UPDATES

ട്രെന്‍ഡിങ്ങ്

ഷാജഹാന്റെ അമ്മയും സമരത്തിന്; അമ്മമാര്‍ സമരം ചെയ്യേണ്ടി വരുന്ന കേരളം

സമരത്തില്‍ നുഴഞ്ഞു കയറി മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാരോപിച്ചാണ് ഷാജഹാനെയും ഷാജര്‍ഖാനെയുമെല്ലാം കസ്റ്റഡിയില്‍വച്ചിരിക്കുന്നത്.

ഒരമ്മയും കൂടി തന്റെ മകനുവേണ്ടി സമരം ചെയ്യാന്‍ ഇറങ്ങുന്നു. കെ എം ഷാജഹാന്റെ അമ്മ. മറ്റൊരു അമ്മ, മരിച്ചുപോയ ഒരു പതിനെട്ടുകാരന്റെ അമ്മ- നിരാഹാര സമരം തുടങ്ങിയിട്ട്  മൂന്നു ദിവസമാകുന്നു.  കേരളത്തിലെ അമ്മമാരാണ് ഇപ്പോള്‍ ഈ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സമരരംഗത്തുള്ളത്.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും സ്വന്തം ഭാഗം ന്യായീകരിക്കാനും വിശദീകരിക്കാനും കഴിഞ്ഞേക്കാം, അതുകേട്ട് നമ്മള്‍ തന്നെയാണു ശരി എന്നു വിളിച്ചു പറയാന്‍ അണികളും സൈബര്‍ പോരാളികളും ഉണ്ടായേക്കാം. പക്ഷേ സാമാന്യജനത്തിനു മുന്നില്‍ ജിഷ്ണു പ്രണോയിയും ഇപ്പോള്‍ ഷാജഹാന്റെ അമ്മയുമെല്ലാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത സര്‍ക്കാരാണ് പിണറായി വിജയന്റെത്. അവരെ സംബന്ധിച്ചിത്തോളം സമരം ചെയ്യുന്നതും ചോദ്യം ചോദിക്കുന്നതും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റെത്. പിണറായി വിജയന്‍, പാര്‍ട്ടിയല്ല, ജനം. താങ്കളുടെ അളവ് പിഴയ്ക്കാം, താങ്കളുടെ പാര്‍ട്ടിക്കാരുടെ കണക്കുക്കൂട്ടലും. തെറ്റ് ചെയ്തവര്‍ക്ക് നീതിയും ആ തെറ്റിന്റെ ഇരകളായവര്‍ക്ക് നിന്ദയും; ഇതല്ല, ജനാധിപത്യം, ഇതല്ല കമ്യൂണിസം.

പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും അമ്മമാരുടെയുമെല്ലാം സര്‍ക്കാരായിരിക്കും ഇതെന്നായിരുന്നു പ്രചാരണം. അതേ സര്‍ക്കാരിന്റെ മുന്നിലാണ് തന്റെ മകന്‍ മരണപ്പെട്ട് 90 ദിവസം കഴിയുമ്പോഴും അതിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്ത പൊലീസിനെതിരെ ഒരമ്മ സമരം ചെയ്യുന്നത്. പറയാന്‍ ന്യായങ്ങളുണ്ടായിരിക്കും. മക്കള്‍ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപങ്ങളും സമരങ്ങളും കേരളം ആദ്യമായിട്ടല്ലല്ലോ കാണുന്നത്. അതിലെത്ര കണ്ണീരുകള്‍ വോട്ടാക്കി മാറ്റിയിട്ടുണ്ട്, എത്ര കണ്ണീരുകള്‍ അവഗണിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ, ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒരുപക്ഷേ ഭരണകൂടം തോറ്റുപോയേക്കാം. എങ്കില്‍ അതുണ്ടാക്കുന്ന മുറിവ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഭയാനകമായിരിക്കും.

ഏതു പകയുടെ പേരിലായാലും വൃദ്ധയായ മറ്റൊരു അമ്മയെ തെരുവിലിറക്കുന്നതിന് എന്തു ന്യായീകരണം പറയും മുഖ്യമന്ത്രി? കെ എം ഷാജഹാന്‍ ഒരുപക്ഷേ പലരുടെയും രാഷ്ട്രീയ എതിരാളി ആയിരിക്കാം, അയാള്‍ അബദ്ധപ്രചരണങ്ങളോ അസത്യങ്ങളോ ഇടയില്‍ പറഞ്ഞുപോയിട്ടുണ്ടാവാം. എന്നാല്‍ പകവീട്ടാനുള്ളതാണ് അധികാരം എന്നു ചിന്തിച്ചുപോകുന്നതിനേക്കാള്‍ അധഃപതനം ഒരു ഭരണാധികാരിക്ക് ഉണ്ടാകാനില്ലെന്നോര്‍ക്കണം. പത്തോ പതിനഞ്ചോ ദിവസം ഷാജഹാനെ ജയിലില്‍വച്ചാല്‍ എന്താണു കിട്ടാന്‍ പോകുന്നത്? അല്ലെങ്കില്‍ അതിനു തക്ക എന്തു തെറ്റാണു ഷാജഹാന്‍ ചെയ്തത്? സര്‍ക്കാരിനെതിരേ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നോ? ഒരു പൊതുപ്രവര്‍ത്തകന്, വേണ്ട, ഒരു സാധാരണ പൗരന് അവകാശമുണ്ട്, അവന്റെ മുന്നില്‍ കാണുന്ന ഒരു ജനകീയസമരത്തില്‍ പങ്കാളിയാകാന്‍. സമരത്തില്‍ നുഴഞ്ഞു കയറി മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന കുറ്റമാരോപിച്ചാണ് ഷാജഹാനെയും ഷാജര്‍ഖാനെയുമെല്ലാം കസ്റ്റഡിയില്‍വച്ചിരിക്കുന്നത്. പക്ഷേ അവര്‍ എന്ത് പ്രശ്‌നമാണ്, ഏതു തരത്തിലാണ് അത് സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നു മാത്രം പോലീസ് പറയുന്നില്ല, പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും പറയുന്നില്ല.

ഒരു സമരത്തില്‍ പങ്കെടുക്കാന്‍ സിപിഎം നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഒരുപക്ഷേ ഷാജഹാനു കാണില്ലായിരിക്കാം. പക്ഷേ ആലപ്പുഴയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്താന്‍ എല്‍ഡിഎഫിനു കാരണമായതെന്തോ അതേ സാമൂഹ്യബോധം ഷാജഹാനെ പോലുള്ള വ്യക്തികള്‍ക്കും ഉണ്ടായി പോയത് തെറ്റായി കാണരുത്. എകെജി സെന്ററില്‍ ഇരുന്നു പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നതു മാത്രമല്ല കേരളം, അതിനു വലിപ്പമുണ്ട്. പത്രപരസ്യംകൊണ്ടോ ചാനല്‍ ബൈറ്റുകള്‍ കൊണ്ടോ ന്യായീകരിച്ചാല്‍ മതിയാവില്ല. ഒരമ്മയുടെ പോരാട്ടത്തിന് ഒപ്പം നിന്നതിന് മറ്റൊരമ്മ കൂടി തെരുവില്‍ സമരത്തിന് ഇറങ്ങേണ്ടി വരുന്ന ഗതികേടിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ട് ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും ഈ സര്‍ക്കാരാണ് ശരി എന്നുമൊക്കെ പറഞ്ഞാല്‍ ജനം ചിരിച്ചു തള്ളും.

ഒരമ്മമാരും തെരുവില്‍ വലിച്ചിഴയയ്ക്കപ്പെടരുത്, ഒരമ്മമാരും അവരുടെ മക്കള്‍ക്കുവേണ്ടി തെരുവുകള്‍ തോറും അലഞ്ഞു തിരിയരുത്, അതാണു കരുതല്‍. മാതൃത്വത്തോടും സമൂഹത്തോടുമുള്ള കരുതല്‍; ആ കരുതല്‍ നഷ്ടപ്പെട്ട ഒരു ഭരണകൂടമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറരുത്. ആ അമ്മമാരുടേതു കൂടിയാണ് ഈ സര്‍ക്കാരെന്നു പറയൂ…

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍