UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാരസമ്പന്നരായ സൈബര്‍ സാറന്‍മാര്‍ വായിച്ചറിയാന്‍

Avatar

അനഘ സി.ആര്‍

ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള പ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. സൈബറിടങ്ങളില്‍ നടക്കുന്ന സദുദ്ദേശ്യപരമായ ആശയ സംവാദങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. ചെറിയ തോതിലെങ്കിലും, ശരിയായ ദിശയിലുള്ള സാമൂഹ്യ ചലനത്തിന് അനുകൂല കാലാവസ്ഥയൊരുക്കാന്‍ പ്രാപ്തമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലുള്ള ചൂടന്‍ ചര്‍ച്ചകള്‍ എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞതുമാണ്. അതേസമയം, ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്ന് രൂപപ്പെടുന്ന വിലയിരുത്തലുകളും നിഗമനങ്ങളും പലപ്പോഴും വാസ്തവവിരുദ്ധവും ഒരുതരത്തിലും അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തതുമായ പൊള്ളയായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നവയാണ് എന്ന വസ്തുത കണ്ടില്ലെന്നു നടിക്കാനാവില്ല. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ സമ്മേളിക്കുന്ന ഒരിടം കൂടിയായതിനാല്‍ ഒരു വാര്ത്തയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാദപ്രതിവാദങ്ങള്‍ പലപ്പോഴും തീര്‍ത്തും അനാരോഗ്യകരമായ, അനാവശ്യ ചര്‍ച്ചകളിലേക്ക് വഴുതിവീഴുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. സ്പഷ്ടമായി പറഞ്ഞാല്‍ എന്തിനെയും ഏതിനെയും സദാചാരനിബദ്ധമായ ഒരു ചട്ടക്കൂടില്‍ നിന്നുകണ്ട് വിമര്‍ശനാത്മകമായി മാത്രം സമീപിക്കുകയെന്നത് ശീലമാക്കിയ ഒരു തലമുറയുടെ മോറല്‍ പോലീസ് കളിക്കുള്ള ഇടം കൂടിയായി പരിണമിച്ചിരിക്കുന്നു സോഷ്യല്‍ മീഡിയകള്‍. ശ്രദ്ധേയമായ വസ്തുത സദാചാരവാദികളുടെ ഈ മര്യാദ പഠനക്ലാസുകള്‍ക്ക് മിക്കപ്പോഴും ഇരകളാകേണ്ടിവരുന്നത് സ്ത്രീകളാണെന്ന സ്ഥിരം കാഴ്ചക്ക് ഓണ്‍ലൈന്‍ സ്‌പെയ്‌സിലും മാറ്റമില്ലെന്ന വസ്തുതയെ അടിവരയിടുന്നതാണ് സദാചാര സമ്പന്നമായ ഇത്തരം ചര്‍ച്ചകള്‍ എന്നതാണ്.

സമീപകാലത്ത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് മഞ്ജു വാര്യരുടെ മടങ്ങിവരവ്. ആദ്യം മുതല്ക്ക് ഇതുമായി ബന്ധപ്പെട്ട അഭിപ്രായ രേഖപ്പെടുത്തലുകള്‍ ശ്രദ്ധിച്ചവര്‍ക്ക് ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമ റിലീസാകാറായപ്പോഴേക്കും നല്ലൊരു ശതമാനമാളുകളുടെ സമീപനത്തിലുണ്ടായ മാറ്റം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ആശംസാ പ്രവാഹങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്ന കമ്മന്റ് ബോക്‌സുകള്‍ ശകാരവര്‍ഷങ്ങള്‍ക്ക് വഴിമാറുന്ന സ്ഥിതി വിശേഷമുണ്ടായി. ഒരു വനിതാ മാസികയില്‍ മഞ്ജു വാര്യരുടെ ഭര്‍ത്താവും കുട്ടിയുമൊത്തുള്ള അഭിമുഖം പ്രസിദ്ധീകരിച്ചു വന്നതിനു ശേഷമാണ് ഇത് പ്രകടമായിതുടങ്ങിയത് എന്നതാണ് വാസ്തവം. സിനിമ റിലീസ് ആകുക പോലും ചെയ്യുന്നതിന് മുന്‍പേ തുടങ്ങിക്കഴിഞ്ഞ ആക്ഷേപിക്കല്‍ മഞ്ജു വാര്യരുടെ പരാജയത്തിന്റെ തുടക്കമാണിത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. സിനിമയേയൊ അതിലെ മഞ്ജുവിന്റെ പ്രകടനത്തെയോ വിലയിരുത്താം, മോശമാണെങ്കില്‍ വിമര്‍ശിക്കാം. അതിനൊന്നും കാത്തുനില്ക്കാതെ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത എന്തോ മഹാഅപരാധം ചെയ്തവള്‍ എന്ന മട്ടില്‍ അവരെ ചിത്രീകരിക്കാനാണ് പലരും ഉത്സാഹിച്ചത്.

 

 

മഞ്ജു വാര്യര്‍ എന്ന നടിയുടെ അഭിനയ ചാതുരിയെക്കുറിച്ച് ഉപന്യസിക്കേണ്ട കാര്യമില്ല. വെറും മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ക്ക് ലഭിച്ച സ്വീകാര്യത മറ്റേതെങ്കിലും താരത്തിനു ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയില്ല. കാരണം ഇവിടെ വിഷയം സിനിമയോ അഭിനയമോ അല്ല. വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവിന്റെ ഇശ്ചയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതു മാത്രമാണ് അവര്‍ക്കെതിരെയുള്ള സകല വിമര്‍ശനങ്ങളുടെയും ആധാരം. ഒരു സ്ത്രീ, ഭര്‍ത്താവിന്റെ, കുടുംബത്തിന്റെ നിഴലില് നിന്ന് മാറി സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള ധീരത കാട്ടി എന്നത് തന്നെയാണിവിടുത്തെ സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. കുടുംബത്തെ നോക്കത്തവള്‍, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു വന്നവള്‍ തുടങ്ങിയ വിശേഷണങ്ങളില്‍ ഊന്നിയുള്ള വിമര്‍ശനങ്ങളുടെ പൊതുസ്വഭാവം അവയൊന്നും തന്നെ മഞ്ജു വാര്യര്‍ എന്ന സ്ത്രീക്ക്, ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നും മാറിക്കൊണ്ടുള്ള ഒരു വ്യക്തിത്വം അനുവദിച്ചു കൊടുക്കുന്നില്ല എന്നതാണ്.

 

ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ കുഞ്ഞിന്റെ അമ്മ എന്നതിലുപരി വളരെ കുറഞ്ഞ കാലം കൊണ്ട് നല്ല രീതിയില്‍ സ്വീകാര്യത ലഭിച്ച കലാകാരി എന്ന നിലയ്ക്ക് അവരെ അംഗീകരിക്കാനുള്ള വിമുഖത തന്നെയാണിവിടെ പ്രകടമാകുന്നത്. കുടുംബത്തെ നോക്കലും കുട്ടിയെ വളര്‍ത്തലും സ്ത്രീയുടെ മാത്രം ചുമതലയാണെന്നും അതില്‍ നിന്ന് മാറി സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മുതിരുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുക തന്നെ വേണമെന്നുമുള്ള അറുപഴഞ്ചന്‍ സ്ത്രീവിരുദ്ധ ചിന്ത സദാചാരത്തിന്റെ മേമ്പൊടിയോടെ ഉയിര്‍ത്തെഴുന്നേല്ക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണീ സംഭവം. അതുകൊണ്ടാണ് വിവാഹശേഷം തന്റെ കരിയറില്‍ നിരവധി അംഗീകാരങ്ങള്‍ ലഭിക്കാനിടയുണ്ടായിരുന്ന സമയത്ത് കുടുംബത്തിനുവേണ്ടി നീണ്ട പതിനാല് വര്‍ഷം ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയ ഒരു വലിയ കലാകാരിയുടെ ത്യാഗത്തെ (അത് ത്യാഗം തന്നെയാണ്) ബോധപൂര്‍വം മറന്ന് ഭാര്യ ജോലിക്ക് പോകുന്നതിലുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചയാളിനെ പിന്തുണച്ചു സംസാരിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയുന്നതും.

ബെസ്റ്റ് ഓഫ് അഴിമുഖം

സ്ത്രീ ഒറ്റയ്ക്ക് ജീവിച്ചാല്‍ ആര്‍ക്കാണു പ്രശ്നം? ഭൂപതിയുടെ ജീവിതം
സദാചാര മലയാളിയും ഇരട്ടത്താപ്പുകാരുടെ കേരളവും
മൂല്യ സൂക്ഷിപ്പുകാര്‍ അറിയേണ്ട കാര്യങ്ങള്‍
നാണമില്ലാത്ത മലയാളിയെ കുറുപ്പ് പഠിപ്പിക്കുന്ന പാഠങ്ങള്‍
വാ പൊത്തി ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചില ലിംഗവിചാരങ്ങള്‍

 

എന്തുകൊണ്ട് മഞ്ജു വാര്യര്‍ തന്നെ കുടുംബത്തെ നോക്കാന്‍ മാറി നില്ക്കണം? വിവാഹശേഷം അവരുടെ ഭര്‍ത്താവ് ഭാര്യയേയും നോക്കി വീട്ടിലിരുന്നാല്‍ മതിയായിരുന്നു എന്ന് ആരും ചോദിക്കുന്നില്ല എന്ന ചോദ്യത്തിനുള്ളിലാണ് മഞ്ജു വാര്യര്‍ ഭര്‍ത്താവിനെയും സേവിച്ച് അയാളുടെ സിനിമകളും കണ്ടു കയ്യടിച്ചാല്‍ മതിയെന്ന വാദത്തിലെ സദാചാരമുന തെളിഞ്ഞു കാണുന്നത്. അവര് ഒരു സ്ത്രീ, വിശേഷിച്ച് വിവാഹിതയായത് കൊണ്ട് തന്നെയാണ് അവരെടുത്ത സ്വതന്ത്രമായ ഒരു തീരുമാനത്തെ അങ്ങനെയങ്ങ് അംഗീകരിച്ചു കൊടുക്കാന് ഇവിടുള്ള സദാചാര പ്രമുഖര്‍ തയ്യാറാകാത്തതും അവരെ കുറ്റക്കാരിയാക്കി ചിത്രീകരിക്കാന്‍ പ്രേരിപ്പിച്ചതും. ആശ്വാസകരമായ വസ്തുത ഇത്രയധികം അപവാദ പ്രചരണങ്ങള്‍ക്കിടയിലും ‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയ്‌ക്കൊപ്പം മഞ്ജുവിന്റെ രണ്ടാം വരവും വന്‍ വിജയമായിത്തീര്‍ന്നിരിക്കുന്നുവെന്നത് തന്നെയാണ്. പ്രബലമായ പുരുഷാധിപത്യമൂല്യങ്ങള്‍ നിലനില്ക്കുന്ന ചലച്ചിത്ര സമൂഹത്തില്‍ ഒരു നടിയുടെ സാന്നിധ്യം കൊണ്ട് ഒരു സിനിമ ഇത്രയേറെ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ഒട്ടുംതന്നെ കുറച്ചു കാണാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങള്‍ പെട്ടെന്ന് പ്രതികൂലമാക്കാനുള്ള ചിലരുടെയെങ്കിലും ശ്രമത്തിനേറ്റ തിരിച്ചടിയായും സ്വതന്ത്രയായ ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഡ്യത്തിന്റെ വിജയം കൂടിയായും വേണമിതിനെക്കാണാന്‍.

 

മലയാളിയുടെ സദാചാരബോധം എക്കാലത്തും സ്ത്രീ സ്വതന്ത്ര്യത്തെയാണു ഉന്നം വയ്ക്കുന്നതെന്ന യാഥാര്‍ത്യത്തെ കുറച്ചുകൂടി വ്യകതമാക്കി തന്നതാണ് ശ്വേത മേനോനുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങള്‍. ഒരു ഉത്ഘാടന ചടങ്ങില്‍ അതിഥിയായി ക്ഷണിക്കപ്പെട്ട സിനിമാനടി അപമാനിക്കപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ സദാചാരം കുത്തിനിറച്ച അഭിപ്രായപ്രകടനങ്ങള്‍ പരന്നുതുടങ്ങി. അപമാനിതയായ ഒരു സ്ത്രീയെ പിന്തുണച്ചില്ലെന്നതോ പോകട്ടെ, കുറ്റം അവരില്‍ ചാര്‍ത്തിക്കൊടുക്കാന്‍ എത്ര വിചിത്രമായ വാദങ്ങളാണ് നമ്മളില്‍ പലരും മുന്നോട്ട് വച്ചത്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെക്കെത്തി ഗ്ലാമറസ് ആയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അവര്‍ ഒരിടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് മടങ്ങി വരികയും രണ്ടുതവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ ഒരു മികച്ച നടിയാണെന്ന് തെളിയിച്ച അവരെയും അങ്ങനെയങ്ങ് അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നതാണ് നമ്മുടെ മനോഭാവം. സാധാരണ നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന അല്‍പം ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തയ്യാറായി എന്നതാണ് ശ്വേത മേനോനില്‍ ആരോപിക്കപ്പെടുന്ന കുറ്റം. കാമറയുടെ മുന്നില്‍ എന്തുമാകമെങ്കില്‍ പിന്നെ ജീവിതത്തില്‍ അത്തരം അനുഭവങ്ങളുണ്ടായാല്‍ അതിലൊട്ടും അസ്വാഭാവികത തോന്നേണ്ടതില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

 

 

ഇത്തരത്തില്‍ ഒരു നടി കൈകാര്യം ചെയ്ത വേഷങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ സ്വഭാവശുദ്ധിയെ അളക്കുകയും അത് അവര്‍ക്കെതിരെയുണ്ടായ അപമാനിക്കലിനെ ന്യായീകരിക്കാനുള്ള ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തവരോട് ഒരു ചോദ്യം: സിനിമയില്‍ കള്ളനോ കൊലപാതകിയോ ആയി വേഷമിട്ട താരങ്ങളെ പൊതുസ്ഥലത്ത് വച്ച് ആരെങ്കിലും കൈകാര്യം ചെയ്താല്‍ നിങ്ങള് കയ്യുംകെട്ടി നോക്കിനില്ക്കുമോ? ബാലാത്സംഗി ആയി അഭിനയിച്ച ഒരാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിങ്ങള് പ്രതിഷേധ പ്രകടനം നടത്തുമോ? സ്ത്രീലംബടനായി അഭിനയിച്ച ഒരാളെ ജീവിതത്തിലും അത്തരത്തിലുള്ള ഒരാളായി മുദ്രകുത്താന്‍ നിങ്ങള്‍ തയ്യാറാകുമോ? പിന്നെന്തുകൊണ്ടാണ് കഥാനായിക ഒരു സ്ത്രീയാകുമ്പോള്‍ മാത്രം അവരുടെ തൊഴില്‍ ജീവിതത്തെയും വ്യക്തി ജീവിതത്തെയും തമ്മില്‍ കലര്‍ത്തി അര്‍ഹിക്കുന്ന ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്ന് പറയാന്‍ നിങ്ങള്‍ മുതിരുന്നത്? ഉത്തരം ലളിതമാണ്; പലപ്പോഴും നമ്മുടെ യാഥാസ്ഥിതിക സ്ത്രീസങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതും സാധാരണ നടിമാര്‍ കൈകാര്യം ചെയ്യാന്‍ മടിക്കുന്നതുമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആര്‍ജവം കാട്ടിയതിനാല്‍ ശ്വേത മേനോന്‍ സദാചാരവിരുദ്ധയാകുന്നു. അത്തരത്തിലുള്ള ഒരു സ്ത്രീയെ മര്യാദ പഠിപ്പിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമായി സ്വയം ഏറ്റെടുത്തിരിക്കുന്ന കുറെ സദാചാരദാഹികളുടെ വര്‍ദ്ധിച്ച ഓണ്‍ലൈന്‍ സാന്നിധ്യമാണ് ഈ വിഷയത്തിലും ഇരയെ കുറ്റക്കാരിയാക്കാനുള്ള പതിവ് ശ്രമങ്ങളെ കുറച്ചുകൂടി തീവ്രമാക്കിയത് എന്ന് വിലയിരുത്താം.

മറ്റൊരുദാഹരണം കൂടി പരിശോധിക്കാം. ഉത്തര്‍ പ്രദേശില്‍ കൂട്ട ബാലാത്സംഗങ്ങള്‍ തുടര്‍ക്കഥയാവുകയും സര്‍ക്കാര്‍ നിരുത്തരവാദപരമായ പ്രസ്താവനകളിറക്കി നിഷ്‌ക്രിയരായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ത്രീശരീരം ഒരു രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതിനെതിരെ കൊച്ചിയിലെ ‘സ്ത്രീകൂട്ടായ്മ’ വ്യത്യസ്തമായ ഒരു പ്രതിഷേധം സംഘടിപ്പിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആരോഗ്യകരമായ ചര്‍ച്ചകളിലേക്ക് നയിക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു സമരരീതിയുടെ സാധ്യതകളെ ബോധപൂര്‍വം കണ്ടില്ലെന്നു നടിച്ച് അനുബന്ധ ചര്‍ച്ചകളെ സദാചാരവഴിയിലേക്ക് തിരിച്ചു വിടുകയായിരുന്നു പലരുടെയും ഉദ്ദേശ്യം. ‘സ്ത്രീപീഡനത്തിനെതിരെ സ്ത്രീകള്‍ നഗ്‌നരായി പ്രതിഷേധിച്ചു’ എന്ന തലക്കെട്ട് കണ്ടയുടന്‍ കൂടുതലൊന്നും അന്വേഷിച്ചറിയാതെ അതിനെ നിന്ദ്യമായ ഒരു പ്രവൃത്തിയായി ചിത്രീകരിക്കുവാനാണ് സദാചാരകേരളം ഉത്സാഹിച്ചത്. ദിനംപ്രതി ഇത്രയധികം പെണ്‍കുട്ടികള്‍ ബാലാത്സംഗം ചെയ്യപ്പെട്ട് മൃഗീയമായി കൊലചെയ്യപ്പെടുന്നുണ്ടെന്നുള്ള വാര്‍ത്തകളോട് നിസ്സംഗരായി പ്രതികരിക്കുന്നവരാണ് അതിനെതിരെ പ്രതിഷേധിക്കാന്‍ പുതിയൊരു സമരരീതി പരീക്ഷിച്ചവരെ സദാചാരം പഠിപ്പിക്കാന്‍ സടകുടഞ്ഞെഴുന്നേറ്റതെന്നോര്‍ക്കുക. സ്ത്രീപീഡനങ്ങളെ ന്യായീകരിക്കാന്‍ ‘സ്ത്രീകളുടെ ശാരീരികപ്രകോപനം’ എന്ന ഒരു സംവാദവിഷയം തന്നെയുണ്ടാക്കി അതിനെക്കുറിച്ച് വാചാലരാകുന്ന ഒരു സമൂഹത്തില്‍നിന്ന് ഇതില്‍ കുറച്ചൊന്നും പ്രതീക്ഷിക്കാനും തരമില്ലലോ.

ഇവിടംകൊണ്ടൊന്നും തീരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ചുവടുറപ്പിച്ചു കഴിഞ്ഞ സദാചാരകൂട്ടങ്ങള്‍ രൂപകല്പന ചെയ്ത ഒരു ഓണ്‍ലൈന്‍ ഭരണഘടന തന്നെ നിലനില്ക്കുന്നുണ്ട് എന്ന് വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികള്‍ പ്രൊഫൈലില്‍ സ്വന്തം പടമിടാന്‍ പാടില്ല, പത്തുമണിക്ക് ശേഷം പച്ച വെളിച്ചത്തില്‍ വരാന്‍ പാടില്ല, പുരുഷന്മാരുമായി ചാറ്റ് ചെയ്യാന്‍ പാടില്ല എന്നിങ്ങനെ നീളുന്നു നിയമങ്ങള്‍. ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകള്‍ ഒരിക്കലും സ്വതന്ത്രമായ പോസ്റ്റുകളിടാന്‍ പാടില്ലെന്നതാണ്. അതിനു മുതിരുന്നവരെ വിലക്കുക എന്നതാണ് ആദ്യ നടപടി. പിന്മാറാന് ഭാവമില്ലെന്നു കണ്ടാല്‍ ഉടന് വരികയായി ചോദ്യം: ‘ഫെയ്ക്ക് ആണല്ലേ’. സ്വതന്ത്രമായി ചിന്തിക്കാനും അത് പ്രകടിപ്പിക്കാനും പ്രാപ്തരാണ് സ്ത്രീകള്‍ എന്ന് അംഗീകരിച്ചു കൊടുക്കാനുള്ള വൈമനസ്യം തന്നെയാണീ ചോദ്യത്തില്‍ പ്രതിഫലിക്കുന്നത്. ശ്രദ്ധേയമായ വസ്തുത ഈ നിയമങ്ങളെല്ലാം തന്നെ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങനെ പെരുമാറണം, എങ്ങനെ പെരുമാറാന്‍ പാടില്ല എന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുന്നവയാണെന്നതാണ്. പുരുഷന്മാരുടെ സ്വൈര്യവിഹാരത്തെ യാതൊരു വിധത്തിലും നിയന്ത്രിക്കാനോ, വിലക്കാനോ ആരും മുന്നിട്ടിറങ്ങിയതായി കാണുന്നില്ല. അവര്‍ക്ക് സ്ത്രീകളുടെ പടമെടുത്ത് മോര്‍ഫ് ചെയ്ത് ഇഷ്ടാനുസരണം ഉപയോഗിക്കാം, സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൌണ്ടുകള്‍ തുടങ്ങാം, അതില്‍നിന്ന് മറ്റു സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയക്കാം, മഞ്ജു വാര്യരെയും ശ്വേത മേനോനെയുമെന്നല്ല, പരിചിതയോ അപരിചിതയോ ആയ ഏതു സ്ത്രീയെക്കുറിച്ചും അപകീര്‍ത്തികരമായ പോസ്റ്റുകളിറക്കാം. ഇതിലൊന്നും ആരും സദാചാരവിരുദ്ധതയോ സംസ്‌കാരശൂന്യതയോ ആരോപിക്കുന്നില്ല എന്നതിനാല്‍ കൂടിയാണ് സൈബര്‍ സ്‌പേസില്‍പോലും സ്ത്രീകള്‍ തന്നെയാണ് സദാചാരചിന്തകളുടെ ഇര എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നത്.

 

 

രണ്ടു വിഷയങ്ങളാണിവിടെ പ്രസക്തമാകുന്നത്. ഒന്ന്, സദാചാരം എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും തഴച്ചുവളര്‍ന്ന് കൊണ്ടിരിക്കുന്ന കപട സദാചാരവാദം. രണ്ട്, ഇവിടെയും അത് ആത്യന്തികമായി സ്ത്രീയെ, അവളുടെ സ്വാതന്ത്ര്യബോധത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയുള്ളതാണ് എന്നത്. സ്ത്രീജീവിതവുമായി ബന്ധപ്പെട്ട എന്തിലും അനാവശ്യ കൈകടത്തല്‍ നടത്തി അവരെ തങ്ങളുടെ സ്വാധീനവലയത്തിനു വെളിയില്‍ പോകാതെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് ഭൂരിഭാഗം സദാചാരവാദികളുടേയും ഉദ്ദേശ്യമെന്നു തന്നെയാണ് പുതിയ സോഷ്യല്‍ മീഡിയ പ്രവണതകളും സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകള്‍ എന്തുചെയ്താലും അതിനെ സദാചാരത്തിന്റെ കണ്ണില്‍ക്കൂടി മാത്രം കണ്ടുവിലയിരുത്താന്‍ ഇത്തരക്കാര്‍ തയ്യാറാകുന്നതും. രാത്രി ബൈക്കില്‍ ഒന്നിച്ചു യാത്രചെയ്തുകൊണ്ടിരുന്ന സുഹൃത്തുക്കളായ യുവതീയുവാക്കളെ തടഞ്ഞു നിര്‍ത്തി ‘ഇത് ബംഗ്ലൂര്‍ അല്ല കേരളമാണ്’ എന്നാക്രോശിച്ച് മര്‍ദിച്ചവശരാക്കിയ സദാചാരസമ്പന്നരുടെ നാടാണിത്. ഇവിടെ രണ്ടു പുരുഷന്‍മാര്‍ ഒന്നിച്ച് ഏതു പാതിരാത്രിയില്‍ യാത്രചെയതാലും അത് സദാചാര വിരുദ്ധമാകാതിരിക്കുകയും ഒരു സ്ത്രീ ഒറ്റക്കോ സുഹൃത്തുകളുമായോ വൈകുന്നേരം ആറു മണിക്ക് ശേഷം (സുഹൃത്ത് പുരുഷനാണെങ്കില്‍ സമയം ഒരു വിഷയമേ അല്ല) പുറത്തിറങ്ങിയാല്‍ അത് സദാചാരവിരുദ്ധമാവുകയും ചെയ്യുന്നു. സ്ത്രീയുടെ സാന്നിധ്യവും അസാന്നിധ്യവും തന്നെയാണ് ഈ രണ്ടു സാഹചര്യങ്ങളെയും രണ്ടു രീതിയില്‍ സമീപിക്കാന്‍ മോറല്‍ പോലീസ് ചമഞ്ഞു നടക്കുന്നവരെ പ്രേരിപ്പിക്കുന്നത്.

 

സാഹചര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ സൈബറിടങ്ങളിലും ഇതില്‍ നിന്ന് വ്യത്യസ്ഥമായതൊന്നും സംഭവിക്കാന്‍ തരമില്ല. സദാചാരവാദികളുടെ വര്‍ദ്ധിച്ച ഓണ്‍ലൈന്‍ സാന്നിധ്യത്തെത്തന്നെയാണ് മുന്‍പ് പറഞ്ഞ ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നാട്ടിലെ സകല സ്ത്രീകളെയും നേര്‍വഴിക്കുനയിക്കാന്‍ വെമ്പല്‍കൊണ്ടിരിക്കുന്ന സദാചാരക്കൂട്ടങ്ങളുടെ അറിവിലേക്കായി പറയട്ടെ. സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും പ്രാപ്തിയുള്ളവരാണ് സ്ത്രീകള്‍. വ്യക്തിജീവിതത്തിലും തൊഴില്‍ ജീവിതത്തിലും ഏതുവഴി തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യവും അവര്‍ക്കുണ്ട്. ആ അവകാശം വിനിയോഗിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ സദാചാരവിരുദ്ധകളായി മുദ്രകുത്തുന്ന ഈ ഏര്‍പ്പാടിന് സോഷ്യല്‍ മീഡിയയിലും വലിയ പിന്തുണ ലഭിച്ചുവെന്ന് കരുതി ഇന്നാട്ടിലെ സകല സ്ത്രീകളുടെയും രക്ഷാകര്‍തൃത്വം നിങ്ങള്‍ ഏറ്റെടുക്കേണ്ടതില്ല. നിങ്ങളുടെ സദാചാരസമ്പന്നമായ ആരോപണങ്ങളോട് അതേ നാണയത്തില്‍ പ്രതികരിക്കുന്നില്ല എന്ന് കരുതി അത് സ്ത്രീകളുടെ വിധേയത്വമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. എങ്ങനെയെല്ലാം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും പൊരുതാന്‍ തയാറായി ഇറങ്ങിയ ഒരു സ്ത്രീയുടെ വീര്യം ചോര്‍ത്തിക്കളയുക അത്ര എളുപ്പമല്ല. വെല്ലുവിളികളെ സധൈര്യം നേരിടാനും അതിനെ അതിജീവിച്ചു വിജയം കൈപ്പിടിയിലൊതുക്കാനും തങ്ങള്‍ക്കുള്ള ആര്‍ജവം അവര്‍ തെളിയിച്ചു കഴിഞ്ഞതുമാണ്. അതുകൊണ്ട് നിങ്ങളുടെ സദാചാര സമ്പന്നമായ ഉപദേശങ്ങളുടെ അഭാവത്തില്‍ ഇന്നാട്ടിലെ സ്ത്രീകളെല്ലാം അസന്മാര്‍ഗികളായിപ്പോകുമോയെന്നു വ്യകുലപ്പെടേണ്ടതുമില്ല. സ്ത്രീകളുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം. അവരെ അവരുടെ വഴിക്ക് വിടുക. പെണ്ണുങ്ങളെയെല്ലാം മര്യാദ പഠിപ്പിക്കുകയെന്ന ഒരൊറ്റ ഉദ്ദേശ്യവുമായി സോഷ്യല്‍ മീഡിയകളെ സദാചാരചര്‍ച്ചകള്‍ക്കുള്ള ഒരിടംമാത്രമാക്കി തരംതാഴ്ത്താനുള്ള ഉദ്യമത്തില്‍നിന്ന്‍ ഇനിയെങ്കിലും പിന്മാറുകയാവും ഭംഗി. മാറിച്ചിന്തിക്കാന്‍ ഭാവമില്ലെങ്കില്‍ തുടരുക. ഏതായാലും നിങ്ങളുടെയീ ഓള്‍ഡ് ആന്‍ഡ് ന്യൂ ജെനെറെഷന്‍ സദാചാരചിന്തകള്‍ക്ക് വഴങ്ങിത്തരാന്‍ സ്ത്രീകള്‍ക്കിപ്പോള്‍ മനസ്സില്ല.

 

*Views are personal 

 

അഴിമുഖം പ്രസിദ്ധീകരിച്ച അനഘയുടെ മറ്റ് ലേഖനങ്ങള്‍

അത്രയൊക്കെ മതി; ശവക്കുഴീന്നു ഇവറ്റയൊന്നും എഴുന്നേറ്റുവരാന്‍ പോണില്ല

ചിരിപ്പിച്ച് കൊല്ലരുത്; പ്ലീസ്

ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ്- ഡോ.കെ ശാരദാമണി

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍