UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജീവനും ജീവിതവുമെടുത്ത് പ്രളയം; കേരളത്തിൽ കാലവർഷതാണ്ഡവം തുടരുന്നു

വ്യവസായ മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാസവസ്തുക്കൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇത് വൻ ദുരന്തത്തിന് കാരണമാകുമെന്നാണ് ആശങ്ക.

പ്രളയക്കെടുതിയിൽ നിന്നും കരകയറുന്നതിന് മുമ്പ് കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിച്ചു. ജനങ്ങളുടെ ജീവനും ജീവിതവുമെടുത്താണ് ഇക്കുറിയും മഴ ശക്തമാകുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു. നാല് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം കൊണ്ടോട്ടിയിൽ ഇന്നലെ രാത്രി വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 2 പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. ആറ് വയസുള്ള ഒരു കുഞ്ഞിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. കൈതക്കുണ്ട് അനീസ് (46), ഭാര്യ സുനീറ (34) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ മുബൈന് വേണ്ടിയുള്ള തിരച്ചിലാണ് ഊർജ്ജിതമായി നടക്കുന്നത്. ഇവരുടെ മൂത്ത രണ്ട് മക്കളെ രക്ഷപ്പെടുത്തി.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നിരിക്കുകയാണ്. സമീപകാലത്ത് ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഇതേ തുടർന്ന് ചപ്പാത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വണ്ടിപ്പെരിയാർ, ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേക്കാണ് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിച്ചേരുന്നത്. നിലവിൽ സെക്കൻഡിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്നും ഒഴുക്കിവിടുന്നത്. അതേ സമയം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 12 ലക്ഷം ലിറ്ററാണ്. അതിനാൽ തന്നെ ജലമൊഴുക്കിന്റെ അളവ് വർദ്ധിപ്പിക്കാനാണ് സാധ്യത. പെരിയാറിന്റെ തീരത്ത് ജനക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.

മൂന്നാറിൽ ലോഡ്ജ് തകർന്ന് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി മദനൻ ആണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഭവൻ ലോഡ്ജ് ആണ് തകർന്ന് വീണത്. മൂന്നാർ പള്ളിവാസലിലും മണ്ണിടിച്ചിലുണ്ടായി. വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവത്തിക്കുന്നതിന് കളക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലയ്ക്കൽ ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി ഒരു വൃദ്ധ മരിച്ചു.

എറണാകുളം ജില്ലയിലെ ജനങ്ങളോടും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രാസവസ്തുക്കൾ ഉൾപ്പെടെ സൂക്ഷിച്ചിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. ഇത് വൻ ദുരന്തത്തിന് കാരണമാകുമെന്നാണ് ആശങ്ക.

നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചു. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വിമാനത്താവളം അടച്ചിരിക്കുന്നത്. റൺവേയിൽ നിന്നും വെള്ളം വലിഞ്ഞില്ലങ്കിൽ രണ്ട് മണിക്ക് ശേഷവും വിമാനത്താവളം അടഞ്ഞുകിടക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തിരുവനന്തപുരത്തു നിന്നാണ് സർവീസ് ആരംഭിക്കുക.

പമ്പയിൽ വെള്ളം കയറിയതിനെ തുടർന്ന് ശബരിമല ഒറ്റപ്പെട്ടു. നദിയിലെ ജലനിരപ്പ് ഉയർന്ന് നടപ്പാതയിൽ വരെയെത്തിയിരിക്കുകയാണ്. റാന്നി, വടശേരിക്കട, കടപ്ര ഭാഗങ്ങളിൽ ജനങ്ങളെ ഒഴുപ്പിച്ചു. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തും കനത്ത മഴയാണ്. കരമനയാറിന്റെ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍