UPDATES

അഞ്ചു മിനിട്ട് വൈകിയാല്‍ 25 രൂപ ഫൈന്‍, ഐഎഫ്എഫ്‌കെയ്ക്കു പോയാല്‍ സസ്‌പെന്‍ഷന്‍; കേരളവര്‍മ്മ ഹോസ്റ്റലിലെ സദാചാരനിയമങ്ങള്‍

നിയമപോരാട്ടവുമായി വിദ്യാര്‍ത്ഥിനി

കേരളത്തിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നായ തൃശൂര്‍ കേരള വര്‍മ കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ സദാചാര നിയമങ്ങള്‍ക്കെതിരേ നിയമപോരാട്ടവുമായി വിദ്യാര്‍ത്ഥിനി. ഹോസ്റ്റലിലെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥിനികളെ കൂട്ടിലിടുവാനാണ് ഹോസ്റ്റല്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് കേരളവര്‍മ്മയിലെ മൂന്നാം വര്‍ഷവിദ്യാര്‍ത്ഥിനിയും ഹോസ്റ്റല്‍ താമസക്കാരിയുമായ അഞ്ജിത കെ ജോസ് പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അഞ്ജിത ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്. മറ്റെവിടെയുമില്ലാത്ത കര്‍ശന സദാചാര നിയമങ്ങളാണ് അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിരവധി തവണ കുട്ടികള്‍ പരാതി നല്‍കിയെങ്കിലും തികഞ്ഞ നിഷ്‌ക്രിയത്വമാണ് കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ഹോസ്റ്റലിന്റെ നിയമമനുസരിച്ച് വൈകിട്ട് 4.30 ആണ് പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കേറുവാന്‍ അനുവദിച്ചിരിക്കുന്ന സമയം. അതും ക്യാമ്പസിനുള്ളില്‍ ഉള്ളവര്‍ക്കു മാത്രം. ശേഷം ഇവിടെ പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസില്‍ പോലും ഇരിക്കാനുള്ള അനുവാദമില്ല. ലൈബ്രറി ടൈം പോലും ഇവിടെ 3.30 വരെയാണ്. ലൈബ്രറി സമയം കൂട്ടണമെന്ന് കുട്ടികളുടെ ആവശ്യം പോലും മാനേജ്‌മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ മാത്രമേ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ക്യാമ്പസിനു പുറത്തു പോകുവാനുള്ള അനുമതി ലഭിക്കുകയുള്ളൂ. അതും മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം 3.30 മുതല്‍ 6 മണി വരെ. ഇതിനിടയില്‍ ഒരു അഞ്ചു മിനിറ്റെങ്കിലും വൈകിയാല്‍ ഇരുപത്തഞ്ചു രൂപ ഫൈന്‍ അടക്കുകയും വേണം. അവധിദിവസങ്ങളിലോ ഞായറാഴ്ച്ചകളിലോ പോലും കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല. ഞായാറാഴ്ച്ചകളില്‍ പള്ളിയില്‍ പോകണമെങ്കില്‍ പോലും ആരെയെങ്കിലും കൂടെ കൂട്ടി മാത്രമേ പോകാവുള്ളൂ എന്നതാണ് നിയമം. ഇതൊക്കെ സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് എന്ന് കോളേജ് അധികൃതര്‍ പറയുമ്പോഴും ഈ നിയമങ്ങളൊക്കെ ലേഡീസ് ഹോസ്റ്റലിന് മാത്രമാണ് ബാധകം എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. സ്വന്തം ഇഷ്ടപ്രകാരം ഹോസ്റ്റലിനുള്ളില്‍ വസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാത്തത് എന്തു സുരക്ഷയുടെ പേരിലാണ് എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്. മെന്‍സ് ഹോസ്റ്റലില്‍ ഇത്തരം വിലക്കുകള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ആഹാരത്തിന്റെ കാര്യത്തില്‍ വരെയുണ്ട് ഈ വിവേചനം. മെന്‍സ് ഹോസ്റ്റലില്‍ നോണ്‍വെജ് ഭക്ഷണം ലഭിക്കുമ്പോള്‍ ലേഡീസ് ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ മാത്രമാണ് നല്‍കുന്നത്. അഞ്ജിത പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ പ്രിന്‍സിപ്പളുമായി ചര്‍ച്ച ചെയ്തശേഷമേ എന്തെങ്കിലും പ്രതികരിക്കാന്‍ കഴിയൂ എന്നുമാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നത്.

"</p

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനും കൃത്യമായ അതിര്‍വരമ്പുകര്‍ നിശ്ചയിച്ചിട്ടുണ്ട് ഇവിടെയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഹോസ്റ്റലില്‍ രാഷ്ട്രീയം സംസാരിക്കാന്‍ പാടില്ല എന്നാണ് നിയമം. കോളേജില്‍ നടക്കുന്നതല്ലാത്ത മറ്റൊരു പരിപാടിക്കും കുട്ടികള്‍ക്കു പങ്കെടുക്കുവാനുള്ള അനുമതി ലഭിക്കാറില്ല. അഥവ പഠനത്തിന്റെ ഭാഗമായി എവിടെയെങ്കിലും പോകണമെങ്കില്‍ തന്നെ ഡിപാര്‍ട്‌മെന്റ് മേധാവിയുടേയും ബന്ധപ്പെട്ട എല്ലാവരുടേയും അനുമതി വാങ്ങിയെങ്കില്‍ മാത്രമേ നടക്കുകയുള്ളൂ. അതല്ലാതെ ഇനിയിപ്പോ മറ്റെവിടേക്കെങ്കിലും കുട്ടികള്‍ക്ക് പോകണമെങ്കില്‍ അതിനുള്ള അവസരവും കുട്ടികള്‍ക്കില്ല. വീട്ടില്‍ അല്ലാതെ പുറത്തെവിടേക്കും പോകാന്‍ പാടില്ല എന്നതാണ് നിയമം. അതും ഹോസ്റ്റലിലെ ഹോം രജിസ്റ്ററില്‍ ഒപ്പു വെച്ചതിന് ശേഷം മാത്രം. ഇതില്‍ ഒപ്പിടാന്‍ മറന്നാലും ഉണ്ട് പത്തു രൂപ ഫൈന്‍. തൊട്ടടുത്തുള്ള സാഹിത്യ അക്കാദമിയിലേക്ക് പോകുവാന്‍ പോലും പലപ്പോഴും തങ്ങള്‍ക്ക് അനുമതി നല്‍കാറില്ലെന്നും കുട്ടികള്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്ന് ഐ ഐ എഫ് കെയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥിനികളെ പുറത്താക്കാനുള്ള നീക്കവും കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി വിദ്യാര്‍ത്ഥികളുടെ പരാതിയുണ്ട്. ഹോം രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം വീട്ടില്‍ പോകുന്നതിന് പകരം തിരുവനന്തപുരത്ത് പോയി എന്നതാണ് കുറ്റം. വീട്ടില്‍ നിന്നും മാതാപിതാക്കളെ കൊണ്ട് വന്ന് ഒരാഴ്ച്ചക്കകം മാപ്പ് പറഞ്ഞില്ലെങ്കില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കും എന്നതാണ് കോളേജിന്റെ തീരുമാനമെന്നാണു വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ സല്‍മത്ത് പറയുന്നത്. ഇത്തരത്തില്‍ മുമ്പും കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. കുറച്ച് നാള്‍ മുമ്പ് റൈറ്റ്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ചൈല്‍ഡ് റൈറ്റ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതിനും ഇത്തരത്തില്‍ മാതാപിതാക്കളെ വിളിച്ചു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നായി സല്‍മത്ത് പറയുന്നു. പ്രിന്‍സിപ്പള്‍ വളരെ മോശമായി തന്നെയാണ് അന്ന് ഞങ്ങളോട് സംസാരിച്ചതെന്നും സല്‍മത്ത് പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ പുറത്താനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ വീട്ടില്‍ പറയാതെ പോയതിനാല്‍ മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞിട്ടുള്ളൂ എന്നുമാണ് ഇതു സംബന്ധിച്ച് പ്രിന്‍സിപ്പള്‍ പ്രതികരിച്ചത്.

ഇത്തരത്തില്‍ നിരവധി തവണ പരാതികള്‍ നല്‍കിയതിനു ശേഷവും ഹോസ്റ്റലിലെ നിയമങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ലീഗല്‍ കളക്റ്റീവ് ഫോര്‍ സ്റ്റുഡന്റ്‌സ് എന്ന സംഘടനയുടെ സഹായത്തോടെ അഞ്ജിത ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Representation to the Principal (1)

സ്ത്രീപക്ഷ വിഷയങ്ങളില്‍ ശക്തമായി ഇടപെടുന്ന കേരളവര്‍മ കോളേജിലെ അദ്ധ്യാപിക കൂടിയായ ദീപ നിശാന്ത് അടക്കമുള്ളവരുടെ ശ്രദ്ധയില്‍ തങ്ങള്‍ നേരിടുന്ന അസ്വാതന്ത്ര്യങ്ങളും ലിംഗവിവേചനങ്ങളും പെടുത്തിയിട്ടും അവര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്നും വിദ്യാര്‍ത്ഥിനികള്‍ പരാതി പറയുന്നു. സ്ത്രീപക്ഷത്തു നിന്നു കൊണ്ടു സംസാരിക്കുന്നു എന്ന് പറയുമ്പോഴും സ്വന്തം ക്യാമ്പസിലെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ നിലപാടുകൊണ്ടെങ്കിലും അവരുടെ കൂടെ നില്‍ക്കുവാന്‍ ബാധ്യത തനിക്കുണ്ടെന്ന് ദീപ നിശാന്തിനെപ്പോലെ ഒരാള്‍ വിസ്മരിച്ച് കളയാന്‍ പാടുള്ളതല്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത് (ഈ വിഷയത്തില്‍ അഭിപ്രായം അറിയാന്‍ ദീപ നിശാന്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ കിട്ടിയില്ല. അവരുടെ അഭിപ്രായം കിട്ടുന്ന മുറയ്ക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും). പതിനെട്ടു വയസ്സു കഴിഞ്ഞ പെണ്‍കുട്ടികളുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഇത്തരത്തില്‍ കൈകടത്തുകയും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് അവരുടെ അവകാശങ്ങള്‍ക്ക് മേല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ എല്ലാവശത്തു നിന്നും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

"</p

പെണ്‍കുട്ടികള്‍ ഇരുട്ട് വീഴും വരെ ക്യാമ്പസില്‍ ഇരിക്കുന്നതുകൊണ്ടോ പുറത്തുപോവുന്നതു കൊണ്ടോ ഇല്ലാതാവുന്നതാണോ അവരുടെ സുരക്ഷ. പെണ്‍കുട്ടികളെ പുറത്തിറക്കാതെ പിടിച്ച് വെച്ചതുകൊണ്ടു മാത്രം അവരുടെ സുരക്ഷ പൂര്‍ണമാവുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് സുരക്ഷാപേടി കൊണ്ടല്ല നിങ്ങളുടെ ഉള്ളിലെ സദാചാരബോധം ഒന്നു മാത്രമാണ്. നിങ്ങളൊരുക്കുന്ന ആ സദാചാരസുരക്ഷ കൊണ്ടാണ് ഒന്ന് പ്രതികരിക്കുവാന്‍ പോലും കഴിയാതെ പലപ്പോഴും അവര്‍ക്ക് നില്‍ക്കേണ്ടി വരുന്നത്. അവരുടെ സുരക്ഷ അവരുടെ തന്നെ കൈകളിലാണെന്ന് മനസ്സിലാവാതെ പോവുന്നത്; കേരള വര്‍മയിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിന്നി പ്രകാശ്

വിന്നി പ്രകാശ്

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍