UPDATES

ബീഫ് രാഷ്ട്രീയം

കശാപ്പ് നിയന്ത്രണം; കേന്ദ്രത്തിനെതിരേ കേരളവും കോടതിയിലേക്ക്

പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനും മന്ത്രിസഭ തീരുമാനം

കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെതിരേ കേരളം കോടതിയെ സമീപിക്കുന്നു. കേന്ദ്രത്തിന്റെ വിജ്ഞാപനം മറികടക്കാനാണു സംസ്ഥാനം കോടതിയുടെ സഹായം തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനം ഉണ്ടായി.

ഇന്നലെ മദ്രാസ് ഹൈക്കോടതി രണ്ടു സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ച് തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസും അയച്ചിട്ടുണ്ട്. ഉത്തരവില്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നകാര്യം നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്നും മദ്രാസ് ഹൈക്കോടതി അറിയിച്ചിരുന്നു. ഇത്തരമൊരു വിധി തമിഴ്‌നാട്ടില്‍ നിന്നും വന്നതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കും അനുകൂലമായ വിധി നേടിയെടുക്കാമെന്നാണു കേരളവും കരുതുന്നത്. നേരത്തെ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്ന കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ തീരുമാനം എടുക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കല്‍.

കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് വന്നതിനു പിന്നാലെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന ആദ്യത്തെ സംസ്ഥാനമായിരുന്നു കേരളം. ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റമാണ് ഇങ്ങനെയൊരു ഉത്തരവെന്നായിരുന്നു കേരളത്തിന്റെ ആക്ഷേപം. ഈ വിഷയം ഉന്നയിച്ചു കേരള മുഖ്യമന്ത്രി ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങള്‍ ബീഫ് ഫെസ്റ്റുകള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോവുകയാണ്. കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഇപ്പോള്‍ തമിഴിനാട്ടില്‍ അടക്കം പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളം ഇപ്പോള്‍ കോടതിയില്‍ പോകുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍