കൊടിയില്‍ മനഃപൂര്‍വം പേര് വയ്ക്കാഞ്ഞതോ മറന്നുപോയതോ എന്തായാലും അതൊന്നും ശരിയായ രീതിയല്ലെന്ന് പ്രിന്‍സിപ്പാല്‍; പാക് പതാക വീശിയിട്ടില്ല, നടക്കുന്നത് ദുഷ്പ്രചരണമെന്ന് എംഎസ്എഫ്
കോഴിക്കോട് പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പാകിസ്താന്‍ പതാക വീശിയെന്ന കേസില്‍ ഏഴ് എംഎസ്എഫ് പ്രര്‍ത്തകരെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ ഈ വിഷയത്തില്‍ പേരാമ്പ്ര പോലീസ് മുപ്പത് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കാന്‍ ശ്രമം, ജന്മനാടിനെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി ഐപിസിയിലെ 143, 147, 153, 149 വകുപ്പുകള്‍ പ്രകാരമാണ് എംഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് അഴിമുഖത്തോട് പറഞ്ഞു. വെള്ളിയാഴ്ച്ച കാമ്പസില്‍ നടന്ന പ്രകടനത്തിനിടയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പാക് പതാക വീശുന്നുവെന്ന പേരില്‍ പ്രചരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പേരാമ്പ്ര പോലീസ് സ്വമേധയാ കേസ് എടുത്തത്.
പോലീസ് അന്വേഷണത്തോട് കോളേജ് പൂര്‍ണമായി സഹകരിക്കുമെന്നും കുറ്റക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരേ മാതൃകപരമായ ശിക്ഷനടപടികള്‍ സ്വീകരിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും കോളേജ് മാനേജര്‍ തറുവൈ ഹാജി അഴിമുഖത്തോട് പറഞ്ഞു. “ഇന്നലെ ഈ സംഭവം നടക്കുമ്പോള്‍ കോളേജിന് അവധിയായിരുന്നു. രാത്രിയാണ് വിവാദം വലുതാകുന്നത്. അതറിഞ്ഞപ്പോള്‍ തന്നെ പ്രിന്‍സിപ്പാലിന് കത്തു കൊടുത്തു. ഇതോടൊപ്പം തന്നെ ഈ വിഷയത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി വാസ്തവമെന്തെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പോലീസ് സ്റ്റേഷനിലും കത്തു കൊടുത്തിട്ടുണ്ട്. പോലീസ് കോളേജില്‍ ഇന്നു രാവിലെ എത്തിയിരുന്നു. മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം ഇന്ന് രാവിലെ പ്രിന്‍സിപ്പാലിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി യോഗം ചേരുകയും ഏഴു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
അവരുടെ പതാകയാണെന്ന് എംഎസ്എഫ് പറയുന്നുണ്ടെങ്കിലും അവര്‍ പറയുന്നത് മാത്രം വിശ്വാസത്തില്‍ എടുക്കാന്‍ കഴിയില്ല. അവരെ മാത്രമായിട്ട് കേള്‍ക്കാനും മാനേജ്‌മെന്റിന് കഴിയില്ല. നമ്മള്‍ നിയമപരമായി തന്നെ മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. പോലീസ് അന്വേഷിക്കട്ടെ. പാക് പതാകയാണോ എംഎസ്എഫ് പതാകയാണോ എന്നത് അതിന്റെ നീളവും വീതിയുമൊക്കെ പരിശോധിച്ച് കണ്ടെത്തണം.
സത്യം പറഞ്ഞാല്‍ ഇന്നലെ വാര്‍ത്തകള്‍ വന്നപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഇവിടെ നടന്നെന്ന കാര്യം തന്നെ അറിയുന്നത്. പ്രകടനം നടത്തുമ്പോള്‍ ഓരോ സംഘടനകളും അവരവരുടെ കൊടികള്‍ കൊണ്ടുവരുമല്ലോ. അതൊന്നും നമ്മള്‍ സാധാരണ ശ്രദ്ധിക്കാറില്ല. ഇന്നലെ അധ്യാപകര്‍ കോളേജില്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഇക്കാര്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്തെങ്കിലും സൂചന കിട്ടിയാല്‍ മാത്രമല്ലേ നമ്മള്‍ ഇടപെടൂ.
എന്തായാലും ഈയൊരു സംഭവത്തോടെ ഇനിയൊരു സംഘടനയുടെയും പതാക ക്യാമ്പസില്‍ കൊണ്ടു വരേണ്ടെന്ന തീരുമാനം മാനേജ്‌മെന്റ് എടുക്കുകയാണ്. ഇത്തരം വിവാദങ്ങള്‍ കോളേജിന്റെ സല്‍പ്പേരാണ് നശിപ്പിക്കുന്നത്. സില്‍വര്‍ കോളേജില്‍ പാക് പതാക വീശിയെന്നാണ് വാര്‍ത്ത വരുന്നത്. അല്ലാതെ അത് വീശിയവന്റെ പേര് ആരും പറയില്ല. ഇപ്പോഴത്തെ സാഹചര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. രാജ്യം മുഴുവന്‍ ഈ വാര്‍ത്ത പരക്കും. ഇതൊക്കെ അറിഞ്ഞുകൊണ്ടു തന്നെ ഇത്തരം കളികള്‍ കളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തുനിയുന്നത് ഒട്ടും ശരിയല്ല. ഒരു സംഘടനയുടെ കൊടിയില്‍ അവരുടെ പേര് കാണും. പേരില്ലാത്ത കൊടി ആ സംഘടനയുടേതായി കണക്കാന്‍ കഴിയില്ല. മനഃപൂര്‍വം വയ്ക്കാഞ്ഞതോ മറന്നുപോയതോ എന്തായാലും അതൊന്നും ശരിയായ രീതിയല്ല. ലീഗിനോടും ഞങ്ങല്‍ പറഞ്ഞത്, ഈ ചെയ്തത് ഒട്ടും ശരിയായില്ലെന്നു തന്നെയാണ്. ഞങ്ങള്‍ക്ക് ഈ രാജ്യം തന്നെയാണ് വലുത്”, അദ്ദേഹം പറഞ്ഞു.
അതേസമയം പാക് പതാക വീശിയെന്ന ആരോപണം എംഎസ്എഫ് നിഷേധിച്ചു. സംഘടന പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ എംഎസ്എഫിന്റെ പതാകയാണ് ക്യാമ്പസില്‍ വീശി നടന്നതെന്നും എന്നാല്‍ ചില തത്പരകക്ഷികളാണ് ഇത് പാകിസ്താന്‍ പതാകയാണെന്ന തരത്തില്‍ പ്രചാരണം നടത്തിയതെന്നുമാണ് എംഎസ്എഫ് സംസ്ഥാന നേതൃത്വം പറയുന്നത്. പോലീസ് കേസ് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിയമപരമായി തന്നെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം പറയുന്നു.
ഈ വിവാദങ്ങളും കേസും എല്ലാം മനഃപൂര്‍വം ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ പുറത്താണെന്നാണ് എംഎസ്എഫ് പറയുന്നത്. ഈ വിഷയത്തില്‍ നിഷാദ് കെ സലീം നല്‍കുന്ന എംഎസ്എഫിന്റെ വിശദീകരണം: “പാകിസ്താന്റെ പതാക സില്‍വര്‍ കോളേജ് കാമ്പസില്‍ വീശിയിട്ടേയില്ല. അത് യാഥാര്‍ത്ഥ്യമാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചാം തീയതിയാണ് സില്‍വര്‍ കോളേജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന്റെ ഭാഗമായി ക്യാമ്പസില്‍ നടന്ന കലാശക്കൊട്ടിലാണ് കൊടി വിവാദം ഉണ്ടായിരിക്കുന്നത്. വാസ്തവത്തില്‍ അവിടെ ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതുപോലെ ഒന്നും നടന്നിട്ടില്ല. ഓരോ വിദ്യാര്‍ത്ഥി സംഘടനയും അവരുടെ കൊടി ഉയര്‍ത്തിപ്പിടിച്ചാണല്ലോ പ്രകടനം നടത്തുക. ഇത്തവണ എംഎസ്എഫ് പ്രവര്‍ത്തകര്‍ ആവേശം കൂട്ടുന്നതിനായി സംഘടനയുടെ ഒരു വലിയ പതാക പ്രകടനത്തില്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ചു. നമുക്ക് വാങ്ങാന്‍ കഴിയുന്ന കൊടികള്‍ക്ക് ഒരു നിശ്ചിത അളവ് ഉണ്ട്. അതിലും വലിയ ഒരു കൊടി വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ ആഗ്രഹിച്ചത്. കടയില്‍ നിന്നോ മറ്റാന്‍ വാങ്ങാന്‍ കഴിയില്ലാത്തതുകൊണ്ട് അവര്‍ തുണി വാങ്ങി കൊടി തയ്പ്പിച്ചെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ പച്ചയും വെള്ളയും തുണി വാങ്ങി തയ്ക്കാന്‍ കൊടുത്തു. തയ്ക്കുന്നയാള്‍ക്ക് എംഎസ്എഫിന്റെ പാതകയില്‍ രണ്ട് നിറങ്ങളുടെയും റേഷ്യോ അറിയില്ല. അതുകൊണ്ട് അയാള്‍ ഊഹം വച്ച് തയ്ക്കുകയായിരുന്നു. എംഎസ്എഫിന്റെ പതാകയുടെ കൃത്യമായ അളവിലും വലിപ്പത്തിലുമല്ലാത്ത പതാകയാണ് പ്രവര്‍ത്തകര്‍ പ്രകടനത്തിന് കൊണ്ടുവന്നത്. കൂടാതെ ആ പതാകയില്‍ എംഎസ്എഫ് എന്ന് എഴുതിയിട്ടുമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ അംഗീകരിക്കുന്നു.
ആ പതാക ഒരു വടിയില്‍ കെട്ടിയാണ് അവര്‍ ആദ്യം വീശിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമുണ്ട്. പക്ഷേ, എല്ലാവരും കൂടി പിടിച്ചു വലിച്ചു വന്നപ്പോള്‍ വടിയൊടിഞ്ഞുപോവുകയുണ്ടായി. അതോടെ പതാക കൈയില്‍ പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ നടന്നത്. ഇങ്ങനെ പിടിച്ചു നടക്കുമ്പോള്‍ പതാകയിലെ വെള്ളയും പച്ചയും നിറങ്ങള്‍ തമ്മിലുള്ള റേഷ്യോ കുറഞ്ഞിരിക്കുന്നത് വ്യക്തമായി മനസിലാകും. ഇതാണ് പാകിസ്താന്‍ പതാകയാണെന്ന പേരില്‍ ഒരു വിഭാഗം പ്രചരിപ്പിച്ചത്. പാകിസ്താന്റെ പതാകയും എംഎസ്എഫിന്റെ പതാകയും ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തിലെ തെറ്റിദ്ധാരണ മാറാവുന്നതേയുള്ളൂ. പാകിസ്താന്‍ പതാകയില്‍ വെള്ളയും പച്ചയും സമാന്തരമായാണ് ഉള്ളത്. എന്നാല്‍ എംഎസ്എഫ് പതാകയില്‍ വെള്ളയും പച്ചയും കുത്തനെയാണ് ഉള്ളത്. ഇക്കാര്യം മനസിലാക്കിയാല്‍ തന്നെ എംഎസ്എഫിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പ് ഇല്ലെന്നു വ്യക്തമാകും.
കേരളത്തിലെ കോളേജുകളില്‍ പാക് പതാക വീശി നടക്കേണ്ട യാതൊരു കാര്യവും എംഎസ്എഫിന് ഇല്ല. പേരാമ്പ്ര സില്‍വര്‍ കോളേജിലെ സംഘടന പ്രവര്‍ത്തകര്‍ മുകളില്‍ പച്ചയും താഴെ വെള്ളയുമുള്ള എംഎസ്എഫ് പതാകയുടെ പ്രതീകാത്മക രൂപം ക്യാമ്പസില്‍ കൊണ്ടുവന്നതു മാത്രമാണ് ഇവിടെ നടന്നിരിക്കുന്നത്. വടിയില്‍ കെട്ടിയ പതാക, വടി പൊട്ടിയപ്പോള്‍ പതാക കൈയില്‍ പിടിച്ചു നടന്നപ്പോള്‍ വെള്ള, പച്ച നിറങ്ങള്‍ സമാന്തരമായി പോയി. ഇതില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് എന്നത് വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ വയനാട്ടില്‍ ഉയര്‍ത്തിയ ലീഗ് പതാകയും സമാന ആരോപണത്തിന് വിധേയമായിരുന്നു. കൊല്ലത്ത കോളേജില്‍ കറുത്ത വേഷം ധരിച്ചു എന്നതിന്റെ പേരില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ഐഎസ് അനുകൂലികളാക്കിയും ഇവിടെ വിവാദങ്ങള്‍ പടര്‍ത്തിയിരുന്നു. അന്ന് കോളേജിലെ അതിഥിയായി എത്തിയ നടന്‍ സലീം കുമാര്‍ സത്യം എന്താണെന്നു പറയാന്‍ ഉണ്ടായതുകൊണ്ട് സമൂഹം യാഥാര്‍ത്ഥ്യം ഉടന്‍ തന്നെ തിരിച്ചറിഞ്ഞു. പേരാമ്പ്ര കോളേജിലേയും യാഥാര്‍ത്ഥ്യം ഇതുപോലെ വ്യക്തമാകും”- നിഷാദ് കെ. സലിം പറഞ്ഞു