളിലുള്ളവരെയോ കാണാനാണോ പ്രതികള്‍ എത്തിയതെന്നതില്‍ തീര്‍ച്ചയില്ലെങ്കിലും രണ്ടുപേരും കൊച്ചിയിലേക്ക് വന്നതിനു പിന്നില്‍ ഇങ്ങനെയൊരു ഒത്തുതീര്‍പ്പ് ശ്രമം തന്നെയണെന്നാണ് സൂചന.

പഞ്ചാബില്‍ നിന്നും മുങ്ങിയശേഷം പല സംസ്ഥാനങ്ങളിലും മാറി മാറി കഴിഞ്ഞശേഷമാണ് ജോഗീന്ദറും രാജ്പ്രീതും കേരളത്തില്‍ എത്തുന്നത്. വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതിയെങ്കിലും അത് നടക്കാതെ വന്നതോടെയാണ് കൊച്ചിയില്‍ എത്തിയതെന്നും കരുതുന്നു. പഞ്ചാബ് പൊലീസിലെ ഐജി പി കെ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം കേരള പൊലീസിന്റെ സഹായത്തോടെയാണ് രാജ്പ്രീതിനെയും ജോഗീന്ദറിനെയും പിടികൂടുന്നത്.

അറസ്റ്റിലായ ജോഗീന്ദറിനെയും രാജ്പ്രീതിനെയും മൊഹാലിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. അസി. സബ് ഇന്‍പെക്ടര്‍മാര്‍ക്കൊപ്പം അഞ്ചു പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇവര്‍ പ്രതികള്‍ തട്ടിയെടുത്ത പണം സൂക്ഷിച്ചവരാണെന്നാണ് കരുതുന്നത്. തട്ടിയെടുത്ത 6. 65 കോടിയില്‍ നിന്നും 2.38 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. പല വ്യക്തികളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. നിര്‍മല്‍ സിംഗ് എന്നയാളില്‍ നിന്നും ഒരു കോടി കണ്ടെടുത്തപ്പോള്‍ സുരീന്ദര്‍പാല്‍ എന്നയാളില്‍ നിന്നും 40 ലക്ഷവും മൊഹദ് ഷക്കീല്‍ എന്നയാളില്‍ നിന്നും 20 ലക്ഷവും അമ്രിക് സിംഗ് എന്നയാളില്‍ നിന്നും 30 ലക്ഷവും ദേവേന്ദ്ര കുമാര്‍ എന്നയാളില്‍ നിന്നും 18 ലക്ഷവും എന്ന കണക്കിലാണ് 2.38 കോടി രൂപ കണ്ടെത്തിയത്. മൂന്നുകോടി രൂപ രാജ്പ്രീതിന്റെ അമേരിക്കയിലുള്ള ഒരു ബന്ധുവിന്റെ അകൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. ഹരിയാന സ്വദേശിയായ ഒരു വ്യക്തിയുടെ ഫ്രാന്‍സിലുള്ള അകൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്. ഈ വിവരം പ്രതികള്‍ മൊഴിയായി നല്‍കിയതാണ്. ഈ തുകകള്‍ ബാക്കി ഏഴു ദിവസത്തിവനുള്ളില്‍ കണ്ടെത്തുമെന്നുമാണ് പ്രത്യേക അന്വേഷണസംഘ തലവന്‍ എ ഐ ജി(ക്രൈം) രാകേഷ് കൗശല്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. അഞ്ചു ദിവസത്തേക്ക് രാജ്പ്രീതിനെയും ജോഗീന്ദറിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് ഫാ. ആന്റണി മാടശ്ശേരിയും മറ്റു ചിലരും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ പരിശോധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് 16.67 കോടി പിടിച്ചെടുത്തത്. ഈ പണത്തില്‍ നിന്നാണ് ജോഗീന്ദറും രാജ്പ്രീതും 6.65 കോടി രൂപ തട്ടിയെടുത്തത്. റെയ്ഡില്‍ പിടികൂടിയ തുകയില്‍ 6.65 കോടി രൂപ ഖന്നയിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചുമതലപ്പെടുത്തിയത് രാജ്പ്രീത് സിംഗിനെയും ജോഗീന്ദര്‍ സിംഗിനെയും ആയിരുന്നു. തുകയുമായി പോകുന്ന വഴിയാണ് ഇരുവരും പണം തട്ടുന്നത്. പിടിച്ചെടുത്തിരിക്കുന്നത് അനധികൃത പണമാണെന്നും പരാതിയും കേസും ഇതിനു പിന്നാലെ ഉണ്ടാകില്ലെന്നും കരുതിയാണ് പണം തട്ടാന്‍ തീരുമാനിച്ചത്. ഏതാനും ലക്ഷങ്ങള്‍ മാത്രം എടുക്കാനായിരുന്നു ആദ്യത്തെ ആലോചനയെങ്കിലും എങ്കിലും പിന്നീടാണ് മൊത്തം തുകയും കൈക്കലാക്കാമെന്ന തീരുമാനത്തില്‍ എത്തിയത്. പഞ്ചാബ് പൊലീസ് ഐജി പി കെ സിന്‍ഹയാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തന്റെ പക്കലില്‍ നിന്നും പണം പിടികൂടിയത് നിയമവിരുദ്ധമാണെന്നു കാണിച്ച് ഫാ. ആന്റണി മാടശ്ശേരി പരാതിയുമായി വന്നതോടെയാണ് ജോഗന്ദറിന്റെയും രാജ്പ്രീതിന്റെയും പദ്ധതികള്‍ പൊളിയാന്‍ തുടങ്ങിയത്. പിറ്റേദിവസം പിടിച്ചെടുത്ത 16 കോടിയില്‍ നിന്നും 6.4 കോടി രൂപ കാണാതായ വിവരം ലുധിയാന ഡിഐജി ആര്‍എസ് ഖത്രി ഔദ്യോഗികമായി സമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഫാ. ആന്റണി മാടശ്ശേരി വീണ്ടും പരാതിയുമായി എത്തിയതോടെയാണ് അന്വേഷണം ആരംഭിക്കുന്നതും അത് ജോഗീന്ദറിലേക്കും രാജ്പ്രീതിലേക്കും ചെന്നെത്തുന്നതും.

തങ്ങള്‍ പിടിക്കപ്പെടാമെന്നു മനസിലായതോടെയാണ് രാജ്യം വിടാന്‍ ജോഗീന്ദറും രാജ്പ്രീതും ചിന്തിച്ചത്. പക്ഷേ, ഇരുവരുടെയും പാസ്‌പോര്‍ട്ട് വീടുകളിലായിരുന്നു. അന്വേഷണ സംഘം ഇരുവര്‍ക്കുമെതിരേ തെരച്ചില്‍ ശക്തമാക്കുകയും ചെയ്തതോടെ ആ ശ്രമം നടക്കാതെ വന്നു. പിന്നീടാണ് പല പല സംസ്ഥാനങ്ങളിലായി ഇവര്‍ മാറി മാറി താമസിച്ചത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ജയ്പൂര്‍, മീററ്റ്, മുംബൈ എന്നിവിടങ്ങളില്‍ തങ്ങിയ പ്രതികളെ 33 ദിവസങ്ങള്‍ക്കു ശേഷമാണ് കൊച്ചിയില്‍ നിന്നും പിടികൂടുന്നത്.

അനധികൃതമായ പണം കൈവശം വച്ചിരിക്കുന്നുവെന്ന പരാതിയിലാണ് ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നും റെയ്ഡ് നടത്തി 16 കോടി രൂപ കണ്ടെത്തിയത്. എന്നാല്‍ ഈ പണം സഭയുടെ കീഴിലുള്ള സഹോദയ ഗ്രൂപ്പിന്റെ സ്‌കൂളുകളില്‍ സ്റ്റേഷനറി സാധനങ്ങളും യൂണിഫോമുകളും വാങ്ങാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും തുക ബാങ്കില്‍ അടയ്ക്കാന്‍ ഇരിക്കവെയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ പണം പിടിച്ചുകൊണ്ടു പോയതെന്നുമായിരുന്നു ഫാ. ആന്റണി മാടശ്ശേരിയുടെ വാദം. എന്നാല്‍ പിടിച്ചെടുത്ത പണത്തിന്റെ യഥാര്‍ത്ഥ കണക്കുകളും രേഖകളും ഹാജരാക്കാന്‍ ഫാ. മാടശ്ശേരിക്ക് ഇതുവരെ സാധിക്കാത്തതിനാല്‍ പൊലീസിന്റെ കൈവശമുള്ള തുക ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍