UPDATES

വിദ്യാര്‍ത്ഥികളെ വെട്ടിത്തോല്‍പ്പിക്കുന്ന എംജി സര്‍വകലാശാല

തോറ്റവര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ ഇരട്ടിയോളം മാര്‍ക്ക് വ്യത്യാസത്തില്‍ വിജയം, നിശ്ചിത സമയത്തില്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നിരിക്കെ കാലതാമസമുണ്ടായത് ഒരുവര്‍ഷത്തിനടുത്ത്

മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം തങ്ങളുടെ ഭാവിക്ക് തിരിച്ചടി നേരിട്ടെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. 2015-2017 അധ്യായന വര്‍ഷത്തില്‍ എം ജി സര്‍വകലാശാലയ്ക്ക് കീഴില്‍ എംഎസ്ഡബ്ല്യു കോഴ്‌സ് ചെയ്ത വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്ത് വന്നത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ ഒരോ വിഷയങ്ങള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യ നിര്‍ണയത്തില്‍ വലിയ തോതില്‍ മാര്‍ക്ക് വ്യത്യാസത്തിലാണ് വിജയിച്ചിരിക്കുന്നത്. ഇതുകൂടാതെ, നിശ്ചിത സമയത്തിനുള്ളില്‍ പുനര്‍മൂല്യ നിര്‍ണയം നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് സര്‍വകലാശാല ചട്ടം ഉണ്ടെന്നിരിക്കെ(പരമാവധി 45 ദിവസം) പത്തുമാസത്തോളം വൈകിയാണ് തങ്ങള്‍ക്ക് മെമ്മോ കിട്ടിയതെന്നും ഈ കാലതാമസം മൂലം മാര്‍ക്ക് ലിസ്റ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് മുതലായവ കിട്ടാന്‍ ഇനിയും ഒരു വര്‍ഷത്തോളം കാലതാമസം തങ്ങള്‍ക്ക് നേരിടുമെന്നും ഇതുമൂലം കിട്ടേണ്ടിയിരുന്ന പല ജോലികളും നഷ്ടപ്പെടുകയും ഇനിയൊരു ജോലിക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വന്നു ചേരുന്നതുവരെ കാത്തിരിക്കേണ്ടതായ ഗതികേടാണ് ഉള്ളതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍വകലാശാലയുടെ ഭാഗത്തും നിന്നും ഉണ്ടായ പിഴവില്‍ തങ്ങളുടെ ഭാവിയാണ് തകര്‍ന്നതെന്നും ഈ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

മാന്നാനം കെ ഇ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന വന്ദന പറയുന്നത്; രണ്ടാം സെമസ്റ്ററില്‍ മറ്റു വിഷയങ്ങളില്‍ എല്ലാം തന്നെ മികച്ച മാര്‍ക്ക് ഉണ്ടായിട്ടും ഡവലപ്‌മെന്റ് കമ്യൂണിക്കേഷന്‍ എന്ന പേപ്പറിന് ഞാന്‍ പരാജയപ്പെടുന്നു. വണ്‍ വെയിറ്റേജ് ആണ് ആ പേപ്പറിന് എനിക്ക് കിട്ടിയത്. വല്ലാത്ത അമ്പരപ്പായിരുന്നു. ഏറ്റവും ആത്മവിശ്വാസത്തോടെ എഴുതിയ പേപ്പറായിരുന്നു ഡവലപ്‌മെന്റ് കമ്യൂണിക്കേഷന്‍. അതുകൊണ്ട് തന്നെ പരാജയപ്പെടാന്‍ ഒരു സാധ്യതയും ഞാന്‍ കണ്ടിരുന്നില്ല. പക്ഷേ, റിസള്‍ട്ടില്‍ ആ പേപ്പറിന് ഞാന്‍ തോറ്റിരിക്കുന്നു. തോറ്റ വിഷയങ്ങളില്‍ ഇംപ്രൂവ്‌മെന്റിന് സാഹചര്യമുണ്ട്. എന്നാല്‍ അതിന് തയ്യാറാകാതെ പുനര്‍മൂല്യനിര്‍ണയത്തിനാണ് ഞാന്‍ അപേക്ഷിച്ചത്. ആവശ്യപ്പെടുന്ന ഫീസ് അടച്ച് 2017 സെപ്തംബറോടെ ഞാന്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചു. എന്റെ ക്ലാസില്‍ തന്നെ ആറോളം കുട്ടികള്‍ ഇതുപോലെ പരാജയപ്പെടുകയും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. മറ്റു കോളേജുകളിലേയും എംഎസ്ഡബ്ല്യുക്കാര്‍ക്കും ഇത്തരത്തില്‍ അപ്രതീക്ഷിത പരാജയം നേരിടുകയും അവരെല്ലാം തന്നെ വീണ്ടും പേപ്പര്‍ പരിശോധിക്കാന്‍ അപേക്ഷിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ പുനര്‍മൂല്യനിര്‍ണയം നടത്തണം എന്നാണ് നിയമം. പക്ഷേ, ഞങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയം കഴിഞ്ഞുള്ള മെമ്മോ കിട്ടുന്നത് ഈ വര്‍ഷം മാര്‍ച്ചില്‍! പുനര്‍മൂല്യനിര്‍ണയം കഴിഞ്ഞപ്പോള്‍ തോറ്റ വിഷയം അറുപതു മാര്‍ക്കോളം വ്യത്യാസത്തില്‍ ജയിച്ചിരിക്കുന്നു! വണ്‍ വെയിറ്റേജ് ഉണ്ടായിരുന്നിടത്ത് രണ്ടര വെയിറ്റേജ്. ഇത്രയും മാര്‍ക്ക് വ്യത്യാസം എങ്ങനെയാണ് വരുന്നത്? പരീക്ഷ പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ മനുഷ്യരാണ്, സ്വാഭാവികമായ പിഴവുകളോ നോട്ടപിശകുകളോ സംഭവിക്കാം. പക്ഷേ, അറുപതു മാര്‍ക്കിന്റെയൊക്കെ വ്യത്യാസം വരുക എന്നു പറഞ്ഞാല്‍? എന്റെ കാര്യത്തില്‍ മാത്രമല്ല, പല വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്ക് ആദ്യം കിട്ടിയതിന്റെ ഇരട്ടിയോളമാണ് പുനര്‍മൂല്യ നിര്‍ണയത്തില്‍ കിട്ടിയിരിക്കുന്നത്. അപ്പോഴിതനെ വെറും നോട്ടപ്പിശക് എന്നു പറയാന്‍ കഴിയുമോ?

ഒരു ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ഉള്‍പ്പെടെ, ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നപ്പോഴും പല തവണ സര്‍വകലാശാലയിലെ പുനര്‍മൂല്യ നിര്‍ണയ വിഭാഗത്തില്‍ റിസള്‍ട്ട് വൈകുന്നതിന്റെ കാരണം അന്വേഷിച്ച് കയറിയിറങ്ങിയിട്ടുണ്ട്. അപ്പോഴൊന്നും കൃത്യമായൊരു മറുപടി തരാന്‍പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പിന്നീട് പറഞ്ഞത്, എന്റെ പേപ്പര്‍ ആദ്യം നോക്കിയപ്പോള്‍ മൂന്ന് വെയ്‌റ്റേജോളം ഉണ്ടായിരുന്നു, അതിനാല്‍ മൂന്നുനാലുവട്ടം പേപ്പര്‍ നോക്കേണ്ടി വന്നതുകൊണ്ടാണ് വൈകിയതെന്ന്. അതൊരു ന്യായീകരണമാണോ? അവര്‍ പറയുന്ന ഫീസ് മുഴുവന്‍ അടച്ചാണ് നമ്മള്‍ അപേക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ പുനപരിശോധന കഴിഞ്ഞ് റിസള്‍ട്ട് വന്നാല്‍ ആ വിവരം വിദ്യാര്‍ത്ഥികളെ അറിയിക്കേണ്ട ബാധ്യത സര്‍വകലാശലയ്ക്കുള്ളതാണ്. വിജയിച്ചാലും പുനര്‍മൂല്യ നിര്‍ണയത്തിന് അടയ്ക്കുന്ന ഫീസ് ഇപ്പോള്‍ തിരികെ തരുന്നതുപോലുമില്ല. എന്നിട്ടും ഇത്തരത്തില്‍ പെരുമാറുന്നത് എന്തുകൊണ്ടാണ്? ഇപ്പോള്‍ തന്നെ കിട്ടേണ്ടിയിരുന്ന ഒരു ജോലി നഷ്ടപ്പെട്ടു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നമ്മുടെ കൈവശം വന്നിട്ടില്ലല്ലോ.. അപേക്ഷിച്ചിട്ടുണ്ട്, പക്ഷേ അവ കിട്ടി വരുമ്പോള്‍ കാലതാമസം എടുക്കും. അപ്പോള്‍ ഇനിയും ഒരു ജോലി കിട്ടാനുള്ള എന്റെ കാത്തിരിപ്പ് നീളും. ആരാണ് ഇതിന്റെയെല്ലാം ഉത്തരവാദികള്‍? അതോ എല്ലാം വിദ്യാര്‍ത്ഥികള്‍ സഹിച്ചോളണം എന്നാണോ?

വന്ദനയുടെ അതേ അനുഭവം തന്നെയാണ് അറക്കുളം സെന്റ് ജോസഫ് കോളേജിലെ അനൂപും പങ്കുവയ്ക്കുന്നത്. അനൂപും രണ്ടാം സെമസ്റ്ററില്‍ ഒരു പേപ്പറിന് പരാജയപ്പെടുകയും പുനര്‍മൂല്യനിര്‍ണയത്തില്‍ ഇരട്ടി മാര്‍ക്കോളം നേടി വിജയിക്കുകയും ചെയ്തു. തോറ്റ പേപ്പറിന്റെ സപ്ലിമെന്ററി പരീക്ഷയും ഞാനെഴുതി. പുനര്‍മൂല്യ നിര്‍ണയത്തിനും സ്‌ക്രൂട്ടനിക്കും, ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും എല്ലാം ഫീസ് അടയക്കേണ്ടതാണ്. ഇതൊക്കെ ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കാരണമല്ല, സര്‍വകലാശാലയുടെ പിടിപ്പുകേടാണ്. വിദ്യാര്‍ത്ഥികളോട് ഒരുതരത്തിലുള്ള ഉത്തരവാദിത്വവും അവര്‍ക്കില്ലെന്നാണോ? ഒരു ജോലി കിട്ടുക എന്നത് എന്നെപ്പോലുള്ളവര്‍ എത്രവലിയ കാര്യമാണെന്നറിയാമോ? ഇനി സപ്ലിമെന്ററി പരീക്ഷയുടെ ഫലം വരാന്‍ സെപ്തംബര്‍ മാസമെങ്കിലും ആകും. അതു കഴിഞ്ഞാലാണ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ കഴിയുക. 2017 ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എനിക്ക് എംഎസ്ഡബ്ല്യുവിന്റെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഒരു ജോലിക്ക് അപേക്ഷിക്കണമെങ്കില്‍ ഇനി അടുത്തവര്‍ഷമേ കഴിയൂ എന്നു തോന്നുന്നു. എത്രവലിയ ദ്രോഹമാണ് ഞങ്ങളോട് അവര്‍ ചെയ്തിരിക്കുന്നതെന്ന് ചിന്തിക്കണം; അനൂപിന്റെ ചോദ്യമാണ്.

ഏകദേശം 20 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിലെ അപാകതമൂലവും സര്‍വകാശാലയുടെ മെല്ലെപ്പോക്ക് നയം മൂലവും തിരിച്ചടി നേരിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. എംഎസ്ഡബ്ല്യുക്കാര്‍ക്ക് മാത്രമല്ല, മറ്റ് ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പലരും പക്ഷേ, പരാതികളുമായി മുന്നോട്ട് വരുന്നില്ലെന്നാണ് അഴിമുഖത്തോട് ഈ വിവരം പങ്കുവച്ചവര്‍ പറയുന്നത്. ഇനി പരാതിപ്പെട്ടിട്ട് എന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. സര്‍വകലാശാലയെ പിണക്കിയാല്‍ തങ്ങള്‍ക്ക് ഇനിയെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നു ഭയക്കുന്നവരുമുണ്ട്. പക്ഷേ, സര്‍വകലാശാലയുടെ ഇത്തരം വിദ്യാര്‍ത്ഥിവിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ആരും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങള്‍ക്ക് പിന്നാലെ ഈ സര്‍വകലാശാലയില്‍ പഠിക്കാനും ഒരു ഭാവി സ്വപ്‌നം കണ്ടും എത്തുന്നവരോട് ചെയ്യുന്ന അനീതിയായിരിക്കും. അതുകൊണ്ട് ഞങ്ങള്‍ പ്രതിഷേധിക്കും, പ്രതികരിക്കും; അറക്കുളം സെന്റ് ജോസഫ് കോളേജില്‍ പഠിച്ചിരുന്ന സുജിത്ത് പറയുന്നു.

ഒന്നോ രണ്ടോ പേരുടെ കാര്യത്തിലായിരുന്നു ഈ പിഴവ് എങ്കില്‍ അത് മനഃപൂര്‍വമല്ലാതെ സംഭവിച്ചുപോയ അബദ്ധമായി കാണാം, എന്നാലിവിടെ ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് അവര്‍ തോല്‍പ്പിച്ചത്. പുനര്‍മൂല്യനിര്‍ണയത്തില്‍ ഉണ്ടായിരിക്കുന്ന മാര്‍ക്ക് വ്യത്യാസം ശ്രദ്ധിച്ചാല്‍ എത്രത്തോളം ഉത്തരവാദിത്വരഹിതമായാണ് ആ അധ്യാപകര്‍ ഞങ്ങളുടെ ഉത്തരക്കടലാസുകള്‍ നോക്കിയതെന്ന് വ്യക്തമാകും. ഇരട്ടിയിലേറെ മാര്‍ക്കുകളാണ് പുനപരിശോധനയില്‍ ഓരോ വിദ്യാര്‍ത്ഥിക്കും കിട്ടിയിരിക്കുന്നത്. സൗജന്യമായല്ല, പരീക്ഷപേപ്പര്‍ മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം അതിന് പ്രതിഫലം ഉണ്ട്. ഇങ്ങനെ കാശും വാങ്ങിച്ചിട്ട് കണ്ണുംപൂട്ടി പേപ്പര്‍ നോക്കി ശരിയായ ഉത്തരങ്ങളും വെട്ടി വിദ്യാര്‍ത്ഥികളെ തോല്‍പ്പിച്ച് അവരുടെ ഭാവി ഇല്ലാതാക്കുന്നത് എന്തിനാണ്? ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കുക തന്നെയാണ് വേണ്ടത്. പേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് സര്‍വകലാശാലയുടെ തന്നെ നിയമാണ്. എന്നിരിക്കിലാണ്, ഞങ്ങളുടെ കാര്യത്തില്‍ ഒരു വര്‍ഷത്തിനടുത്ത് കാലതാമസം ഉണ്ടാകുന്നത്. ഇതിന്റെ പേരില്‍ എത്ര തവണയാണ് ഞങ്ങളോരുരത്തരും സര്‍വകലാശാലയില്‍ കയറിയിറങ്ങേണ്ടി വരുന്നത്. ആരോടു ചോദിച്ചാലും ഉത്തരമില്ല, ഇവിടെയല്ല അവിടെ ചോദിക്കു, എനിക്കറിയില്ല, എന്നൊക്കെയാണ് മറുപടികള്‍. പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകരില്ലാതെ വന്നതുകൊണ്ടാണ് താമസിച്ചതെന്നും ഒരു ന്യായം. ഓരോ കോളേജിലേയും അധ്യാപകര്‍ കൃത്യമായി പേപ്പര്‍ നോക്കി അയച്ചുകൊടുത്ത കാര്യമൊക്കെ ഞങ്ങള്‍ക്ക് മനസിലായതാണ്. തോറ്റ വിഷയത്തില്‍ ഞങ്ങള്‍ ജയിച്ചിരിക്കുന്നു, ഇനിയതിന്റെ മെമ്മോയുമായി ചെന്ന് മാര്‍ക്ക് ലിസ്റ്റില്‍ ഇപ്പോള്‍ ഉള്ള മാര്‍ക്ക് തിരുത്തി പുതിയ മാര്‍ക്ക് കൂട്ടിച്ചേര്‍ക്കണം. 2017 അവസാനം എഴുതിയ സപ്ലിമെന്ററി പരീക്ഷയുടെ ഫലം വരാന്‍ ഇനിയും വൈകും. ഇതെല്ലാം കിട്ടി, പുതിയ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുമൊക്കെയായി ഒരു ജോലി തേടാന്‍ 2019 എങ്കിലും ആകും. ഇപ്പോള്‍ ഞങ്ങളെല്ലാവരും തോറ്റവരല്ലേ! ഞങ്ങള്‍ തോറ്റതല്ലെന്നും തോല്‍പ്പിച്ചതാണെന്നും പറഞ്ഞ് ജോലിക്ക് അപേക്ഷിച്ചിട്ട് കാര്യമുണ്ടോ? സര്‍ട്ടിഫിക്കറ്റിനല്ലേ വില. അത് ഞങ്ങളുടെ സര്‍വകലാശാലയ്ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയി. പക്ഷേ, എന്തിനാണിവര്‍ ഇങ്ങനെ കാണിക്കുന്നത്? ഓരോന്നിനും അപേക്ഷിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ നിന്നും കിട്ടുന്ന ഫീസ് കണ്ടിട്ടോ? ഒരുപാട് കഷ്ടപ്പെട്ടിട്ടൊക്കെയാണ് ഞങ്ങള്‍ പഠിക്കുന്നത്. ഒരു ജോലി കിട്ടി കുടുംബം നോക്കാന്‍ കാത്തിരിക്കുന്നവരാണ്. ആ ഞങ്ങളെയാണ് ഇത്തരത്തില്‍ ദ്രോഹിക്കുന്നത്; വിദ്യാര്‍ത്ഥികള്‍ അവരുടെ നിരാശയും രോഷവും മറച്ചുവയ്ക്കാതെ പറയുകയാണ്.

വിദ്യാര്‍ത്ഥികളുടെ ഈ പരാതികള്‍ക്ക് കൃത്യമായൊരു മറുപടി പറയാന്‍ സര്‍വകലാശാല അധികൃതര്‍ക്കും കഴിയുന്നില്ല. ബന്ധപ്പെട്ട ഓരോ ഉദ്യോഗസ്ഥനെ വിളിക്കുമ്പോഴും അതെക്കുറിച്ച് പറയേണ്ടത് ഞാനല്ല, ഞങ്ങളല്ല എന്നാണ് മറുപടി. പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാര്‍(എക്‌സാംIV) നാസര്‍ വിഎസ് ഒരുതരത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയാണ്. സമയബന്ധിതമായി പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നുണ്ടെന്ന് ജോയിന്റ് രജിസ്ട്രാര്‍ സമ്മതിക്കുന്നുണ്ട്. അധ്യാപകരുടെ ലഭ്യതക്കുറവായിരിക്കും ഒരുപക്ഷേ ഈ വൈകലിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ പ്രതിരോധം. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യത്യാസം വരുന്നതും തോറ്റവര്‍ വിജയിക്കുന്നതുമൊക്കെ സംഭവിക്കാറുണ്ടെന്നു ജോയിന്റ് രജിസ്ട്രാര്‍ പറയുമ്പോള്‍, ഇരുപതോളം കുട്ടികളുടെ കാര്യത്തില്‍ ഒരേപോലെ പിഴവ് സംഭവിക്കുന്നതും ഇരട്ടിയോളം മാര്‍ക്കിന്റെ വ്യത്യാസം സംഭവിക്കുന്നതുമൊക്കെ എങ്ങനെയെന്ന് തിരിച്ചു ചോദിക്കുമ്പോള്‍, അന്വേഷിക്കാമെന്നാണ് മറുപടി. വിദ്യാര്‍ത്ഥികള്‍ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും തന്നിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നും ജോയിന്റ് രജിസ്ട്രാര്‍ അഴിമുഖത്തോട് പറഞ്ഞു.

ഇത്രയും നാള്‍ കയറിയിറങ്ങിയപ്പോള്‍, പലവട്ടം ചോദിച്ചിട്ടും ആരോട് എങ്ങനെ പരാതിപ്പെടണം എന്നോ പരാതിപ്പെട്ടതുകൊണ്ട് ഗുണമുണ്ടോയെന്നോ ഒരാളും ഞങ്ങളോട് പറഞ്ഞില്ല. പകരം ഞങ്ങളെ ഒഴിവാക്കുകയായിരുന്നു. നിങ്ങളുടെ ആവശ്യമല്ലേ, റിസള്‍ട്ട് വന്നോ മെമ്മോ വൈകുന്നതെന്താ എന്നൊക്കെ ഇവിടെ വന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലേ എന്നായിരുന്നു ഞങ്ങളോട് അവര്‍ ചോദിച്ചിരുന്നത്. എല്ലാം ഞങ്ങളുടെ മാത്രം ഉത്തരവാദിത്വം. പഠിക്കുന്നതും ഫീസ് അടയ്ക്കുന്നതും പരീക്ഷയെഴുതുന്നതും അതില്‍ മറ്റുള്ളവരുടെ കുഴപ്പം മൂലം തോല്‍ക്കുമ്പോള്‍ വീണ്ടും ഫീസ് അടച്ച് പരീക്ഷയെഴുതേണ്ടതും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ടതും പിന്നീട് ഞങ്ങള്‍ ജയിച്ചോ എന്നറിയാന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ കയറി ഇറങ്ങേണ്ടതും, ഒരു വര്‍ഷം നഷ്ടം നഷ്ടപ്പെടുമ്പോള്‍, കൈയില്‍ വന്ന ജോലി നഷ്ടപ്പെടുമ്പോള്‍ അതെല്ലാം സഹിക്കേണ്ടതും അങ്ങനെ എല്ലാം ഞങ്ങളുടെ മാത്രം ഉത്തരവാദിത്വം. അപ്പോള്‍ ഈ സര്‍വകലാശാലയ്ക്ക് ഞങ്ങളുടെ കാര്യത്തില്‍ ഒരുത്തരവാദിത്വും ഇല്ലെന്നാണോ? അവര്‍ തെറ്റെന്ന് പറഞ്ഞ് വെട്ടിത്തോല്‍പ്പിച്ച ഞങ്ങളുടെ ഭാവിക്കുമേലും? വിദ്യാര്‍ത്ഥികളുടെ ചോദ്യമാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍