UPDATES

ട്രെന്‍ഡിങ്ങ്

നീണ്ടു വരുന്ന കൈകളെ നേരിട്ടിട്ടില്ലാത്ത ഏതെങ്കിലും പെൺകുട്ടിയുണ്ടോ കേരളത്തിൽ?

ബസ് അവസാന സ്റ്റോപ്പ് എത്തുംവരെ ഞാനൊരു കാഴ്ചവസ്തുവായി എന്നതൊഴിച്ച് യാതൊന്നും തന്നെ സംഭവിച്ചില്ല

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം.ദുബായിൽ ഡിസൈനറും കവിയുമായ ഹസ്ന ഉമ്മു ഖുൽസു പ്രതികരിക്കുന്നു.

സ്ത്രീ വിരുദ്ധാനുഭവങ്ങൾ വരുമ്പോൾ മാത്രം ചുടുന്ന ചർച്ചകളും ഘോര പ്രസംഗങ്ങളും പ്രാസമൊപ്പിച്ച പ്രതികരണങ്ങളും തന്നെയാണ് നമ്മുടെ തോൽവി. സ്ത്രീ ഒരു സമൂഹത്തിൽ എത്ര മാത്രം സുരക്ഷിതയാണെന്നറിയാൻ അവനവന് അറിവുള്ള സ്ത്രീകളുടെ അനുഭവങ്ങൾ മാത്രം മതിയായിരിക്കും. എന്റെ ദുരനുഭവങ്ങൾക്ക് വർഷങ്ങളോളം തന്നെ പഴക്കമുണ്ട്. ഇന്നും ബാലപീഡനം എന്ന വാർത്തകൾ വായിക്കുമ്പോൾ അത്രമാത്രം അസ്വസ്ഥമായി, പ്രതികരിക്കാൻ ഭയന്ന് പോയ എന്റെ തന്നെ മുഖമാണ് എനിക്കോർമ്മ വരിക. തെറ്റായ രീതിയിൽ തന്റെ ദേഹത്തെ സ്പർശിക്കുന്ന വിരൽത്തുമ്പിനെ പോലും പെൺകുട്ടികൾക്ക് തിരിച്ചറിയാനാവും എന്നത് എന്റെ അനുഭവമാണ്. 5 – 6 വയസ്സിൽ എന്റെ മാതാപിതാക്കൾക്കൊപ്പം ഓട്ടോയിൽ കയറിയ, അവർക്ക് വളരെ പരിചിതനും എനിക്ക് ഇന്നും തീർത്തും അപരിചിതനുമായ ആ മനുഷ്യൻ ആണ് ഈ ലോകത്തിന്റെ വൈകൃതം എനിക്ക് ആദ്യം മനസ്സിലാക്കി തരുന്നത്. ഒരു ചെറിയ പെൺകുട്ടി എന്ന രീതിയിൽ ഇന്നത്തെ അത്ര നിറം പിടിപ്പിച്ച കഥകൾ അന്നില്ലാത്തതു കൊണ്ടും അയാളോടുള്ള അടുപ്പം കൊണ്ടുമാവാം എന്നെ അയാളുടെ അടുത്തിരുത്തിയത്. ഏറിയാൽ പത്തു നിമിഷത്തെ യാത്രയിൽ അയാൾ ആരും അറിയാത്ത വണ്ണം എന്റെ കാൽവണ്ണയിലും കയ്യിലും അയാളുടെ പരുത്ത കൈ കൊണ്ട് ഉരസിയുണ്ടാക്കിയത് ഒരിക്കലും മായ്ച്ചു കളയാനാവാത്ത വെറുപ്പിന്റെ, വിദ്വേഷത്തിന്റെ ചിത്രങ്ങളാണ്. അയാളെ തിരിച്ചാക്രമിക്കാൻ, കയ്യെടുക്കടോ എന്ന് ഉറക്കെ പറയാൻ ഒരു കുട്ടിയായിരുന്നിട്ട് പോലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.

ഇതിന്റെ പിറകെ മറ്റൊരു കഥ കൂടി ഞാൻ അറിവുള്ളതായുണ്ട്. വെറും പത്തു വയസ്സുകാരിയായ ഒരു പെൺകുട്ടിയെ മുപ്പതു വയസ്സോളമുള്ള ഒരുത്തൻ ബ്രൂട്ടൽ ആയി ബലാത്സംഗത്തിനിരയാക്കി – ഇന്നത് ഒട്ടും പുതുമയുള്ള വാർത്തയല്ല. മൂടിവെക്കുന്നതിനു പകരം സധൈര്യം ആ കുടുംബം അതിനെതിരെ പ്രതികരിച്ചു, കേസ് ഫയൽ ചെയ്തു. പെൺകുട്ടി ആശുപത്രി കിടക്കയിൽ നിന്ന് തന്നെ നീചമായ സമൂഹത്തിന്റെ പ്രതികരണങ്ങൾ ഏറ്റു വാങ്ങാൻ തുടങ്ങി. കാഴ്ച വസ്‌തുവിനെ പോലെ സമൂഹം അവളെ നോക്കി കണ്ടു. അയാൾ പോലീസ് കസ്റ്റഡിയിൽ സുഭിക്ഷമായി ജീവിച്ചു. സമൂഹവും ഓരോ മാസവും കോടതിയും അവളെ മാറി മാറി തേജോവധം ചെയ്തു കൊണ്ടിരുന്നു. ഒരു പത്തു വയസ്സുകാരിയെ, അവളുടെ അനുഭവങ്ങളെ അവളുടെ താല്പര്യത്തോടെയുള്ള ലൈംഗികതയാക്കി ചിത്രീകരിക്കാൻ എളുപ്പമായിരുന്നു. കാരണം നമ്മുടെ നിയമവ്യവസ്ഥിതി അങ്ങിനെയാണ്. ഒരുവന് എതിരെ ഞാൻ ക്രിമിനൽ കേസ് ഫയൽ ചെയ്‌താൽ ഞാൻ മാത്രമാണ് ചോദ്യങ്ങളെ നേരിടേണ്ടി വരുന്നത്. ഒടുവിൽ നീതി തേടി ചെന്ന പെൺകുട്ടിയുടെ വീട്ടുകാർ പണം അയാൾക്ക് അങ്ങോട്ട് കൊടുത്ത്, ഞങ്ങൾക്ക് പരാതിയില്ല എന്ന് പറഞ്ഞു ആ നാടും വീടും വിറ്റു ദൂരേക്ക് താമസം പോലും മാറി…

ശക്തമായ പ്രതികരണങ്ങളിലൂടെയും നിയമ വ്യവസ്ഥയിലൂടെയും മാത്രമേ ഇങ്ങനെയുള്ള സാഹചര്യങ്ങൾ കുറക്കാനെങ്കിലും സാധിക്കൂ. നമ്മുടെ സമൂഹത്തിന്റെ മാനസിക നിലയെയാണ് ഞാൻ ഇന്നും പ്രതിക്കൂട്ടിൽ നിർത്തുന്നത്.

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഉമ്മയോടൊപ്പം കുന്നംകുളം വരെയുള്ള യാത്രയിലാണ് തെറ്റ് ചെയ്യുന്നവനേക്കാൾ പ്രതികരിക്കുന്നവരാണ് കൂടുതൽ തെറ്റുകാർ എന്നു വിശ്വസിക്കുന്ന നമ്മുടെ നാടിന്റെ ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാവുന്നത്. പുറത്തെ കാഴ്ചകൾ നോക്കിയിരുന്ന എന്നെ ആരോ തൊടുന്നുണ്ടെന്ന് തോന്നാൻ തുടങ്ങി. ആദ്യം അതെന്റെ തോന്നൽ തന്നെ ആവുമെന്ന് കരുതി. കൂടുതൽ ശ്രദ്ധയോടെ ഇരിക്കാൻ തുടങ്ങിയപ്പോൾ ഒന്നുമറിയാത്തതു പോലെ ബസിന്റെ സൈഡ് ഗാപ്പിലൂടെ പതിയെ ഒരു കൈ വരുന്നത് കണ്ടു. അടുത്ത നിമിഷം അവന്റെ കൈ ഞാൻ പിടിച്ചു ഇങ്ങോട്ടു വലിച്ചു, അവൻ അങ്ങോട്ടും. അവസാനം ഞാൻ എഴുന്നേറ്റു നിന്ന് ശക്തമായി ഷൗട്ട് ചെയ്യാൻ തുടങ്ങി. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ അവൻ മുഖം മറച്ചു സീറ്റിൽ കിടന്നു. ഞാൻ പ്രതികരിച്ചപ്പോൾ ആൺ, പെൺ സമൂഹത്തിലെ എല്ലാ മാന്യദേഹങ്ങളും എന്നെ കൺചിമ്മാതെ നോക്കി, ഞാനെന്തോ വലിയ പാതകം ചെയ്യുന്നു എന്ന മട്ടിൽ. അതല്ലാതെ എന്താണ് സംഗതി എന്ന് പോലും ചോദിക്കാനുള്ള ഔചിത്യം ഒരാളും കാണിച്ചില്ല. ബസ് അവസാന സ്റ്റോപ്പ് എത്തുംവരെ ഞാനൊരു കാഴ്ചവസ്തുവായി എന്നതൊഴിച്ച് യാതൊന്നും തന്നെ സംഭവിച്ചില്ല. ബസ്സിൽ യാത്ര ചെയ്യുന്ന ഓരോ പെൺകുട്ടികൾക്കും ഇങ്ങനെയുള്ള കഥകൾ ഉണ്ടായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഹസ്ന ഉമ്മു ഖുൽസു

ഹസ്ന ഉമ്മു ഖുൽസു

ദുബായിൽ ഡിസൈനറും കവിയുമാണ് ഹസ്ന ഉമ്മു ഖുൽസു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍